കൊച്ചി: കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. മിമിക്രിതാരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.

പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങാനായി ഹോട്ടലില്‍ എത്തി എല്ലാം പായ്ക്ക് ചെയ്തിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞും ഒരു മുറിയുടെ താക്കോല്‍ മാത്രം തിരികെ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ വീണുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിനിമകളില്‍ കൂടുതല്‍ സജീവമാകുന്ന സമയത്താണ് അപ്രതീക്ഷിതമായി വിടവാങ്ങല്‍.

മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂ. ഹോട്ടലില്‍ പൊലീസ് എത്തി വിവരശേഖരണം നടത്തിയിട്ടുണ്ട്.

മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്.

മിമിക്രി കലാരംഗത്തുനിന്നുമാണ് ചലച്ചിത്രലോകത്തേക്കു കടന്നുവരുന്നത്. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.തില്ലാന തില്ലാന, മായാജാലം, മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.