ലണ്ടന്‍: യു കെയിലെ വിദേശ കെയറര്‍മാരുടെ ജീവിത ദുരിതങ്ങള്‍ക്കും, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഉദാഹരണമാണ് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വംശജയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ഇത് പറയുന്നത് മാധ്യമങ്ങളല്ല, ബ്രിട്ടനിലെ ഒരു കോടതിയാണ്. 31 കാരിയായ റോന്‍ഡാ മൈസ്റ്റീഷിന്റെ ആത്മഹത്യാ ശ്രമത്തെ കുറിച്ചാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. 2021 ല്‍ ആയിരുന്നു ഇവര്‍ യു കെയില്‍ എത്തിയത്.

വിസാ കാലാവധി തീരാറായി എന്നത് സംബന്ധിച്ച് ഹോം ഓഫീസിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇവരുടെ മാനസിക നില തെറ്റിയത്. സൗത്താംപ്ടണിലെ കോബ്ഡാന്‍ പാലത്തിന് സമീപത്തുള്ള ഇച്ചെന്‍ നദിയിലായിരുന്നു ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 26 ന് നദിയിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഇവര്‍ രണ്ട് കുഞ്ഞുങ്ങളുമായി ഇറങ്ങിപ്പോകുന്നത് കണ്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വഴിയാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.

വഴിയാത്രക്കാരില്‍ ഒരാള്‍ യുവതിക്ക് സമീപം നീന്തിയടുത്തപ്പോള്‍ കുഞ്ഞുങ്ങളെ അയാള്‍ക്ക് കൈമാറാന്‍ യുവതി തയ്യാറായി. എന്നാല്‍ തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് അവര്‍ അയാളോട് പറഞ്ഞു. ആ സമയം നദിയിലൂടെ സഞ്ചരിച്ചിരുന്ന ഒരു ബോട്ടിലെ യാത്രക്കാര്‍, ഇവര്‍ക്ക് സമീപം ബോട്ടിലെത്തി പറഞ്ഞ് സമാധാനിപ്പിച്ച് ബോട്ടില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ, ചികിത്സ പൂര്‍ത്തിയായതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിസയുടെ കാലാവധി തീരുന്നതിനാല്‍ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രണ്ടര വര്‍ഷത്തെ വിസയിലാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. അത് അവസാനിക്കാറായതോടെ, സ്പോണ്‍സര്‍ഷിപ്പ് പുതുക്കാന്‍ 20,000 പൗണ്ട് തൊഴിലുടമ ആവശ്യപ്പെടുകയായിരുന്നത്രെ. പണം നല്‍കിയില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും തൊഴിലുടമ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 23 ന് ഹോം ഓഫീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെയാണ് വിസ റദ്ദ് ചെയ്ത വിവരം ഇവര്‍ അറിയുന്നത്. ഇതോടെയാണ് ഇവരുടെ മാനസിക നില തകരുന്നതും ആത്മഹത്യാശ്രമം നടത്തുന്നതും.

ആത്മഹത്യാ ശ്രമം കുറ്റകരമാണെങ്കിലും ഇവരെ ജയിലിലേക്ക് അയയ്ക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ് വിസകള്‍ക്കായി പണം നല്‍കുന്നതിനുള്ള സമ്മര്‍ദ്ധങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം എന്നും ജഡ്ജി പറഞ്ഞു.