പത്തനംതിട്ട: പോലീസില്‍ നിന്നും ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിട്ടു. സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിക്കുകയും ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യുവിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സേനയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും സ്ഥിരമായി പെരുമാറ്റദൂഷ്യം കാട്ടിയതിനുമാണ് കേരള പോലീസ് ആക്ട് പ്രകാരം കടുത്ത നടപടി സ്വീകരിച്ചത് എന്നാണ് വിശദീകരണം. പല ബലാത്സംഗ വീരന്മാര്‍ക്കും സേനയില്‍ തുടരാന്‍ അനുവാദം നല്‍കുന്ന പോലീസില്‍ നിന്നാണ് സോഷ്യല്‍ മീഡിയാ പ്രതികരണത്തില്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ കടുത്ത നടപടികള്‍. പിരിച്ചു വിടലിനെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയും.

വിവിധ കാലയളവുകളില്‍ സംസ്ഥാന പോലീസ് മേധാവിമാര്‍ പുറപ്പെടുവിച്ച സോഷ്യല്‍ മീഡിയ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന് ഉമേഷിനെതിരെ നേരത്തെ മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മെമ്മോയും അതിന് നല്‍കിയ ധിക്കാരപരമായ മറുപടിയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ഇത്തരത്തില്‍ അതീവ ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും ഇയാളുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഉമേഷിന്റെ സേവന പുസ്തകം പരിശോധിച്ചതില്‍ ഇതിനോടകം 11 വകുപ്പുതല അന്വേഷണങ്ങള്‍ ഇയാള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണവും മേലുദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടതിനാലാണെന്നും വ്യക്തമായി എന്ന് ഉത്തരവില്‍ പറയുന്നു.

ഡിജിപിക്കും മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാള്‍ക്ക് നേരത്തെ 'ബ്ലാക്ക് മാര്‍ക്ക്' ലഭിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അന്നത്തെ സിറ്റി പോലീസ് കമ്മീഷണറെ വിമര്‍ശിച്ചതിനും , സര്‍ക്കാരിന്റെ യുഎപിഎ നടപടികളെ സിനിമ രംഗങ്ങള്‍ ഉപയോഗിച്ച് പരിഹസിച്ചതിനും , പ്രതികള്‍ക്ക് അനുകൂലമായി പോസ്റ്റുകള്‍ ഇട്ടതിനും ഇയാള്‍ക്കെതിരെ മുന്‍പ് വേതന വര്‍ദ്ധനവ് തടയല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടാതെ, വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചതുമായി ബന്ധപ്പെട്ട പരാതിയിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. പോലീസ് വകുപ്പ് നല്‍കിയ ഹെല്‍മെറ്റിന്റെ ഗുണനിലവാരത്തെയും ശമ്പള വിതരണത്തിലെ തീരുമാനങ്ങളെയും പരിഹസിച്ചും ഇയാള്‍ പരസ്യമായി രംഗത്തുവന്നിരുന്നുവെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും ഓണ്‍ലൈനായോ നേരിട്ടോ പങ്കെടുക്കാന്‍ ഉമേഷ് തയ്യാറായില്ല. ശമ്പളം ലഭിക്കാത്തതിനാലാണ് ഹാജരാകാത്തതെന്ന ഉമേഷിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് ശമ്പള രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ബോധ്യപ്പെട്ടു. ഉമേഷിന്റെ പ്രവര്‍ത്തികള്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതികളെ ന്യായീകരിക്കുന്നതും സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതുമാണെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇയാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുമെന്നും വിലയിരുത്തിയാണ് സര്‍വീസില്‍ നിന്നുള്ള പിരിച്ചുവിടല്‍ നടപടി സ്ഥിരപ്പെടുത്തിയതെന്നും വിശദീകരിക്കുന്നു.


തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളോട് സഹകരിക്കാന്‍ ഉമേഷ് തയ്യാറായില്ലെന്ന് മാത്രമല്ല, അവയെ പരസ്യമായി അവഹേളിക്കാനാണ് ശ്രമിച്ചത്. അന്വേഷണത്തിന് ഹാജരാകാതിരുന്നതിന് ഉമേഷ് നിരത്തിയ കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശമ്പളവും ഉപജീവനപ്പടിയും തടഞ്ഞുവെച്ചതിനാലാണ് ഹാജരാകാത്തതെന്ന ഉമേഷിന്റെ വാദം നിലനില്‍ക്കില്ലെന്ന് അയാളുടെ സാലറി സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നും ബോധ്യപ്പെട്ടു. നിയമപരമായി നടക്കുന്ന അന്വേഷണത്തെ വാര്‍ത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവഹേളിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 33-ന്റെ നഗ്‌നമായ ലംഘനമാണെന്ന് ജില്ലാ പോലീസ് മേധാവി നിരീക്ഷിച്ചു.

2017ല്‍ അന്നത്തെ ഡിജിപിക്കും ഐപിഎസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രയ്ക്കും കുട പിടിച്ചുകൊടുത്ത പോലീസുകാരെ 'കിങ്കരന്മാര്‍' എന്ന് വിളിച്ച് ആക്ഷേപിച്ചതിന് സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് നല്‍കി. 2019ല്‍ ശബരിമല ഡ്യൂട്ടിക്കിടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വന്‍ പരാജയമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് വാര്‍ഷിക വേതന വര്‍ദ്ധനവ് ഒരു വര്‍ഷത്തേക്ക് തടഞ്ഞു. 2020ല്‍ മാവോയിസ്റ്റ് നടപടികളെയും യുഎപിഎ നിയമത്തെയും പരിഹസിക്കുന്ന സിനിമ രംഗങ്ങള്‍ പോസ്റ്റ് ചെയ്തതിന് രണ്ട് വര്‍ഷത്തേക്ക് വേതന വര്‍ദ്ധനവ് തടഞ്ഞു. 2021ല്‍ പോലീസ് സസ്‌പെന്‍ഷന്‍ ഉത്തരവ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചാനലുകളില്‍ ഇന്റര്‍വ്യൂ നല്‍കി മേലുദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്തതിന് അടിസ്ഥാന ശമ്പളം മൂന്ന് വര്‍ഷത്തേക്ക് കുറച്ചു.

ഉമേഷിന്റെ മറുപടികള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് നിരക്കാത്തതും ധിക്കാരപരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 11 തവണ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടും ഉമേഷ് കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതികളെ ന്യായീകരിക്കുന്നതും പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതുമാണ് പ്രവര്‍ത്തനങ്ങള്‍. ഇത്തരത്തില്‍ പെരുമാറ്റദൂഷ്യം കാട്ടുന്ന ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് ആഭ്യന്തര സുരക്ഷയ്ക്കും പോലീസിന്റെ അന്തസ്സിനും കോട്ടം തട്ടിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഈ ഉത്തരവിനെതിരെ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.