- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകം
പി.പി. തങ്കച്ചന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കൃഷിമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്‍ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അന്ത്യം
കെ.പി.സി.സി. അധ്യക്ഷനായും യു.ഡി.എഫ്. കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുള്ള തങ്കച്ചന്‍, നാല് തവണ പെരുമ്പാവൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 13 വര്‍ഷം യുഡിഎഫിനെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോയ പി പി തങ്കച്ചന്‍ എ.കെ.ആന്റണിക്കു പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവിയാണു ഏറ്റെടുത്തത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകമായിരുന്ന തങ്കച്ചന്‍, കെ.പി.സി.സി. മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍, മുന്‍ മന്ത്രി എന്നീ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1991 മുതല്‍ 1995 വരെ കേരള നിയമസഭയുടെ സ്പീക്കറായും 1995-96 കാലഘട്ടത്തില്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എം.എല്‍.എ. എന്ന നിലയിലും അദ്ദേഹം ജനപ്രതിനിധിയായിരുന്നു.
വൈദികന്റെ മകനായി ജനിച്ച തങ്കച്ചന്‍, അഭിഭാഷകവൃത്തിയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ഒരുപാട് ശങ്കിച്ചിരുന്നു. ഒടുവില്‍, അച്ഛന്റെ സഹോദരന്റെ (ഇളയച്ഛന്‍) സഹായിയായി അങ്കമാലിയില്‍നിന്ന് പെരുമ്പാവൂരിലെത്തി രാഷ്ട്രീയത്തില്‍ സജീവമായി. 1968-ല്‍ വെറും 26-ാം വയസ്സില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന മുന്നേറ്റങ്ങളിലൊന്ന് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡും അന്ന് അദ്ദേഹം സ്വന്തമാക്കി.
എറണാകുളത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ തങ്കച്ചന്‍, ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ കാലഘട്ടങ്ങളില്‍ കെ. കരുണാകരനൊപ്പം ഉറച്ചുനിന്നു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി മാറ്റുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. മധ്യകേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായി അദ്ദേഹം വളര്‍ന്നു.
2001-ല്‍ സിപിഎമ്മിലെ സാജു പോളിനോട് പെരുമ്പാവൂരില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, സംസ്ഥാനത്ത് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് വലിയ വിജയങ്ങള്‍ നേടിയപ്പോഴും അദ്ദേഹം തോറ്റ പ്രമുഖരില്‍ ഒരാളായി. 2005-ല്‍ കെ. കരുണാകരന്‍ ഡി.ഐ.സി. രൂപീകരിച്ച് പാര്‍ട്ടി വിട്ടപ്പോഴും തങ്കച്ചന്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചുനിന്നു. തുടര്‍ന്ന്, മുഖ്യമന്ത്രി പദമൊഴിഞ്ഞപ്പോള്‍ ഒഴിവുവന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തുകയായിരുന്നു. 2005 മുതല്‍ 2018 വരെ നീണ്ട 13 വര്‍ഷക്കാലം യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹം മുന്നണിയെ നയിച്ചു.