കൊല്ലം: നാടിനെ നടുക്കിയ ജിം സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മുന്‍വൈരാഗ്യം തുടങ്ങുന്നത് ഫാം ഹൗസില്‍ നിന്നും. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ നല്‍കിയ കൊട്ടേഷനാണ് അരും കൊലക്ക് കാരണമായത്. പട്ടാപ്പകല്‍ നടു റോഡിലിട്ട് പരസ്യമായി തന്നെ കുത്തിയതിന് പ്രതികാരം തീര്‍ക്കാനാണ് ആലുവ അതുലിനേയും സംഘത്തേയും പങ്കജ് അര്‍ദ്ധരാത്രിയില്‍ പറഞ്ഞു വിട്ടത്. ഇരുട്ടിന്റെ മറവില്‍ മുഖം മൂടി അണിഞ്ഞ് അവര്‍ സന്തോഷിനെ അരിഞ്ഞു കൊന്നു. ആ പകയുടെ യഥാഥാര്‍ത്ഥ്യം പോലീസിനോടും പങ്ക് വെളിപ്പെടുത്തി. അര്‍ദ്ധ രാത്രിയില്‍ പങ്കജിനെ കല്ലമ്പലത്ത് നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെയാണ് പ്രതികാരക്കഥയുടെ ചുരുള്‍ അഴിഞ്ഞത്.

ഗുണ്ടാ നേതാവ് പങ്കജ് മേനോനെ കുത്തിയ കേസില്‍ പ്രതിയായിരുന്നു ജിം സന്തോഷ്. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം. പങ്കജ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിഞ്ഞ കല്ലമ്പലത്തെ വീട്ടില്‍ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അലുവ അതുല്‍, സാമുവല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. കേസില്‍ ഒളിവില്‍ പോയിരുന്ന മൈന എന്നറിയപ്പെടുന്ന ഹരി, പ്യാരി എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരുനാഗപ്പളളിയിലെ ഒരു ഫാം ഉടമയുമായി കൊല്ലപ്പെട്ട ജിം സന്തോഷുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഫാം ഉടമസ്ഥന്‍ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ലഹരി കച്ചവടവും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന പങ്കജിനെ സമീപിക്കുകയായിരുന്നു. ജിം സന്തോഷ് കാശിനായി ഗുണ്ടാ പ്രവര്‍ത്തനം നടത്തിയിരുന്ന വ്യക്തിയായിരുന്നില്ല. പക്ഷേ നിരവധി കേസുകളുണ്ടായിരുന്നു.

ഫാം ഉടമസ്ഥന്‍ നല്‍കിയ കൊട്ടേഷനെ തുടര്‍ന്ന് പങ്കജും സംഘവും ജിം സന്തോഷിനെ ആക്രമിക്കുകയായിരുന്നു. ഈ കേസിന്റെ വിചാരണ വേളയില്‍ പങ്കജ് ജിം സന്തോഷിനെ സമീപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കണം എന്ന ആവശ്യവുമായി സന്തോഷിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സന്തോഷ് പങ്കജിനെ കത്തി കൊണ്ട് കുത്തി. ഈ കേസിലാണ് ജിം സന്തോഷ് ജയിലിലാകുന്നത്. നാട്ടില്‍ ലഹരിക്കച്ചവടവും ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടെ സജീവമായി വരുന്ന സമയത്തേറ്റ ആക്രമണം പങ്കജിന് അസ്വസ്ഥനാക്കി എന്നാണ് സൂചന. അന്ന് മുതല്‍ ജിം സന്തോഷിനെ കൊലപ്പെടുത്തുന്നതിനായി പങ്കജ് പദ്ധതിയിട്ടിരുന്നു. പിന്നീട് സന്തോഷ് ജയില്‍ മോചിതനായ ശേഷമായിരുന്നു കൊലപാതകം നടന്നത്.

ഇതിനായി പങ്കജ് സഹായം തേടിയത് വയനകം ഗ്യാങിനോടായിരുന്നു. ഈ സംഘത്തിലെ പ്രധാനിയാണ് അലുവ അതുല്‍. വയനകം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നത് ഈ സംഘമാണ്. കച്ചവടത്തിനായി ലഹരി എത്തിക്കുന്നതും മറ്റ് സഹായങ്ങള്‍ നല്‍കുന്നതും പങ്കജാണ്. സന്തോഷ് കൊലയില്‍ ഇനി അലുവ അതുലിനെ കൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ അലുവ അതുല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലയില്‍ നേരിട്ട് പങ്കുള്ള മൈന ഹരി, പ്യാരി, രാജപ്പന്‍ തുടങ്ങിയ പ്രധാന പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനായി നിയോഗിച്ച പ്രത്യേക സംഘത്തില്‍ മൂന്ന് ഇന്‍സ്പെക്ടര്‍മാരും നാല് എസ് ഐമാരും ഉള്‍പ്പെടുന്നുണ്ട്. ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പങ്കജിനെ പിടികൂടുന്നത്. കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെ കണ്ടെത്താനും പങ്കജിനെ ചോദ്യം ചെയ്യുന്നതോടെ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കജ് നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊലപാതക സമയത്ത് മാത്രമാണ് പങ്കജ് മാറി നിന്നത്. പിന്നില്‍ നിന്ന് അക്രമി സംഘത്തെ നിയന്ത്രിക്കുന്നത് പങ്കജാണ്. അലുവ അതുലിന്റെ വീട്ടില്‍ നിന്നും എയര്‍ പിസ്റ്റളും മഴുവും വെട്ടുകത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം. കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. പങ്കജ് മേനോന് ഗുണ്ടാബന്ധവും രാഷ്ട്രീയബന്ധവുമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ടി.പി..ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പങ്കജ് പങ്കുവച്ചിട്ടുണ്ട്.

സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.കെ ബാലചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി കരുനാഗപ്പള്ളി സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയും പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബാലചന്ദ്രനും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു. കൊടി സുനിയുമായി അടുത്തത് ജയില്‍ വാസത്തിനിടെയാണെന്നും സൂചനകളുണ്ട്. ഈ പേരില്‍ കൂടുതല്‍ ശക്തനായി വാഴുമ്പോഴായിരുന്നു പങ്കജിനെ ജിം സന്തോഷ് കുത്തിയത്. ഇതിന്റെ നാണക്കേടാണ് രാത്രി കൊലയിലെ പ്രധാന കാരണം.