കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മിഥുന്‍ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിളന്തറ സ്വദേശിയാണ് മിഥുന്‍. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകവേയാണ് അപകടം ഉണ്ടായത്. ഇവിടെ വൈദ്യുതി ലൈന്‍ വളരെ താഴ്ന്നാണ് പോയിരുന്നത്. ഇത് ഉയര്‍ത്തണെന്ന ആവശ്യം ഉന്നയിച്ചിട്ടും അത് നടന്നിരുന്നില്ല. ഇതോടെ സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

താഴ്ന്നു കിടന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്താതിരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉല്ലാസ് കോവൂര്‍ ആരോപിച്ചു. അനാസ്ഥയാണ് ഒരു കുട്ടിയുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ മാറ്റണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ നടപടി എടുത്തിരുന്നില്ല. ഇത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

അതേസമയം സംഭവത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കൂട്ടി അപലപിച്ചു. ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദു്ഖകരമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.