- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയുമായി വാട്സ് ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചു തിരൂരിൽ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; സ്കൂട്ടർ തടഞ്ഞു നിർത്തി മാസ്ക്ക് മാറ്റാൻ ആവശ്യപ്പെട്ടു വടി കൊണ്ട് മർദ്ദനം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരൂർ: മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം. പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തുവെന്നാരോപിച്ച് യുവാവിന് നേരെയാണ് ഇക്കുറി സദാചാര പൊലീസ് ആക്രമണം ഉണ്ടായത്. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മർദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വീട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൂ വീലറിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇയാളോട് മാസ്‌ക് മാറ്റാൻ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടിയും മറ്റുമായി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
തനിക്ക് മർദ്ദനമേറ്റ കാര്യം യുവാവ് വീട്ടിൽ പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിന്റെ മാതാവ് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ ഏഴുപേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സമാനമായ വിധത്തിൽ സദാചര പൊലീസ് ആക്രമണങ്ങൾ മലപ്പുറത്ത് വർധിച്ചു വരികയാണ്. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സദാചാര ആക്രമണം ഉണ്ടാകുന്നത്. ഓഗസ്റ്റ് 14 നാണ് സദാചാര ആക്രമണത്തിൽ മനംനൊന്ത് അദ്ധ്യാപകനും കലാസംവിധായകനുമായ സുരേഷ് ചാലിയം ആത്മഹത്യ ചെയ്തിരുന്നു.
ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു. സുരേഷിനെ മർദ്ദിച്ച ശേഷം അക്രമിസംഘം വലിച്ചിഴച്ച് കൊണ്ടുപോവുകയും അസഭ്യവർഷം നടത്തുകയും ചെയ്തിരുന്നെന്നും അമ്മയുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മർദ്ദിച്ച വിഷമത്തിലായിരുന്നു സുരേഷെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.
മറുനാടന് മലയാളി ബ്യൂറോ