പത്തനംതിട്ട: ശബരിമല പാതയില്‍ റാന്നി-പെരുനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂനങ്കര ശബരി ശരണാശ്രമത്തിന് മുന്നിലെ തോട്ടിലേക്ക് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു. പത്തനംതിട്ട ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടര്‍ കൂനങ്കര മന്ദപ്പുഴ ചരിവുകാലായില്‍ വീട്ടില്‍ അബ്ദുള്‍ കരിമിന്റെ മകന്‍ സജീവ് (38) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറു മണിയോടെയാണ് തോട്ടില്‍ മറിഞ്ഞു കിടക്കുന്ന ബൈക്കും അതിന് സമീപം മൃതദേഹവും കണ്ടത്. തലശേരിയില്‍ കെഎസ്ആര്‍ടിസി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്തനംതിട്ട ടീമിനൊപ്പം പങ്കെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ തിരികെ ഡിപ്പോയിലെത്തി. മൂന്നരയോടെ വീട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ച് പോകുമ്പോഴാണ് അപകടം. പത്തു വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി നോക്കി വരികയാണ്. പെരുനാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.