- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ 'ത്രിമൂര്‍ത്തികള്‍' വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും 'പതിനാറ് ഗ്രാമിന്റെ' പ്രശ്നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര് പോയി?
തിരുവനന്തരപുരം: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടു പോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍. അവര്‍ അത് അവിടെ ഏല്‍പ്പിച്ച് തിരിച്ചു വരികയും ചെയ്തു. ഓണാഘോഷത്തിന് നടയടച്ച ശേഷമായിരുന്നു ഇവര്‍ പാളിയുമായി ചെന്നൈയ്ക്ക് പോയത്. അത് അവിടെ ഏല്‍പ്പിച്ച് മടങ്ങിയവര്‍ കഴിഞ്ഞ ദിവസം വീണ്ടും ചെന്നൈയിലെത്തി. സ്വര്‍ണ്ണ പാളി വിഷയത്തില്‍ ഹൈക്കോടതി കര്‍ശന നിലപാട് എടുത്തതോടെയാണ് ഇത്. ലക്ഷങ്ങളുടെ വിലയുള്ള സ്വര്‍ണ്ണം കൈകാര്യം ചെയ്തതിലെ വീഴ്ച ചോദ്യമായി ഉയരുമെന്ന ഭയത്തിലായിരുന്നു ഈ മടക്കം. നിലവില്‍ മൂന്ന് ഉദ്യോഗസ്ഥരും ചെന്നൈയിലുണ്ട്.
ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീകോവിലിന്റെ സമീപത്തെ അറ്റകുറ്റപ്പണികള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ആവശ്യമാണ്. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട പണികള്‍ സന്നിധാനത്ത് തന്നെ നടത്തണമെന്നും കോടതി അനുമതി വാങ്ങണമെന്നും പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദ്ദേശങ്ങളുണ്ട്. ഇതെല്ലാം അവഗണിച്ചാണ് കൊണ്ടു പോയത്. അത് അവിടെ ഏല്‍പ്പിച്ച് തിരിച്ചുവന്ന ഉദ്യോഗസ്ഥ നടപടി അതിലും വലിയ വീഴ്ചയാണ്. ദ്വാരപാലക ശില്‍പ്പത്തില്‍ പൂശിയിട്ടുള്ളത് വെറും 16 ഗ്രാമാണെന്ന പ്രസ്താവനയും ദേവസ്വം പ്രസിഡന്റ് നടത്തി കഴിഞ്ഞു. അതും ഏറെ ദുരൂഹമായി മാറുന്നു. ഇത്രയും വലിയ ശില്‍പ്പം പൂശാന്‍ രണ്ടു പവനില്‍ താഴെ സ്വര്‍ണ്ണം മതിയോ എന്ന ചോദ്യമാണ് ഉയരുന്നത്. അതായത് രണ്ട്ു പവന് മൂല്യമുള്ള പാളിയുമായി മൂന്ന് പേര് ചെന്നൈയിലേക്ക് പോയെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു വയ്ക്കുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തന്ത്രിയുടെയും തിരുവാഭരണ കമ്മീഷണറുടെയും അനുമതിയോടെയാണ് പാളികള്‍ ഇളക്കിയതെന്ന് വിശദീകരിച്ചിരുന്നു. സ്വര്‍ണ്ണത്തിന് മങ്ങലും കുത്തുകളും കാലിന്റെ ഭാഗത്ത് പൊട്ടലുമുള്ളതിനാലാണ് ഓണക്കാല പൂജയ്ക്ക് ശേഷം ഇത് ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് കൊണ്ടുപോയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന നിരീക്ഷണ സമിതി ഇതിനൊപ്പമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ കൊണ്ടു പോയവരെല്ലാം മടങ്ങി വന്നിരുന്നുവെന്നതാണ് വസ്തുത. അടുത്ത മണ്ഡലകാലത്തിനു മുന്‍പായി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 'താന്‍ അറിഞ്ഞുകൊണ്ടല്ല എന്നുള്ളത് ദേവസ്വം കമ്മീഷണറും സ്പെഷ്യല്‍ കമ്മീഷണറും വ്യക്തമാക്കുകയാണ്.' ഇത് സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാണയത്തുട്ടുകള്‍ കൊണ്ട് സ്വര്‍ണപ്പാളികള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. രണ്ട് തന്ത്രിമാരും രേഖാമൂലം അത് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ബോര്‍ഡ് തീരുമാനമെടുത്തു. തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും എക്സിക്യുട്ടിവ് ഓഫീസര്‍, വിജിലന്‍സ് വിങ് എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു എല്ലാ നടപടികളും. ഈ അറ്റകുറ്റപ്പണി രാസപ്രക്രിയയാണ്. അതിനാല്‍, അതിന്റേതായ പ്രശ്നങ്ങളുണ്ട്. അത് ഇപ്പോള്‍ തിരിച്ചുകൊണ്ടുവരല്‍ അസാധ്യമായ കാര്യമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനിടെയാണ് കൊണ്ടു പോയവര്‍ മടങ്ങിയെത്തിയെന്ന് വ്യക്തമാകുന്നത്.
അതേസമയം, വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരേ വ്യാപകമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും പി.എസ്. പ്രശാന്ത് ആരോപിച്ചിരുന്നു. ''ഞങ്ങള്‍ എന്തോ അപരാധംചെയ്തെന്നാണ് പ്രചരിപ്പിക്കുന്നത്. ചന്ദ്രഗ്രഹണത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്നുവരെ പ്രചാരണമുണ്ടായി. ദ്വാരപാലകരെ കൊണ്ടുപോയെന്നും ചിലര്‍ പ്രചരിപ്പിച്ചു. 360 പവന് എന്നാല്‍ ശ്രീകോവിലും വാതിലും ഉള്‍പ്പെടെയാണ്. ഇത് വെറും 16 ഗ്രാമിന്റെ കാര്യമാണ്. അത് ഒരു ഭക്തന് സമര്‍പ്പിച്ചതാണ്. ഇത് തികച്ചും ഒരു സാങ്കേതികപ്രശ്നമാണ്. നാണയം എറിയുമ്പോള്‍ അത് കൊണ്ട് പാളിക്ക് കേടുപാടുണ്ടായി. അത് സംഭവിക്കാന്‍ പാടില്ല. രണ്ട് തന്ത്രിമാരുടെയും കത്തുകളുണ്ട്. വീഡിയോയും ചിത്രീകരിച്ചിരുന്നു. സമര്‍പ്പിച്ചയാളുടെ സാന്നിധ്യത്തില്‍ തിരികെ സ്ഥാപിക്കുന്നതുവരെ ഇതെല്ലാം സുതാര്യമായ നടപടിയാണ്. പക്ഷേ, ഞങ്ങള്‍ എന്തോ അപരാധംചെയ്തെന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ മാത്രമേ ഞങ്ങള്‍ പരിശ്രമിച്ചിട്ടുള്ളൂ. ഇത് സാങ്കേതിക പ്രശ്നമാണ്. എന്നാല്‍, കള്ളന്മാരെന്ന് പറഞ്ഞ് ഞങ്ങളെ വേട്ടയാടുകയാണ്. കോടതി ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല''-ഇതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചത്.
ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്. ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ദേവസ്വം കമ്മിഷണര്‍, എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ തുടങ്ങിയവരോടായിരുന്നു നിര്‍ദേശം. അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.