കൊച്ചി: പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. 62 വയസ് ആയിരുന്നു. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജര്‍ രവി ഫേസ്ബുക്കിലൂടെ അറിയിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം.

സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ നടക്കും. പുറത്തിറങ്ങാനിരിക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. പുലിമുരുകന്‍, പുനരധിവാസം, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര, 12വേ മാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മേജര്‍ രവി, ഷാജി കൈലാസ്, വി.കെ.പ്രകാശ്, സന്തോഷ് ശിവന്‍, അനില്‍ മേടയില്‍ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയിരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണന്‍ പട്ടാമ്പിയുടെ വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി.