തിരുവനന്തപുരം: ടെലിവിഷനും ഇന്റര്‍നെറ്റും വരുന്നതിന് മുന്‍പ് റേഡിയോയിലെ സൂപ്പര്‍ സ്റ്റാര്‍ അതായിരുന്നു എം രാമചന്ദ്രന്‍.അന്നുവരെ കേട്ട റേഡിയോ അവതരണ രീതിയില്‍ നിന്ന് മാറി തന്റെതായ ശൈലി കൊണ്ടുവന്ന് ശ്രോതാക്കളെ കൈയ്യിലെടുത്തതാണ് രാമചന്ദ്രന്‍.അത് തന്നെയാണ് കാലങ്ങള്‍ക്കിപ്പുറവും മലയാളി മനസിലും കാതിലും ആ ശബ്ദം മുഴങ്ങുന്നത്.വെറുമൊരു വാര്‍ത്താ അവതാരകന്‍ മാത്രമായിരുന്നില്ല അദ്ദേഹം.ആകാശവാണിയില്‍ തെളിയിച്ച അതേ മികവ് തന്റെ ശബ്ദത്തിലൂടെ ടെലിവിഷനിലും അദ്ദേഹം പുലര്‍ത്തി.

ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് നിയോഗം ലഭിച്ചിട്ടുണ്ട് രാമചന്ദ്രന്റെ ശബ്ദത്തിന്.അതി്ല്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്തയായിരുന്നു. കെഎസ്ഇബി ജോലിയിലിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയുടെയും വാര്‍ത്തകളുടെയും ലോകത്തേക്ക് എത്തുന്നത്..

കെഎസ്ഇബിയില്‍ നിന്ന് ആകാശവാണിയിലേക്ക്..ഇന്ദിരാഗാന്ധിയുടെ മരണം മറക്കാനാവാത്ത ഓര്‍മ്മ

യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോഴാണ് ആകാശവാണിയാണ് തന്റെ ജീവിതമെന്ന് രാമചന്ദ്രന്‍ തിരിച്ചറിഞ്ഞത്.അത് വഴിവെച്ചതാകട്ടെ കോളേജ് തെരഞ്ഞെടുപ്പും.കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നടന്ന വാര്‍ത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം ശക്തമാക്കിയത്.അന്ന് സമ്മാനം നേടിയതോടെ വാര്‍ത്തവായനക്കാരനാകണമെന്ന മോഹം രാമചന്ദ്രനില്‍ കലശലായി.പഠനം പൂര്‍ത്തിയാക്കി വൈദ്യുതി ബോര്‍ഡില്‍ ക്ളാര്‍ക്കായി.അപ്പോഴും വാര്‍ത്താ വായനയെന്ന മോഹം അദ്ദേഹം ഉപേക്ഷിച്ചില്ല.

അങ്ങിനെ പാതി മനസ്സോടെ ജോലി തുടരുമ്പോഴാണ് ആകാശവാണിയിലേക്ക് അവസരം വരുന്നത്.പിന്നെ ഒന്നും നോക്കിയില്ല.ഡല്‍ഹി ആകാശവാണിയില്‍ കാഷ്വല്‍ വാര്‍ത്താ വായനക്കാരനായാണ് തുടക്കം.ജോലിയില്‍ പ്രവേശിച്ച് പത്താം ദിവസം വാര്‍ത്ത വായിക്കാനുള്ള അസുലഭാവസരം ലഭിച്ചു.മൂന്നുവര്‍ഷം ഡല്‍ഹിയില്‍ തുടര്‍ന്നു. ഇന്ദിരാഗാന്ധി വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരിക്കെ രാമചന്ദ്രന്‍ അടക്കമുള്ളവരെ സ്ഥിരപ്പെടുത്തി.പിന്നലെയാണ് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.

കോഴിക്കോട്ട് എത്തിയ രാമചന്ദ്രന്‍ അവിടെ മലയാള വാര്‍ത്താവിഭാഗം രൂപീകരിച്ചു.വാര്‍ത്താവിഭാഗം തലവനായി മൂന്നുവര്‍ഷം ജോലി ചെയ്്തശേഷം തലസ്ഥാനത്തെത്തി. തിരുവനന്തപുരം നിലയത്തില്‍ പ്രതാപവര്‍മ (പ്രതാപന്‍), സംവിധായകന്‍ പി.പത്മരാജന്‍ എന്നിവര്‍ രാമചന്ദ്രന്റെ സഹപ്രവര്‍ത്തകരായിരുന്നു.ഇതിനിടിയിലാണ് തന്റെ മാധ്യമജീവിതത്തിലെ നിര്‍ണ്ണായക ദിനം രാമചന്ദ്രനെ തേടിയെത്തിയത്.ഇന്ദിരാഗാന്ധിയുടെ മരണം മലയാളി കേട്ടത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായിരുന്നു.

രാമചന്ദ്രന്റെ റേഡിയോ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത വാര്‍ത്ത പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമായിരുന്നു.1984 ഒക്ടബോര്‍ 31നു രാവിലെയാണ് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതെങ്കിലും വൈകിട്ട് 6.15നു മാത്രമാണ് ആകാശവാണി വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രം മരണവിവരം പുറത്തുവിടാത്തതിനാലായിരുന്നു അത്.മരണവിവരം നേരത്തെ അറിഞ്ഞ രാമചന്ദ്രന്‍ ഇന്ദിരാവധം പ്രധാന വാര്‍ത്തയാക്കിയും അതില്ലാതെയും രണ്ടു ബുള്ളറ്റിനുകള്‍ തയ്യാറാക്കിയിരുന്നു.

വൈകിട്ട് ആറിന് ആകാശവാണി ഇംഗ്ലീഷ്് വാര്‍ത്തയില്‍ മരണവിവരം പ്രഖ്യാപിച്ചു.പിന്നാലെ 6.15ന് രാമചന്ദ്രനിലൂടെ മലയാളികളും ഇന്ദിരയുടെ മരണവാര്‍ത്തയറിഞ്ഞു.അങ്ങിനെ ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത മലയാളത്തില്‍ ആദ്യം കേട്ടത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയായി.

റേഡിയോയില്‍ സ്റ്റാറാക്കിയ 'കൗതുകവാര്‍ത്ത'കളും ടിവിയെ 'സാക്ഷിയും'

പതിവ് വാര്‍ത്തകള്‍ വായിക്കുന്നതിനിടയിലാണ് കൗതുകവാര്‍ത്തകള്‍ എന്ന പംക്തി അവതരിപ്പിക്കാന്‍ രാമചന്ദ്രന് അവസരം ലഭിക്കുന്നത്.വാര്‍ത്തയില്‍ പോലും തനത് ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് കൗതുകവാര്‍ത്തകള്‍ മറ്റുവാര്‍ത്തയില്‍ നിന്നും വേറിട്ടുനില്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു.അദ്ദേഹം കൊണ്ടുവന്ന ആ പുതുമ ശ്രോതാക്കള്‍ ഇരുകാതും കൂര്‍പ്പിച്ച് സ്വീകരിക്കുകയും രാമചന്ദ്രന്‍ റേഡിയോയിലെ സൂപ്പര്‍ സ്റ്റാറാവുകയും ചെയ്തു.

കൗതുകവാര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയായിരുന്നു. പതിവ് രീതികളില്‍ നിന്ന് മാറി അല്‍പം നാടകീയത ചേര്‍ത്ത് കൗതുകവാര്‍ത്തയുടെ സ്‌ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിര്‍ദേശമായിരുന്നു.അതിന് സഹപ്രവര്‍ത്തകരും പിന്തുണ നല്‍കിയപ്പോള്‍ പരിപാടി വന്‍ ഹിറ്റായി.അങ്ങിനെ 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേള്‍ക്കാന്‍ മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ഞായറാഴ്ച്ചകളിലാണ് കൗതുകവാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തിരുന്നത്.

ടെലിവിഷന്‍ രംഗം സ്വീകരണമുറികളെ കൈയ്യടക്കി തുടങ്ങിയപ്പോള്‍ അവിടെയും രാമചന്ദ്രന്‍ തന്റെ പ്രതിഭ തെളിയിച്ചു.കൈരളി ചാനലിന്റെ തുടക്കകാലത്ത് സംപ്രേഷണം ചെയ്ത സാക്ഷി എന്ന പരിപാടിക്ക് ശബ്ദം നല്‍കിയത് അദ്ദേഹമായിരുന്നു.പരിപാടിയുടെ തുടക്കത്തില്‍ വരുന്ന 'സാക്ഷിക്കെന്ത കൊമ്പുണ്ടോ' എന്ന വാചകം മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധനേടിയതാണ്.സോഷ്യല്‍ മീഡിയാ കാലത്താണെങ്കില്‍ ഏറെ വൈറലാകുമായിരുന്ന ഡയലോഗ്.സ്റ്റേജ് ഷോ വേദികളിലൊക്കെ രാമചന്ദ്രന്റെ ഈ സംഭാഷണവും ശബ്ദവും മിമിക്രിക്കാര്‍ അനുകരിക്കുകവരെയുണ്ടായി.

52 വര്‍ഷം ആകാശവാണിയിലെ വാര്‍ത്താ അവതാരകനായിരുന്നു രാമചന്ദ്രന്‍.ആകാശവാണിയില്‍നിന്ന് വിരമിച്ചശേഷം ഗള്‍ഫില്‍ എഫ്എം കേന്ദ്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

വായനയിലെയും ഉച്ചാരണത്തിലെയും ശ്രദ്ധയും കരുതലും മാതൃക

വിശ്രമജീവിത്തിനിടയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ വാര്‍ത്താ അവതാരകരെയും അവതരണ രീതിയെയും കുറിച്ച് രാമചന്ദ്രന്‍ വാചാലനായിരുന്നു.അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ..വാര്‍ത്താ വായന ഇന്ന് വെറുമൊരു തൊഴില്‍മേഖല മാത്രമായിരിക്കുന്നു.'ഏറ്റെടുത്തിരിക്കുന്നത് സുപ്രധാന ചുമതലയാണെന്ന തോന്നല്‍ പുതുതലമുറയിലെ വാര്‍ത്താ അവതാരകര്‍ക്കില്ല. ഗൗരവമില്ലാതെയും അശ്രദ്ധവുമായാണ് ഇപ്പോള്‍ പലരുടെയും വായന. വാക്കുകള്‍ കൃത്യമായി ഉച്ചരിക്കില്ല.

പത്തു മിനിട്ട് റേഡിയോ വാര്‍ത്ത തയ്യാറാക്കാന്‍ അന്ന് മൂന്നു മണിക്കൂര്‍ നേരത്തെ അദ്ധ്വാനമായിരുന്നു.അതൊരു കാലം'- എന്നാണ് അദ്ദേഹം പഴയ റേഡിയോകാലം ഓര്‍ത്തെടുത്ത്. രാമചന്ദ്രനും അദ്ദേഹത്തിന്റെ ശബ്ദവും ഓര്‍മ്മയാകുമ്പോള്‍ ചരിത്രത്താളുകളിലേക്ക് മറയുന്നത് മലയാളം റേഡിയോ വാര്‍ത്ത വായനയുടെ ഒരു കാലഘട്ടം കൂടിയാണ്.