തലശേരി: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവ് ഭർതൃമതിയായ യുവതിയെ തേച്ചിട്ട് പോയത് കണ്ണൂർ നഗരത്തിൽ നാടകീയ സംഭവങ്ങൾക്കിടയാക്കി. തലശേരിയിലെ ഒരു വീട്ടമ്മയാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം. ഷെയർ ചാറ്റിലൂടെയാണ് ഇവർ യുവാവുമായി പരിചയത്തിലാകുന്നത്.

പിന്നീട് ഈ ബന്ധം ശക്തമാവുകയും ഞരമ്പിൽ പിടിച്ച പ്രണയത്തിൽ കലാശിക്കുകയും ചെയ്തു. ഇതോടെ ഒരുമിച്ച് ജീവിക്കണമെന്നായി ഭർതൃമതിയുടെ ഡിമാന്റ്' ഇതിനായി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു വരാൻ തയ്യാറാണെന്ന് ഇവർ അറിയിക്കുകയായിരുന്നു. ഏറെ നിർബന്ധിച്ചിട്ടും ഒളിച്ചോടാൻ കാമുകൻ തയാറാകാത്തത് ഭർതൃമതിയുടെ സമനില തെറ്റിച്ചു. തന്നെ സ്വീകരിക്കാൻ തയ്യാറില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഇവർ ഭീഷണി മുഴക്കി. ഇതിനായി താൻ പയ്യാമ്പലത്ത് എത്തുമെന്നും അറിയിച്ചതോടെ പരിഭ്രാന്തനായ യുവാവ് അവിടേക്ക് ഓടിയെത്തിയത്.

ഭർതൃമതിയെ പിൻതിരിപ്പിക്കാൻ ഇയാൾ ശ്രമിച്ചുവെങ്കിലും തന്നെ സ്വീകരിക്കാതെ മടങ്ങില്ലെന്നായി ഇവർ. ഒടുവിൽ കാമുകന്റെ മുന്നിൽ വച്ച് കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഇവരെ പിങ്ക് പൊലിസെത്തിയാണ് പിൻതിരിപ്പിച്ചത്. ഭർതൃമതിയും നാലുവയസുള്ള കുട്ടിയുടെ അമ്മയുമായ യുവതിയാണ് പയ്യാമ്പലത്ത് വച്ചും കണ്ണൂർ വനിതാ പൊലീസ് സ്റ്റേഷനിൽ വച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പയ്യാമ്പലത്ത് യുവതി കടലിൽ ചാടാൻ ശ്രമിച്ച വിവരമറിഞ്ഞ് എത്തിയ പിങ്ക് പൊലീസ് യുവതിയെ വനിതാസ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സാനിറ്റൈസർ കുടിച്ചത്.

തലശേരി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിയെ സാനിറ്റൈസർ കഴിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പയ്യാമ്പലത്തും കണ്ണൂർ വനിതാ സ്റ്റേഷനിലുമായി നാടകീയരംഗങ്ങൾ അരങ്ങേറിയത്. പയ്യാമ്പലത്തുനിന്ന് പൊലീസ് യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു സാനിറ്റൈസർ കുടിച്ചത്.

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട മുപ്പതുകാരനോടൊപ്പമാണ് ഒളിച്ചോടാൻ തയാറായി യുവതി പയ്യാമ്പലത്തെത്തിയത്. എന്നാൽ തന്നേക്കാൾ എട്ട് വയസ് അധികമുള്ള യുവതിക്കൊപ്പം ഒളിച്ചോടാൻ യുവാവ് വിസമ്മതിച്ചു. ഇതിനിടയിൽ യുവതിയെ കാണാനില്ലെന്നുള്ള പരാതിയുമായി ഭർത്താവ് തലശേരി സ്റ്റേഷനിലെത്തി.

തലശേരി പൊലീസിന്റെ അന്വേഷണത്തിലാണ് യുവതിയും കാമുകനും പയ്യാമ്പലത്തുണ്ടെന്ന വിവരം ലഭിച്ചത്. യുവതിയുടെ ആത്മഹത്യാനീക്കം മനസിലാക്കിയ തലശേരി പൊലീസ് വിവരം കണ്ണൂർ പിങ്ക് പൊലീസിനു കൈമാറി. തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് വനിതാ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളും സ്റ്റേഷനിലെത്തി.

ചാറ്റിംഗിൽ മാത്രമായിരുന്നു താത്പര്യമെന്നും യുവതി നിർബന്ധിച്ചാണ് തന്നെ പയ്യാമ്പലത്ത് വരുത്തിയതെന്നും ഒന്നിച്ച് ജീവിക്കാൻ താപര്യമില്ലെന്നും കാമുകൻ നയം വ്യക്തമാക്കി. ഇതിനിടയിൽ വനിതാ സ്റ്റേഷനിലെ എസ്‌ഐ യുവതിക്ക് കൗൺസിലിങ് നൽകുകയും ഒടുവിൽ യുവതി ഭർത്താവിനോടൊപ്പം പോകാൻ സമ്മതം മൂളുകയും ചെയ്തു.

പ്രശ്‌നം തീർന്ന് സ്റ്റേഷനു പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരുടേയും ബന്ധുക്കളുടേയും മുന്നിൽവച്ച് ഹാൻഡ് ബാഗിൽ നിന്നും സാനിറ്റൈസർ എടുത്ത് യുവതി കുടിച്ചത് . ഇവരെ പിന്നീട് ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.