- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്കിയാന് ജയം; 53.7 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുന്നത് പരിഷ്ക്കരണവാദി; മസൂദ് ഹിജാബ് വിരുദ്ധന്‍
ടെഹ്റാന്: ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗം മസൂദ് പെസഷ്കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാന് ആഭ്യന്തരമന്ത്രാലയമാണ് പെസഷ്കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്കിയാന് 16.3 മില്യണ്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജലിലിക്ക് 13.5 മില്യണ്‍വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പരിഷ്കരണവാദിയായ നേതാവാണ് മസൂദ്. എതിര് സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്കിയാന് നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി.
ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പെസെഷ്കിയന് അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2008 മുതല്‍ തബ്രിസില് നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്കിയാന്. പരിഷ്കരണവാദിയായ ഇദ്ദേഹം മുന്‍ ആരോഗ്യ മന്ത്രിയാണ്. 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കെതിരെ 69കാരനായ മസൂദ് രംഗത്തെത്തിയിരുന്നു. ആഗോള തലത്തില്‍ രാജ്യം ഒറ്റപ്പെടുന്നത് ഒഴിവാക്കാന്‍ യു.എസുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ക്രിയാത്മകമായ ബന്ധത്തിനും അദ്ദേഹം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ്. .
അതേ സമയം, രാജ്യത്തെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയാണ് പരാജയപ്പെട്ട സയീദ്. യാഥാസ്ഥിതികവാദിയായ സയീദ് കടുത്ത പാശ്ചാത്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാന്റെ ആണവ ചര്‍ച്ചകളില്‍ സജീവമായിരുന്നു 58കാരനായ സയീദ്. സുരക്ഷാ മേഖലയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചു.
മെയ് 20 ന് അസര്‍ബൈജാനില്‍ നിന്ന് മടങ്ങുന്നതിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80 പേരില്‍ ആറ് പേര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാര്ഡിയന് കൗണ്‍സില്‍ അനുമതി നല്‍കിയത്.