- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ ശ്രമത്തിനും മദ്യ ദുരുപയോഗത്തിനുമെതിരെ ദുബായില്‍ കേസ്; ഐറിഷ് യുവതിയുടെ യാത്ര നിരോധനം നീക്കി ദുബായ് അധികാരികള്‍
ദുബായ്: ആത്മഹത്യാ ശ്രമത്തിന് ദുബായ് അധികൃതര്‍ കേസ് ചാര്‍ജ്ജ് ചെയ്ത ടോറി ടോവേ എന്ന ഐറിഷ് യുവതിക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പാര്‍ലമെന്റില്‍ അറിയിച്ചു. 28 കാരിയായ ടോവെയ്ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും മദ്യ ദുരുപയോഗത്തിനുമായിരുന്നു കേസ് ചാര്‍ജ്ജ് ചെയ്തിരുന്നത്. ദുബായ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തതോടെ ടോവേയ്ക്ക് ദുബായ് വിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കോ റോസ്കോമണില്‍ നിന്നുള്ള, ഫ്ളൈറ്റ് അറ്റന്‍ഡന്റായ യുവതിയ്ക്കെതിരെ ഉണ്ടായിരുന്ന യാത്രാ വിലക്ക് നീക്കിയ കാര്യം ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ യു എ ഇയിലെ ഐറിഷ് എംബസി അവരെ വിമാനത്താവളത്തില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ടോവെയ്ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കേസ് ഇനിയും റദ്ദാക്കാത്തതിനാല്‍ അതുമായി ബന്ധപ്പെട്ട ബാക്കി നടപടികള്‍ എംബസി ഏറ്റെടുക്കും.
തുടര്‍ച്ചയായി രണ്ടാം ദിവസമായിരുന്നു ഐറിഷ് പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സെന്‍ ഫീന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ സ്ത്രീകളോടുള്ളത് മധ്യകാലത്തെ വികൃതമായ സമീപനമാണെന്ന് പാര്‍ട്ടി നേതാവ് മേരി ലോ മെക്ഡോണാള്‍ഡ് പാര്‍ലമെന്റില്‍ ആരോപിക്കുകയും ചെയ്തിരുന്നു. ടോവേയുടെ മതാവ് കരോലിനും ഇപ്പോള്‍ ദുബായില്‍ മകള്‍ക്കൊപ്പമുണ്ട്.
ടോവെ ഒരു ക്രിമിനല്‍ അല്ലെന്നും, സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗ വിവേചനത്തിന്റെ ഇരയാണെന്നും പറഞ്ഞ പ്രധാനമന്ത്രി ഹാരിസ്. അവരെ തിരികെ അയര്‍ലന്‍ഡില്‍ എത്തിക്കുമെന്നും പറഞ്ഞു. ഐറിഷ് ഉപപ്രധാനമന്ത്രിയും, യു എ ഇയിലെ ഐറിഷ് അംബാസഡറും അവരുമായി സംസാരിച്ചതായും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. അതേസമയം, ടോവേയുടെ കേസ് അടുത്തയാഴ്ച വിചാരണക്കെടുക്കുമെന്ന് 'ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് ഗ്രൂപ്പ്' സ്ഥാപക രാധാ സ്റ്റെര്‍ലിംഗ് അറിയിച്ചു.