- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക്മാന് ഭീതിപരത്തി മോഷണം; യുവാവും കുട്ടിക്കുറ്റവാളികളും ഉള്‍പ്പെട്ട സംഘത്തെ സാഹസികമായി കുടുക്കി പന്തളം പോലീസ്; കുട്ടികള്‍ ലഹരിക്ക് അടിമകള്‍
ബ്ലാക്ക്മാന് ഭീതിപരത്തി മോഷണം
പന്തളം: ബ്ലാക്മാന്‍ ഭീതിപരത്തി മോഷണവും കവര്‍ച്ചാശ്രമവും നടത്തി ഒരു പ്രദേശമാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നുപേരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ ശ്രമകരമായ ദൗത്യത്തിലൂടെ കുടുക്കിയത്. കുരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത്ത്(21), സംഘാംഗങ്ങളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൗമാരക്കാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം, മാവേലിക്കര, നൂറനാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ വാഹനമോഷണം, കവര്‍ച്ചാശ്രമം ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. അഭിജിത്തിന്റെ പേരില്‍ പോക്സോ കേസും നിലവിലുണ്ട്. കേസില്‍ പിടിയിലായ കൗമാരക്കാര്‍ അടുത്തിടെ ആറു മൊബൈല്‍ഫോണും രണ്ട് സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ചതടക്കം, എറണാകുളത്ത് നിന്നും വിലകൂടിയ പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും ബൈക്ക് മോഷണത്തിനും ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. കൗമാരക്കാരാണ് മോഷ്ടിക്കുന്ന ബൈക്കുകളുടെ ഹാന്റില്‍ ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം വയര്‍ കഷണമുപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നത്. മോഷ്ടിക്കുന്ന വാഹനത്തില്‍ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്.
എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബജാജ് പള്‍സര്‍ ബൈക്ക് നവംബര്‍ മൂന്നിന് അര്‍ദ്ധരാത്രി തൃപ്പൂണിത്തുറയില്‍ നിന്നും മോഷ്ടിച്ച് പന്തളത്തേക്ക് കടത്തുകയായിരുന്നു. ഇതിന് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റുകളും, മൊബൈല്‍ ഫോണുകളും വിലപിടിപ്പുള്ള വസ്തുവകകളും ബൈക്കുകളും മറ്റും മോഷ്ടിക്കുകയാണ് രീതി. ഒരാഴ്ചയ്ക്കിടയില്‍ പന്തളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി വീടുകളില്‍ ഇവര്‍ മോഷണശ്രമം നടത്തി ജനങ്ങളില്‍ ഭീതിസൃഷ്ടിച്ചിരുന്നു.
സ്ഥിരമായി കഞ്ചാവും മദ്യവുമുപയോഗിക്കുന്ന കുട്ടികളടക്കമുളള കവര്‍ച്ചാസംഘം തൃപ്പൂണിത്തുറയില്‍ നിന്നും മോഷ്ടിച്ച പള്‍സര്‍ ബൈക്കില്‍ കറങ്ങി പതിനഞ്ചിന് അര്‍ധരാത്രി കീരുകുഴി സെന്റ് ജോര്‍ജ് കാതോലിക്കറ്റ് ചര്‍ച്ചിന്റെ വഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ചു. നിരത്തിലെ വാഹനങ്ങളുടെ വരവും കാണിക്കവഞ്ചിക്ക് നിരവധി അറകളും സുരക്ഷാക്രമീകരണങ്ങളുമുള്ളതും കാരണം മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഘത്തിലെ അംഗങ്ങള്‍ അപകടകാരികള്‍ കൂടിയാണ്.എതിര്‍ക്കുന്നവരെ ഇവര്‍ ആക്രമിക്കാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ബ്ലാക്മാന്‍ ഭീതി ഉയര്‍ത്തി അഴിഞ്ഞാടുകയായിരുന്നു സംഘം. പ്രദേശവാസികള്‍ പരിഭ്രാന്തിയിലുമായിരുന്നു. ഇവരെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സംശയിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റ ബാങ്ക് ഉണ്ടാക്കി സംശയം തോന്നുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരികയും ചെയ്തു. അങ്ങനെയാണ് കുട്ടിക്കുറ്റവാളികളടക്കമുള്ള സംഘത്തിലേക്ക് പോലീസിന്റെ ശ്രദ്ധയെത്തുന്നത്. നൂറനാട് പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് അതില്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.
കൗമാരക്കാരായ സംഘാംഗങ്ങളെ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് വളരെ മോശമായും, പ്രകോപനപരമായുമാണ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങളില്‍ ഇവരുടെ പങ്കാളിത്തം കൃത്യമായി തിരിച്ചറിഞ്ഞ പോലീസ്, ഇവരെ നിരീക്ഷിച്ചു കൊണ്ട് നിരന്തരം പിന്തുടര്‍ന്നു. ഏറെ ശ്രമകരമായ നീക്കത്തില്‍ മോഷ്ടിച്ച വാഹനവുമായി ഒളിച്ചിരുന്ന പന്തളത്തെ ഒരു വീട്ടില്‍ നിന്നും സാഹസികമായി സംഘത്തെ കീഴ്പ്പെടുത്തി. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍, പന്തളം എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, എസ്.ഐ. അനീഷ് എബ്രഹാം, പോലീസുദ്യോഗസ്ഥരായ കെ. അമീഷ് , എസ് അന്‍വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു. കുട്ടി കുറ്റവാളികളെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്