- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾ ഊരാക്കുടുക്കിൽ; കോഴ്‌സുകളിൽ കൂട്ടത്തോൽവി; ക്ലാസിൽ നൂറു ശതമാനം ഹാജർ; സെമസ്റ്റർ പരീക്ഷകളിലും വിജയം; അവസാനം ഡെസേർട്ടേഷനിൽ പൊട്ടി; നാട്ടിലേക്കു മടക്കം കടലാസ് വിലയില്ലാത്ത പോസ്റ്റ് ഗ്രാജേഷൻ ഡിപ്ലോമയുമായി: ബാംഗോർ, ആൾസ്ടർ, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റികളിൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
ലണ്ടൻ: മികച്ച പഠനവും ജോലിയും. സാധിച്ചാൽ സന്തോഷ പൂർണമായ ഭാവി ജീവിതവും. യുകെയിലേക്കു വിമാനം കയറുന്ന ഓരോ മലയാളി വിദ്യാർത്ഥിയുടെയും മനസിൽ വിമാനം ടേക്ക് ഓഫ് ചെയ്യും മുൻപേ തന്നെ ഈ ആഗ്രഹങ്ങളും ഏറ്റവും ഉയർത്തിലെത്തിയിരിക്കും. യുകെയിലെ യാഥാർത്ഥ്യം എന്തെന്ന് അന്ധൻ ആനയെ കണ്ടത് പോലെയുള്ള ചിന്തയുമായാണ് ഭൂരിഭാഗം പേരും വിമാനമിറങ്ങുന്നതും. ആദ്യ ആഴ്ചകളിലെ അമ്പരപ്പ് പിന്നിട്ടാൽ അടയ്ക്കാൻ ബാക്കിയായ യൂണിവേഴ്‌സിറ്റി ഫീസും മാസം തോറും അടയ്‌ക്കേണ്ട വമ്പൻ വീട്ടുവാടകയും ഭക്ഷണ ചിലവും ഒക്കെയോർത്തു പഠിക്കാൻ വന്നതാന്നെന്ന കാര്യം പോലും മറന്നു പോകുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയാണ് നല്ല പങ്കു വിദ്യാർത്ഥികളും.
യുകെയിൽ എത്തിപ്പെട്ടാൽ പിന്നെ സകലതും ഈസി ആണെന്ന് കോളേജുകൾ വന്നു ക്യാൻവാസ് ചെയ്തു പോയ സ്റ്റുഡന്റ് വിസ ഏജൻസിക്കാർ പറഞ്ഞ യുകെയെവിടെ, തങ്ങൾ നേരിൽ കാണുന്ന യുകെയെവിടെ എന്ന ചിന്തയിലേക്ക് ആദ്യ ആഴ്ചകളിൽ തന്നെ ഓരോ വിദ്യാർത്ഥിയും എത്തിച്ചേരുകയാണ്. മുഴുവൻ കോഴ്സ് ഫീസും കേരളത്തിൽ നിന്നും അടച്ച ശേഷം എത്തുന്നവർ പോലും ജീവിത ചെലവിനും വാടക നൽകാനും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഒരു സെമസ്റ്റർ ഫീസ് മാത്രം അടച്ചെത്തുന്ന വിദ്യാർത്ഥികളുടെ കാര്യം ആർക്കും ഊഹിക്കാം. ശരാശരി 20000 പൗണ്ട് ഫീസ് വരുന്ന കോഴ്‌സുകളിൽ 4000 പൗണ്ടിന്റെ ആദ്യ ഗഡു അടച്ച ശേഷം അവശേഷിക്കുന്ന 16000 പൗണ്ടിന് എവിടെ പോകും എന്ന ചിന്തയിൽ ഊണും ഉറക്കവും നഷ്ടപ്പെടുന്നവരാണ് വിദ്യാർത്ഥി വിസയിൽ എത്തുന്നതിൽ നല്ല ശതമാനവും. ഇതിനിടയിൽ പഠിത്തം കാലിടറിയാൽ അവരെ എങ്ങനെ കുറ്റം പറയാനാകും?
മിടുക്കർ പാസാകും, ജോലിയും ലഭിക്കും, ഒപ്പം സമൂഹത്തിൽ അംഗീകാരവും
വിദ്യാർത്ഥി വിസയിൽ എത്തുന്നവരെ കുറിച്ച് മോശമായി വാർത്ത ചെയ്യുകയാണ് ബ്രിട്ടീഷ് മലയാളിയുടെ പതിവെന്ന ആക്ഷേപം സ്ഥിരമായി വാർത്ത മുറിയിൽ എത്തുന്നതാണ്. എന്നാൽ മോശം കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ മാധ്യമ വാർത്ത ആകുക സ്വാഭാവികമാണ്. എന്നാൽ മിടുക്കരായി പഠിക്കാൻ എത്തി കോഴ്‌സുകൾ മികച്ച സ്‌കോറിൽ പാസായി കാമ്പസ് സെലക്ഷൻ ലഭിച്ചു യുകെയിൽ തന്നെ ജോലിയും ജീവിതം ആരംഭിച്ച അനേകായിരം വിദ്യാർത്ഥികൾ ഇപ്പോൾ യുകെ മലയാളികൾക്കിടയിലുണ്ട്.
കേംബ്രിഡ്ജിൽ പഠിക്കാൻ എത്തിയ ഡോ. നികിത ഹരി ഇത്തരത്തിൽ ശ്രദ്ധ നേടി ഒടുവിൽ അതേ കാമ്പസിൽ അദ്ധ്യാപികയായി മാറിയതോടെ ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ പുരസ്‌കാരത്തിൽ പോലും എത്തിയ വിദ്യാർത്ഥിനിയാണ്. എഡിൻബറോയിലെ ഡോ. ശ്യാമിനെ പോലുള്ള ഗവേഷകർ ഒരിക്കൽ മലയാളി വിദ്യാർത്ഥി എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ലോക കേരള സഭ അംഗമായ അഡ്വ. ദിലീപും കൗൺസിലറായ ബൈജു തിട്ടാലയും കൗൺസിലറും എൻഎച്ച്എസ് മാനേജരുമായ ഷെറിൻ തമ്പിയുമൊക്കെ ഒരു കാലത്തെ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. നീണ്ട കാലത്തേ വിദ്യാർത്ഥി ജീവിതത്തിന്റെ അസ്ഥിരതയ്ക്ക് ശേഷം ഒടുവിൽ ബിബിസിയിൽ ടെക്നോളജിസ്റ്റായി അടുത്തിടെ ജോലി നേടിയ ദീപ അഖിലും മലയാളി വിദ്യാർത്ഥികൾക്ക് മുന്നിലെത്തുന്ന ഏറ്റവും വലിയ മോട്ടിവേഷനായി വിലയിരുത്തപ്പെടുകയാണ്.
ആദിവാസി മേഖലയിൽ നിന്നും എത്തി മികച്ച വിജയം സ്വന്തമാക്കി നാട്ടിലേക്കു പറന്ന ബിനേഷ് ബാലൻ, മൈക്കേൽ, വരുൺ എന്നിവരൊക്കെ ഇത്തരത്തിൽ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കാനാകുന്ന പേരുകളാണ്. ഇവരൊക്കെ പഠിക്കാൻ വരുകയും പഠിച്ചു മിടുക്കരാകുകയും ചെയ്തു എന്നതാണ് പ്രത്യേകത. ഭാഗ്യത്തിന്റെ തോളിലേറിയല്ല ഇവരാരും വിജയങ്ങൾ കൊയ്തെടുത്തതും അക്കാദമിക് പരീക്ഷകൾ മികച്ച നിലയിൽ പാസായതും. ഇത്തരത്തിൽ പേരെടുത്തു പറയാനാകുന്ന പ്രശസ്തരുടെ എണ്ണം നൂറു കണക്കിനുണ്ട്. ഓരോ വർഷവും എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ വളരെ ചുരുക്കം പേർക്കേ ഇത്തരത്തിൽ ഉയർന്നു പറക്കാനാകൂ എന്നതാണ് യുകെ സ്റ്റഡി എന്ന മോഹത്തിന്റെ ബാക്കി പത്രം.
തോൽവി സ്വാഭാവികം, നാട്ടിൽ പറയാൻ വംശീയത കാരണവും
പഠന സമയത്ത് അധിക മണിക്കൂർ ജോലി ചെയ്തു ശ്രദ്ധ പോകരുത് എന്ന് യുകെയിൽ എത്തുന്ന ഓരോ മലയാളി വിദ്യാർത്ഥിയോടും യുകെ മലയാളികൾ തുടർച്ചയായി നൽകുന്ന ഉപദേശമാണ്. എന്നാൽ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്താൽ ചെലവിനുള്ള കാശു പോലും കിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ഓൺ ലൈൻ പരാതിയുമായി 30 മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതിനിടയിൽ എപ്പോൾ ക്ലാസിൽ പോകും, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളിലും ഗ്രാജുവേഷൻ കോഴ്‌സുകളിലും ലഭിക്കുന്ന വർക്കുകൾ എപ്പോൾ സബ്മിറ്റ് ചെയ്യാനാകും എന്ന ചോദ്യത്തിന് ഒക്കെ കാശു കൊടുത്തു ചെയ്യിപ്പിക്കാൻ മാർഗമുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റിയിൽ കാല് കുത്തുന്ന നിമിഷം മുതൽ ഓരോ വിദ്യാർത്ഥിയും കേൾക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തി കോഴ്സ് പൂർത്തിയാക്കാൻ പോലും പറ്റാതെ പോയ ചില മിടുക്കന്മാർ അടക്കമുള്ള ''പഴയ വിദ്യാർത്ഥികൾ'' ചേർന്ന് രൂപം നൽകിയ ഒന്നിലേറെ കമ്പനികളാണ് ഇപ്പോൾ 400 മുതൽ 1000 പൗണ്ട് വരെ ഫീസ് വാങ്ങി കോഴ്സ് വർക്കുകൾ വിദ്യാർത്ഥികൾക്ക് ചെയ്തു കൊടുക്കുന്നത്. ഇത്തരം വർക്കുകളിൽ ഒരേ ഫോർമാറ്റ് സ്വാഭാവികമായതിൽ തീർച്ചയായും കോപ്പിയടി എന്നറിയപ്പെടുന്ന പ്ലാഗാരിസത്തിനു പിടിക്കപ്പെടുകയും ചെയ്യും.
സാധാരണ നിലയിൽ പിടിക്കപ്പെട്ടാൽ കോഴ്സ് തുടരാൻ പോലും അനുവദിക്കാത്ത നിലപാടാണ് പല യൂണിവേഴ്സിറ്റികളും സ്വീകരിക്കുക. കോഴ്സ് പൂർത്തിയാകാത്തവർക്കു പോസ്റ്റ് സ്റ്റഡി വിസ ലഭിക്കാതാകുകയും കടലാസ്സ് വിലയില്ലാത്ത സമാശ്വാസമായി കിട്ടുന്ന പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ എന്ന സർട്ടിഫിക്കറ്റുമായി നാട്ടിലേക്കു വിമാനം കയറേണ്ടി വരുകയാണ് പതിവ്. ലക്ഷക്കണക്കിന് രൂപ ഒന്നോ രണ്ടോ വർഷം കൊണ്ട് പൊടിച്ചു കളയുന്നവർ നാട്ടിൽ എത്തി സായിപ്പ് വംശീയത മൂലം തോൽപ്പിച്ചെന്നു കള്ളം പറയുകയും ചെയ്യും. നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ രാപ്പകൽ ജോലി ചെയ്തു 5000 മുതൽ 8000 വരെ പൗണ്ട് മുടക്കി ശേഷ ജീവിതം ഏതെങ്കിലും കെയർ ഹോമിൽ തളച്ചിടാൻ നിര്ബന്ധിതർ ആകുകയും ചെയ്യും.
മിക്കവാറും യൂണിവേഴ്‌സിറ്റികളിൽ കൂട്ടത്തോൽവി
പുതിയ ഇൻ ടേക്കിൽ വിദ്യാർത്ഥികൾ എത്തുമ്പോളാണ് മുൻ വർഷങ്ങളിൽ അഡ്‌മിഷൻ എടുത്തവരെ കുറിച്ചുള്ള കൂട്ടത്തോൽവിയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ആദ്യ കൂട്ടത്തോൽവി ഈ വര്ഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. പ്ലാഗരിസം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 200 ഓളം വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളിലായത്. ഈസ്റ്റ് ഹാം കേന്ദ്രമാക്കിയുള്ള വിദ്യാർത്ഥി നെറ്റ്‌വർക്ക് തന്നെയാണ് ഈ വിദ്യാർത്ഥികളെയും വലയിലാക്കിയത്.
ഒടുവിൽ ഒരു അധിക മൊഡ്യൂൾ പഠിക്കാൻ നൽകി സ്വന്തമായി ചെയ്ത ഡെസേർട്ടിഷൻ സമർപ്പിക്കാൻ സാവകാശവും സൗജന്യവും നൽകിയാണ് യൂണിവേഴ്‌സിറ്റി ഈ മലയാളി വിദ്യാർത്ഥികളോട് കരുണ കാട്ടിയത്. സാധാരണ നിലയിൽ കോഴ്സ് തുടരാൻ അനുവദിക്കേണ്ട കാര്യം പോലുമില്ലാത്ത കുറ്റമാണ് വിദ്യാർത്ഥിക്കൂട്ടം ചെയ്തത്. ഇക്കൂട്ടത്തിൽ പെട്ട വിദ്യാർത്ഥികളിൽ മിക്കവരും സാധാരണ കോഴ്‌സുകൾ ചെയ്യാൻ എത്തിയവരാണ്. എന്നാൽ കോഴ്‌സിനിടയ്ക്ക് ശ്രദ്ധ പാർട്ട് ടൈം ജോലിയിലേക്കും അധിക സമയ ജോലിയിലേക്കുമായപ്പോൾ പഠനം ഉഴപ്പി എന്നതാണ് വാസ്തവം.
അയർലണ്ടിലെ അൾസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡി വിദ്യാർത്ഥികൾ കൂട്ടത്തോൽവി നേരിട്ട് എന്നാണ് സുലഭ ജയലാൽ (യഥാർത്ഥ പേരല്ല) എന്ന മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പരിഭവവുമായി എത്തിയത്. യൂണിവേഴ്‌സിറ്റിയുടെ പേര് പറയാതെ ഇട്ട കുറിപ്പിൽ അനേകം യുകെ മലയാളികൾ അത്തരം വംശീയത ഒന്നും ഒരു യുകെ യൂണിവേഴ്‌സിറ്റിയിലും സംഭവിക്കില്ല, മാത്രമല്ല കംപ്യുട്ടർ സോഫ്ട്വെയറിൽ പരീക്ഷ ജോലികൾ പൂർത്തിയാകുമ്പോൾ മലയാളി വിദ്യാർത്ഥികളോട് മാത്രം എങ്ങനെ വംശീയത ആരോപണം ഉണ്ടാകും എന്ന ചോദ്യത്തിനും സുലഭക്ക് മറുപടിയില്ല.
തന്നോട് വിദ്യാർത്ഥികൾ പരാതിപ്പെട്ടതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിഷയം എത്തിച്ചത് എന്നാണ് സുലഭ പ്രതികരിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റി കംപ്ലയിന്റ് അഥോറിറ്റിക്കും സ്ഥലം എംപിക്കും പരാതി നൽകാനുള്ള വിവരങ്ങൾ പോസ്റ്റിൽ മറുപടി ആയി ലഭിച്ചതോടെ പരാതിക്കൊന്നും പോകുന്നില്ല, വിദ്യാർത്ഥികൾക്ക് പേടിയാണ് എന്നൊക്കെ തുടർ ന്യായങ്ങളും എത്തി. സ്വന്തം ഭാഗം ശരിയാണെങ്കിൽ യുകെയിൽ പരാതിപ്പെടാൻ ആർക്കും അവകാശം ഉണ്ടെന്നതാണ് സുലഭയെ മറുപടിയിട്ട പലരും ഓർമ്മിപ്പിച്ചത്.
ഡെസേർട്ടിഷൻ സ്വന്തമായി തയ്യാറാക്കിയാൽ മാത്രം വിജയിക്കുമോ?
ഏറ്റവും ഒടുവിൽ കൂട്ടത്തോൽവി വാർത്ത വരുന്നത് ബാങ്കോർ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. നൂറു ശതമാനം ഹാജർ, സെമസ്റ്ററുകളിൽ മികച്ച വിജയം, ഒടുവിൽ സ്വന്തമായി ചെയ്ത ഡെസേർട്ടേഷനിൽ പൊട്ടി. അതോടെ പ്ലഗ്രിസം അല്ലല്ലോ എന്ന വാദവും. ഇത് തോൽപ്പിച്ചത് അല്ലെങ്കിൽ മറ്റെന്ത് എന്നാണ് ഇപ്പോൾ ചോദ്യം. എന്നാൽ സ്വന്തമായി ഡെസേർട്ടിഷൻ തയ്യാറാക്കി എന്നതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിയും കോഴ്സ് പാസാകുന്നില്ല എന്നതാണ് ഓരോ വിദ്യാർത്ഥിയും ബാംഗോർ അനുഭവത്തിൽ പഠിക്കേണ്ടത്.
ഡെസേർട്ടഷനിൽ വേർഡ് കൗണ്ട് മാത്രം നോക്കി വല്ലതുമൊക്കെ എഴുതി പിടിപ്പിച്ചാലും ആരും ജയിക്കില്ല. ഡെസേർട്ടഷൻ സമർപ്പിക്കും മുൻപ് കോഴ്സ് ഡയറക്ടർ, കോഴ്സ് പ്രൊഫസർ എന്നിവരുമൊക്കെയായി കൂടിയാലോചനക്ക് ആവശ്യത്തിന് സമയം അനുവദിക്കാറുണ്ട്. ഇത്തരം ചർച്ചകളിൽ ഓരോ പ്രൊഫസറും വിദ്യാർത്ഥികളോട് കൃത്യമായി അത് പാസാകുമോ ഇല്ലയോ എന്ന് വിവരിക്കാറുമുണ്ട്.
എന്നാൽ ഇതിനൊന്നും സമയം കണ്ടെത്താനാകാതെ അവസാന നിമിഷം മികച്ച ആത്മവിശ്വാസത്തോടെ സ്വന്തം തയ്യാറാക്കിയ ഡെസേർട്ടിഷൻ സബ്മിറ്റ് ചെയ്താൽ തോൽവിക്ക് നല്ല സാധ്യത നിലനിൽക്കുന്നു എന്നതാണ് യുകെയിൽ പഠിക്കുന്നവരും പഠിക്കാൻ എത്തുന്നവരും തിരിച്ചറിയേണ്ടത്. തോൽക്കാൻ സാധ്യതയുള്ള ഡെസേർട്ടേഷനും കോഴ്സ് വർക്കും മികച്ചതാക്കാൻ മിക്ക പ്രൊഫസർമാരും സമയം കണ്ടെത്താറുണ്ട്, സഹായിക്കാറുണ്ട് എന്നതാണ് മികച്ച നിലയിൽ കോഴ്‌സുകൾ പാസായവർ പങ്കിടുന്ന അനുഭവം.
മാത്രമല്ല കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീഡ് ബാക്കിൽ എവിടെയാണ് സ്‌കോർ പോയത്. എവിടെയാണ് വീഴ്ച പറ്റിയത് എന്നതൊക്കെ കൃത്യമായി ഓരോ യൂണിവേഴ്‌സിറ്റിയും വിശദീകരിക്കാറുമുണ്ട്. ഇതിനിടയിൽ എവിടെയാണ് വംശീയത ആരോപിക്കാൻ സ്‌കോപ് കണ്ടെത്തുക? ചുരുക്കത്തിൽ പഠിക്കാൻ എത്തുന്നവർ പഠിക്കാനും കോഴ്‌സിനോടും യൂണിവേഴ്സിറ്റിയോടും ആത്മാർത്ഥത കാണിക്കാൻ തയ്യാറായാൽ ഇത്തരം പരിഭവങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇട നൽകാതെ യുകെയിൽ തന്നെ മികച്ച ഭാവി ജീവിതം കണ്ടെത്താനാകും എന്നതാണ് യുകെയിൽ ഇത്തരത്തിൽ ജീവിതം കണ്ടെത്തിയവരുടെ അനുഭവം വെളിപ്പെടുത്തുന്ന നേർസാക്ഷ്യവും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.