ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് സംഘർഷത്തോടെ ചൈനയും ഇന്ത്യയും ആയുള്ള പരസ്പരവിശ്വാസത്തിന് ആഴത്തിൽ കോട്ടം വന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജൂണിൽ, 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ബന്ധം വഷളായത്. 45 വർഷത്തിന് ശേഷമാണ് ചൈനയുമായുള്ള അതിർത്തിയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായത്. അത് പൊതുജനാഭിപ്രായത്തെ മാത്രമല്ല രാഷ്ട്രീയബന്ധത്തെയും ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന് കാര്യമായ കോട്ടം വന്നു',ജയശങ്കർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

'ഇരുരാജ്യങ്ങളും 1962 ൽ യുദ്ധത്തിൽ ഏർപ്പെട്ടു. എന്നാൽ കഴിഞ്ഞ വേനൽക്കാലം വരെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളം സംഘർഷരഹിതമായിരുന്നു. വാണിജ്യബന്ധം വികസിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ വർഷം അവ്യക്തമായ കാരണങ്ങളാൽ, ചൈന അതിർത്തിയുടെ ഒരുഭാഗത്ത് വൻതോതിൽ സൈനിക വിന്യാസം നടത്തി. പിന്നീട് അത് യഥാർത്ഥ നിയന്ത്രണരേഖയിലേക്കും', ജയശങ്കർ പറഞ്ഞു. അതേസമയം, അമേരിക്കയുമായുള്ള ബന്ധം ശക്തമാണെന്നും ബൈഡന്റെ കാലത്ത് അത് കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക്-ചൈന കൂട്ടുകെട്ട് ശക്തമായ ഭീഷണി എന്ന് കരസേന മേധാവി

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. അതേസമയം, അതിർത്തിയിൽ ഏതുതരത്തിലുള്ള വെല്ലുവിളി നേരിടാനും ഇന്ത്യ സന്നദ്ധമാണ്. വടക്കൻ അതിർത്തിയിൽ ഉടനീളം സൈന്യം അതീവജാഗ്രത പുലർത്തി വരുന്നു. യഥാർത്ഥ നിയന്ത്രണരേഖയുടെ മധ്യ-കിഴക്കൻ മേഖലകളിലാണ് സംഘർഷസാധ്യത. ചൈന അവിടെ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. നമ്മൾ അത് നിരീക്ഷിച്ച് തന്ത്രങ്ങൾ ആവശ്യാനുസരണം സ്വീകരിച്ച് വരുന്നു.

എല്ലാവർഷവും പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ പരമ്പരാഗത പരിശീലന കേന്ദ്രങ്ങളിലേക്ക് വരാറുണ്ട്. പരിശീലനം പൂർത്തിയാകുകയും, ശൈത്യകാലം വരികയും ചെയ്തതോടെ കിഴക്കൻ ലഡാക്കിലെ കേന്ദ്രങ്ങൾ ഒഴിഞ്ഞു. എന്നാൽ, സംഘർഷമേഖലകളിൽ ഇരുപക്ഷത്തും സൈനികരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണരേഖയുടെ ഉൾപ്രദേശത്ത് നിന്ന് 10,000 സൈനികരെ ചൈന പിൻവലിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, നിയന്ത്രണ രേഖയുടെ മുൻനിരയിൽ സൈനിക വിന്യാസത്തിൽ കുറവുണ്ടായിട്ടില്ല.

അതേസമയം, പാക്കിസ്ഥാനും ചൈനയും ആയുള്ള കൂട്ടുകെട്ട് ശക്തമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ജനറൽ മനോജ് മുകുന്ദ് നരവണെ പറഞ്ഞു.'പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഭീകരതയോട് ഞങ്ങൾക്ക് യാതൊരുവിധ സഹിഷ്ണുതയുമില്ല. എപ്പോൾ പ്രതികരിക്കണമെന്നതും എവിടെ എങ്ങനെ പ്രതികരിക്കണമെന്നതും ഞങ്ങൾ സ്വയം നിശ്ചയിക്കും. ഇത്തരത്തിലൊരു വ്യക്തമായ സന്ദേശമാണ് ഞങ്ങൾ നൽകിയിരിക്കുന്നത്'. കഴിഞ്ഞ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

2020 ലെ വെല്ലുവിളികൾ

'കോവിഡും വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികളുമായിരുന്നു പോയ വർഷത്തെ പ്രധാന വെല്ലുവിളികൾ. വടക്കൻ അതിർത്തികളിലുടനീളം ഞങ്ങൾ ഉയർന്ന ജാഗ്രത പാലിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്നും നരവനെ പറഞ്ഞു.

ജമ്മു-കശ്മീരിലെ സ്ഥിതിഗതികൾ

കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുടെ തീവ്രത കുറഞ്ഞിരിക്കുന്നത് തുടരുന്നു. എന്നാൽ, സൈനികരെ കേന്ദ്രഭരണ പ്രദേശത്ത് നിന്ന് മാറ്റാൻ സമയമായിട്ടില്ല.

പുതിയ സാങ്കേതിക വിദ്യ

ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സൈന്യത്തെ സാങ്കേതികമായി സജ്ജരാക്കാൻ എല്ലാ പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരാൻ വിപുലമായ മാർഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് കരസേന മേധാവി പറഞ്ഞു.

ആർമി ഏവിയേഷനിൽ സ്ത്രീകൾ

ആർമി ഏവിയേഷനിൽ വനിതാ ഓഫീസർമാരെ നിയോഗിക്കുന്നതിനായി ശുപാർശ മുന്നോട്ട് വച്ചിരുന്നു. 2021 ജൂലൈയിൽ വനിത ഓഫീസർമാരെ പൈലറ്റ് പരിശീലനത്തിനായി പ്രവേശിപ്പിത്തുമെന്നും കരസേന മേധാവി അറിയിച്ചു.

പാങ്‌ഗോങ് തടാകം തുറന്നു

അതിനിടെ, ലഡാക്കിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാങ്‌ഗോങ് തടാകം സന്ദർകർക്കായി ഇന്ത്യ വീണ്ടും തുറന്നുകൊടുത്തു. പാങ്‌ഗോങ് തടാകം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ലേയിലെ ഡി.സി. ഓഫീസിൽ ഇന്നർ ലൈൻ പെർമിറ്റി(ഐ.എൽ.പി.)ന് അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ മുഖാന്തരവും ഐ.എൽ.പിക്ക് അപേക്ഷിക്കാവുന്നതാണ്.

13,862 അടി ഉയരത്തിലാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. തർക്ക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണുള്ളത്. മൂന്നിൽ രണ്ടുഭാഗം ടിബറ്റിനുള്ളിലാണെങ്കിലും ഇവിടം നിയന്ത്രിക്കുന്നത് ചൈനയാണ്. യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ സൈനികരും പി.എൽ.എയും തമ്മിൽ കഴിഞ്ഞവർഷം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ മേഖലയിൽ ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പാംഗോങ് തടാകത്തിന്റെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത് അവർ സന്ദർകരെ അനുവദിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യയും സന്ദർശകർക്ക് അനുമതി നൽകുന്നത്.