- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിടാൻ ആളെത്തും മുമ്പേ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും കൊടുക്കണം; കൈയിൽ കാശുമില്ല; ഉണ്ടായിരുന്ന പണമെല്ലാം പത്രപരസ്യങ്ങൾക്ക് കൊടുത്ത് തീർത്തവർ വീണ്ടും കടം വാങ്ങി മേനി കാട്ടാൻ എത്തുന്നു; ഈ 2000 കോടി കൂടെ കടമെടുക്കും; തള്ളൽ രാഷ്ട്രീയം ഖജനാവിനെ കാലിയാക്കുമ്പോൾ
തിരുവനന്തപുരം: ഉറപ്പാണ് എൽഡിഎഫ്. വികസനവും കിറ്റുമാണ് ചർച്ച. പക്ഷേ ഖജനാവ് കാലിയും. വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുകയാണ്. കോവിഡ് മാറിയിട്ടും വരുമാനം നിത്യചെലവിന് പോലും കഴിയുന്നില്ല. ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും വോട്ടെടുപ്പിനു മുൻപ് കൊടുത്തുതീർക്കാൻ സർക്കാർ 2000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചു. ഇതിനായുള്ള ലേലം 23ന് റിസർവ് ബാങ്കിൽ നടക്കും. കേന്ദ്ര സർക്കാർ വായ്പ എടുക്കാനുള്ള പരിധി കൂട്ടിയ സാഹചര്യത്തിലാണ് ഇതിന് കഴിയുന്നത്.
കിട്ടുന്ന സർക്കാർ വരുമാനമെല്ലാം കഴിഞ്ഞ മാസങ്ങളിൽ പത്ര-ചാനൽ പരസ്യങ്ങൾക്കായി മാറ്റി വച്ചു. ഇത് ഖജനാവിന് വൻ ബാധ്യതയായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പ്രചരണം മുമ്പിൽ കണ്ടായിരുന്നു വ്യാപക പരസ്യം നൽകൽ. ക്ഷേമ പെൻഷനുകളെ കുറിച്ച് ചിന്തിച്ചത് അതിന് ശേഷമാണ്. ഈ മാസം പെൻഷൻ കൊടുത്താൽ വോട്ട് ഉറപ്പിക്കാം. പണം കൈയിൽ കിട്ടിയില്ലെങ്കിൽ പെൻഷനിലെ പൊള്ളത്തരം ചർച്ചയാകും. ശമ്പള പരിഷ്‌കരണം കൊടുക്കാനായില്ലെങ്കിൽ സർക്കാർ ജീവനക്കാരും എതിരാകും. ഈ സാഹചര്യത്തിലാണ് കടമെടുക്കുന്നത്.
കിഫ്ബി വികസനത്തിന് വേണ്ടി വായ്പ എടുക്കുന്നു. ഇതിന് പുറമേയാണ് ശമ്പളം നൽകാനുള്ള സർക്കാരിന്റെ കടപ്പത്രം ഇറക്കൽ. വലിയ കട ബാധ്യത ഓരോ മലയാളിക്കും ഉണ്ടാക്കുന്നതാണ് ഇത്. പെട്രോളിനും ഡീസലിനും വില കുതിച്ചുയർന്നതിന്റെ അധിക നികുതി ഖജനാവിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ ഈ തുകയ്ക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് താങ്ങും തണലുമാകാൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പുകാലം എത്തുന്നതിന് തൊട്ടമുമ്പുള്ള പ്രചരണ കോലാഹലങ്ങൾക്ക് പണം വാരിയെറിഞ്ഞതും ഈ സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചു. അടുത്ത സർക്കാരിന് കാത്ത് ഒഴിഞ്ഞ ഖജനാവാകും ഉണ്ടാവുക എന്നതാണ് സൂചന.
സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുകയാണ്. നുകതി വരുമാനത്തിൽ മൂന്നു വർഷത്തിനിടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ബജറ്റിലും വ്യക്തമായിരുന്നു. 2019ലെ ബജറ്റിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിൽ 50.66 ശതമാനമായിരുന്നു സംസ്ഥാന നികുതിയുടെയും തീരുവകളുടെയും പങ്ക്. 2020ലെ ബജറ്റിൽ അത് 51.93 ആയി ഉയർന്നു. ഇത്തവണ സംസ്ഥാന നികുതിയും തീരുവകളും വഴിയുള്ള വരുമാനം 50.33 ശതമാനമാണ്. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും അധിക നികുതികൾ ചുമത്തിയില്ല. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണു പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതൊക്കെ നടപ്പാക്കാൻ എവിടെ നിന്നു പണം കണ്ടെത്തും? ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ മന്ത്രിയോടു ചോദിച്ചു. മറുപടി ഇങ്ങനെ: ''ചെലവു ചുരുക്കി പണം കണ്ടെത്തും''. വരുമാനം ഉയർത്താൻ അപ്പോഴും കഴിയുമെന്ന പ്രതീക്ഷ മന്ത്രിക്കും ഇല്ല. ഇത് കേരളത്തിന്റെ പ്രതിസന്ധിക്ക് തെളിവായിരുന്നു. തോമസ് ഐസക്കിന്റെ ബജറ്റിൽ നിഴലിച്ച ഭീതി തന്നെയാണ് ഇപ്പോഴത്തെ കടമെടുക്കൽ തീരുമാനത്തിലും പ്രതിഫലിക്കുന്നത്.
ഒന്നേ കാൽ ലക്ഷം കോടിയുടെ ബജറ്റാണു മന്ത്രി അവതരിപ്പിച്ചത്. 30,000 കോടി രൂപയും കടമെടുപ്പു വഴിയാണു സമാഹരിക്കേണ്ടത്. കഴിഞ്ഞ വർഷം 32,000 കോടി കടമെടുക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കേന്ദ്രം അധിക കടമെടുപ്പിന് അംഗീകാരം നൽകിയതിനാൽ 35,000 കോടി കടമെടുക്കാൻ കഴിഞ്ഞു. അടുത്ത വർഷം അധിക കടമെടുപ്പ് കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് തന്നെ സർക്കാർ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകും എത്തുക. കടുത്ത ട്രഷറി നിയന്ത്രണവും വേണ്ടിവരും. ഇതിനെ മറികടക്കാനാണ് കടമെടുക്കൽ. കേന്ദ്ര നികുതിയിൽനിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. 2019ൽ കണക്കു പ്രകാരം 17.23% ആയിരുന്നു ആകെ വരുമാനത്തിലെ കേന്ദ്ര നികുതിയുടെ പങ്ക്. 2020ൽ അത് 16.12 ആയി. ഇത്തവണ 11.54 ശതമാനവും. നികുതിയിതര വരുമാനം വർധിച്ചിട്ടുണ്ട്. 2019ൽ 20.83% ആയിരുന്നിടത്ത് ഇത്തവണ 26.35 ശതമാനമാണ് വരുമാനം. കഴിഞ്ഞ വർഷം നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 20.11% ആയിരുന്നു. കോവിഡിലെ പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം.
2019ൽ റവന്യൂകമ്മി ആകെ വരുമാനത്തിന്റെ 11.12% ആയിരുന്നു. കഴിഞ്ഞ വർഷം അത് 11.77 ശതമാനമായി. ഇത്തവണ 11.64 ശതമാനവും. ഒരു സാമ്പത്തിക വർഷത്തെ സർക്കാരിന്റെ റവന്യൂ ചെലവിൽനിന്നു റവന്യൂ വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യൂ കമ്മി. ധനക്കമ്മി 3 ശതമാനത്തിൽ നിർത്തുകയും റവന്യൂകമ്മി പടിപടിയായി കുറച്ചുകൊണ്ടു വരികയും ചെയ്താൽ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാവുകയുള്ളൂ. എന്നാൽ തെരഞ്ഞെടുപ്പ് മാസത്തിൽ അതിന് കഴിയുകയുമില്ല. കിറ്റും പെൻഷനുമെല്ലാം കൃത്യസമയത്ത് നൽകി കേരളത്തെ കടക്കണിയിൽ കിടത്തുകയാണ് പിണറായി സർക്കാർ.
മറുനാടന് മലയാളി ബ്യൂറോ