- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയല്ല; അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല; ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിചയം സംഘടനാ രംഗത്ത് കരുത്താകും; ശോഭ സുരേന്ദ്രന് സുപ്രധാന റോള്‍ ഉണ്ടാകും; ആദ്യ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍
മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍
ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. സംസ്ഥാനത്ത് ബിജപി നില മെച്ചപ്പെടുത്തുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും, എല്ലാവരെയും ഏകോപിപ്പിച്ചും അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കടമകള്‍ ഏറെയാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും മുന്നിലെ ലക്ഷ്യത്തെക്കുറിച്ചും അതിലേക്കുള്ള പദ്ധതികളെക്കുറിച്ചും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോട് മനസ്സ് തുറക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍.
ഉടന്‍ വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. സംസ്ഥാനത്ത് ഭരണം എന്ന നേട്ടത്തിലെത്തിയ ശേഷമെ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറുവെന്ന് അടിവരയിടുന്ന അദ്ദേഹം ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പാര്‍ട്ടി നേതാക്കളെയും അണികളെയുമെല്ലാം ഒറ്റ ലക്ഷ്യത്തിന് കീഴില്‍ കൊണ്ടുവന്ന് മുന്നോട്ട് പോകുമെന്നും പറയുന്നു.
വോട്ട് ബാങ്കുകളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ബിജെപിയുമായി ബന്ധപ്പെട്ട തെറ്റിധാരണകളെ കുറിച്ചുമൊക്കെ ഉത്തമബോധ്യമുള്ള അദ്ദേഹം ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുകയാണ് തന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന് എന്നും പറയുന്നു. കേരള ബിജെപിയിലെ ഗ്രൂപ്പിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അങ്ങനെ ഒരു അനുഭവമില്ലെന്നും വ്യക്തമാക്കുന്നു.
അഭിമുഖ പരമ്പരയുടെ ആദ്യഭാഗം
ആദ്യം തന്നെ അഭിനന്ദങ്ങള്‍..ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിക്ക്. ഒരുപാട് പേര് ഇതിനോടകം അലങ്കരിച്ച പദവിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. നിലവില്‍ കേരളത്തില്‍ ബിജെപി വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഈ അധ്യക്ഷ സ്ഥാനം ഒരു പ്രധാന പദവിയായി തോന്നുന്നുണ്ടോ?
തീര്‍ച്ചയായും..എനിക്കത് മനസിലായത് തന്നെ കഴിഞ്ഞ ദിവസം രാവിലെയാണ്. രാവിലെ 9 മണിയോടെയാണ് എനിക്കൊരു കോള്‍ വരുന്നത്. അതുവരെ എനിക്ക് തന്നെ ഇതിനെപ്പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് മാധ്യമങ്ങളെ കണ്ടപ്പോള്‍ ആരാണ് അടുത്ത അധ്യക്ഷന്‍ എന്ന ചോദ്യത്തിന് കേരളത്തില്‍ അര്‍ഹരായ എത്രയോ പേരുണ്ടെന്നും ചിലപ്പോള്‍ ഞാന്‍ ആകാമെന്നും തമാശയായി പറഞ്ഞതാണ്. അല്ലാതെ ഇത്തരമൊരു തീരമാനത്തെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. നദ്ദാജി എന്നെ വിളിച്ച് നോമിനേഷന്‍ കൊടുക്കാന്‍ പറഞ്ഞപ്പോഴും ഞാനദ്ദേഹത്തോട് ചോദിച്ചത് ശരിക്കും ആലോചിച്ചുള്ള തീരുമാനം തന്നെയാണോ ഇതെന്നായിരുന്നു.
അപ്പോള്‍ അദ്ദേഹം പറഞ്ഞത് അതെയെന്നും എല്ലാവരും കൂടിയെടുത്ത തീരുമാനമാണെന്നുമായിരുന്നു. അപ്പോള്‍ മുതലാണ് ഇതിന്റെ ഗൗരവം ശരിക്കും എനിക്ക് മനസിലായി തുടങ്ങുന്നത്.
താങ്കള്‍ നല്ലൊരു എം പിയാണ്..നേതാവാണ് ഒക്കെ ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. അപ്പോഴും ചോദിക്കട്ടെ ഒരു സംഘടനാ നേതൃത്വം ഏറ്റെടുക്കാന്‍ പറ്റുമെന്ന വിശ്വാസം ഇപ്പോഴുമുണ്ടോ?
അങ്ങനെ ചോദിച്ചാല്‍ നാളിതുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുവന്ന പ്രവര്‍ത്തന മേഖലകള്‍ എല്ലാംതന്നെ ഇത്തരത്തില്‍ റിസ്‌കി ആയിരുന്നു. അത് സംരംഭകരനായിക്കോട്ടെ, മറ്റ് മേഖലകളായിക്കോട്ടെ ഒന്നും തന്നെ എളുപ്പമുള്ള യാത്രകളായിരുന്നില്ല. അതിനാല്‍ തന്നെ അത്തരമൊരു ടെന്‍ഷന്‍ ഇവിടെയും എനിക്കില്ല. താങ്കള്‍ പറഞ്ഞത് ശരിയാണ്, സംഘടനാരംഗത്ത് എന്നെക്കാള്‍ പ്രവര്‍ത്തന പരിചയമുള്ള നേതാക്കന്മാര്‍ ഉണ്ട്. പക്ഷെ അവരുടെയൊന്നും രീതിയോ പ്രവര്‍ത്തന ശൈലിയോ അല്ല എന്റേത്.
സംഘടനാ രംഗത്തെ പരിചയത്തെക്കുറിച്ച് പറഞ്ഞാല്‍ സമീപകാലത്ത് ഡല്‍ഹി, യുപി, തുടങ്ങി പല സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പില്‍ ഞാന്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സംഘടനാ രംഗത്ത് തീരെ അപരിചിതനല്ല. പക്ഷെ കേരളത്തിന്റെ കാര്യമെടുത്താല്‍ കേരളത്തില്‍ ഞാന്‍ ബിജെപി രാഷ്ട്രീയം പഠിച്ചത് തിരുവനന്തപുരത്തെ ബേസ് ചെയ്തിട്ടാണ്. മറ്റ് ചില സ്ഥലങ്ങളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ചില സ്ഥലങ്ങളെക്കുറിച്ച് തീരെ ഇല്ല താനും. അവിടങ്ങളിലൊക്കെ ഞാന്‍ പോയി കാര്യങ്ങള്‍ വിശദമായി പഠിക്കും.
ഇനിയിപ്പോള്‍ കൂടുതല്‍ സമയവും കേരളത്തില്‍ തന്നെയായിരിക്കുമോ?
തീര്‍ച്ചയായും..ഇവിടുന്ന് ഇനി ഞാനെങ്ങോട്ടും പോകുന്നില്ല. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലും ഞാനിക്കാര്യം തന്നെയാണ് പറഞ്ഞത്. കേരളത്തില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം. അപ്പോള്‍ നിലവില്‍ നമ്മുടെ ലക്ഷ്യമെന്ന് പറയുന്നത് പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ്. അത് പൂര്‍ത്തീകരിച്ചിട്ടേ ഞാന്‍ ഇവിടുന്നു മടങ്ങിപോകു.
തിരുവനന്തപുരത്ത് നിലവില്‍ താമസം തുടങ്ങിയോ?കുടുംബത്തിന്റെ പിന്തുണയെങ്ങനെയുണ്ട്
താമസം തുടങ്ങിയിട്ടുണ്ട്. കവടിയാര്‍ വീട് റെഡിയാവുകയാണ്. കുറച്ച് ജോലികൂടി ബാക്കിയുണ്ട്. അത് പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യ വാരത്തോടെ ഞാന്‍ അങ്ങോട്ടുമാറും. കുടുംബം നല്ല പിന്തുണയാണ്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മകന്‍ മെസേജ് അയച്ചു. ഭാര്യക്കും അച്ഛനുമൊക്കെ ഇത് വേണോ. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയുള്ള സംശയവും പേടിയുമാണ്. കേരള രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും ഉണ്ട് ഈ ഭയം. മോളും ഭയങ്കര കൂളാണ്. അവരൊക്കെയും ബാംഗ്ലൂര്‍ ആണ്.
എന്തൊക്കെയാണ് പ്രരംഭ പദ്ധതികള്‍?
എല്ലാവരുമായി ചേര്‍ന്ന് പ്രാഥമിക യോഗങ്ങള്‍ നടത്തണം. വരുന്ന 11 മാസത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേത് ഉള്‍പ്പെടെ 2 തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അപ്പൊ അതിന് മുന്‍തുക്കം നല്‍കുന്ന പദ്ധതികള്‍ക്കാവും ആദ്യം പരിഗണന കൊടുക്കുക. ഞങ്ങള്‍ക്ക് 30 ഓര്‍ഗനൈസേഷന്‍ ഡിസ്ട്രിക്റ്റ് ആണുള്ളത്. ഇവിടെയെല്ലാം ഞാന്‍ പോകും. എല്ലാവരെയും കാണും സംസാരിക്കും. എന്റെ ചിന്ത എന്നു പറയുന്നത് പാര്‍ട്ടിയിലെ ഒരോ അംഗത്തെയും നേതാക്കളെയും ഒരേ ദിശയില്‍ കൊണ്ടുവന്ന് ഭരണം എന്ന ഒറ്റ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ്.
ഇന്നലെ കുറച്ചുപേര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ പുതിയ ടീമുണ്ടാക്കാന്‍ പോവുകയാണോ.. അപ്പോള്‍ പഴയ ടീമിനെ എങ്ങനെ സഹകരിപ്പിക്കുമെന്നൊക്കെ. എന്നെ സംബന്ധിച്ച് എന്റെ ടീമ് വേറെ ടീമ് എന്നൊന്നും ഇല്ല. ബിജെപി.. അത്രെ ഉള്ളൂ.പിന്നെ ഉണ്ടായ ചോദ്യം ഗ്രൂപ്പിസം കണ്ടിട്ടുണ്ടോ എന്നാണ്. ഞാന്‍ ഒന്നര വര്‍ഷമായി തിരുവനന്തപുരത്ത്, തിരഞ്ഞെടുപ്പില്‍ അടക്കം ഞാന്‍ ഒരു ഗ്രൂപ്പിസവും കണ്ടിട്ടില്ല.
മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നൊന്നും അറിയില്ല. ഇനി വരുന്ന പത്ത്- പതിനൊന്ന് മാസത്തേക്ക് ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. അതിനായി എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി പ്രവര്‍ത്തിപ്പിക്കും.
ബിജെപി കേരള നേതാക്കളെ എടുത്തുനോക്കിയാല്‍ ശോഭ സുരേന്ദ്രന്‍ ജിയുണ്ട്, കൃഷ്ണദാസ് ജിയുണ്ട്, സുരേന്ദ്രന്‍ ജിയുണ്ട്, വി മുരളീധരന്‍ ജിയുണ്ട്, എംടി രമേശ് ജിയുണ്ട്, കുമ്മനം രാജശേഖരന്‍ ജിയുണ്ട്.. അങ്ങിനെ എത്രയോ സീനിയര്‍ നേതാക്കന്മാരുണ്ട്. അവരെല്ലാം കുടെയിരുന്നു ഒരു മിഷന്‍ മോഡില്‍ ബിജെപിയെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം.
നിരവധി ജില്ല പ്രസിഡന്റുമാരൊക്കെയുണ്ടല്ലോ.. അവരൊക്കെ വര്‍ക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ? വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ എന്ത് ചെയ്യും?
അങ്ങിനെ ഒരു ഹൈപ്പോതെറ്റിക്കല്‍ സിറ്റുവേഷന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വെറുതെ ഞാന്‍ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ലലോ. ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം നരേന്ദ്രമോദി ജിയുടെ പാര്‍ട്ടിയാണ്.. പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ ഇവിടെ വന്ന് വെറുതെ ഇരിക്കാമെന്ന് ആരും ചിന്തിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ വെറുതെ ഇരിക്കാന്‍ ആണെങ്കില്‍ അവര്‍ക്ക് വേറെ പാര്‍ട്ടിയുണ്ടല്ലോ.
ഒരു ചെറിയ സംശയം കൂടി ചോദിക്കട്ടെ.. ഏതെങ്കിലും പ്രസിഡന്റോ മണ്ഡലം പ്രസിഡന്റൊ പ്രവര്‍ത്തിക്കാതിരിക്കുകയോ സഹരിക്കാതിരിക്കുകയോ ഒക്കെ ചെയ്താല്‍ അവരെ മാറ്റാന്‍ ഓപ്ഷന്‍ ഉണ്ടോ?
അങ്ങിനെ ഒരു സാഹചര്യം ഉണ്ടാകില്ലെന്നു തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെ അച്ചടക്കമില്ലാത്ത ഒരു പാര്‍ട്ടിയല്ല ബിജെപി. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന എന്നത് തന്നെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരാണ് ബിജെപിക്കാര്‍. നരേന്ദ്രമോദിയാണ് ഇപ്പോള്‍ ഞങ്ങളുടെ റോള്‍ മോഡല്‍. വെറുതെ വീട്ടിലിരുന്ന് ഡയലോഗ് പറയുന്ന ആളല്ല മോദിജി. പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നയാളാണ്. ഇനി ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യം മനസിലാക്കാന്‍ ഏതെങ്കിലും ഭാരവാഹിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അവരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി കൊടുക്കും.
മുന്നിലെ ആദ്യ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പാണല്ലോ.. അതിനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്തോ?
പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. എല്ലാവരുമായി സംസാരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണം. ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ തുടങ്ങി ഭരണം കിട്ടുന്ന ഇടങ്ങള്‍ ഇത്തവണ നേടണമെന്നാണ് ലക്ഷ്യം. അത് നേടാനായാല്‍ അസംബ്ലി ഇലക്ഷന് അത് വലിയ ഗുണമാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. പിന്നെ കേന്ദ്രവുമായി കൂടിയാലോചിച്ച് പുതിയ പോളിസികള്‍ ആസുത്രണം ചെയ്യണം.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകള്‍ക്ക് എന്തെങ്കിലും പ്രത്യേക പദ്ധതിയുണ്ടോ?
ഉണ്ട്.. പക്ഷെ ഞാനിപ്പൊ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. കാരണം അന്തിമ തീരുമാനത്തിന് മുന്നെ ഇനിയും യോഗങ്ങളും മറ്റും നടക്കാനുണ്ട്.
തെരഞ്ഞെടുപ്പില്‍ സിപിഎം പ്രയോഗിക്കുന്ന ഒരു പ്ലാന്‍ ഉണ്ട്. അവര്‍ക്ക് വിജയസാധ്യത ഇല്ലാത്തിടത്ത് ജനസമ്മതനായ ഒരു വ്യക്തിയെ കണ്ടെത്തി സ്ഥാനാര്‍ത്ഥിയാക്കി വിജയം നേടുന്നത്. എന്തുകൊണ്ട് ബിജെപിക്ക് അങ്ങനെ തദ്ദേശിയമായി നല്ല ജനപ്രീതിയുള്ള ഒരാളെ ആലോചിച്ചുകൂട?
അത്തരം സ്ട്രാറ്റജിയുണ്ട്. ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പോളിസി കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കണ്ടതാണ്. ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന നല്ല ഭരണസംവിധാനം, വികസനം, വിദ്യാഭ്യാസം തുടങ്ങി ഞങ്ങളുടെ ആശയത്തോട് യോജിക്കുന്ന ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യും. അവരെ സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ പാര്‍ട്ടിയിലെ എന്തെങ്കിലും സ്ഥാനമോ അതുമല്ലെങ്കില്‍ ഉപദേഷ്ടാവ് രിതിയിലോ ഒക്കെ ഞങ്ങള്‍ അവസരം നല്‍കും. മറിച്ച് വെറുതെ വോട്ടിന് വേണ്ടി മാത്രം ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടും ഞങ്ങള്‍ക്ക് യോജിപ്പില്ല. ഞങ്ങളുടെ ആശയങ്ങളുമായി തുറന്നു പ്രവര്‍ത്തിക്കാനും അതാത് ഇടങ്ങളില്‍ ജനങ്ങളുമായി അടുത്ത് ഇടപഴകാനും സാധിക്കണം.
കഴിഞ്ഞ ഒരു അഞ്ചാറുവര്‍ഷത്തിനിടെ മോദിയോടുള്ള ഇഷ്ടം കൊണ്ട് നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്.പ്രത്യേകിച്ചും കേരളത്തില്‍. പക്ഷെ അവരെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനായി വല്ല ആലോചനയും?
നേരത്തെ പറഞ്ഞതുപോലെ എല്ലവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്.ബിജെപിയിലേക്ക് വരാന്‍ താല്‍പ്പര്യം കാണിച്ച പ്രമുഖരെയൊക്കെ ഞാന്‍ നേരിട്ടു കാണും. സംഘമായും ഒറ്റയ്ക്കും കൂടിക്കാഴ്ച്ചകള്‍ നടത്തും. ഇവര്‍ക്കൊക്കെയും പാര്‍ട്ടിക്ക് വേണ്ടി നല്ല ഇടപെടലുകള്‍ നടത്തണമെന്നുണ്ട്. പക്ഷെ അതിന് വേണ്ട സാഹചര്യമാണ് ഇല്ലാതിരുന്നത്. അതുണ്ടാക്കണം.അത് ഞാന്‍ ചെയ്യും.അത് ഞാന്‍ ഗൗരവത്തിലെടുത്ത് ചെയ്യും.
വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നിരവധി നേതാക്കള്‍ കേരളത്തില്‍ ബിജെപിക്കുണ്ട്. ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്യും?
അങ്ങിനെ മാനേജ് ചെയ്യേണ്ട ഒരു സാഹചര്യമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, കാരണം ഇതൊരു പൊതുലക്ഷ്യമാണ്. എന്റെ വ്യക്തിപരമായ ലക്ഷ്യമല്ല. ബിജെപിയെ മുന്നോട്ട് കൊണ്ടുപോകാനും കേരളത്തില്‍ അധികാരത്തില്‍ വരാനുമൊക്കെ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവുമൊക്കെയാണ്. അതിനാല്‍ തന്നെ ഇതുവരെ എനിക്കങ്ങനെ ഒരു പേടിയില്ല. പദവിയിലെത്തിയത് മുതല്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം ഇതാണ്. അതിനാലാണ് ക്ലിയര്‍ ആയി തന്നെ മറുപടി പറഞ്ഞത്.
എല്ലാവരും ചോദിക്കുമ്പോള്‍ ഇപ്പോള്‍ ഒരോ ദിവസവും രാവിലെ ഞാനും ചിന്തിക്കുന്നത് ഇതാണ്. ഈ പ്രശ്നങ്ങള്‍ തുടങ്ങുമെന്ന്.(ചിരിക്കുന്നു) പക്ഷെ അങ്ങനെ ഒരു പേടി ഇപ്പോള്‍ ഏതായാലും എനിക്കില്ല. നേതാക്കന്മാരോട് ഇടപഴകുന്നതും പെരുമാറുന്നതിനുമൊക്കെ മോഡല്‍ മോദിജിയാണ്. തീരുമാനത്തിലെത്തുന്നത് വരെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയും അഭിപ്രായ ഭിന്നതയും ഒക്കെയുണ്ടാകും. പക്ഷെ തീരുമാനമെടുത്താല്‍ പാര്‍ട്ടി തിരുമാനമെന്ന പേരില്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ട് പോകും അതാണ് രിതി.
അങ്ങ് വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തുറന്നു പറയട്ടെ..കേരള ബിജെപിയില്‍ ഗ്രൂപ്പിസം ഉണ്ട്!
ശരിയാവും ചിലപ്പോ... പക്ഷെ എന്റെ അനുഭവങ്ങളില്‍ നിന്നല്ലെ എനിക്ക് സംസാരിക്കാന്‍ സാധിക്കു. അതുകൊണ്ട് പറയുന്നതാണ്.. എനിക്കിതുവരെ അത്തരമൊരു അനുഭവമില്ല.
അപ്പൊ ആരും അങ്ങയുടെ കാല്പിടിച്ച് താഴെയിടാന്‍ വരത്തില്ല എന്നാണ് വിശ്വസിക്കുന്നത്?
തീര്‍ച്ചയായും.. മാത്രമല്ല എന്റെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയുമല്ല...(ചിരിക്കുന്നു). അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല.
ഇനി.. ശോഭാ സുരേന്ദ്രന്‍...കേരളത്തിലെ ബിജെപിയിലെ മാത്രമല്ല മറ്റു പാര്‍ട്ടികള്‍ നോക്കിയാലും, എക്സ്ട്ര ഓര്‍ഡിനറി ടാലന്റുള്ള നേതാക്കളില്‍ ഒരാളാണ്. പക്ഷെ വേണ്ട വിധത്തില്‍ കേരളത്തിലെ പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.അങ്ങ് അതിനെന്തെങ്കിലും ആസുത്രണം ചെയ്യുമോ?
കഴിവുള്ള നേതാവാണെന്ന കാര്യത്തില്‍ 100 ശതമാനം യോജിക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കളെ എടുത്തു നോക്കിയാല്‍ ആദ്യ മൂന്നു സ്ഥാനത്തില്‍ തന്നെ എപ്പോഴും ശോഭ സുരേന്ദ്രന്‍ ഉണ്ടായിട്ടുമുണ്ട്. ശോഭ സുരേന്ദ്രന് കേരളത്തിലായാലും കേന്ദ്രത്തിലായാലും പാര്‍ട്ടി തലത്തില്‍ ഒരു സുപ്രധാന റോള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. കേരള ബിജെപിയില്‍ നമ്മള്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളില്‍ ഈ പറയുന്ന മുതിര്‍ന്ന പ്രമുഖ നേതാക്കള്‍ക്കൊക്കെയും സുപ്രധാന റോള്‍ ഉണ്ടാകും.
ഇനി അടുത്ത ഒരു പ്രധാന വിഷയത്തിലേക്ക് വരുന്നത് ക്രിസ്ത്യന്‍ വോട്ടാണ്. അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല കേരളത്തില്‍ ഹിന്ദുവോട്ട് മുന്നുപാര്‍ട്ടിക്കും പോകുന്നുണ്ട്. ക്രിസ്ത്യന്‍ വോട്ട് പരമ്പരാഗതമായി പോകുന്നത് യുഡിഎഫിനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറച്ച് ബിജെപിയിലേക്കെത്തി. ഇപ്പോള്‍ കുറച്ചുകൂടി ബിജെപിക്ക് അനുകൂലമായി വരുന്നുണ്ട്. പക്ഷെ അവര്‍ക്ക് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ വോട്ടിനെ ആകര്‍ഷിക്കുന്ന എന്തെങ്കിലും പദ്ധതി അങ്ങേയ്ക്കുണ്ടോ?
നോക്കു ഷാജന്‍.. ഞാന്‍ വോട്ടുകളെ ക്രിസ്ത്യന്‍ വോട്ട്, മുസ്ലീം വോട്ട് എന്നിങ്ങനെ തരംതിരിച്ചു കാണാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഒരു കാര്യം സത്യമാണ് കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ബിജെപിയെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായാണ് ചിത്രീകരിച്ചത്. അത് ഒരു തരത്തില്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. മൈനോറിറ്റി വോട്ടേഴ്സിനെ ഒക്കെ പേടിപ്പിച്ചു നിര്‍ത്താനും ഇതുവഴി അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ച് ഞാന്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പുകളിലൊക്കെ തന്നെയും ഞാന്‍ നരേന്ദ്രമോദിജിയുടെ ഐഡിയോളജിയെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. ഇതാണ് സത്യം.. നിങ്ങള്‍ കേള്‍ക്കുന്നത് നുണയാണ്. നിങ്ങള്‍ വിശ്വസിക്കുന്ന നുണയെ പരാജയപ്പെടുത്താന്‍ എന്റെ കൈകളില്‍ സത്യം മാത്രമെയുള്ളു. കഴിഞ്ഞ 11 വര്‍ഷക്കാലമായി നരേന്ദ്രമോദിജി ഒരൊറ്റ ഡിസ്‌ക്രിമിനേഷന്‍ പൊളിസി നടപ്പാക്കിയിട്ടില്ല. ഒരു വീട് അദ്ദേഹം നല്‍കുമ്പോ മതം നോക്കിയല്ല നല്‍കുന്നത്.. ഹെല്‍ത്ത് കാര്‍ഡ് കൊടുക്കുമ്പോ മതം നോക്കിയോ കമ്മ്യൂണിറ്റി നോക്കിയോ അല്ല കൊടുക്കുന്നത്.
അതുകൊണ്ട് തന്നെ എന്റെ മുന്നിലുള്ള വലിയ ലക്ഷ്യത്തിലൊന്ന് തെറ്റിദ്ധരിക്കപ്പെട്ട മൈനോറിറ്റി വിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക എന്നതാണ്. എന്റെ മുന്‍ഗാമികളായ സുരേന്ദ്രജി ഉള്‍പ്പടെയുള്ളവര്‍ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് പോലെ ക്രിസ്ത്യന്‍സിന്റെ കാര്യത്തിലുള്‍പ്പടെ. ഇത്തരം സമൂഹത്തോട് ഇരുന്ന സംസാരിച്ച് ഞങ്ങളുടെ ആശയത്തെ ക്ലാരിഫൈ ചെയ്യാനും ഇടപെടല്‍ സത്യസന്ധമാണെന്നും നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഉന്നമനത്തിനായി ഇടപെടല്‍ നടത്താന്‍ ഞങ്ങള്‍ക്കൊരവസരം തരുവെന്നും ഞങ്ങള്‍ പറയുന്നു. ചിലയിടത്ത് നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
എനിക്ക് തോന്നുന്നത് ജനങ്ങളെ വോട്ട് ബാങ്കാക്കി വിഭജിച്ച് അവര്‍ക്ക് കേള്‍ക്കേണ്ടത് മാത്രം പോയി പറയുക.. എന്നിട്ട് വാഗ്്ദാനങ്ങള്‍ കൊടുക്കുക..തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതെല്ലാം മറക്കുക.. മുനമ്പത്തേത് ഉദാഹരണം..അത്തരം രീതിയല്ല ഞങ്ങളുടെത്. നാളിതുവരെയായി ഞങ്ങളുടെ മേലുള്ള തെറ്റിധാരണയെ തിരുത്തി ജനങ്ങളിലേക്കെത്താനാണ് ശ്രമം..അത് തന്നെയായിരിക്കും തുടരുന്നതും.മുസ്ലീങ്ങളുടെ കാര്യമെടുത്താല്‍ വഖഫ് ബില്ല് മുസ്ലിം കമ്മ്യൂണിറ്റിക്കെതിരായ അല്ല ഞങ്ങള്‍ തിരുത്തിയത്.മറിച്ച് അ ബില്ല് അമന്‍മെന്റ് ചെയ്യുന്നത് അതൊരി ആന്റി കോണ്‍സ്റ്റിറ്റിയൂഷണല്‍ ആയതുകൊണ്ടാണ്.
ഏത് മുസ്ലീം വിഭാഗത്തോടും സത്യസന്ധമായി ചോദിച്ചാല്‍ അവര്‍ പറയും ആ ആക്ട് ഒരു അണ്‍ഫെയര്‍ ആക്ടായിരുന്നുവെന്ന്. ഉത്തര്‍പ്രദേശിന്റെ കാര്യമെടുത്താല്‍ പിഎംആവാസ് യോജനയില്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിച്ചത് മുസ്ലീംസിനാണ്. ഞങ്ങളുടെ പാര്‍ട്ടി എന്നു പറയുന്നത് മള്‍ട്ടി റപ്രസന്റെഷന്‍ പാര്‍ട്ടിയാണ്. കേരളത്തിലും സ്ഥാനാര്‍ത്ഥികളിലൂടെ അത് ഞങ്ങള്‍ ബോധ്യപ്പെടുത്തും. എന്നിട്ട് ജനങ്ങളുടെ വിശ്വാസത്തെ നേടിയെടുക്കും. നുണയെ ഇല്ലായ്മ ചെയ്യാന്‍ സത്യത്തെ കാണിച്ചുകൊടുക്കുക മാത്രമെ ഞങ്ങള്‍ക്ക് മുന്നില്‍ വഴിയുള്ളു.
(തുടരും)