- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പിടിയില്ലെന്നു കണ്ടെത്തല്‍; വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് 3500 ഏജന്റുമാരുടെ കളി മാത്രമെന്നു ബിബിസി; വ്യാജ വിദ്യാര്‍ത്ഥി സംഭാവനയില് മലയാളികളും
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ കൊഴിയുന്നതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്ത ഇന്ത്യയിലേക്ക് കണ്ണും നട്ട് യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ പരക്കം പായുന്നതിനിടെ ഹേറ്റ് ക്യാമ്പയിന് തുല്യമായ റിപ്പോര്‍ട്ടുമായി ബിബിസി രംഗത്ത്. യുകെയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലെന്നു കാടടച്ചു വെടിവയ്ക്കുകയാണ് ബിബിസി.
ബ്രിട്ടീഷ് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും തെറ്റല്ലെങ്കില്‍ കൂടി യോഗ്യതകളില്‍ ഇളവ് നല്‍കിയും ഐഇഎല്‍ടിഎസ് നിബന്ധന പോലും ഇല്ലാതെ വിദ്യാര്‍ത്ഥികളെ ക്ഷണിച്ചു വരുത്തുന്നതും വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന സര്‍വകലാശാലകള്‍ ആണെന്ന കാര്യം മറന്ന വിധമാണ് ബിബിസിയുടെ വെളിപ്പെടുത്തല്‍. കോവിഡിന് ശേഷം പല രാജ്യങ്ങളിലും ചെറുപ്പക്കാര്‍ക്ക് അവസരം കുറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി വിസകള്‍ സംഘടിപ്പിച്ചു മറ്റു രാജ്യങ്ങളില്‍ കുടിയേറാനുള്ള ട്രെന്‍ഡ് ആരംഭിച്ചതാണ് യുകെ യൂണിവേഴ്സിറ്റികളിലേക്കും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നൈജീരിയന്‍ വിദ്യാര്‍ത്ഥികളും ഒക്കെ ഒഴുകി എത്തിയത്.
ബിബിസി ആക്ഷേപത്തില്‍ മലയാളികളും കാരണക്കാര്‍ തന്നെ
ഈ വിദ്യാര്‍ഥികള്‍ പഠനം കാര്യമായി എടുക്കാതെ കെയറര്‍ അടക്കമുള്ള തൊഴില്‍ വിസകളിലേക്ക് മാറിയതോടെ കുടിയേറ്റ നിരക്ക് കുതിച്ചുയര്‍ന്നതും ഒടുവില്‍ ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ യുകെയില്‍ എത്താതിരിക്കാന്‍ ബ്രിട്ടന്‍ കുടിയേറ്റ നിയമം കര്‍ശനമാക്കിയതും ഈ വര്‍ഷം തുടക്കത്തിലാണ്. കുടിയേറ്റം ലക്ഷ്യമാക്കി എത്തിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും നിശ്ചിത യോഗ്യതകള്‍ ഇല്ലാതിരുന്നു എന്ന ആരോപണം വാസ്തവവുമാണ്. ഇത്തരത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി പഠനത്തിന്റെ ഭാഗമായുള്ള അസൈന്‍മെന്റുകള്‍ അടക്കം പണം നല്‍കി ചെയ്യിച്ചിരുന്നതും പരസ്യമായ രഹസ്യമാണ്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോലും ഇത്തരം പരസ്യങ്ങള്‍ എത്തിയിരുന്നു. മലയാളി ചെറുപ്പക്കാരും ഇത്തരം അനധികൃത ഏര്‍പ്പാടില്‍ സജീവമായതോടെ നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ കുറുക്കു വഴികളിലൂടെ യുകെ ബിരുദം നേടിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ നിയമക്കുരുക്കില്‍ ഉള്‍പെട്ടപ്പോള്‍ ഇടതു പക്ഷ ആഭിമുഖ്യമുള്ള മലയാളി സംഘടനാ പരാതിയുമായി പോലും എത്തിയതും ബിബിസി റിപ്പോര്‍ട്ടുമായി ചേര്‍ത്ത് വച്ച് വായിക്കണം.
കോപ്പിയടി തടയാനുള്ള സോഫ്റ്റ്വെയറുകളില്‍ കുടുങ്ങുന്ന ഇത്തരം വിദ്യാര്‍ത്ഥികള്‍ ഇരവാദം മുഴക്കിയാണ് പലപ്പോഴും രംഗത്ത് എത്തുക. പ്ലഗ്രിസം എന്നറിയപ്പെടുന്ന കോപ്പിയടി പിടികൂടാന്‍ നിരവധി മാര്‍ഗങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ തേടുമ്പോള്‍ അതിനെയൊക്കെ മറികടക്കാന്‍ ഉള്ള വഴികളും യുകെയില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം തേടാറുണ്ട് എന്നതാണ് വാസ്തവം. ചുരുക്കത്തില്‍ ഇപ്പോള്‍ ബിബിസി ഉയര്‍ത്തിയ ആക്ഷേപത്തിന് മലയാളി വിദ്യാര്‍ത്ഥികളും മോശമല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ടെന്ന് ചുരുക്കം.
വിദേശ വിദ്യാര്‍ത്ഥികള്‍ ട്രെന്റിനൊപ്പം ചാടിയിറങ്ങുമ്പോള്‍ വെല്ലുവിളികളും ഏറെ
പ്ലസ് ടു വിദ്യാഭ്യസം കഴിയുമ്പോള്‍ തന്നെ യുകെയിലും കാനഡയിലും തുടര്‍ വിദ്യാഭ്യാസം എന്ന് തീരുമാനിക്കുന്ന ശരാശരി യോഗ്യതക്കാരായ വിദ്യാര്‍ത്ഥികള്‍ പോലും തീരുമാനിക്കുന്നിടത്താണ് ബിബിസി കണ്ടെത്തുന്ന ആക്ഷേപം ശരിയായി മാറുന്നത്. ഇംഗ്ലീഷില്‍ ഉള്ള പ്രാഥമിക യോഗ്യത കുറവ് യുകെയില്‍ എത്തിക്കഴിയുമ്പോള്‍ തുടര്‍ പഠനത്തെ ബാധിക്കും എന്ന കാര്യം ഒന്നുകില്‍ മനപ്പൂര്‍വം മറന്നു പോകുന്നതോ പഠനമൊക്കെ പിന്‍വാതില്‍ വഴി സാധ്യമാക്കാം എന്ന് മുന്‍പേ എത്തിയവര്‍ നല്‍കുന്ന ഉപദേശമോ ഒക്കെ ചേര്‍ന്നാണ് യുകെ പഠനത്തിന് അര്‍ഹരല്ലാത്ത വിദ്യാര്‍ത്ഥികളെ പോലും ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ എത്തിക്കുന്നത്. ആദ്യ മാസങ്ങളില്‍ ക്ലാസുകളില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ അധ്യാപകര്‍ എടുക്കുന്ന ക്ലാസുകള്‍ ഒന്നും മനസിലാകാതെ വരുമ്പോള്‍ കോഴ്സ് അസൈന്‍മെന്റ് എന്ന വാഗ്ദാനം മുന്നിലെത്തും.
കനത്ത ഫീസ് നല്‍കിയ ശേഷം കോഴ്‌സില്‍ ഇടറി വീഴാതിരിക്കാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തും ഇടനിലക്കാര്‍ ചോദിക്കുന്ന പണം നല്‍കി വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സേവനം ഉറപ്പാക്കും. ഇതാണ് ഈ രംഗത്തെ പൊതു രീതി. പഠനത്തില്‍ മിടുക്കരായ വിദേശ വിദ്യാര്‍ത്ഥികളെ ഇത്തരം വ്യാജ കച്ചവടത്തില്‍ ഇരകളാക്കാന്‍ സാധിക്കാറുമില്ല എന്നതും വസ്തുതയാണ്.
യുകെയില്‍ ഇത് ക്രിമിനല്‍ കുറ്റമാണ് എങ്കിലും കാര്യമായ നിയമ നടപടികള്‍ ഈ രംഗത്ത് സ്വീകരിക്കപ്പെടുന്നില്ല എന്നും ബിബിസി പറയുമ്പോള്‍ അധികാരികള്‍ മൊത്തത്തില്‍ ഈ വിഷയത്തില്‍ കണ്ണടയ്ക്കുന്നു എന്ന കുറ്റപ്പെടുത്തല്‍ തന്നെയാണ് പൊതുസമൂഹത്തിലേക്ക് എത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി രംഗത്ത് വന്നതോടെ യൂണിവേഴ്സിറ്റികളുടെ കോപ്പിയടി തടയല്‍ സമ്പ്രദായം തന്നെ കാലഹരണപ്പെടുകയാണ് എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. പരീക്ഷകള്‍ക്ക് പകരം അസൈന്‍മെന്റുകള്‍ എത്തിയതാണ് നിലവാരം ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ എന്‍ട്രികള്‍ക്ക് കാരണമായത് എന്ന വാദവും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.
യുകെയില്‍ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ വേണ്ടത്ര ഗൗരവം കൊടുക്കാത്തതും കലഹരണപ്പെടുന്നതിനു തുല്യമായ കോഴ്‌സുകളിലും ഒക്കെ വിദേശ വിദ്യാര്‍ത്ഥികള്‍ കൊത്തുമ്പോള്‍ അവരുടെ കുറവുകള്‍ കനത്ത ഫീസ് എന്ന യോഗ്യതയായി മാറുമ്പോള്‍ യൂണിവേഴ്സിറ്റികളും കണ്ണടയ്ക്കുകയാണ്. ഇങ്ങനെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വളഞ്ഞ വഴികളില്‍ കോഴ്സ് ആവശ്യപെടുന്ന അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതും വാസ്തവമാണ്. മുന്‍ നിര യൂണിവേഴ്സിറ്റികളില്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതിനാല്‍ വിദ്യാഭ്യാസ വിദഗ്ധരും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നില്ല.
കാരണം അണ്ടര്‍ റേറ്റഡ് യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം യുകെയില്‍ അനുബന്ധ തൊഴില്‍ മേഖലകളില്‍ എത്തിപ്പെടാനുള്ള സാധ്യതകളും വിരളമാണ്. അതിനാല്‍ ഇത്തരം വിദ്യാര്‍ഥികള്‍ വളഞ്ഞ വഴികളില്‍ യോഗ്യത കരസ്ഥമാക്കുന്നുണ്ടെങ്കില്‍ അക്കാര്യം യുകെയിലെ വിദ്യാഭ്യാസ രംഗത്തെയോ തൊഴില്‍ വൈദഗ്ധ്യത്തെയോ ബാധിക്കുന്നില്ല എന്നതിനാലാണ് ഈ കണ്ണടയ്ക്കല്‍ എന്നും വ്യക്തം. അധ്യാപകര്‍ പറയുന്ന ഇംഗ്ലീഷ് മനസിലാകാത്ത വിദേശ വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ലേഷന്‍ ആപുകള്‍ പോലും ഉപയോഗിക്കുന്നത് ഇപ്പോള്‍ യുകെ യൂണിവേഴ്‌സിറ്റിയില്‍ കാണുന്ന നിത്യ കാഴ്ച്ചയാണ് എന്ന് പറയുമ്പോള്‍ യുകെ വിദ്യാഭ്യസം തേടി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നിലവാരം തന്നെയാണ് പൊതു സമൂഹത്തില്‍ തുറന്നു കാണിക്കപ്പെടുന്നത്.
വ്യാജ വിദ്യാര്‍ത്ഥികള്‍ പെരുകിയതും ബിബിസിയുടെ വാര്‍ത്തയ്ക്ക് പിന്നിലെ കാരണം തന്നെ
യുകെയില്‍ പഠിക്കുക എന്നതിനേക്കാള്‍ യുകെയില്‍ എത്തുക എന്ന കാര്യത്തിന് പ്രാധാന്യം നല്‍കിയ അനേകം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപത്തിന് പ്രധാന കാരണക്കാരായി മാറുന്നത്. ക്ലാസുകളില്‍ പോലും ഹാജരാകാതെ തങ്ങളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ സഹപാഠികളെ ഏര്‍പ്പെടുത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലും പരാതിക്കിടയാക്കിയവരാണ്. ഇത്തരത്തില്‍ കൂട്ടമായി വ്യാജ ഹാജര്‍ രേഖപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തയ്യാറായതോടെ ഹേര്‍ട്ഫോര്‍ഡ്ഷയര്‍, ആംഗ്ലിയ റസ്‌കിന്‍, കവന്‍ട്രി, ലെസ്റ്റര്‍, സതാംപ്ടണ്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ വ്യാജ ഹാജര്‍ രേഖപ്പെടുത്താന്‍ തയ്യാറായതിനു ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടി നിയമക്കുരുക്കില്‍ അകപ്പെട്ട കാര്യം കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റികള്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുക ആയിരുന്നു. ഹാജര്‍ നില രേഖപെപടുത്തുകയും ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്നു പ്രൊഫസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ശ്രദ്ധ പതിയുന്നത്. ഇപ്പോള്‍ ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വലിയ പ്രാധാന്യത്തോടെയാണ് എടുത്തു കാട്ടുന്നത്.
യൂണിവേഴ്‌സിറ്റികള്‍ പറയുന്നു നുണയെന്ന്, വ്യാജ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു എന്നത് വാസ്തവവും
വിദേശ വിദ്യാര്‍ത്ഥികളുടെ കനത്ത ഫീസില്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് യോഗ്യതയില്‍ കണ്ണടയ്ക്കുന്നു എന്ന് ദി ടൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയനും - യുസിയു - കുറ്റപ്പെടുത്തുന്നു. തന്റെ മുന്നില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ 70 ശതമാനത്തിനും ഇംഗ്ലീഷില്‍ യോഗ്യത കുറവ് ഉണ്ടെന്നാണ് പേര് വെളിപ്പെടുത്താതെ ഒരു പ്രൊഫസര്‍ ബിബിസിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ യുകെ യൂണിവേഴ്‌സിറ്റികളുടെ കൂട്ടായ വേദിയായ യൂണിവേഴ്‌സിറ്റീസ് യുകെ ഈ ആക്ഷേപം പൂര്‍ണമായും തള്ളുകയാണ്. 141 സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് യൂണിവേഴ്സ്റ്റീസ് യുകെ.
ഓരോ വിദേശ വിദ്യാര്‍ത്ഥിയും കര്‍ശന പരിശോധനകളിലൂടെ കടന്നാണ് യുകെയില്‍ എത്തുന്നത് എന്നാണ് ഇവരുടെ വാദം. എന്നാല്‍ ഈ വാദം പൂര്‍ണമായും വാസ്തവം അല്ലെന്നു മലയാളികള്‍ക്കെങ്കിലും വ്യക്തമാണ്. കാരണം യൂണിവേഴ്‌സിറ്റി പ്രവേശനം നേടി യുകെയിലേക്കുള്ള യാത്രയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍ ആയതു പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പോലും വ്യാജം ആയിരുന്നു എന്ന കുറ്റത്തിനാണ്.
എന്നാല്‍ ഇക്കാര്യം പരിശോധിക്കാന്‍ യുകെയിലെ യൂണിവേഴ്‌സിറ്റിക്ക് യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തമ്മിലുള്ള കിട മത്സരം മൂലമുള്ള ഒറ്റിന്റെ പുറത്താണ് അന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ അറസ്റ്റില്‍ ആയത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ വലിയൊരു മഞ്ഞുമലയുടെ അറ്റമാണ് പുറത്തു വന്നതെന്ന് വ്യക്തമായി.
തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ കൊച്ചി അസിസ്റ്റന്റ് കമ്മീഷണറെ തന്നെ ചുമതലപ്പെടുത്തിയെങ്കിലും പിനീടാരും ആ കേസിനെ പറ്റി കേട്ടിട്ടില്ല. അന്ന് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ മംഗലാപുരം കേന്ദ്രമാക്കിയുള്ള ഒരു സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് എന്നും റെഡിങ്ങില്‍ ഉള്ള ഒരു തമിഴ് വംശജനാണ് പ്രധാന ഏജന്റ് എന്നും ഉള്ള നിര്‍ണായക വിവരം പുറത്തു വന്നിരുന്നു. ഒന്നിലേറെ യുകെ മലയാളികളും ഈ കണ്ണിയില്‍ അംഗങ്ങളാണ് എന്ന സൂചന ലഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല.
വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് എത്ര വേണമെങ്കിലും വാങ്ങാം
യുകെയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും യൂണിവേഴ്സിറ്റികള്‍ക്കു 9250 പൗണ്ട് എന്ന നിശ്ചിത തുക മാത്രമേ ഫീസായി വാങ്ങാനാകൂ. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഈ പരിധിയില്ല. എന്ന് മാത്രമല്ല ഉയര്‍ന്ന ഫീസ് ഓരോ യൂണിവേഴ്‌സിറ്റിക്കും തീരുമാനിക്കാം. കൂടുതല്‍ ആവശ്യകരുള്ള പ്രസ്റ്റീജ് കോഴ്‌സുകള്‍ക്ക് 24,000 മുതല്‍ 28,000 പൗണ്ട് വരെ ഫീസ് ഈടാക്കുന്ന യൂണിവേഴ്സിറ്റികളും യുകെയില്‍ ഉണ്ട്. നമ്പര്‍ വണ്‍ എന്ന അവകാശവാദമുള്ള യൂണിവേഴ്‌സിറ്റികളില്‍ പ്രസ്റ്റീജ് കോഴ്‌സുകള്‍ക്ക് 50,000 വരെ ഫീസ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്നുണ്ട് എന്ന് തിങ്ക് ടാങ്ക് അംഗമായ റോസ് സ്റ്റീഫന്‍സണ്‍ ബിബിസിയോട് വെളിപ്പെടുത്തുന്നു.
എന്നാല്‍ സാധാരണ കോഴ്‌സുകള്‍ക്ക് 14,000 മുതല്‍ 19,000 വരെയാണ് സാധാരണ കോഴ്‌സുകള്‍ക്കും സാധാരണ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്നത്. ഉയര്‍ന്ന ഫീസ് നല്‍കാന്‍ തയ്യാറുള്ള വിദേശ വിദ്യാര്‍ത്ഥികളെ സപ്ലൈ ചെയ്യാന്‍ കഴിവുള്ള ആയിരക്കണക്കിന് ഏജന്റുമാരാണ് മോശം യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ യുകെയില്‍ എത്തിക്കുന്നത് എന്ന് മുന്‍പ് സണ്‍ഡേ ടൈംസ് പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും 99 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന 3500 ലേറെ ഏജന്റുമാരാണ് ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ യൂണിവേഴ്സിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നും ബിബിസി പറയുന്നു.