മുംബൈ: വിദേശ പഠനത്തിന്റെ ഭൂപടങ്ങള്‍ മാറ്റിയെഴുതുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2025 ജനുവരി 1 വരെ 18,82,318 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിവിധ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നതിനായി പോയിട്ടുള്ളത്. 153 രാജ്യങ്ങളിലായിട്ടാണ് ഇവര്‍ പരന്നു കിടക്കുന്നതെന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും, പരമ്പരാഗതായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ പോകുന്ന അമേരിക്ക, യു കെ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം അരുളുന്നത്.

ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം, പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലി സാധ്യത, തുടങ്ങി നിരവധി കാര്യങ്ങളായിരുന്നു ഈ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, ഇവയില്‍ പല രാജ്യങ്ങളും കുടിയേറ്റ നീയമങ്ങള്‍ കടുപ്പിക്കുകയും വിസ വീസ് കുത്തനെ ഉയര്‍ത്തുകയുമൊക്കെ ചെയ്തതോടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ രാജ്യങ്ങളോടുള്ള താത്പര്യം കുറഞ്ഞു വരികയാണ്. കാലത്തിനൊത്ത് വളര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കണക്കുകള്‍ കൂട്ടുമ്പോള്‍, ഈ പരമ്പരാഗത വിദ്യാഭ്യാസ ഹബ്ബുകള്‍ക്കപ്പുറവും നിരവധി സാധ്യതകള്‍ കണ്ടെത്തുകയാണ്.

അമേരിക്കയിലെയും യു കെയിലെയും കടുത്ത വിസ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ഉപകാരപ്രദമായത് ജര്‍മ്മന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ആയിരുന്നു. ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ അതിവേഗം പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ജര്‍മനി. താരതമ്യേന കുറഞ്ഞ ഫീസും കുറഞ്ഞ ജീവിത ചെലവുകളും മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന നിലവാരവുമിന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, ജര്‍മ്മനിയിലെ വിദേശ വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യാക്കാരാണെന്നാണ്. ഏകദേശം 59,000 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഒട്ടുമിക്ക പബ്ലിക് യൂണിവേഴ്സിറ്റികളിലും ട്യൂഷന്‍ സൗജന്യമാണ്. ഇവിടെ മിക്ക യൂണിവേഴ്സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത് 1500 അമേരിക്കന്‍ ഡോളറിന്റെ അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ് മാത്രമാണ്. രണ്ട് വര്‍ഷത്തെ കോഴ്സിനുള്ളതാണ് ഈ തുക എന്നും ഓര്‍ക്കണം. ഈ അവസരം മുതലെടുക്കാന്‍, ജര്‍മ്മനിയിലെ പല യൂണിവേഴ്സിറ്റികളും ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനവും ആരംഭിച്ചിട്ടുണ്ട്. പ്രതേകിച്ച് സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്സ് തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോള്‍ ഇംദ്‌ലീഷ് മീഡിയം കോഴ്സുകളും ജര്‍മ്മനിയില്‍ ലഭ്യമാണ്. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 18 മാസക്കാലം വരെ ജര്‍മ്മനിയില്‍ തുടരാനാവും. ഈ കാലയളവില്‍ ഇഷ്ടമുള്ള ജോലി തേടുകയും ആവാം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുന്ന മറ്റൊരു രാജ്യം ന്യൂസിലാന്‍ഡ് ആണ്. 2023 - 24 കാലഘട്ടത്തില്‍ ന്യൂസിലാന്‍ഡ് വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന താത്പര്യം വെറും 6 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്ന് അത് 2900 % ആയാണ് വളര്‍ന്നിരിക്കുന്നത്. 2024 ജനുവരിക്കും ആഗസ്റ്റിനും ഇടയിലായി ന്യൂസിലാന്‍ഡില്‍ റെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ലെ മുഴവുന്‍ കണക്കെടുത്താല്‍ 7,930 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ന്യൂസിലാന്‍ഡില്‍ പഠിക്കാന്‍ എത്തിയതെങ്കില്‍, 2024 ലെ എട്ടു മാസക്കാലയളവില്‍ തന്നെ 10,640 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെയെത്തി.

യൂണിവേഴ്സിറ്റി എന്റോള്‍മെന്റുകളില്‍ ഉണ്ടായത് 64 ശതമാനം വര്‍ദ്ധനവായിരുന്നു. ഇത് കാണിക്കുന്നത്, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യം വര്‍ദ്ധിച്ചു വരുന്നു എന്ന് തന്നെയാണ്. ഇവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2024 ല്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും പൂര്‍ണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ 92 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. വ്യക്തമായ നിയമങ്ങളും, ക്രമമായി രേഖപ്പെടുത്തുന്ന പുരോഗതിയുമെല്ലാം ന്യൂസിലാന്‍ഡില്‍ സുസ്ഥിരമായ ഒരു അന്തരീക്ഷം ഉറപ്പു വരുത്തുന്നു എന്നതും വിദ്യാര്‍ത്ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

ഒരുകാലത്ത് ലോകത്തിന്റെ വിദ്യാഭ്യാസ ഹബ്ബ് പാശ്ചാത്യ രാജ്യങ്ങളായിരുന്നെങ്കില്‍, അവയെയെല്ലാം ഞെട്ടിച്ചുകൊണ്ട്, തികച്ചും അപ്രതീക്ഷിതമായി വിദ്യാഭാസ മേഖലയിലേക്ക് കടന്നു വന്ന് ശക്തിയായി മാറിയ ഒരു ഏഷ്യന്‍ രാജ്യമുണ്ട്, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ്. ഇവിടവും ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള പ്രധാനപ്പെട്ട ഒരു ഹബ്ബായി മാറിയിരിക്കുകയാണ്. ദുബായ് പോലുള്ള നഗരങ്ങളില്‍, ഇന്ത്യക്കാര്‍ക്ക് അപരിചിതത്വം അനുഭവപ്പെടുകയില്ല എന്നതാണ് യു എ ഇയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. 2024 -25 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഇവിടെയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം തൊട്ട് മുന്‍പത്തെ വര്‍ഷത്തിന്റേതിന് 55 ഇരട്ടിയായിരുന്നു എന്നതാണ് വസ്തുത.

പരമ്പരാഗതമായി വിദേശ വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്ന അമേരിക്കയും, യു കെയും, കാനഡയും, ആസ്‌ട്രേലിയയുമൊക്കെ നിയമങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വലിപ്പം കണ്ടറിഞ്ഞ് കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോള്‍ അവരെ ആകര്‍ഷിക്കാന്‍ മുന്നോട്ട് വരികയാണ്.