ബംഗ്ലാദേശില്‍ തെരുവില്‍ ഏറ്റുമുട്ടി ഭരണ പ്രതിപക്ഷ കക്ഷികള്‍; 14 പോലിസ് ഉദ്യോഗസ്ഥരടക്കം നൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും കലാപം. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടനരില് പെടുന്നു. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് കലാപത്തിലേക്ക് നയിച്ചത്.
സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 4 ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചകള്‍ മുമ്പ്, സര്‍ക്കാര്‍ സര്‍വീസിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വന്‍ പ്രക്ഷോഭമുണ്ടായിരുന്നു.
150-ലധികം പേര് കൊല്ലപ്പെടുകയും 1000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. അതിനിടെ, ബംഗ്ലാദേശിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഓഫീസുമായി ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പരും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്തുടനീളം കലാപമുണ്ടാക്കുന്നവര്‍ വിദ്യാര്‍ഥികളല്ല മറിച്ച് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ഈ ഭീകരരെ അടിച്ചമര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്ത് പൊതു അവധിയാണ്.