തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വീണ്ടും പി എസ് പ്രശാന്തിനെ നിയമിക്കാന്‍ നീക്കം സജീവം. ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിക്കുമെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പ് എകെജി സെന്ററിലെത്തി പ്രശാന്ത് വിശദ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുമായും ആശയ വിനിമയം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തില്‍ ഇടതു സര്‍ക്കാര്‍ ആര്‍ക്കും രണ്ടു ടേം നല്‍കാറില്ല. അതിനിടെ മണ്ഡല മകരവിളക്ക് അടുത്തതിനാല്‍ ഇപ്പോഴത്തെ ബോര്‍ഡിന് കാലാവധി നീട്ടി നല്‍കുന്നതും പരിഗണനയിലുണ്ട്. ഇതിനിടെയാണ് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള ചര്‍ച്ച എത്തിയത്. ഇതിന് പിന്നില്‍ പ്രശാന്തിന്റെ വീഴ്ചയാണെന്ന വാദം സിപിഎമ്മില്‍ പ്രബല വിഭാഗത്തിനുണ്ട്. ഒരു ചെറിയ പിഴവാണ് ഇത്രയും വലിയ പ്രതിരോധത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. ആ ഈഗോ ഒഴിവാക്കിയിരുന്നുവെങ്കില്‍ സ്വര്‍ണ്ണ പാളി വിഷയം ഹൈക്കോടതിയുടെ മുന്നിലേക്ക് എത്തില്ലായിരുന്നു. ഇത്രയും വലിയ വീഴ്ച ഉണ്ടാക്കിയ പ്രശാന്തിനെ തുടരാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. അടുത്ത മാസം നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി തീരും. അതുകൊണ്ട് തന്നെ പ്രസിഡന്റിനെ ഉടന്‍ സിപിഎമ്മിന് നിശ്ചയിക്കേണ്ടതുമുണ്ട്.

ദ്വാരപാലക ശില്‍പ്പപാളി വീണ്ടും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയി. ശബരിമലയില്‍ എന്തും ഹൈക്കോടതിയെ അറിയിക്കണം. ഇത് അറിയിക്കേണ്ടത് ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള സ്‌പെഷ്യല്‍ കമ്മീഷണറെയാണ്. എന്നാല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ പാളികള്‍ കൊണ്ടു പോയി. കമ്മീഷണറെ അറിയിക്കേണ്ട ആവശ്യമില്ലെന്നതായിരുന്ന പ്രശാന്തിന്റെ നിലപാട്. ഭസ്മക്കുളം പുതുതായി നിര്‍മ്മിക്കാനുള്ള നീക്കം സ്‌പെഷ്യല്‍ കമ്മീഷണര്‍ എതിര്‍ത്തിരുന്നു. വിശ്വാസപരമായ കാരണങ്ങളാലായിരുന്നു ജഡ്ജി ജയകൃഷ്ണന്റെ എതിര്‍പ്പ്. ഇതു കാരണം സ്വര്‍ണ്ണ പാളി കമ്മീഷണറെ അറിയിക്കാതെ കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഇത് ജഡ്ജ് അറിഞ്ഞു. അദ്ദേഹം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഈ പിഴവ് സംഭവിച്ചത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് അന്വേഷണം വന്നത്. അങ്ങനെ ഹരികൃഷ്ണന്‍ പോറ്റിയിലേക്ക് അന്വേഷണമെത്തി. 2019ലെ ഫോട്ടോഗ്രാഫില്‍ നിന്നും ചില വസ്തുതകള്‍ മനസ്സിലാക്കിയ ദേവസ്വം വിജിലന്‍സ് കള്ളക്കളി കണ്ടെത്തി. ദ്വാരപാലക ശില്‍പ്പം കൊണ്ടു പോകുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ടതില്ലെന്ന ദേവസ്വം പ്രസിഡന്റ് പ്രശാന്തിന്റെ തീരുമാനമാണ് എല്ലാം പ്രതിസന്ധിയാക്കിയത്. ഇതിനൊപ്പം ശബരിമലയില്‍ ഒന്നും ചെയ്യാന്‍ ആരോ തടസ്സം നില്‍ക്കുന്നുവെന്ന പരസ്യ പ്രസ്താവനയും നടത്തി. ശബരിമലയില്‍ എല്ലാം സുഭദ്രമെന്ന് വരുത്താന്‍ പ്രശാന്ത് മാധ്യമങ്ങളേയും കടന്നാക്രമിച്ചു. എന്നാല്‍ അന്വേഷണം എത്തിയത് സ്വര്‍ണ്ണ കൊള്ളയിലാണ്.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്റെ അനുമതിയോടെ ദ്വാരപാലക ശില്‍പ്പം കൊണ്ടു പോയിരുന്നുവെങ്കില്‍ എല്ലാ വിവാദവും ഒഴിവാക്കാമായിരുന്നു. ഇതിനിടെ ദേവസ്വം പ്രസിഡന്റിന്റെ പുതിയ വീടു വയ്ക്കല്‍ അടക്കം ചര്‍ച്ചകളില്‍ എത്തി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രശാന്തിനെതിരേയും ആരോപണമെത്തി. ഇതിനിടെയാണ് ആറന്മുളയിലെ വിവാദം വരുന്നത്. ദേവസ്വം ബോര്‍ഡില്‍ എല്ലാം ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്ന പൊതുധാരണ ഇതുണ്ടാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിനെ ചതിച്ച് അന്യായമായി ലാഭം നേടാന്‍ ഉദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ശ്രീകോവിലിനടുത്തുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്ക്-വടക്ക് മൂലകളിലും ഘടിപ്പിച്ച 42.800 കിലോഗ്രാം തൂക്കമുള്ള തകിടുകള്‍ അറ്റകുറ്റപ്പണിക്ക് നല്‍കാം എന്ന വാഗ്ദാനം നല്‍കിയാണ് 2019 ജൂലൈയില്‍ ഇളക്കിയെടുത്ത് പോറ്റി കൈവശപ്പെടുത്തിയത്. ശബരിമലയില്‍ നിന്ന് ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയ തകിടുകള്‍ ആദ്യം ബാംഗ്ലൂരിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയ ശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. അവിടെ എത്തിച്ചത് യഥാര്‍ത്ഥ പാളികളാണോ ഡ്യൂപ്ലിക്കേറ്റുകളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍വെച്ച് 394.900 ഗ്രാം സ്വര്‍ണം മാത്രമാണ് പൂശിയത്. ബാക്കി സ്വര്‍ണം ഇദ്ദേഹം കൈവശപ്പെടുത്തി. ഏറെ മൂല്യമുള്ള ഈ തകിടുകള്‍ ചെന്നൈ, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കിയെന്നും വിജിലന്‍സ് എസ്.പി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണം പൂശി സെപ്റ്റംബര്‍ ഒന്നിന് സന്നിധാനത്ത് തിരികെ നല്‍കിയപ്പോള്‍ തകിടുകളുടെ തൂക്കം 38 കിലോ 258.1 ഗ്രാമായി കുറഞ്ഞിരുന്നു.

ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടത്തിയ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാര്‍ കര്‍ണാടക സ്വദേശിയായ ഗോവര്‍ധനന്‍, മലയാളി അജികുമാര്‍ എന്നിവരാണെന്നും കണ്ടെത്തി. 2025 ജനുവരി ഒന്നാം തീയതി ഇദ്ദേഹം നടത്തിയ അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളാഭിഷേകം എന്നിവ മോഷണം നടത്തി നേടിയ ലാഭത്തിന് പ്രത്യുപകാരമായിട്ടാവാം എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമായ ക്രിമിനല്‍ കേസാണെന്നും, 2019 കാലഘട്ടത്തിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക്, പ്രേരണ, ഗൂഢാലോചന എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്.പി. റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.