മരക്കൊമ്പിലും ചെളിയിലും അടിച്ച് ശരീരമാസകലം തകര്‍ന്നു; മരണം മുന്നില്‍ കണ്ടത് പത്ത് മണിക്കൂര്‍: ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കയറി അരുണ്‍
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: പത്ത് മണിക്കൂര്‍ നീണ്ട നരകയാതനയ്ക്കൊടുവില്‍ മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ കയറി മുണ്ടക്കൈ സ്വദേശിയായ അരുണ്‍. അരുണിന്റെ വീട് ഉരുളെടുത്തപ്പോള്‍ മലവെള്ളം വലിച്ചു കൊണ്ടു പോയ അരുണിനെ ചെളിയും മരക്കൊമ്പുകളും കല്ലും നിറഞ്ഞ നദിക്കരയിലാണ് ഉപേക്ഷിച്ചത്. ശരീരം നുറുങ്ങുന്ന വേദനയുമായി പത്ത് മണിക്കൂറോളമാണു അരുണ്‍ മരണവുമായി മല്ലിട്ടത്. അതിസാഹസികമായാണ് അരുണിനെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചത്. ശരീരമാസകലം തകര്‍ന്ന അരുണിനു സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല.
മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ചെളിയില്‍ പൂണ്ട ഒരു മനുഷ്യ രൂപം എഴുന്നേല്ക്കാന് ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം ആദ്യ ദിവസം പുറത്തുവന്നിരുന്നു. ആ ദൃശ്യത്തിലുണ്ടായിരുന്ന ഗ്രാഫിക് ഡിസൈനറായ മുണ്ടക്കൈ സ്വദേശി അരുണാണ് ആശുപത്രിയില്‍ പ്രാണ വേദനയുമായി കഴിയുന്നത്. അപകട സമയം അമ്മയും അരുണുമാണു വീട്ടിലുണ്ടായിരുന്നതെന്ന് ആശുപത്രിയില്‍ കൂട്ടുനില്‍ക്കുന്ന ബന്ധു പറഞ്ഞു. ആദ്യ ഉരുള്‍പൊട്ടലില്‍ തന്നെ അരുണ്‍ ചെളിയില്‍ വീണു. ഇതുകണ്ട് ഭയന്നു പോയ അമ്മ വലിച്ചു കയറ്റാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെ അടുത്തുള്ള വീട്ടുകാരെ വിളിക്കാനായി ഇവര്‍ കുന്നുകയറി. ആ സമയത്താണ് അടുത്ത പൊട്ടലുണ്ടായത്. ആ കുത്തൊഴുക്കില്‍ അരുണ്‍ കൂടുതല്‍ ദൂരത്തേക്ക് ഒലിച്ചുപോയി. കുന്നിലേക്കു കയറിയതിനാല്‍ അമ്മ രക്ഷപ്പെട്ടു.
ചെളിയും മണ്ണും കല്ലും മരക്കൊമ്പുകളും അടിച്ചുണ്ടായ വേദനയ്ക്കിടയില്‍ ഒന്നു നിലവിളിക്കാന്‍ പോലും ആവാതെ അരുണ്‍ എവിടേക്കോ ഒഴുകിപ്പോയി.
മരക്കൊമ്പിലും ചെളിയിലും അടിച്ച് അരുണിന്റെ ശരീരമാസകലം തകര്‍ന്നു. ഇതിനിടെ നീന്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാത്രി ഒന്നരയോടെയാണ് അരുണ്‍ ഒഴുക്കില്‍പ്പെട്ടത്. രാവിലെ പതിനൊന്നു മണിയോടെയാണു രക്ഷാപ്രവര്‍ത്തകര്‍ അരുണിനെ കണ്ടെത്തിയത്. പുഴയുടെ അല്പം ഓരത്തായി ചെളിയില്‍ പൂണ്ടുകിടക്കുകയായിരുന്നു അരുണ്‍. മറുവശത്തേക്കു കയര്‍ കെട്ടി തൂങ്ങിയെത്തിയാണു രക്ഷാപ്രവര്‍ത്തകര്‍ അരുണിനെ രക്ഷിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന അരുണ്‍ വെള്ളം കുടിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. പല്ലുകള്‍ പലതും പോയി. മുഖം മുറിഞ്ഞു വികൃതമായി. ഇനി നടക്കാന്‍ സാധിക്കുമോ എന്ന് അറിയില്ല. നൂറുകണക്കിനാളുകളെ മരണം കൊണ്ടുപോയപ്പോള്‍ നുറുങ്ങിയ ശരീരവുമായി ജീവിതത്തിലേക്ക് അരുണ്‍ നീന്തിക്കയറി.