ചൂരല്‍മല: മഴ കനക്കുകയും പുഴയിലെ വെള്ളം ഉയരുകയും ചെയ്തതോടെ അശോകനടക്കം പ്രദേശവാസികളില്‍ ചിലര്‍ക്ക് അപകടം മണത്തു. ഉടന്‍ പുഴയ്ക്ക് അക്കരേയ്ക്ക് മാറണമെന്ന് അഴര്‍ തീരുമാനിച്ചു. ഒപ്പം കഴിയാവുന്ന കുടുംബങ്ങളെ എല്ലാം സ്ഥലത്തു നിന്നും മാറ്റി പാര്‍പ്പിക്കണം. രാത്രിയുടെ ഇരുട്ടിനേയും മഴയേയും അവഗണിച്ച് അവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി. തന്റെ ഓട്ടോയുമായി അശോകനും മുന്‍പന്തിയിലുണ്ടായിരുന്നു. താമസ സ്ഥലത്തു നിന്നും ഇക്കരേയ്ക്ക് മാറാന്‍ തയ്യാറായവരെ എല്ലാം അശോകന്‍ തന്റെ ഓട്ടോയില്‍ കയറ്റി ഇക്കരെ എത്തിച്ചു.

ഒടുവില്‍ മലവെള്ളം പാഞ്ഞെത്തുകയും പാലം തകരുകയും ചെയ്തതോടെ അശോകനും ചൂരല്‍ മലയില്‍ കുടുങ്ങി. തന്റെ ജീവനോപാധിയായ ഓട്ടോയെ ഉരുള്‍ അപ്പാടെ തകര്‍ത്തെറിഞ്ഞു. തന്റെ ജീവിത മാര്‍ഗ്ഗം നഷ്ടമായെങ്കിലും അശോകന് സങ്കടമില്ല. വിലപ്പെട്ട കുറേയേറെ ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് അശോകന്‍. ഉരുള്‍പൊട്ടുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പു പുഴയിലെ വെള്ളം കുത്തനെ ഉയരുകയും മഴ അതിശക്തമാകുകയും ചെയ്തതോടെ പലരിലും ആശങ്ക നിറഞ്ഞിരുന്നു.

ഉരുള്‍പൊട്ടല്‍ സാധ്യതയും അവര്‍ മനസ്സില്‍ കണക്കു കൂട്ടി. എന്നിരുന്നാലും അതിത്ര ഭീകരമാകുമെന്ന് അശോകന്‍ അടക്കം ആരും മനസ്സില്‍ പോലും വിചാരിച്ചില്ല. എങ്കിലും ഉരുളിനെ പേടിച്ച് സമീപത്തെ പുഴയ്ക്കപ്പുറത്തെ പാടികളില്‍ നിന്നു തൊഴിലാളി കുടുംബങ്ങളെ ഇക്കരയിലെത്തിക്കുന്നതാകും നല്ലതെന്ന തോന്നലില്‍ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഓട്ടോയുമായി അശോകനും. പുഴ കടന്നു പാടികളിലെത്തി ഓരോ കുടുംബത്തെ വീതം കയറ്റി ഇക്കരയുള്ള ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. രാത്രി 11 മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഓട്ടോ അങ്ങാടിയില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്തു വീട്ടിലേക്കു മടങ്ങി.

പിന്നീട് രാത്രിയില്‍ കൂട്ടനിലവിളിയും ബഹളവും കേട്ട് എഴുന്നേറ്റപ്പോഴാണ് ഉരുള്‍പൊട്ടിയെന്നു മനസ്സിലായത്. പാടിയിലുള്ളവരുടെ ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കി പാലം കടന്നു മറുകരയെത്തിയതും രണ്ടാമത്തെ ഉരുളും പൊട്ടി. ആര്‍ത്തലച്ചുവന്ന വെള്ളം പാലം തകര്‍ത്തതോടെ അശോകനടക്കം രക്ഷാപ്രവര്‍ത്തകരും മറുകരയില്‍ കുടുങ്ങി. പിറ്റേന്നു താല്‍ക്കാലിക പാലമുണ്ടാക്കിയ ശേഷമാണ് ഇക്കരെയെത്താനായത്.