- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1987ൽ ചേർക്കളം തുടങ്ങിയ ലീഗ് പടയോട്ടം; 2006ൽ അരിവാൾ ചുറ്റികയിൽ കുഞ്ഞമ്പുവിന്റെ അട്ടിമറി ജയം; റസാഖിലൂടെ തിരിച്ചു പിടിച്ചെങ്കിലും 2016ൽ സുരേന്ദ്രൻ വീണത് 89 വോട്ടിന്റെ ചെറിയ കുറവിൽ; ഫാഷൻ ഗോൾഡ് കുരുക്കാമ്പോൾ കരതുലുകളുമായി മുസ്ലിം ലീഗ്; കന്നഡ കരുത്തിൽ ജയിക്കാൻ ഇത്തവണ ബിജെപിയും; മഞ്ചേശ്വരത്ത് മൂവർക്കും വിജയ മോഹം
കാസർഗോഡ്: സുരേന്ദ്രന്റെ വിജയ യാത്രയുടെ ആദ്യ ലക്ഷ്യം മഞ്ചേശ്വരമാണ്. കാസർഗോട്ടെ ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനാണ് ബിജെപിയുടെ തന്ത്രമൊരുക്കൽ. മറുഭാഗത്ത് സീറ്റ് നിലനിർത്താൻ മുസ്ലിം ലീഗും. സിപിഎമ്മും ഇവിടെ ഒന്നാം സ്ഥാനത്ത് എത്തി പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.
ജാതിമതഭാഷാ ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തെ മണ്ഡലം. മുസ്ലിം ലീഗും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം. ബിജെപി. വരാതിരിക്കാൻ ഇടതുപക്ഷം യു.ഡി.എഫിനെ വോട്ട് നൽകി സഹായിക്കുന്നു എന്ന് പറയപ്പെടുന്ന മണ്ഡലം. എന്നാൽ 2006ൽ സിപിഎം വിജയിച്ച സ്ഥലം. ഇത്തവണ പേരു ദോഷം മാറ്റാൻ സിപിഎമ്മും രണ്ടും കൽപ്പിച്ചാണ്. മികച്ച സ്ഥാനാർത്ഥിയെ അവരും മത്സരിപ്പിക്കും.
സംസ്ഥാനത്ത് ബിജെപി. ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മൽസരിപ്പിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കൾ തന്നെ മൽസരിക്കാനാണ് സാധ്യത.മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്താണ് ബിജെപി. മുസ്ലിം ലീഗിന്റെ പി.ബി.അബ്ദുൽ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
2011ൽ സുരേന്ദ്രനെതിരെ അയ്യായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം. സിറ്റിങ് എംഎൽഎ. എം.സി.കമറുദീൻ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശത്തിൽ ലീഗ് കോട്ടകളിലെ തോൽവിയും ബിജെപിക്ക് പ്രതീക്ഷയാണ്. ഈ സാഹചര്യത്തിൽ ജയിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കകയാണ് ബിജെപി. കന്നഡ ഭാഷാ ന്യൂനപക്ഷത്തെ അടുപ്പിക്കാനാണ് നീക്കം. ഇതിന് വേണ്ടി കാസർഗോട്ടുകാരനെ തന്നെ മത്സരിപ്പിക്കുയും ചെയ്യും. മംഗലാപുരത്തെ ആർഎസ്എസ് നേതൃത്വമാണ് മഞ്ചേശ്വരം പിടിക്കാനായി തന്ത്രങ്ങൾ ഒരുക്കുന്നത്.
ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉൾപ്പെടെ സ്ഥാനാർത്ഥി പരിഗണനാപ്പട്ടികയിലുണ്ട്. നാല് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരെയും പരിഗണിച്ചേക്കാം. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും വിജയമൊരുക്കുമെന്നാണ് പ്രതീക്ഷ. ബിജെപി അധികാരത്തിൽ ഇരിക്കുന്ന കർണാടക,, ജില്ലയോട് ചേർന്നുകിടക്കുന്നതും മുതൽക്കൂട്ടാകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ദേശീയ നേതാക്കളും ഇവിടെ പ്രചരണത്തിന് എത്തും.
സ്വർണ്ണ തട്ടിപ്പ് കേസിൽ എം.സി.കമറുദീന്റെ അറസ്റ്റോടെ മഞ്ചേശ്വരം മണ്ഡലത്തിൽ പകരം സ്ഥാനാർത്ഥിയെ തേടി മുസ്ലിം ലീഗ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇറക്കുമതി സ്ഥാനാർത്ഥികൾക്ക് പകരം മണ്ഡലത്തിൽ തന്നെയുള്ള യുവനേതാക്കൾക്കാണ് പ്രഥമ പരിഗണന. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലും മണ്ഡലത്തിൽ ലഭിച്ച രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന്റെ ആത്മവിശ്വാസം. എന്നാൽ കമറുദ്ദീൻ ഫാക്ടർ നിർണ്ണായകമാണ്.
ഫാഷൻ ഗോൾഡ് കേസ് വിജയസാധ്യതയെ ബാധിക്കാതിരിക്കാൻ ജനസമ്മിതിയുള്ള നേതാക്കളെ തേടുകയാണ് മൂസ്ലീം ലീഗ്. മണ്ഡലം മുഴുവൻ അറിയപ്പെടുന്ന നേതാവ് എന്ന പ്രത്യേകതകൾ സഹായിക്കുക യുവനേതാവ് എ.കെ.എം.അഷ്റഫിനെയാണ്. എം.എസ്.എഫ്. യൂത്ത് ലീഗ് എന്നിവയിലൂടെ വളർന്ന് ജില്ലാ പഞ്ചായത്തംഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നിവരെയെത്തി. കഴിഞ്ഞതവണ കമറുദീന് മുൻപിൽ വഴിമാറികൊടുക്കേണ്ടിവന്നത് അഷ്റഫിന് ഗുണകരമാകും. ജനുവരി ആദ്യവാരം മുതൽ അഷ്റഫ് മണ്ഡലത്തിൽ സജീവമായിത്തുടങ്ങി.
കാന്തപുരം വിഭാഗത്തിന് കൂടെ സമ്മതനായ മറ്റൊരാളെ തേടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ജില്ലയിലെ ചില മുതിർന്ന നേതാക്കൾക്ക് നറുക്കുവീഴാം. ഒരുവനിതയെ രംഗത്തിറക്കണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം ഗൗരവത്തോടെ മുസ്ലിം ലീഗ് പരിഗണിക്കുന്നുണ്ട്. 1957ൽ സ്വതന്ത്ര സ്ഥാനാർത്ഥി എം.ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ നിന്നു തുടങ്ങുന്നു മഞ്ചേശ്വരത്തിന്റെ നിയമസഭാ മണ്ഡല ചരിത്രം. 1960ൽ കർണാടക സമിതിയുടെ കെ.മഹാബല ഭണ്ഡാരിക്കായിരുന്നു വിജയം. 1965ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1967ൽ സ്വതന്ത്രനായും ഭണ്ഡാരി തന്നെ മഞ്ചേശ്വരത്തു നിന്നു ജയിച്ചു.
പിന്നീടങ്ങോട്ട് 1970, 1977, 1980, 1982 വരെ സിപിഐയുടെ കീഴിലായിരുന്നു മണ്ഡലം. 1987ൽ ചേർക്കളം അബ്ദുള്ളയിലൂടെ മുസ്ലിം ലീഗ് മഞ്ചേശ്വരം പിടിച്ചു. 1991, 1996, 2001 വർഷങ്ങളിലും അദ്ദേഹമായിരുന്നു മണ്ഡലത്തിന്റെ ജനപ്രതിനിധി. 2006ൽ സി.എച്ച്. കുഞ്ഞമ്പുവിന്റെ അട്ടിമറി ജയത്തിലൂടെ സിപിഎം ആദ്യമായി മഞ്ചേശ്വരം പിടിച്ചു. 2011ലും 2016ലും പി.ബി.അബ്ദുൽ റസാഖിലൂടെ മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിലാണ് ഖമറുദ്ദീൻ ജനപ്രതിനിധിയായത്.
മറുനാടന് മലയാളി ബ്യൂറോ