തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നുള്ള ശശി തരൂരിന്റെ രാജി വാര്‍ത്ത വ്യാജം. ആഫ്രിക്കന്‍ പര്യടനത്തിലായിരുന്ന തരൂര്‍ ദുബായിലേക്കുള്ള യാത്രയിലാണെന്നാണ് സൂചന. ഇതുകൊണ്ടാണ് പ്രചരണങ്ങളോട് പ്രതികരിക്കാന്‍ തരൂരിന് കഴിയാത്തതും. തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫിലെ പ്രധാനികളും ദുബായിലാണെന്നാണ് വിവരം. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തരൂരിന്റെ രാജിയില്‍ അഭ്യൂഹം പടര്‍ത്തുന്നത്. തരൂരിന്റെ രാജി വെറും കെട്ടുകഥയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തരൂര്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി വോട്ട് തേടി ഇറങ്ങിയിരുന്നു. ഇതിനിടെയാണ് രാജി പ്രചരണം. ഇതിന് പിന്നില്‍ അയ്യപ്പ സ്വര്‍ണ്ണ കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ളവരാണെന്നാണ് കോണ്‍ഗ്രസില്‍ തരൂരിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഏതായാലും ദുബായില്‍ തരൂര്‍ എത്തുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരും.

എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോദിയെ പ്രശംസിച്ചതിനെതിരെ കോണ്‍ഗ്രസിനകത്തും പുറത്തും വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രചാരണം. എന്നാല്‍, ഇത് വ്യാജ പ്രചാരണമാണെന്നതാണ് വസ്തുത. ഇതുവരെ ശശി തരൂര്‍ രാജിവച്ചിട്ടില്ല. 'ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു' എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളുടെ വിവരണം. ഒപ്പം, ഇതേ അവകാശവാദം ഉള്‍ക്കൊള്ളുന്ന, തരൂരിന്റെ ചിത്രമുള്ള ഒരു പോസ്റ്റര്‍/കാര്‍ഡും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ശശി തരൂരിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇങ്ങനെയൊരു തീരുമാനം സംബന്ധിച്ച അറിയിപ്പോ പോസ്റ്റോ ഇല്ല.

തുടര്‍ന്ന്, വ്യക്തതയ്ക്കായി ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നിലവില്‍ ശശി തരൂര്‍ ഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍ നല്‍കുന്നതിന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിലായിരുന്നു. അവിടെ നിന്നും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവിടെയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയുടെ സമ്മേളനത്തില്‍ തരൂര്‍ മുഖ്യാതിഥിയാണ്. ഇതിനിടെയാണ് തരൂരിന്റെ രാജിയുമായി ബന്ധപ്പെട്ട പ്രചരണങ്ങളുണ്ടാകുന്നത്. ഗള്‍ഫിലെ പരിപാടിയുടെ ഏകോപനത്തിനാണ് പ്രധാന പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഗള്‍ഫിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തരൂര്‍ കേരളത്തില്‍ വീണ്ടും എത്തും. കോണ്‍ഗ്രസിന്റെ പ്രചരണത്തിലും സജീവമാകും. ഇതിനിടെയാണ് തരൂര്‍ കോണ്‍ഗ്രസ് വിട്ടുവെന്ന വ്യാജ പ്രചരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എംപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരാഞ്ഞു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ നിന്നുള്ള തരൂരിന്റെ രാജിയെന്ന വ്യാജ പ്രചരണം അതിശക്തമായത്.

'രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചത് ഇങ്ങനെയാണ്. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങളേക്കാള്‍ നല്ലതാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റാണെന്നും സന്ദീപ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രശംസിക്കത്തക്കതായി ഒന്നും താന്‍ കണ്ടില്ലെന്നും ശശി തരൂര്‍ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകള്‍.

രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങില്‍ മോദിയുടെ പ്രസംഗത്തെ തരൂര്‍ പുകഴ്ത്തിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂര്‍ എക്‌സ് പോസ്റ്റിലൂടെ പറയുകയും ചെയ്തു. ശശി തരൂര്‍ പ്രധാനമന്ത്രിയെക്കുറിച്ച് പുകഴ്ത്തി ആദ്യമായല്ല സംസാരിക്കുന്നത്.

തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് കാലമായി വഷളായിട്ടുണ്ട്, പ്രത്യേകിച്ചും ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തിരഞ്ഞെടുത്ത സമയം മുതലാണ് തരൂരും പാര്‍ട്ടിയും തമ്മില്‍ തെറ്റിത്തുടങ്ങിയത്. യുഎസിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ച തരൂര്‍ പിന്നീട് പലയവസരങ്ങളില്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.