ആലപ്പുഴ: നവകേരളയാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്ന ഈ സംഭവത്തില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പിന്നീട് ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ഈ കേസ് അന്വേഷണത്തിന് ഒടുവില്‍ ക്ലൈമാക്‌സായി.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാജീവനക്കാരന്‍ സന്ദീപിനും ക്ലീന്‍ചിറ്റ് നല്‍കി കൊണ്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടാണ് ഇവര്‍ക്കെതിരായ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ഫയല്‍ ക്ലോസ് ചെയ്തത്. കേസ് അന്വേഷണം അവസാനിപ്പിച്ചു എഴുതിതള്ളിയതോടെ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'രക്ഷാപ്രവര്‍ത്തനം' മാത്രമായി ഈ സംഭവം മാറി.

ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഐ.പി.സി. 294(ബി), 324, 325 വകുപ്പുകള്‍ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പോലീസ് ഈ കേസെടുത്തത്. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എസ്. എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. പിന്നീട് കേസ് അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിവാദമായ കേസില്‍ പ്രതികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് എഴുതി തള്ളിയിരിക്കുന്നത്.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായ ജോലിചെയ്യുക മാത്രമാണുണ്ടായതെന്നാണ് ഇരുവരും നല്‍കിയ മൊഴി. നേരത്തെ പലതവണ നോട്ടീസ് നല്‍കിയിട്ടും ഇരുവരും ഹാജരായില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍ ഗണ്‍മാന്‍ ഒപ്പമുണ്ടായിരുന്നെങ്കിലും അന്നും മൊഴിയെടുക്കാതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

നവകേരള ബസ് കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യംവിളിച്ച് പ്രതിഷേധിച്ച കെ.എസ്.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെയാണ് ഗണ്‍മാനും സുരക്ഷാജീവനക്കാരനും വളഞ്ഞിട്ടു തല്ലിയത്. 2023 ഡിസംബര്‍ 15-ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനു സമീപമായിരുന്നു സംഭവം.

മര്‍ദിക്കുന്ന വീഡിയോദൃശ്യങ്ങളടക്കം ഹാജരാക്കിയിട്ടും ആദ്യം കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. മര്‍ദനമേറ്റ ഇരുവരും കോടതിയെ സമീപിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇടപെട്ടതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയതിനുശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അനില്‍ ജനറല്‍ ആശുപത്രി ജങ്ഷന്‍ ട്രാഫിക് സിഗ്‌നലിന് സമീപംവെച്ച് അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തതായാണ് എഫ്‌ഐആറില്‍ പറഞ്ഞത്. അകമ്പടി വാഹനത്തില്‍ വന്ന രണ്ടാം പ്രതി സന്ദീപും ഇരുവരെയും ലാത്തി ഉപയോഗിച്ച് അടിച്ചെന്നും എഫ്‌ഐആറിലുണ്ട്. അജയ്ക്കും തോമസിനും തലയ്ക്കും കൈ കാലുകളിലും ഗുരുതര പരിക്കുകള്‍ ഉണ്ടാക്കിയെന്നും എഫ്.ഐ.ആറിലുണ്ട്.

ഗണ്‍മാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എസ്.പിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നാണ് വീഡിയോ സഹിതം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി കേസെടുക്കാന്‍ ആലപ്പുഴ സൗത്ത് പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം പ്രതിസ്ഥാനത്ത് ഉള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതായി മാറുകയാണ് ഉണ്ടായത്. കോടതി ഇടപെട്ടു കേസെടുത്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.