- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടന്മേട്ടിലുള്ള റിസോര്‍ട്ടിലെ അണ്ടര്‍ ഗ്രൗണ്ട് മുറിയില്‍ സംവിധായകനെ ഒളിപ്പിക്കാന്‍ ആഗ്രഹിച്ച അഭിനേതാവ്; അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് സിനിമാക്കാരുടെ 'ക്വട്ടേഷന്‍' സഹായം? നടന്‍ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടറെയും പോലീസ് ചോദ്യം ചെയ്യും; കാരവാനു പുറത്ത് ശാലിനി കാവല്‍ നിന്നോ? സംവിധായകനെ കുടുക്കാന്‍ തെളിവുകള്‍ ഏറെ

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ കുടുങ്ങിയ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന സംശയത്തില്‍ നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. രഞ്ജിത്തിന്റെ ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലും പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചനകളെത്തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പോലീസിന്റെ നീക്കം. ബോബി കുര്യന് ഇടുക്കിയില്‍ വണ്ടന്മേടില്‍ ഏറെ ബന്ധങ്ങളുള്ള റിസോര്‍ട്ടുണ്ട്. ഈ റിസോര്‍ട്ടില്‍ അണ്ടര്‍ ഗ്രൗണ്ട് റൂമുകള്‍ പോലുമുണ്ടത്രേ. ഇവിടേക്കാണ് രഞ്ജിത്തിന് മാറ്റാന്‍ ശ്രമിച്ചതെന്നാണ് സൂചന.
അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ രഞ്ജിത്ത് കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഈ സമയത്ത് അറസ്റ്റിലായാല്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നത് ദുഷ്‌കരമാകുമെന്ന് രഞ്ജിത്ത് ഭയന്നിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ സിനിമാ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കളുടെ സഹായം അദ്ദേഹം തേടിയെന്നാണ് വിവരം. രഞ്ജിത്തിനെ സുരക്ഷിതമായി മാറ്റുന്നതിലും പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിലും ആരെങ്കിലും ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നു.
കേസിന് ആസ്പദമായ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയുടെ സാന്നിധ്യം സംശയാസ്പദമാണെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവനടി കാരവാനില്‍ കയറിയ സമയത്ത് ശാലിനി പുറത്ത് കാവല്‍ നിന്നുവെന്ന നിര്‍ണ്ണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പീഡനശ്രമം നടക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ അറിയാതിരിക്കാന്‍ ഇവര്‍ ബോധപൂര്‍വ്വം അവിടെ നിലയുറപ്പിച്ചതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാലിനിയെ വിശദമായി ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ നിരവധി തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നടന്‍ ബോബി കുര്യനും രഞ്ജിത്തിന്റെ ഒളിവ് ജീവിതത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സംശയിക്കുന്നു. തൊടുപുഴയില്‍ വെച്ച് രഞ്ജിത്ത് പിടിയിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ പുലര്‍ത്തിയ ആശയവിനിമയങ്ങള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചുവരികയാണ്. ഒരു പ്രമുഖ സംവിധായകനെ നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, സിനിമാ സൗഹൃദങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയത് ഗൗരവകരമായ കുറ്റമായി പോലീസ് കാണുന്നു.
എറണാകുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കുമ്പോള്‍, അന്വേഷണത്തെ സഹായിച്ചവരിലേക്കും പോലീസ് വിരല്‍ചൂണ്ടിയേക്കും. ജയിലിനുള്ളിലെ കൊതുകുകടിയും വീര്‍പ്പുമുട്ടലും രഞ്ജിത്തിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പണ്ട് താന്‍ വെള്ളിത്തിരയില്‍ സൃഷ്ടിച്ച 'മംഗലശ്ശേരി നീലകണ്ഠന്‍' എന്ന കഥാപാത്രത്തിന്റെ പൗരുഷവും ഗര്‍വ്വും ഇപ്പോള്‍ ജയിലറയ്ക്കുള്ളില്‍ നിസ്സഹായമായി മാറിക്കഴിഞ്ഞു.
സംവിധായകനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. സിനിമാ രംഗത്തെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബോബി കുര്യനെയും ശാലിനിയെയും ചോദ്യം ചെയ്യുന്നതോടെ രഞ്ജിത്തിനെതിരെയുള്ള തെളിവുകള്‍ കൂടുതല്‍ ശക്തമാകുമെന്നും അന്വേഷണസംഘം കരുതുന്നു.


