ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മത്സരിക്കാന്‍ സിപിഎം പച്ചക്കൊടി കാട്ടി. ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രി ജനവിധി തേടുന്നത് സംബന്ധിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമായി. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കണ്ണൂര്‍ സിപിഎമ്മില്‍ പുകഞ്ഞ അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടു. കെ.കെ. ശൈലജയെ മട്ടന്നൂരില്‍ തന്നെ മത്സരിപ്പിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പക്ഷേ അതൊരു തീരുമാനം പോലെ പോളിറ്റ് ബ്യൂറോ എടുക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലേക്ക് വിടുകയാണ്.

മട്ടന്നൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ വിരമിക്കലിന് പോലും തയ്യാറെന്ന ശൈലജ ടീച്ചറുടെ കടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം കേരള ഘടകത്തെ അറിയിച്ചു. ശൈലജയെപ്പോലൊരു ജനകീയ നേതാവിനെ മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാഠമായി ഉള്‍ക്കൊള്ളണമെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ശൈലജ ടീച്ചര്‍ക്കും സ്പീക്കര്‍ എ.എന്‍. ഷംസീറിനും ടേം വ്യവസ്ഥയുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഇരട്ടത്താപ്പാണെന്ന പരാതി ശക്തമായിരുന്നു. മട്ടന്നൂര്‍ വിട്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്ന് ടീച്ചര്‍ ഉറപ്പിച്ചു പറഞ്ഞതോടെയാണ് കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതമായത്. ശൈലജയുടെ മടങ്ങിവരവ് ഉറപ്പാക്കുന്നതിലൂടെ കണ്ണൂരിലെ ആഭ്യന്തര കലഹം ഒതുക്കാനും തിരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശൈലജയുടെ പേര് മട്ടന്നൂരില്‍ തന്നെ ഉള്‍പ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടുകള്‍ ഒത്തുപോകുന്നതോടെ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം പോളിറ്റ് ബ്യൂറോയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

സിപിഎം ചട്ടപ്രകാരം 75 വയസ്സ് കഴിഞ്ഞ നേതാക്കള്‍ പദവികളില്‍ നിന്ന് വിരമിക്കണമെന്നുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് നേരത്തെ തന്നെ പിബി ഇളവ് നല്‍കിയിരുന്നു. ഭരണത്തുടര്‍ച്ചയ്ക്കായി പിണറായിയുടെ നേതൃത്വം അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ഘടകം പിബിയില്‍ സമര്‍പ്പിച്ചത്. പ്രായപരിധി ചട്ടത്തില്‍ പിണറായിക്ക് പ്രത്യേക ഇളവ് നല്‍കി ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും ജനവിധി തേടാന്‍ അനുവദിക്കണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. ഇതാണ് പിബിയും അംഗീകരിച്ചത്. പിണറായി വിജയനൊപ്പം മന്ത്രിസഭയിലേക്ക് രണ്ടാമതായി ആരെ കൊണ്ടുവരണം എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചത്. പിണറായി വിജയന്‍ നയിക്കുന്നതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.