പത്തനംതിട്ട: സ്വര്‍ണ്ണ കൊള്ളയില്‍ എ പത്മകുമാര്‍ അറസ്റ്റിലാകുമ്പോള്‍ കഷ്ടിച്ച് രക്ഷപ്പെട്ട അവസ്ഥയിലാണ് ബിജെപി. കോണ്‍ഗ്രസും ഭാഗ്യത്തിന് ആ കെണി സ്വയം ഒരുക്കിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അറസ്റ്റിലായതോടെ വെട്ടിലായത് സിപിഎമ്മാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ചര്‍ച്ചാവിഷയമാകുന്നതും അതില്‍ പ്രധാനപ്പെട്ടെ സിപിഎം നേതാവ് അറസ്റ്റിലായതും ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പ്രധാനമായും ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവാണ് അറസ്റ്റിലായിരിക്കുന്നത് എന്നതാണ് കേസിലെ പ്രധാനപ്പെട്ട വിഷയം. കേസിലെ മുഖ്യ ആസൂത്രകനായിട്ടാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം (എസ്ഐടി) വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വിലയിരുത്തല്‍. പത്മകുമാറിന്റെ അറസ്റ്റ് കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. എന്നാല്‍ ഈ രണ്ടു പേരും തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ആഗ്രഹിച്ച നേതാവായിരുന്നു പത്മകുമാര്‍. പക്ഷേ സിപിഎം വിട്ടുകൊടുത്തില്ല. വിശ്വാസ സംരക്ഷണകാലത്ത് നവോത്ഥാന നിലപാടാണ് സിപിഎം എടുത്തത്. ബിജെപിയും കോണ്‍ഗ്രസും സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു. ഇപ്പോള്‍ പത്മകുമാറിനെ സംരക്ഷിച്ചും സ്വര്‍ണ്ണ കൊള്ളയിലെ പഴി സിപിഎമ്മിന്റെ തലയിലേക്ക് വരുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം അന്ന് ശക്തമായിരുന്നു. പാര്‍ട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയ പത്മകുമാറുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും അയിരൂര്‍ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ചര്‍ച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. 2025 മാര്‍ച്ചിലായിരുന്നു ഇതെല്ലാം. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് മുന്നില്‍ നിന്നതിന്റെ പകയാണ് തനിക്കെതിരെ സിപിഎമ്മില്‍ നടന്നതെന്ന തരത്തില്‍ പ്രതീതി സൃഷ്ടിച്ചാണ് കൊല്ലം സമ്മേളനത്തില്‍ നിന്നും പത്മകുമാര്‍ വീട്ടിലേക്ക് പോയത്. ഇതോടെ ബിജെപിക്ക് വലിയ താല്‍പ്പര്യമായി. പത്മകുമാറിനെ കൂടെ കൂട്ടി പത്തനംതിട്ടയില്‍ കരുത്ത് കൂട്ടാന്‍ ബിജെപി ശ്രമിച്ചു. പക്ഷേ അപമാനമായിരുന്നു ഫലം. ഇത് കാരണം പത്മകുമാറുമായി ബിജെപി പിന്നീട് അടുത്തില്ല. എന്നാല്‍ മാര്‍ച്ചില്‍ പത്മകുമാര്‍ ബിജെപിയിലേക്ക് വന്നിരുന്നുവെങ്കില്‍ സ്വര്‍ണ്ണ കൊള്ളയില്‍ ബിജെപിയും പ്രതിരോധത്തില്‍ ഇന്നാകുമായിരുന്നു. ബിജെപിയെ പത്മകുമാര്‍ അപമാനിച്ചതോടെ കോണ്‍ഗ്രസും അനുനയ നീക്കം ഉപേക്ഷിച്ചു. അതുകൊണ്ടാണ് പത്മകുമാര്‍ സിപിഎമ്മുകാരനായി ഇപ്പോഴും തുടരാന്‍ കാരണം. പത്മകുമാറിനെ ബിജെപിയിലേക്ക് അടുപ്പിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ സിപിഎം എടുത്തിരുന്നു. ഈ കരുതലാണ് ഇന്ന് സിപിഎമ്മിനെ സ്വര്‍ണ്ണ കൊള്ളയില്‍ പ്രതിരോധത്തിലാക്കുന്നത്. 'അയ്യപ്പ കടാക്ഷത്തില്‍' പത്മകുമാറിന് മെമ്പര്‍ഷിപ്പ് നല്‍കാതെ രക്ഷപ്പെട്ടുവെന്നതാണ് ബിജെപി ക്യാമ്പ് പറയുന്നത്. ഭാഗ്യം കാരണം എടുത്തില്ലെന്ന് കോണ്‍ഗ്രസും തിരിച്ചറിയുന്നു.

പാര്‍ട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയതിന് പിന്നാലെ താനുമായി കൂടിക്കാഴ്ചക്കെത്തിയ ബി.ജെ.പി നേതാക്കളെ കണക്കറ്റ് പരിഹസിച്ച് എ. പത്മകുമാര്‍ രംഗത്തു വന്നു. ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചക്ക് വന്നത് തനിക്കറിഞ്ഞു കൂടെന്നും എന്റെ വീടിന്റെ ചിത്രമൊക്കെ എടുത്ത് വാര്‍ത്ത കൊടുത്തത് കണ്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'വിളക്ക് കത്തിച്ചത് കണ്ടപ്പോള്‍ അത്താഴം കഴിക്കാമെന്ന് ബി.ജെ.പി നേതാക്കള്‍ ചിലപ്പോള്‍ കരുതിക്കാണും. തങ്ങളുടെ രണ്ടുപേരുടെയും പേര് മാധ്യമങ്ങളില്‍ വന്നോട്ടെ എന്ന് വിചാരിച്ചിട്ടാവും അവര്‍ അത് ചെയ്യുന്നത്. 52 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നയാളാണ് ഞാന്‍. അത് മനസ്സിലാകാത്ത ഇന്നലത്തെ മഴയില്‍ മുളച്ച ചിലരാണ് എന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇന്നലെ ഇവിടെ വന്നു എന്ന് പറയുന്നവര്‍ ഞാന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ഉണ്ടായിരുന്നോ എന്നറിയില്ല. അങ്ങനെയുള്ളവര്‍ വന്ന് എന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടതില്ല. മറ്റു രാഷ്ട്രീയ ഭിക്ഷാംദേഹികളെ കാണുന്നത് പോലെ എന്നെ കാണരുത്. ഞാന്‍ അത്തരക്കാരനല്ല' -പത്മകുമാര്‍ പറയുകയും ചെയ്തു. ഇതോടെ ബിജെപി അപമാനിതരായി. അങ്ങനെ പത്മകുമാറിനെ കൂടെ കൂട്ടാനുള്ള ബിജെപി ശ്രമം ഉപേക്ഷിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് അയിരൂര്‍ പ്രദീപും വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ഈ പ്രസ്താവനയ്ക്ക് മുമ്പ് തന്നെ പത്മകുമാര്‍ തള്ളിയിരുന്നു. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച എന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചത്. എന്നാല്‍, എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇത് ബിജെപിക്ക് അപമാനമായി.

സി.പി.എം നേതാക്കള്‍ പലരും തന്നെ വിളിച്ചിരുന്നുവെന്നും അത് സ്വാഭാവികമാണെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. 'ഞാന്‍ 52 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. ഞാനങ്ങനെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ല എന്ന് ഞാന്‍ തന്നെ പറഞ്ഞല്ലോ. അല്ലാതെ വേറെ ആരുമല്ലല്ലോ പറഞ്ഞത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ഏത് വ്യത്യസ്ത അഭിപ്രായവും പറയാന്‍ അവനവന്റെ പാര്‍ട്ടി ഘടകത്തില്‍ അവകാശമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായാണ് വികാരപരമായ നിലപാട് ഞാന്‍ സ്വീകരിച്ചത്. അതിന്റെ പേരില്‍ പാര്‍ട്ടി നടപടിയെടുത്താല്‍ അതുള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. അതിനിടയിലാണ് ചിലര്‍ മറ്റു രാഷ്ട്രീയ ഭിക്ഷാംദേഹികളെ കാണുന്നത് പോലെ എന്നെ കാണുന്നത്. ഞാന്‍ അത്തരക്കാരനല്ല. കാരണം, ആശയപരമായ ധാരണയുടെ പുറത്താണ് ഞാന്‍ 52 വര്‍ഷം മുമ്പ് 1973ല്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയ പലരും തെറ്റുതിരുത്തി തിരിച്ചുവന്നിട്ടുണ്ട്. ഒരു കേഡര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ സി.പി.എമ്മില്‍ സംവിധാനമുണ്ട്. ഞാന്‍ മറ്റാരെയും പോലെ നിരന്തരം കുത്തുവാക്ക് പറയുന്നയാളല്ല, ഇനി പറയാനും ഇല്ല. ഞാന്‍ പറയേണ്ട സ്ഥലത്തല്ല പറഞ്ഞത് എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. പക്ഷേ പറയേണ്ട കാര്യമാണ് പറഞ്ഞത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നെ വന്നു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു' -പത്മകുമാര്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്. അതായത് 2025 മാര്‍ച്ചില്‍ സംസ്ഥാന സമ്മേളനത്തില്‍ എല്ലാ വിധത്തിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടും സിപിഎം അനുനയം നടത്തി. പിന്നീട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും നടപടിയെന്നോണം മാറ്റി. അപ്പോഴും പാര്‍ട്ടിക്കാരനായി പത്മകുമാറിനെ തുടരാന്‍ അനുവദിച്ചു. പത്മകുമാര്‍ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍ അന്ന് പറയുകയും ചെയ്തു.

ഈ വിവാദ കാലത്ത് പത്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്നാണ് ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞത്. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഒട്ടേറെ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞത്. പക്ഷേ ഈ രണ്ടു മോഹവും സിപിഎം പൊളിച്ചു. ജനകീയനായ രാജു എബ്രഹാമാണ് പത്തനംതിട്ടയിലെ പാര്‍ട്ടി സെക്രട്ടറി. രാജുവിന്റെ നയതന്ത്രമാണ് മാര്‍ച്ചില്‍ പത്മകുമാറിനെ സിപിഎമ്മില്‍ ചേര്‍ത്ത് നിര്‍ത്തിയത്. കൊല്ലത്തെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത പാര്‍ട്ടി നേതാവാണ് പത്മകുമാര്‍. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പായതോടെ അതൃപ്തി പരസ്യമാക്കി ഉച്ചഭക്ഷണത്തിനും പൊതുസമ്മേളനത്തിലും പങ്കെടുക്കാതെ അദ്ദേഹം കൊല്ലത്ത് നിന്ന് മടങ്ങുകയായിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തല്‍ വിവാദമായതോടെ, പാര്‍ട്ടി വിട്ട് പോകില്ലെന്നും അനുവദിക്കുകയാണെങ്കില്‍ ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയത് കടുത്ത അച്ചടക്ക ലംഘനമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ പോന്ന പ്രതികരണം.

'കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ഉണ്ടാകാന്‍ പാടില്ലാത്ത ചില സംഭവങ്ങളാണ് ഉണ്ടായത്. പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ പരിശോധിച്ചാണ് സാധാരണ ഉപരിസമിതികളിലേക്ക് ആളുകളെ എടുക്കാറുള്ളത്. പക്ഷേ, ഇപ്പോള്‍ അങ്ങനെ ഉണ്ടായില്ല. പത്തനംതിട്ട ജില്ലയില്‍ 52 വര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. ഞാന്‍ പ്രതീക്ഷിച്ചിരുന്നു പരിഗണനയുണ്ടാകുമെന്ന്. അതുണ്ടായില്ല. ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ടുപോകാനൊന്നും ഇല്ല. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇനി എന്റെ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ഒമ്പത് വര്‍ഷം മാത്രം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് അവരുടെ കഴിവ് പരിഗണിച്ചായിരിക്കും. അതിലൊന്നും തര്‍ക്കമില്ല. എനിക്ക് എന്റെ കാര്യത്തില്‍ മാത്രമാണ് പരാതിയുള്ളത്. മറ്റ് പാര്‍ട്ടികള്‍ എന്നെ സ്വാഗതം ചെയ്യുന്നത് അവരുടെ ഒരു അറിവില്ലായ്മയുടെ ഫലമാണ്. ഞാന്‍ എന്നും സി.പി.എമ്മായിരിക്കും. പാര്‍ട്ടിക്ക് എന്ത് തീരുമാനവുമെടുക്കാം' -ഇതായിരുന്നു അന്ന് പത്മകുമാര്‍ വെല്ലുവിളി നടത്തിയത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് എ. പത്മകുമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. 'ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം' എന്നായിരുന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പുതിയ പട്ടിക വന്നതിനുപിന്നാലെ താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രവും ചേര്‍ത്ത് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണ ജോര്‍ജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യവും സീനിയോറിറ്റിയും ഒക്കെ മാറ്റിവെച്ച് വീണ ജോര്‍ജിന് പാര്‍ട്ടി നേതൃത്വം നല്‍കുന്ന പരിഗണനയെച്ചൊല്ലി ജില്ലയിലെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധമാണ് ഈ പരിഗണനക്കും ഇപ്പോള്‍ പ്രത്യേക ക്ഷണിതാവാക്കിയതിനും പിന്നിലെ കാരണമെന്നതായിരുന്നു പത്മകുമാര്‍ അന്ന് ചര്‍ച്ചയാക്കിയ വിഷയം. അതുകൊണ്ട് തന്നെ സിപിഎം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും വിലയിരുത്തലെത്തി. ഇതോടെയാണ് ബിജെപിയും കോണ്‍ഗ്രസും വലയുമായി എറിഞ്ഞത്. പക്ഷേ ആ വലയില്‍ പത്മകുമാര്‍ കയറിയില്ല. സിപിഎം കയറാന്‍ വിട്ടില്ലെന്നതാണ് വസ്തുത. ഇതു മൂലം അറസ്റ്റിലായപ്പോഴും സിപിഎമ്മുകാരനായി പത്മകുമാര്‍.

54 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളയാണ് എ പത്മകുമാര്‍ എന്ന സിപിഎം നേതാവ്. 1983 ല്‍ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ കമ്മിറ്റി അംഗമായിരുന്നു. 25-ാം വയസില്‍ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി ആയ ആളാണ് പത്മകുമാര്‍. തന്റെ 30-ാം വയസില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് 1991ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 916 വോട്ടിന് എന്‍ഡിപി സ്ഥാനാര്‍ഥി ചന്ദ്രശേഖരന്‍ നായരെ പരാജയപ്പെടുത്തിയാണ് പത്മകുമാര്‍ നിയമസഭയിലേക്ക് കന്നിയങ്കം ജയിച്ചത്. 1996ല്‍ കോണ്‍ഗ്രസിന്റെ അടൂര്‍പ്രകാശിനോട് കോന്നിയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് ശേഷം ആറന്മുള മണ്ഡലത്തിലേക്ക് ചുവട് മാറ്റിയെങ്കിലും മാലെത്ത് സരളാദേവിയോട് പരാജയപ്പെടുകയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായി വളര്‍ന്നുവന്ന പത്മകുമാര്‍ വി.എസ്- പിണറായി ഗ്രൂപ്പ് പോരില്‍ പിണറായി പക്ഷത്തിനൊപ്പം ഉറച്ചുനിന്നയാളുകൂടിയാണ്. പാര്‍ട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് പടിപടിയായി തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തി.

ഇതിന് ശേഷമാണ് പത്മകുമാര്‍ 2019ല്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആകുന്നത്. തോമസ് ഐസക്ക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സമയത്ത് മറ്റൊരു ജില്ലാക്കമ്മറ്റി അംഗവുമായി കയ്യാങ്കളിയിലെത്തിയതിന് പാര്‍ട്ടി താക്കീത് നല്‍കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പലഘട്ടങ്ങളിലായി സിപിഎമ്മില്‍ ഇടഞ്ഞും അനുസരിച്ചും വളര്‍ന്ന നേതാവാണ് പത്മകുമാര്‍. പത്മകുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ള മറ്റ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴിയും പത്മകുമാറിനെതിരായിരുന്നുവെന്നതാണ് കേ്സില്‍ നിര്‍ണായകമായത്. 2019 മെയ് മാസത്തില്‍, ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചാരി നില്‍ക്കുന്ന പത്മകുമാറിന്റെ ദൃശ്യങ്ങളില്‍, സോപാന പഴിയില്‍ ചാരി നില്‍ക്കുന്ന ദ്വാരപാലക കവചങ്ങള്‍ തങ്കം പൊതിഞ്ഞതായി വ്യക്തമായിരുന്നു. എന്നാല്‍, ഇത് ചെമ്പാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പിന്നീട് നടന്നു. മെയ് മാസത്തില്‍ തങ്കം പൊതിഞ്ഞതായി സ്ഥിരീകരിച്ച കവചങ്ങള്‍ ജൂലൈ മാസത്തില്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൈവശം ഏല്‍പ്പിച്ചത്. ഇതാണ് സ്വര്‍ണക്കൊള്ളയുടെ മുഖ്യ കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.