- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരത്തേ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ അടിപതറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി; ടോറികള്‍ക്ക് പിഴച്ചതെവിടെ ?
ലണ്ടന്‍: 2010 ല്‍ ബ്രിട്ടനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് 325 സീറ്റുകള്‍ ആവശ്യമുള്ളിടത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 306 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റുമാണ് ലഭിച്ചത്. അന്ന് മൂന്നാമതെത്തിയ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 57 സീറ്റും ലഭിച്ചു. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അന്ന് ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. എന്നാല്‍, തുടര്‍ന്നങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ കണ്‍സര്‍വേറ്റീവുകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു.
2016-ല്‍ ബ്രെക്സിറ്റ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുടെ ജനപിന്തുണ കുതിച്ചുയര്‍ന്നു. തുടര്‍ന്ന് 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത് 344 സീറ്റുകളായിരുന്നു. പക്ഷെ ബ്രെക്സിറ്റ് പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഒരു സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബ്രെക്സിറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള ആറ് വര്‍ഷക്കാലയളവില്‍ ബ്രിട്ടനില്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടായി എന്നത് രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരതക്ക് തെളിവായി.
കാമറൂണിന് പുറകെ അധികാരത്തിലെത്തിയ തെരേസ മേ, ബോറിസ് ജോണ്സണ്, ലിസ് ട്രസ്സ് തുടങ്ങിയവര്‍ക്ക് വ്യത്യസ്ത കാരണങ്ങളാല്‍ രാജിവയ്ക്കേണ്ടതായി വന്നു. ആറാഴ്ചക്കാലം മാത്രം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ്സിന്റെ കാലത്തായിരുന്നു പാര്‍ട്ടിയുടെ ജനപിന്തുണ കുത്തനെ ഇടിഞ്ഞത്. അവരുടെ രാജിക്ക് ശേഷമുള്ള പ്രതിസന്ധി ഘട്ടത്തിലാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. സുനകിന്റെ, അത്ര ജനപ്രിയമല്ലാത്ത നയങ്ങള്‍ കൂടി ആയതോടെ പാര്‍ട്ടിയുടെ ജനപിന്തുണ പൂര്‍ണ്ണമായും തകര്‍ന്നു.
തകര്‍ന്നടിഞ്ഞ സമ്പദ്രംഗം, താറുമാറായ ആരോഗ്യ സംരക്ഷണ മേഖല, അനുദിനം വര്‍ദ്ധിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം എന്നിവയൊക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരായി ജനവികാരം കത്തിപ്പടരുന്നതിന് സഹായിച്ചു. കൂനിന്മേല് കുരു എന്ന നിലയില്‍ റഷ്യന്‍- യുക്രെയിന് യുദ്ധത്തിന്റെ ഫലമായി ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തു. ജീവിത ചെലവുകള്‍ 2022 ലേതിനേക്കാള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണ് നില്‍ക്കുന്നത്. ഭക്ഷ്യ വിലപ്പെരുപ്പം 20 ശതമാനമായതോടെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.
എന്‍ എച്ച് എസ്സില്‍ ചികിത്സകള്‍ക്കായും മറ്റും കാത്തിരിക്കുന്നതിന്റെ സമയ ദൈര്‍ഘ്യം വര്‍ദ്ധിച്ചതും പാര്‍ട്ടിയെ കുറിച്ച് വിരുദ്ധ വികാരം ജനമനസ്സില്‍ ആളിക്കത്തിക്കാന്‍ ഇടയാക്കി. കുടിയേറ്റം കുറയ്ക്കും എന്നായിരുന്നുകണ്സര്വേറ്റീവ് പാര്‍ട്ടി പറഞ്ഞിരുന്നതെങ്കിലും നെറ്റ് ഇമിഗ്രേഷന്‍ 2023 ല്‍ എത്തിയതോടെ റിഫോം യു കെ അടക്കമുള്ള തീവ്ര വലതുപക്ഷവാദികള്‍ ശക്തിപ്രാപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള റുവാണ്ടന്‍ പദ്ധതി നിയമക്കുരുക്കിലായതോടെ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള എല്ലാ വിശ്വാസവും നഷ്ടമായി.
ഇതിനെല്ലാം പുറമെ, ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പായി അതുമായി ബന്ധപ്പെട്ട്, കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ ചില നേതാക്കള്‍ ബെറ്റ് വെച്ച് വിവാദത്തിലായതും പാര്‍ട്ടിക്ക് എതിരായ വികാരം ശക്തപ്പെടാന്‍ കാരണമായി. തോല്‍വി മുന്നില്‍ കണ്ട് 75 സിറ്റിംഗ് എം പിമാര്‍ മത്സര രംഗത്തു നിന്നും പിന്മാറിയതോടെ തെരഞ്ഞെടുപ്പിന് മുന്‍പെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയം സമ്മതിച്ചതായ പ്രചാരണങ്ങള്‍ ശക്തമാവുകയും ചെയ്തു.