തിരുവനന്തപുരം: മലയാള സിനിമയില്‍ ഒരു കാലഘട്ടത്തെ തന്നെ തോളിലേറ്റിയ മനുഷ്യന്‍. സ്‌ക്രീനില്‍ വരുമ്പോള്‍ ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. പക്ഷേ, ആ ചിരിക്ക് പിന്നില്‍ മൂര്‍ച്ചയേറിയ ഒരു പേനയുണ്ടെന്നും, അത് അധികാരവര്‍ഗത്തിന് നേരെ നീളുന്ന വാളാണെന്നും തിരിച്ചറിയാന്‍ മലയാളികള്‍ക്ക് അധികകാലം വേണ്ടിവന്നില്ല. അതാണ് ശ്രീനിവാസന്‍. വെള്ളിത്തിരയിലെ വിപ്ലവവും ജീവിതത്തിലെ വിപ്ലവവും ഒരേപോലെ കൊണ്ടുനടക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ശ്രീനിവാസന്‍. സിനിമയില്‍ പറഞ്ഞ രാഷ്ട്രീയവും പരിഹാസവും ഇന്നും കേരളത്തിലെ ചായക്കടകളിലും പൊതു ഇടങ്ങളിലും ചര്‍ച്ചയാകുന്നുവെന്നതാണ് വസ്തുത. മലയാള സിനിമയില്‍ പരിഹാസം കൊണ്ട് വിപ്ലവം സൃഷ്ടിച്ച, സാധാരണക്കാരന്റെ ജീവിതത്തെ വെള്ളിത്തിരയില്‍ പച്ചയായി വരച്ചുകാട്ടിയ ആ വലിയ പ്രതിഭയാണ് ഓര്‍മയാകുന്നത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.

കണ്ണൂരിലെ കൂത്തുപറമ്പില്‍ നിന്ന് മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറുമ്പോള്‍ ശ്രീനിവാസന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം. മദ്രാസില്‍ രജനികാന്തായിരുന്നു സഹപാഠി. പിന്നീട് പ്രിയദര്‍ശനും ലാലും സുരേഷ് കുമാറുമൊക്കെ ശ്രീനിയുടെ സുഹൃത്തുക്കളാകുന്നത്. അഭിനയിക്കാന്‍ ചെന്ന ആ മെലിഞ്ഞ പയ്യനെ എല്ലാവരും കളിയാക്കി. പക്ഷേ എഴുത്തിന്റെ ലോകത്തും അഭിനയത്തിലും താന്‍ ഒരു പുലിയാണെന്ന് അദ്ദേഹം പിന്നീട് തെളിയിച്ചു. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഇത്രത്തോളം തിളങ്ങുമായിരുന്നോ എന്നത് സംശയമാണ്. ദാസനായും വിജയനായും അവര്‍ തകര്‍ത്താടിയപ്പോള്‍ പിറന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളാണ്. മൂന്നര പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയെ തന്റെ വിരല്‍ത്തുമ്പിലിട്ടു നയിച്ച ആ 'കണ്ണൂര്‍ക്കാരന്‍' വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാളിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ചിരികളെയും ചിന്തകളെയുമാണ്.

ശ്രീനിവാസന്‍ വെറുമൊരു നടനല്ല. അദ്ദേഹം ഒരു രാഷ്ട്രീയ നിരീക്ഷകനാണ്, വിമര്‍ശകനാണ്. പാര്‍ട്ടി നേതാക്കളെയും സമകാലിക രാഷ്ട്രീയത്തെയും താന്‍ വിശ്വസിക്കുന്ന ശരികള്‍ക്ക് വേണ്ടി അദ്ദേഹം തുറന്നെതിര്‍ത്തു. പലപ്പോഴും ആ നിലപാടുകള്‍ വിവാദമായി. പക്ഷേ ശ്രീനി പറഞ്ഞു'എനിക്ക് ആരെയും പേടിയില്ല.' ഈ ഒരു ആത്മവിശ്വാസം തന്നെയാണ് ശ്രീനിവാസനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും തളരാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. 1956 ഏപ്രില്‍ ആറിന് കണ്ണൂരിലെ പാട്യത്താണ് ശ്രീനിവാസന്റെ ജനനം. സ്‌കൂള്‍ അധ്യാപകനും കടുത്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ഉണ്ണി എന്ന ഉച്ചംവെള്ളി ഉണ്ണിയുടെ മകന്‍. പാട്യത്തെ വായനശാലകളും നാടകവേദികളുമാണ് ശ്രീനിയിലെ കലാകാരനെ ഉണര്‍ത്തിയത്. ജ്യേഷ്ഠന്‍ രവീന്ദ്രനായിരുന്നു ആദ്യ ഗുരു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച ആ പഴയ നാടകക്കാരനിലാണ് പില്‍ക്കാലത്തെ 'സന്ദേശം' എഴുതിയ വിപ്ലവകാരി ഒളിഞ്ഞിരുന്നത്.

മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1977-ല്‍ ഡിപ്ലോമ നേടിയപ്പോള്‍, അവിടെ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അദ്ദേഹത്തിന്റെ സീനിയറായിരുന്നു. ആ വര്‍ഷം തന്നെ പി.എ. ബക്കറിന്റെ 'മണിമുഴക്ക'ത്തിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും മലയാള സിനിമയുടെ ഗതി മാറ്റിയത് 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ അദ്ദേഹം തുടങ്ങിയ തിരക്കഥാ രചനയായിരുന്നു. ദാസനും വിജയനും മലയാളി ഇന്നും നെഞ്ചിലേറ്റുന്ന നാടോടിക്കാറ്റിലെ ദാസനും വിജയനും. 'സന്ദേശം' എന്ന ഒരൊറ്റ സിനിമ മതി ശ്രീനിവാസന്‍ എന്ന രാഷ്ട്രീയ നിരീക്ഷകനെ തിരിച്ചറിയാന്‍. വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ തുടങ്ങിയ ചിത്രങ്ങള്‍ മലയാളിയുടെ തൊഴിലില്ലായ്മയും പ്രവാസവും പച്ചയായി പറഞ്ഞു.

അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രം മതി മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അടയാളപ്പെടുത്താന്‍. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ആ പ്രതിഭയ്ക്ക് മുന്നില്‍ പലതവണ തലകുനിച്ചു. മക്കളായ വിനീതും ധ്യാനും സിനിമയില്‍ തങ്ങളുടെ ഇടം ഉറപ്പിച്ചപ്പോഴും, അച്ഛന്റെ തണലായി കൂടെയുണ്ടായിരുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ വിനീതിനൊപ്പം അഭിനയിച്ച ശ്രീനിവാസ്, തലമുറകള്‍ തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ ഉദാഹരണമായിരുന്നു. വിമലയാണ് ഭാര്യ.