ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ലോകത്തിലെ പ്രധാന രാജ്യങ്ങളില്‍ വെച്ച് ഏറ്റവുമധികം കുടിയേറ്റം നടന്നത് ബ്രിട്ടനിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവെലപ്‌മെന്റ് (ഒ ഇ സി ഡി) യുടെ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ദീര്‍ഘകാലത്തേക്കുള്ള കുടിയേറ്റത്തില്‍ ഉണ്ടായത് 53 ശതമാനത്തിന്റെ വര്‍ദ്ധനവാണ്, അതായത് ഏകദേശം 7.5 ലക്ഷം പേര്‍. ഇത് ഒരു റെക്കോര്‍ഡ് ആണ്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതിനെ അപേക്ഷിക്കുമ്പോള്‍ ഇത് വളരെ കൂടുതലാണെന്ന് മാത്രമല്ല, അമേരിക്കയില്‍ കണ്ട 13.4 ശതമാനത്തിനേക്കാള്‍ വളരെ ഉയരത്തിലുമാണ്. എന്നിരുന്നാലും, അമേരിക്ക തന്നെയാണ് കുടിയേറ്റ സംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും മുന്നിലുള്ളത്. 2006 മുതല്‍ ദീര്‍ഘകാല കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ പ്രതിവര്‍ഷം 12 ലക്ഷം പേരോളമാണ് എത്തുന്നത്. അംഗരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒ ഇ സി ഡി സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. സാധ്യമായത്ര ഏകതാന സ്വഭാവം കൊണ്ടുവരുന്നതിനാണിത്.

തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍, ആശ്രിത വിസയിലെത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും, അതുപോലെ അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള വിവിധ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവകാശപ്പെടുന്നു. പുതിയ സര്‍ക്കാര്‍ എടുത്തു കളഞ്ഞ റുവാണ്ടന്‍ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. നെറ്റ് ഇമിഗ്രേഷന്‍ കുറച്ചു കൊണ്ടുവരുന്നതില്‍ താന്‍ അലംഭാവം കാണിക്കില്ലെന്നായിരുന്നു സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രതികരണം. എന്നാല്‍, അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ കാണിക്കുന്നത് നെറ്റ് ഇമിഗ്രേഷന്‍ ഇപ്പോഴും കൂടുതലായി തന്നെ തുടരുന്നു എന്നാണ്.

2023 ല്‍ മൊത്തം 65 ലക്ഷത്തോളം പേരാണ് ജന്മനാട് ഉപേക്ഷിച്ച് ദീര്‍ഘനാള്‍ താമസിക്കുവാനായി വിദേശ രാജ്യങ്ങളിലെക്ക് തിരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. 2019 നെ അപേക്ഷിച്ച് നോക്കിയാല്‍ 28 ശതമാനവും. 2023 ല്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ലിസ്റ്റില്‍ രണ്ടാം സ്ഥനത്ത് എത്തിയത്. 2012 മുതല്‍ ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ജര്‍മ്മനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, കാനഡ നാലാം സ്ഥാനത്തും സ്പെയിന്‍ അഞ്ചാം സ്ഥാനത്തും എത്തി.