ജറുസലം: ഗാസയില്‍ സമാധാനം എത്തിയേക്കും. വെടിനിര്‍ത്തലിന് വഴിയൊരുക്കി ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വിജയത്തിലേക്ക്. അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചു. കരാര്‍ ഒപ്പിടും മുന്‍പേ സ്ഥിരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. ഇതാണ് പശ്ചിമേഷ്യയില്‍ പ്രതീക്ഷയാകുന്നത്. ഗാസായുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിനുശേഷം ബന്ദികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശം.

ഘട്ടം ഘട്ടമായ വെടിനിര്‍ത്തലിനു യുഎസ് വച്ച വ്യവസ്ഥകള്‍ക്കാണ് ഹമാസ് പ്രാഥമിക അംഗീകാരം നല്‍കിയത്. പകരം 6 ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ ചര്‍ച്ചകളിലൂടെ സ്ഥിരം വെടിനിര്‍ത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക. ദോഹയിലെ പ്രാരംഭ ചര്‍ച്ച വിജയമാകുകയാണ്. ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന കഴിഞ്ഞ 2 ചര്‍ച്ചകളിലും ഹമാസ് വച്ച സ്ഥിരം വെടിനിര്‍ത്തല്‍ ആദ്യം എന്ന വ്യവസ്ഥ ആയിരുന്നു പ്രതിസന്ധിയായത്. ഇത് ഇസ്രയേല്‍ അംഗീകരിച്ചില്ല.

ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ക്കുശേഷം മൊസാദ് തലവന്‍ ഇസ്രയേലിലേക്കു മടങ്ങി. അടുത്തയാഴ്ച ചര്‍ച്ച തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പേ സമാധാനക്കരാറിലെത്തുകാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലില്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. സഹായവിതരണത്തിന് അവസരമൊരുക്കും. ഈ കാലയളവില്‍ ഹമാസ്-ഇസ്രയേല്‍ ചര്‍ച്ചകളിലൂടെ രണ്ടാം ഘട്ടത്തില്‍ ബന്ദികളെ മോചിപ്പിക്കാന്‍ ധാരണയുണ്ടാക്കും.

ഇസ്രയേല്‍ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും. ഇതിനിടെ സ്ഥിരം വെടിനിര്‍ത്തല്‍ ചര്‍ച്ചയും ആരംഭിക്കും. ഈ വ്യവസ്ഥയിലാകും ഇനി ചര്‍ച്ച തുടങ്ങുക. ആറാഴ്ചനീളുന്ന ആദ്യ വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് ഹമാസ് സന്നദ്ധത അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. അതിനിടെ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38,098 ആയി.