പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാര്‍ വിഷയം ചര്‍ച്ചയാക്കാതെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കരുതല്‍ എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റിന്റെ തുടക്കത്തില്‍ തന്നെ ആമുഖമായി ഈ വിഷയത്തില്‍ ഗോവിന്ദന്‍ നയപ്രഖ്യാപനം നടത്തി. പത്മകുമാറിനെ പുറത്താക്കേണ്ടതില്ല. നടപടികളുണ്ടായാല്‍ പത്മകുമാറിന്റെ പ്രതികരണം എത്തരത്തിലാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കുന്ന തരത്തില്‍ പത്മകുമാര്‍ തുറന്നു പറച്ചില്‍ നടത്തും. അങ്ങനെ വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതകളെ പോലും ബാധിക്കും. സ്വര്‍ണ്ണ കൊള്ളയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി പത്മകുമാര്‍ കൊടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന തരത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ എത്തുന്നവര്‍ ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്ന പരാമര്‍ശവും ഒരു നേതാവ് യോഗത്തില്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ അവഗണിക്കുക മാത്രമേ വഴിയുള്ളൂവെന്ന സന്ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയത്. അതുകൊണ്ടു തന്നെ പിന്നീട് ആരും ഈ വിഷയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചില്ല. അതുകൊണ്ട് തന്നെ പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമായി തുടരും.

പത്മകുമാര്‍ അതീവ രഹസ്യങ്ങള്‍ പലതും അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരാകാന്‍ സമയം കൂടുതല്‍ ചോദിച്ച പത്മകുമാര്‍ നിയമജ്ഞരെ കാണും മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവി്ന്ദനെ കണ്ടിരുന്നു. പാര്‍ട്ടിക്ക് കേസില്‍ ഇടപെടാനാവില്ലെന്നും അറിയാവുന്ന് കാര്യങ്ങള്‍ പറഞ്ഞ് കേസ് നടത്തണമെന്നും പറഞ്ഞതായാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഇടപെടുവിക്കാനാണ് ''ദൈവതുല്യനായ ആളി''നെക്കുറിച്ച് പത്മകുമാര്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത് സിപിഎമ്മിന് സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. അതിനിടെ ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ഒറ്റയ്ക്കല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു. പാര്‍ട്ടി നടപടിയെടുത്താല്‍ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാല്‍ പത്മകുമാര്‍ പാര്‍ട്ടിയിലെ ദൈവതുല്യന്റെ പേര് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.'പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങള്‍ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാര്‍ക്ക് നന്നായിട്ട് അറിയാം. പത്മകുമാറില്‍ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുന്‍ മന്ത്രിയുടെയോ പേര് എസ്ഐടിക്ക് കിട്ടിയാല്‍ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ഒന്നും എടുക്കാതെ പിരിയുന്നത്. ഇത് സിപിഎമ്മിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാറിനെ കുരുക്കി മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ മൊഴി അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് സൂചന. തങ്ങള്‍ ഒപ്പിട്ട് പൂര്‍ത്തിയാക്കിയ മിനിട്‌സിലാണ് പത്മകുമാര്‍ ചെമ്പെന്ന് എഴുതിച്ചേര്‍ത്തതെന്നാണ് മൊഴി. 2019 മാര്‍ച്ച് 19ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്ന സ്‌പോണ്‍സറെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ യോഗത്തിന്റെ മിനിട്‌സിലാണ് സ്വര്‍ണം പൊതിഞ്ഞത് എന്നെഴുതിയിരുന്ന ഭാഗം പത്മകുമാര്‍ പച്ചമഷി കൊണ്ട് വെട്ടി ചെമ്പ് എന്നെഴുതുകയും അതിന് താഴെ 'ഇത് കൊടുത്തുവിടാന്‍ യോഗം അനുവദിച്ചിരിക്കുന്നു' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്വന്തം കൈപ്പടയില്‍ എഴുതിയാണ് പത്മകുമാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് കൂട്ടായെടുത്ത തീരുമാനമാണോ എന്നറിയുന്നതിനായാണ് അന്നത്തെ അംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് യോഗത്തിലെ തീരുമാനങ്ങള്‍ സെക്രട്ടറി അന്നോ, അടുത്ത ദിവസമോ മിനിട്‌സായി എഴുതുമെന്ന് അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. ആ ഡ്രാഫ്റ്റ് അംഗങ്ങളെ കാണിക്കും. അത് പരിശോധിച്ച് അംഗങ്ങള്‍ ഒപ്പിടും. ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒപ്പിടും. അങ്ങനെയാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും അംഗങ്ങള്‍ മൊഴി നല്‍കി.

പ്രസ്തുത ദിവസത്തെ തീരുമാനത്തില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നെഴുതിയ ഡ്രാഫ്റ്റാണ് ദേവസ്വം സെക്രട്ടറി കാണിച്ചെതന്നും അതില്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നായിരുന്നു ഉണ്ടായിരുന്നത്. തിരുത്തല്‍ പത്മകുമാര്‍ സ്വയം ചെയ്തതാണെന്നും ദേവസ്വം ബോര്‍ഡ് തീരുമാനം അട്ടിമറിച്ചതാണെന്നും അംഗങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതോടെയാണ് പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തതും അറസ്റ്റിലേക്ക് നീങ്ങിയതും. അതിനിടെ പത്മകുമാറിന്റെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്ദര്‍ശനം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പത്മകുമാറിന്റെ കുടുംബാംഗങ്ങളുടേതാണ് ഈ മൊഴി. സൗഹൃദ സന്ദര്‍ശനത്തിനാണ് പോറ്റി എത്തിയിരുന്നതെന്നും മൊഴിയില്‍ പറയുന്നു. ഇതും പത്മകുമാറിന് കുരുക്കാണ്. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിന്റെ മൊഴിയാണ് ഇനി നിര്‍ണായകമാകുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കൂടി വരുംദിവസങ്ങളില്‍ വീണ്ടും കസ്റ്റഡിയില്‍ എടുക്കുമെന്നാണു വിവരം. പത്മകുമാറിനെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണിത്.

വിദേശയാത്രകളെക്കുറിച്ച് അന്വേഷണം നടത്താന്‍ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. താന്‍ പ്രസിഡന്റാകുന്നതിനു മുന്‍പുതന്നെ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടെന്ന പത്മകുമാറിന്റെ മൊഴിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണു സൂചന.