- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ ഉണ്ടായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും വരാത്തത് താര സംഘടനയില്‍ പ്രതിസന്ധി തുടരുന്നതിന് തെളിവ്; സമവായം എത്തും വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ല; രണ്ടു മാസം കൊണ്ട് പുതിയ നേതൃത്വം എന്ന പ്രഖ്യാപനം ജലരേഖ; മധ്യസ്ഥ റോളില്‍ ആക്ഷന്‍ ഹീറോ; പ്രതിസന്ധി പരിഹരിക്കാന്‍ സുരേഷ് ഗോപിക്കും ആവില്ല; അമ്മയില്‍ 'ജൂലൈ' വരെ അനിശ്ചിതത്വ സാധ്യത
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച താര സംഘടന അമ്മയുടെ പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും. കൊച്ചിയില്‍ തന്നെയുള്ള രണ്ടു പേരും ചടങ്ങിനെത്തിയില്ല. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. ഈ പരിപാടിയിലേക്കാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്താത്തത്.
അമ്മയുടെ അധ്യക്ഷ സ്ഥാനം മോഹന്‍ലാല്‍ രണ്ടു മാസം മുമ്പാണ് രാജിവച്ചത്. പുതിയ ഭരണ സമിതി രണ്ടു മാസത്തിനുള്ളില്‍ വരുമെന്നും അന്ന് പറഞ്ഞു. അഡ്‌ഹോക് കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ഇതിനെ നയിക്കുന്നതും മോഹന്‍ലാലാണ്. എന്നിട്ടും സംഘടനയുടെ പൊതു പരിപാടിക്ക് മോഹന്‍ലാല്‍ വിട്ടു നിന്നു. പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ മോഹന്‍ലാല്‍ അതൃപ്തനാണ്. മമ്മൂട്ടിയും അമ്മയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഉടനൊന്നും പുതിയ ഭാരവാഹികള്‍ അമ്മയ്ക്കുണ്ടാകില്ല. പതിവ് പോലെ ചേരേണ്ട അടുത്ത പൊതു യോഗത്തില്‍ മാത്രമേ ഇനി ഭാരവാഹി തിരഞ്ഞെടുപ്പുണ്ടാകൂ. അതുവരെ ഈ നിലയില്‍ തന്നെ കാര്യങ്ങള്‍ പോകട്ടേയെന്നതാണ് താരങ്ങളുടെ നിലപാട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങള്‍ക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും നടന്നിരുന്നില്ല. ഇതിന് വിരാമമിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ എത്തിച്ച് പരിപാടി നടത്തിയത്. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മോഹന്‍ലാലാണ് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള സമവായ ചര്‍ച്ചകളുടെ അനിവാര്യത സുരേഷ് ഗോപിയെ അറിയിച്ചത്. ഇത് സുരേഷ് ഗോപിയും അംഗീകരിച്ചു. എന്നിട്ടും അമ്മയിലെ യോഗത്തിന് എത്താന്‍ മോഹന്‍ലാല്‍ തയ്യാറായില്ല. കടുത്ത അതൃപ്തിയാണ് മോഹന്‍ലാല്‍ ഇതിലൂടെ പ്രകടിപ്പിക്കുന്നത്. എന്നാല്‍ സുരേഷ് ഗോപി വിചാരിച്ചാലും സമവായമുണ്ടാകില്ലെന്നതാണ് അമ്മയിലെ യഥാര്‍ത്ഥ ചിത്രം. ജനറല്‍ സെക്രട്ടറിയാകാനും പ്രസിഡന്റാകാനുമെല്ലാം നിരവധി പേര്‍ തയ്യാറാണ്. അവര്‍ ആരും ഔദ്യോഗിക പക്ഷക്കാരുമല്ല.
അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന്‍ വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടന്‍ വരും. രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി അറിയിച്ചു. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്. ഇതിന് ശേഷം അഡ്‌ഹോക് കമ്മറ്റി എത്തി. ഈ സമിതിയാണ് കേരളപ്പറിവി ആഘോഷിച്ചത്. മുമ്പൊന്നും ഇത്തരം ആഘോഷം അമ്മ നടത്തിയിട്ടില്ല. കുറച്ചു പേരെയെങ്കിലും ഒരുമിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇതെല്ലാം.
കേരള പിറവി ആഘോഷം ഉദ്ഘാടന ചെയ്ത ശേഷമാണ് സുരേഷ് ഗോപി പുതിയ ചര്‍ച്ചകളെ കുറിച്ചുള്ള സ്ഥിരീകരണം നല്‍കിയത്. പറയേണ്ടതെല്ലാം താന്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി അമ്മ കമ്മറ്റി അംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമവും പെരുമാറ്റദൂഷ്യവും ഉയര്‍ന്നതിനാല്‍ സമിതി പിരിച്ചുവിടണമെന്ന് അഭിനേതാക്കളുടെ സംഘടനയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് അധ്യക്ഷനും മുതിര്‍ന്ന നടനുമായ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള 17 അംഗങ്ങളും രാജി സമര്‍പ്പിച്ചത്. 2024 ജൂണില്‍ ആയിരുന്നു അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കമ്മറ്റിക്ക് 2027 വരെ കാലാവധിയുണ്ടായിരുന്നു.
സംഘടനയുടെ രീതി അനുസരിച്ച് അടുത്ത വര്‍ഷം വാര്‍ഷിക പൊതു യോഗം നടത്തും. ഈ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് പലരും പങ്കുവയ്ക്കുന്നത്. എന്നാല്‍ ഉടന്‍ പുതിയ ഭാരവാഹികള്‍ വേണമെന്നതാണ് മോഹന്‍ലാലിന്റെ ആവശ്യം. എന്നാല്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അമ്മയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് മധ്യസ്ഥനായി സുരേഷ് ഗോപി എത്തുന്നത് എന്നാണ് സൂചന.