- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നും കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്ന് പ്രവചനം; ഭാരതപ്പുഴയില്‍ 3 വര്‍ഷത്തെ കൂടിയ ജലനിരപ്പ്; കാറ്റും കള്ളക്കടലും ആശങ്ക കൂട്ടുന്നു
കൊച്ചി: കേരളത്തില്‍ കാലവര്‍ഷ കെടുതി രൂക്ഷം. ഇടുക്കിയിലും എറണാകുളത്തും തൃശൂരും കണ്ണൂരും കോഴിക്കോടും വയനാടും ഭീതിയിലാണ്. ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം ആശങ്കയിലാണ്. വടക്കന്‍ കേരളത്തില്‍ തീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്. ഇതിനൊപ്പം കള്ളക്കടല്‍ പ്രതിഭാസവും പ്രതിസന്ധിയാണ്.
വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഇപ്പോള്‍ ഛത്തീസ്ഗഢിന് സമീപത്തുള്ള ന്യൂനമര്‍ദം ദുര്‍ബലമാകുന്നതോടെ 19-ന് വീണ്ടും ന്യൂനമര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീവ്രതകുറഞ്ഞാലും 20 വരെ മഴ തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അണക്കെട്ടുകളെല്ലാം നിറയും. ഇത് പ്രതിസന്ധിയാകും. പെരിയാറും ഭാരതപ്പുഴയും നിറഞ്ഞൊഴുകുകായണ് ഇപ്പോള്‍. പത്തനംതിട്ടയിലും സാമാന്യം നല്ല മഴയുണ്ട്. പത്തനംതിട്ട ജില്ലയില്‍ മണിമലനദിയില് കല്ലൂപ്പാറയിലും പമ്പാനദിയില്‍ മടമണ്‍ ഭാഗത്തും കേന്ദ്ര ജലക്കമ്മിഷന്‍ ഓറഞ്ച് മുന്നറിയിപ്പ് നല്കി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും കണ്ണൂരും കാസര്‍കോടും വെള്ളിയാഴ്ചയും തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചവരെ കേരളത്തില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. ചിലപ്പോള്‍ 50 കിലോമീറ്റര്‍ വരെയാവാം. കേരളതീരത്ത് ബുധനാഴ്ച രാത്രിവരെ കടല്ക്ഷോഭത്തിനിടയാക്കുന്ന കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരുന്നു. കേരളത്തില്‍ ഉടനീളം വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്.
ഇന്നും കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 8 പേര് മരിച്ചു. ഒരാളെ കാണാതായി.
പാലക്കാട് വടക്കഞ്ചേരിയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണു കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ സുലോചന (54), മകന് രഞ്ജിത് (31), വെള്ളക്കെട്ടില്‍ വീണ് കണ്ണൂര്‍ പാനൂര്‍ ഒളവിലം മേക്കരവീട്ടില്‍ താഴെക്കുനി കെ.ചന്ദ്രശേഖരന് (62), കാസര്‍കോട് മധൂരില്‍ ഷോക്കേറ്റ് കുദ്രപ്പാടി ഗോപാലഗെട്ടിയുടെ ഭാര്യ ഹേമാവതി (50), പുല്ലു ചെത്താന്‍ പോയപ്പോള്‍ ഷോക്കേറ്റു പത്തനംതിട്ട തിരുവല്ല മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി (48), കാറ്റില്‍ ആല്‍മരം കടപുഴകി കാറിന് മുകളിലേക്കു വീണ് വിതുര ആനപ്പെട്ടി സ്വദേശിനി മോളി (42) എന്നിവരാണ് മരിച്ചത്.
മലപ്പുറം മേലാറ്റൂരില്‍ ശനിയാഴ്ച ഒഴുക്കില്‍പെട്ടു കാണാതായ പാലക്കാട് അലനല്ലൂര്‍ മരുതംപാറ പടുവില്‍കുന്നിലെ പുളിക്കല്‍വീട്ടില്‍ യൂസുഫിന്റെ (55) മൃതദേഹം ഇന്നലെ കണ്ടെത്തി. മാറാക്കര യുപി സ്കൂളിനു സമീപത്തെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മേല്‍മുറി മുക്കിലപ്പീടിക സ്വദേശി ബൈജു (33) മുങ്ങി മരിച്ചു.
8 ജില്ലകളില്‍ അവധി
മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂരിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ഭാരതപ്പുഴയില്‍ 3 വര്‍ഷത്തെ കൂടിയ ജലനിരപ്പ്
കാഞ്ഞിരപ്പുഴ അണക്കെട്ട് ഉള്‍പ്പെടെ തുറന്നതോടെ ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇന്നലെ വൈകിട്ട് 6ന് 6.78 മീറ്ററാണു പുഴയിലെ ജലനിരപ്പ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ആദ്യമായാണ് നിളയിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. ഇന്നലെ ഓരോ മണിക്കൂറിലും 10 സെന്റിമീറ്ററോളം വീതമാണു ജലനിരപ്പു കൂടിയത്.