പയ്യന്നൂര്‍: ബാലനടനായി സിനിമയില്‍ എത്തിയ നടന്‍ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂര്‍ അന്നൂരിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി, ഉലകം ചുറ്റും വാലിബന്‍, പട്ടണത്തില്‍ ഭൂതം, അമര്‍ അക്ബര്‍ അന്തോണി, തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

നാടക, സിനിമ നടന്‍ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരന്‍ ശ്രീമുരളി. അഭിനയത്തില്‍ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മുപ്പത് വര്‍ഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂര്‍ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീര്‍ ആണ് സീരിയലില്‍ ചെറിയ വേഷം ചെയ്യാന്‍ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. 'രസികന്‍' ആണ് ആദ്യ സിനിമ. 'രസികനി'ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി.

'രസികനു' ശേഷം അന്‍വര്‍ സംവിധാനം ചെയ്ത 'അണ്ണന്‍ തമ്പി', 'മാടമ്പി', 'ഡോണ്‍', 'പട്ടണത്തില്‍ ഭൂതം' തുടങ്ങി 'ഉലകം ചുറ്റും വാലിഭന്‍ ' വരെ പത്ത് പതിനഞ്ചോളം സിനിമകളില്‍ ബാലതാരമായി ഹരി അഭിനയിച്ചു. പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'അമര്‍ അക്ബര്‍ ആന്റണി'യില്‍ ചെറിയൊരു വേഷം ചെയ്യുന്നത്.

ബെംഗളുരുവില്‍ നിന്നു ബിഎസ്സി വിഷ്വല്‍ ഇഫക്ട്‌സ് ആന്‍ഡ് ആനിമേഷന്‍ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്‌സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയില്‍ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടന്‍ ഗണപതി ബന്ധുവാണ്. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായി അഭിനയിച്ച ബാബു അന്നൂര്‍ ഹരിയുടെ അച്ഛന്റെ സഹോദരനാണ്.