കോഴിക്കോട്: വയനാട് തുരങ്കപാതക്കായുള്ള സ്ഥലമേറ്റെടുപ്പില്‍ ചട്ടവിരുദ്ധമായി ഉള്‍പ്പെടുത്തി പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്തത് ഒന്നര ഏക്കറോളം ഭൂമി. തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരുന്ന ഭൂമിയോടു ചേര്‍ന്നു കിടക്കുന്ന അധികഭൂമി രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും അനാവശ്യമായി വാങ്ങിയതെന്നും പരാതിയുണ്ട്. ആവശ്യമില്ലാത്ത ഭൂമി വാങ്ങിയതിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. ഭൂമിയേറ്റെടുക്കല്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ തഹസീല്‍ദാരെ സ്ഥലംമാറ്റിയതിനു പിന്നിലും രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് ആരോപണം. വയനാട് തുരങ്കപാത കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ വേഗം നല്‍കുന്നതാണ്. അതൊരു അഴിമതി പാതയാകരുതേ എന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ളത്.

തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാന്‍ കഴിയാതെയുള്ള ഭൂമി കൂടി ഏറ്റെടുക്കണമെന്ന ആവശ്യമാണ് മൂന്നുപേര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതിനെത്തുടര്‍ന്ന് ഭൂഉടമകളായ നജ്മ, നസ്‌റിന്‍, അബ്ദുള്‍ സലാം എന്നിവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കൃഷി ചെയ്യാന്‍ പോലും സാധ്യമാകാത്ത ചെറിയ വിസ്തൃതിയിലുള്ള ഭൂമിയാണ് സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ബാക്കിയാകുക. ഈ സ്ഥലം ഒന്നിനും ഉപകാരപ്പെടില്ലെന്നും അതിനാല്‍ ബാക്കിയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. തുരങ്കപാത പോലെയുള്ള ഒരു പദ്ധതി നടപ്പാക്കുന്നത് അടിസ്ഥാന വില നിര്‍ണയിക്കുന്ന ബേസിസ് വാല്യൂവേഷന്‍ റിപ്പോര്‍ട്ടിന്റെ (ബി.വി.ആര്‍) അടിസ്ഥാനത്തിലാണ്. വയനാട് തുരങ്കപാതക്കായി റവന്യൂ വകുപ്പിലെ സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥനായ തഹസീല്‍ദാര്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലാണ് ഭൂമിക്ക് സര്‍ക്കാര്‍ കണക്കാക്കിയ വിലയുള്ളത്.

തുരങ്കം തുടങ്ങുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 45 പേരില്‍ നിന്നും ഭൂമി ഏറ്റെടുക്കാനായി 36.5 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്്. ഇതിലുള്‍പ്പെട്ട മൂന്നുപേരുടെ ഭൂമിയിലാണ് അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നത്. ഭൂമിയെ മൂന്നായി തരംതിരിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് റോഡ് സൗകര്യമുള്ളവ, പഞ്ചായത്ത് റോഡ് സൗകര്യമുള്ളവ, റോഡ് സൗകര്യമില്ലാത്തവ ഇങ്ങനെയായിരുന്നു തരം തിരിച്ചത്. പൊതുമരാമത്ത് റോഡ് സൗകര്യമുള്ള ഭൂമി കുറവായതിനാല്‍ പഞ്ചായത്ത് റോഡ് സൗകര്യമുള്ള ഭൂമിയുടെ അടിസ്ഥാനവിലയാണ് മാനദണ്ഡമാക്കിയത്. പഞ്ചായത്ത് റോഡ് സൗകര്യമുള്ള ഭൂമിക്ക് ആദ്യം വില നിശ്ചയിച്ചശേഷം അതില്‍ നിന്നും 20 ശതമാനം കൂട്ടി പൊതുമരാമത്ത് റോഡ് സൗകര്യമുള്ള ഭൂമിക്ക് വില നിശ്ചയിച്ചു. അതില്‍നിന്നും പത്തുശതമാനം കുറച്ച് റോഡില്ലാത്ത ഭൂമിക്ക് വില നിശ്ചയിച്ചു. പൊതുമരാമത്ത് റോഡ് സൗകര്യമുള്ള ഭൂമിക്ക് 1,55,928 രൂപയാണ് ഒരു ആറിന് നിശ്ചയിച്ചത്.

നിര്‍ദ്ദിഷ്ടഭൂമിയുടെ ചുറ്റുമുള്ള അധികഭൂമി കൂടി ഏറ്റെടുക്കണമെന്ന ഉടമകളുടെ ആവശ്യം നടപ്പിലാക്കാന്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് തഹസീല്‍ദാര്‍ (സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥന്‍) ഹൈക്കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ വിഷയം സ്വതന്ത്രമായി പരിശോധിക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍, അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നുപേരുടെ ഭൂമിക്കു മാത്രമായി പുതിയ ബി.വി.ആര്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശമാണ് കളക്ടര്‍ നല്‍കിയത്. ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര്‍ പാടില്ലെന്ന ചട്ടത്തിനു വിരുദ്ധമായാണ് ഇതു ചെയ്തത്. സമ്മര്‍ദ്ദത്തിനൊടുവില്‍ ബാക്കിയുള്ള ഭൂമി കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന തുക തന്നെയാണ് അനാവശ്യഭൂമിക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട്് കൂടി കിഫ്ബിയില്‍ നിന്നും കളക്ടര്‍ക്ക് നല്‍കി. ഭൂമി ഏറ്റെടുക്കാനോ വില നിര്‍ണയിക്കാനോ കിഫ്ബിക്ക് അധികാരമില്ലെന്ന് തഹസീല്‍ദാര്‍ അഭിപ്രായപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. കളക്ടറുമായി അഭിപ്രായ വ്യത്യാസത്തിലായ തഹസീല്‍ദാറെ സ്ഥലം മാറ്റി. മൂന്നുപേരുടെയും ഭൂമി പൂര്‍ണ്ണമായി ഏറ്റെടുക്കണമെന്നും വില ഏകീകരിക്കണമെന്നുമുള്ള കിഫ്ബിയുടെ കത്ത് ഉള്‍പ്പെടെയുള്ള അനുകൂല നിലപാട് കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ട് പരാതി പരിഹരിക്കാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കി. അധികവില നല്‍കി ആവശ്യമില്ലാത്ത 30 മുതല്‍ 60 സെന്റു വരെ അധികഭൂമി ഏറ്റെടുത്തതിലൂടെ സര്‍ക്കാരിന്റെ പണം പാഴായെന്നു വ്യാപകമായി പരാതിയുണ്ട്. നജ്മയുടെ അലൈന്‍മെന്‍്റിലുള്ള 53 ആര്‍ ഭൂമിക്കു പുറമേ ബാക്കിയുള്ള 37.6 ഭൂമിയും നസ്്റിന്‍െ്റ അലൈന്‍മെന്‍്റിലുള്ള 132 ആര്‍ ഭൂമിക്കു പുറമെ ബാക്കിയുള്ള 25 ആര്‍ കൂടി ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അനാവശ്യഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. വൈകാതെ വില നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കോഴിക്കോട്-വയനാട് യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരമാവുന്ന ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്ക പാതനിര്‍മ്മാണത്തിന് തുടക്കമായിട്ടുണ്ട്. തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി. കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് തുരങ്ക പാത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മാണം. 8.73 കിലോമീറ്റര്‍ പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്വകാര്യ ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.

രണ്ട് പാക്കേജുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. അപ്രോച്ച് റോഡ് ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്.