തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള സമിതിയില്‍ മുന്‍ ഗവണ്‍മെന്റ് ലാ സെക്രട്ടറിയും മുന്‍ ദേവസ്വം കമ്മീഷണറുമായിരുന്ന രാമരാജപ്രേമ പ്രസാദിനെ നിയമിക്കാന്‍ അണിയറനീക്കം. ദേവസ്വം കമ്മീഷണറായിരിക്കെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇമ്പ്‌ലിമെന്റേഷന്‍ കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറിയപ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഇതേ സ്ഥാനത്ത് തുടരാന്‍ നീക്കം നടത്തിയെങ്കിലും പിന്നീട് വന്ന കമ്മീഷണര്‍ എന്‍. വാസു അനുവദിച്ചില്ല.

വാച്ചര്‍ നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണം അടക്കം ഇതിന് കാരണമാണ്. ഈ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ കോടികള്‍ ചിലവിട്ട് കെല്‍ട്രോണ്‍ മുഖേന നടത്തിയ കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ ലക്ഷ്യം കാണാത്തതതും വിവാദമായി. നിലവില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനെന്ന പേരില്‍ ഓഫീസ് സൗകര്യങ്ങളും ഹോണറേറിയവും നല്‍കി രാമരാജ പ്രേമ പ്രസാദിനെ നിയമിക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിയുടെ താല്പര്യപ്രകാരം മുന്‍പ് ദേവസ്വം കമ്മീഷണര്‍ പദവി ലഭിച്ച രാമരാജപ്രേമ പ്രസാദിനെ വീണ്ടും വഴിവിട്ട നിയമനം നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ സ്വജനപക്ഷപാതമാണെന്ന വാദവും സജീവമാണ്.

സ്‌പോണ്‍സര്‍ഷിപ്പ് ചുമതലയുണ്ടായിരുന്ന പി.ആര്‍.ഒയെ മാറ്റിയതും ഐ.എം.ജിയെ പഠനത്തിനായി ചുമതലപ്പെടുത്തിയതും രാമരാജപ്രേമ പ്രസാദിനെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. സ്‌പോണ്‍സര്‍ഷിപ്പില്‍ പി ആര്‍ ഒയ്ക്ക് വേണ്ടത്ര കരുതല്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശബരിമല ഫോട്ടോഗ്രാഫറായിരുന്നു കോ കോഓര്‍ഡിനേറ്റര്‍. ഇയാളേയും മാറ്റി. പകരം ദേവസ്വം ബോര്‍ഡിലെ അഴിമതി രഹിതനായ ഒരു ഉദ്യോഗസ്ഥനെ സ്‌പോണസര്‍ഷിപ്പ് ചുമതലയില്‍ നിയോഗിക്കാം. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധിയും കുറയും. എന്നാല്‍ സ്വജനപക്ഷപാതത്തിന്റെ സ്വഭാവത്തില്‍ രാമരാജപ്രേമ പ്രസാദിനെ നിയമിക്കാനാണ് നീക്കം. ഇതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും അനുകൂലിക്കുന്നു. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമാണ്.

മുഖ്യമന്ത്രി പിണറായി വിജയനും നിയമനം അംഗീകരിക്കുമെന്നാണ് സൂചന. ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പണം കൈമാറാവുന്നതാണ്. ഇതിന് ഇടനിലക്കാര്‍ വരുന്നതാണ് അഴിമതി വളര്‍ത്തുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള സമിതിയില്‍ സ്‌പോണ്‍സര്‍ഷിപ്പിന് ആളുകളെ കണ്ടെത്തുകയ എന്ന ചുമതലക്കാരന്‍ എന്ന നിലയ്ക്കാകും രാമരാജ പ്രേമ പ്രസാദിനെ നിയമിക്കുക എന്നാണ് സൂചന. അടുത്ത ദിവസം ഉന്നതതല സമിതി യോഗം ചേരും. ഈ യോഗത്തില്‍ നിയമനം അംഗീകരിക്കാനാണ് നീക്കം. അങ്ങനെ വിരമിച്ച ഒരു ഉദ്യോഗസ്ഥന് കൂടി തുക നല്‍കി അധിക ചുമതല നല്‍കാനാണ് നീക്കം. മാസ്റ്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കേണ്ടത്.

മാസ്റ്റര്‍ പ്ലാനിന് വേണ്ടി ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തി. അത് ലക്ഷ്യം കണ്ടില്ല. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയാണ് ഈ സംഗമം പുറത്തു കൊണ്ടു വന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് പരിരക്ഷാ കാര്‍ഡ് അടക്കം കൊടുക്കാനായിരുന്നു നീക്കം. മേഖല തിരിച്ച് സ്‌പോണ്‍സര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാനും ആലോചിച്ചിരുന്നു.