പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിയടക്കം മൂന്നു പേര് അറസ്റ്റില്‍
- Share
- Tweet
- Telegram
- LinkedIniiiii
മണ്ണഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് നെട്ടയം മുളക്കിന്‍തറവിളയില്‍ അരവിന്ദ്, (26), ഉള്ളൂര്‍ ശ്രീകാര്യം സജിഭവനത്തില്‍ ജിത്തു (27), അടൂര്‍ ചങ്കൂര്‍ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവില്‍ ചന്ദ്രലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ അരവിന്ദ് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയാണ് പീഡത്തിന് ഇരയായത്. ഇക്കഴിഞ്ഞ 29നാണ് സംഭവം. അരവിന്ദ് ആലപ്പുഴയിലെത്തി പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടു പോവുക ആയിരുന്നു. അടൂരിലുള്ള ചന്ദ്രലാലിന്റെ വീട്ടിലേക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടേയ്ക്ക് ജിത്തുവും എത്തി. ശേഷം മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. വാഹനമെത്താത്ത മലമുകളിലാണ് ചന്ദ്രലാലിന്റെ വീട്. പോലീസിനെക്കണ്ട് ആക്രമണത്തിനുശ്രമിച്ച സംഘത്തെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ചന്ദ്രലാലിന്റെ സഹോദരനും വിവിധ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയതെന്നു പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവില്‍ വേറെ കേസുണ്ട്. അരവിന്ദും ജിത്തുവും കൊലപാതകക്കേസിലടക്കം പ്രതികളാണ്. മൂന്നു പ്രതികളും ലഹരിവില്‍പ്പനയടക്കം കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ 30-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫോണ്‍വിളികള്‍ പരിശോധിച്ച പോലീസിനു പ്രതികളെപ്പറ്റി സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ച ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്.
ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആര്. ബിജു, എസ്.ഐ. മാരായ ജോമോന്, രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്യാംകുമാര്‍, അനീഷ്, വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാരായ ആശമോള്‍, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.