കൊച്ചി: നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫി അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ പുലര്‍ച്ചെ 12.15ഓടെയാണ് അന്ത്യം. കഴിഞ്ഞ 16ന് കടുത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.

മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നല്‍കുമെന്നാണ് ഇന്നലെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കല്യാണരാമനും തൊമ്മനും മക്കളുമുള്‍പ്പെടെ 18 സിനിമകള്‍ സംവിധായം ചെയ്തിട്ടുണ്ട്. നടന്‍ മമ്മൂട്ടിയുള്‍പ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ നല്‍കിയ സംവിധായകനാണ് ഷാഫി. ഷാഫിയുടെ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് സിനിമകളും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായിരുന്നു.

1995-ല്‍ ആദ്യത്തെ കണ്‍മണിയിലൂടെ രാജസേനന്‍, റാഫി - മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. 2002-ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്‍, ജയസൂര്യ ചിത്രം പുലിവാല്‍ കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007), ചട്ടമ്പിനാട്(2009), ദിലീപ് ചിത്രം ടു കണ്‍ട്രീസ്(2015) എന്നിവയെല്ലാം തീയേറ്റര്‍ ഹിറ്റടിച്ച ചിത്രങ്ങളാണ്.

2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് അമ്മാവനുമാണ്.