എം റിജു

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മാഗസിന്‍ ഏതാണെന്ന് ചോദിച്ചാല്‍, ആരും നിസ്സംശയം പറയുക, ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈം മാഗസിന്റെ പേരായിരിക്കും. നേരത്തെ ആഴ്ചയില്‍ ഒന്നുവീതം പ്രസിദ്ധീകരിച്ചിരുന്ന ഈ അന്താരാഷ്ട്ര മാധ്യമം, 2021 മുതല്‍ രണ്ടാഴ്ചയില്‍ ഒരിക്കലാക്കി. ഈ ഡിജിറ്റല്‍ യുഗത്തിലും, ലോകമെമ്പാടും 50 ലക്ഷം ടൈം കോപ്പികള്‍ വിറ്റഴിയുന്നുണ്ട് എന്നാണ് പറയുന്നത്. ടൈം മാഗസിനില്‍ കവര്‍ ഫോട്ടോ ആയി വരിക എന്നത്, ഒരു നൊബേല്‍ സമ്മാനം കിട്ടുന്ന രീതിയില്‍ പ്രാധാന്യമുള്ള കാര്യമായാണ് പലരും കരുതുന്നത്. ടൈം എന്തെങ്കിലും ഒരു രീതിയില്‍ പരാമര്‍ശിച്ച് കിട്ടുക എന്നതുതന്നെ വലിയ ഒരു അംഗീകാരമായാണ് കരുതപ്പെടുത്തത്.

ഇത്തവണ ടൈം മാഗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യാക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്‍ഫോസിസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, നടനും നിര്‍മ്മാതാവുമായ അനില്‍ കുപൂര്‍ എന്നിവരാണ് ആ ഭാഗ്യവാന്‍മ്മാര്‍. മൂവരും 'ഷേപ്പേഴ്സ്' വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുടെ എഐ കുതിപ്പിന് പിന്നിലെ മാസ്റ്റര്‍ ബ്രെയ്ന്‍ കേന്ദ്രമന്ത്രി അശ്വിന്‍ വൈഷ്ണവ് ആണെന്ന് ടൈംസ് മാഗസിന്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ മേഖലയിലെ സംഭവാനകള്‍ക്കാണ് നന്ദന്‍ നിലേകനി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ സംഭാവനകള്‍ക്കാണ് അശ്വിനി വൈഷ്ണവിനെ ടൈംസ് മാഗസിന്‍ തിരഞ്ഞെടുത്തത്. അനില്‍ കപൂറാവട്ടെ നടന്‍ എന്ന നിലയില്ല അയാള്‍ നേതൃത്വം നല്‍കിയ ഒരു നിയമപോരാട്ടത്തിന്റെ പേരിലാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ൂബര്‍ഗ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അശ്വിനി വൈഷ്ണവ്: മാന്‍ ഓഫ് വിഷന്‍സ്

ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പ്രശ്നമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയാറുള്ളത്, ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ്. എന്നാല്‍ അതില്‍ തീര്‍ത്തും വ്യത്യസ്തനാണ്, റെയില്‍വേയുടെയും, ഐടിയുടെയും, ടെലി കമ്യൂണിക്കേഷന്‍സിന്റെയെുമൊക്കെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. നേരത്തെും ഇദ്ദേഹത്തെക്കുറിച്ചും, നിധിന്‍ ഗഡ്ക്കരിയെക്കുറിച്ചുമൊക്കെ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള ലോക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്.

ടൈം മാഗസിനും അശ്വിനി വൈഷ്ണവിന്റെ നേതൃപാടവമാണ് എടുത്തുപറയുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയിലൊരുങ്ങുകയാണ്. ഇതിനോടകം തന്നെ ഫാക്ടറികളുടെ നിര്‍മാണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനവും ഈ ലക്ഷ്യത്തിന് വളമാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഇതോടെ എഐ മേഖലയില്‍ ഇന്ത്യ ഒരു കുതിച്ചുചാട്ടം നടത്തുമെന്നാണ് കരുതുന്നത്.




റെയില്‍വേ മന്ത്രികൂടിയായ അശ്വിന്‍ വൈഷ്ണവിന് അതിലും ഒരുപാട് പദ്ധതികളുണ്ട്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം സധൈര്യം പ്രഖ്യാപിച്ച് കഴിഞ്ഞു.ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ ബിലിമോറ വരെയാകുമെന്നും സിഎന്‍എന്‍-ന്യൂസ് 18ന്റെ റൈസിങ് ഭാരത് സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇത് ഭാവിയില്‍ മുംബൈ-അഹമ്മദാബാദ് തുടങ്ങി സാമ്പത്തിക നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും.

'' റെയില്‍വേ യാത്രയ്ക്ക് മാത്രമല്ല, എല്ലാ സാമ്പത്തിക നഗരങ്ങളെയും അത് ബന്ധിപ്പിച്ച് ബിസിനസില്‍ കൂടി പങ്കളിയാവും. ഇരുപത് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട 500 കിലോമീറ്റര്‍ പദ്ധതി 8-10 വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും. ലോകനിലവാരത്തിലുള്ള സര്‍വീസുകളായിരിക്കും ഇത്. പദ്ധതി പ്രകാരം ഗുജറാത്ത്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പാത നിര്‍മാണത്തിനായി 1400 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം.

മറ്റ് രാജ്യങ്ങളില്‍ 80കളില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഭാരതം ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വികസിത ഭാരതത്തിനായി സര്‍ക്കാര്‍ അടിത്തറ പാകികഴിഞ്ഞു. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം 2016-ലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്.മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് റെയില്‍വേയുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ല?

2017 സപ്തംബറിലാണ് ബുള്ളറ്റ് ട്രെയിനിനായുള്ള നിര്‍മാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ആരംഭിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഭാരതത്തിന്റെ വികസനകുതിപ്പിലെ മറ്റൊരു നാഴികകല്ലാണ് ബുള്ളറ്റ് ട്രെയിന്‍''-അശ്വനി വൈഷ്ണവ് പറയുന്നു. ഇങ്ങനെ താന്‍ ഇടപെടുന്ന വിഷയങ്ങളിലെല്ലാം, അതിനൂതനമായ കാഴ്ചപ്പാട് പങ്കുവെക്കാന്‍ അശ്വന്‍ വൈഷ്ണവ് എന്ന 54കാരന് കഴിയുന്നുണ്ട്. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് ഒരു സംരംഭകന്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനം കൂടിയാണ്. അസാധാരണമായ ഒരു ജീവിതം കൂടിയാണ് അദ്ദേഹത്തിന്റെത്.

വാജ്‌പേയിയുടെ കണ്ടെത്തല്‍

രാജസ്ഥാനിലെ പാലി ജില്ലയിലെ ജീവന്ദ് കല്ലന്‍ ഗ്രാമത്തില്‍ ഒരു സാധാരണ കുടംബത്തിലാണ് അശ്വനി വൈഷ്ണ് ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലെ ജോധ്പൂരില്‍ താമസമാക്കി. അവിടുത്തെ സെന്റ് ആന്റണീസ് കോണ്‍വെന്റ് സ്‌കൂളിലും മഹേഷ് സ്‌കൂളിലുമായാണ്, വൈഷ്ണവ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠിക്കാന്‍ മിടുക്കാനായ ആ പയ്യന്‍ ചെറുപ്പത്തിലേ അംഗീകാരങ്ങള്‍ വാരിക്കൂട്ടി. 1991-ല്‍ ജോധ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍, ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് കോഴ്സില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടി. തുടര്‍ന്ന് ഐഐടി കാണ്‍പൂരില്‍ നിന്ന്, എം.ടെക് പൂര്‍ത്തിയാക്കി. 2008-ല്‍, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എംബിഎ ചെയ്യുന്നതിനായി വൈഷ്ണവ് യുഎസിലേക്ക് പോയി.




ആ സമയത്താണ് അദ്ദേഹത്തിന് സിവില്‍ സര്‍വീസ് മോഹം ഉദിക്കുന്നത്. 1994-ല്‍ 27-ാം റാങ്കോടെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു.

1994-ല്‍ ഒഡീഷ കേഡറില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്ന വൈഷ്ണവ്, ബാലസോര്‍, കട്ടക്ക് ജില്ലകളിലെ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു. 1999-ലെ ചുഴലിക്കാറ്റിന്റെ സമയത്ത്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടു.

കൃത്യമായ ഡാറ്റാ ശേഖരത്തിലുടെയും കമ്യൂണിക്കേഷനിലൂടെയും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച അദ്ദേഹം വൈകാതെ, വാജ്‌പേയിയുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് അദ്ദേഹം വാജ്‌പേയിയുടെ ഓഫീസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായത്. അവിടെയം പൊതു-സ്വകാര്യ-പങ്കാളിത്തം സംബന്ധിച്ച ചട്ടക്കൂടിന്റെയൊക്കെ രൂപകല്‍പ്പനയിലുടെ വൈഷ്ണവ് ശ്രദ്ധയനായി. അതിന്റെയൊക്കെ തുടര്‍ച്ചയായാണ് 'ഇന്ത്യ തിളങ്ങുന്നു' എന്ന കാമ്പയിനിന്റെ തുടക്കം. പക്ഷേ 2004 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പരാജയപ്പെട്ടു. വൈഷ്ണവ് വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിമാറി. സത്യത്തില്‍ വാജ്‌പേയിയാണ് വൈഷ്ണവിലെ രാഷ്ട്രീയക്കാരനെ മോള്‍ഡ് ചെയ്ത് എന്ന് പറയാം. അന്നുതന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വാജ്‌പേയ് നിര്‍ബന്ധിച്ചിരുന്നുവെങ്കിലും വ്യവസായ- സാങ്കേതിക മേഖലകളിലാണ് തന്റെ താല്‍പ്പര്യം എന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ബിസിനസിലേക്ക്

ആരും കൊതിക്കുന്ന ജോലിയായ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച്, റിസ്‌ക്ക് ഏറെയുള്ള ബിസിനസ് മേഖലയിലേക്ക് കടക്കുന്ന ഒരാളെ ഭാന്ത്രന്‍ എന്നാണ് പൊതുജനം വിശേഷിപ്പിക്കുക. സത്യത്തില്‍ അത്തരത്തിലുള്ള ഒരു പരിപാടിയാണ് അശ്വനി വൈഷ്ണവ് ചെയ്തത്. വാജ്‌പേയിയുടെ ഓഫീസില്‍നിന്ന് ഇറങ്ങിയശേഷം, 2006-ല്‍ അദ്ദേഹം മോര്‍മുഗാവോ പോര്‍ട്ട് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി, അടുത്ത രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു.

ഒടുവില്‍ 2010-ല്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് അദ്ദേഹം വ്യവസായ മേഖലയിലേക്ക് കടന്നു. വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ എംബിഎ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം വന്‍ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ മാസങ്ങളെടുക്കുമെന്ന് അശ്വനി മനസ്സിലാക്കി. ഇതോടെ കൂടുതല്‍ ശമ്പളമുള്ള ജോലിയിലേക്ക് മാറുകായിരുന്നുവെന്ന് പകുതി തമാശയായി ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ജിഇ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജിംഗ് ഡയറക്ടറായി ചേര്‍ന്നു. തുടര്‍ന്ന്, അദ്ദേഹം സീമെന്‍സില്‍ വൈസ് പ്രസിഡന്റായി. ഈ സമയത്തൊക്കെ ലക്ഷങ്ങളാതിരുന്നു ശമ്പളം. തുടര്‍ന്ന് നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ചു 2012-ല്‍ അദ്ദേഹം ഗുജറാത്തില്‍ ത്രീ ടീ ഓട്ടോ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, വീ ജീ ഓട്ടോ കംപോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ടുസ്ഥാപനങ്ങള്‍ തുടങ്ങി. ഇത് ഇന്നും നല്ലനിലയില്‍ പോവുന്നുണ്ട്.

അങ്ങനെയിരിക്കേയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അതിന് ഇടവരുത്തിയയും മോദിയുമായുള്ള ഗുജറാത്തിലെ ബന്ധമായിരുന്നു. ഒഡീഷയില്‍നിന്നുള്ള രാജ്യസഭാഗമായി 2019-ലാണ് അദ്ദേഹം പാര്‍ലിമെന്റില്‍ എത്തിയത്. ഒഡീഷയിലെ ബിജു ജനതാദള്‍ അംഗങ്ങളുടെ സഹായത്തോടെ അദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിച്ചു. സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ ആന്‍ഡ് പെറ്റീഷന്‍സ് കമ്മിറ്റി അംഗമായും, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പരിസ്ഥിതി, വനം എന്നിവയുടെ കമ്മിറ്റിയിലും അംഗമായി അദ്ദേഹം തിളങ്ങി. ഇന്ത്യ 2019-ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യം ചാക്രിക സ്വഭാവമാണെന്നും ഘടനാപരമായ മാന്ദ്യമല്ലെന്നും 2020 മാര്‍ച്ചോടെ അത് വളര്‍ച്ച കൈവരിക്കുമെന്നും പാര്‍ലമെന്റില്‍ വൈഷ്ണവ് വാദിച്ചു. ഇത് ശരിയായി. ഈ ഒരുഒറ്റ പ്രസംഗം തന്നെ മതി വൈഷ്ണവിന്റെ ദീര്‍ഘവീക്ഷണം അറിയാന്‍.

ഇതോടെ മോദി മന്ത്രിസഭയിലേക്കും അദ്ദേഹത്തിന് നറുക്ക്വീണു. 2021 ജൂലൈ 8 ന് കേന്ദ്ര റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു. പിന്നീട് ഓരോ സമയത്തായി മൂന്ന് വകുപ്പുകളുടെ ചുമതലകൂടി കിട്ടിയത്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകരമായി. ഇന്ന്, അശ്വിനി വൈഷ്ണവ് മുന്നില്‍ നിന്ന് നയിക്കുന്ന ''ഇന്ത്യ എഐ'' എന്ന സംരംഭത്തിലൂടെയാണ് നിര്‍മ്മിത ബുദ്ധിയില്‍ രാജ്യത്തിന്റെ മുന്നേറ്റം. രാജ്യത്തിന്റെ കമ്പ്യൂട്ടിംഗ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി മിക്ക അക സാങ്കേതികവിദ്യകള്‍ക്കും ശക്തി പകരുന്ന 10,000-ലധികം ഗ്രാഫിക് പ്രോസസ്സിംഗ് യൂണിറ്റുകള്‍ സുരക്ഷിതമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

നിര്‍മ്മിത ബുദ്ധിയില്‍ ഒരു വന്‍ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ചുക്കാന്‍ പിടിക്കുന്നത് അശ്വിനി വൈഷ്ണവാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനും കഴിവിനും ലഭിച്ച അംഗീകാരമാണ് ഇപ്പോള്‍ ടൈം മാഗസിന്‍ തിരഞ്ഞെടുപ്പോടെ ലഭിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ബില്‍ഗേറ്റ്സായ ആധാര്‍ മാന്‍

ടൈം മാഗസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള നന്ദന്‍ നിലേകനി, 'ഇന്ത്യയുടെ ബില്‍ ഗേറ്റ്സ്' എന്നാണ് അറിയപ്പെടുന്നത്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ അദ്ദേഹം കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇന്ത്യയില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി പരിശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത് നന്ദന്‍ നിലേകനിയാണ്. രാജ്യത്തിനകത്തും പുറത്തും നടത്തിയ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കാണ് ടൈംസ് മാഗസിന്റെ അംഗീകാരം.




ബാംഗ്ലൂരിലാണ് നന്ദന്‍ നിലേക്കനി ജനിച്ചത്. മാതാപിതാക്കളായ ദുര്‍ഗയും, മോഹന്‍ റാവു നിലേകനിയും, കര്‍ണാടകയിലെ സിര്‍സിയില്‍ നിന്നുള്ള കൊങ്കണിക്കാരായിരുന്നു. പിതാവ് മൈസൂര്‍, മിനര്‍വ മില്‍സ് എന്നിവയുടെ ജനറല്‍ മാനേജരായിരുന്നു. നിലേകനിയുടെ മൂത്ത സഹോദരന്‍ വിജയ് അമേരിക്കയിലെ ന്യൂക്ലിയര്‍ എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നു .

ബിഷപ് കോട്ടണ്‍ ബോയ്സ് സ്‌കൂളിലും ധാര്‍വാഡിലെ കര്‍ണാടക പിയു കോളേജ് ധാര്‍വാഡിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലും പഠിച്ച നീലേകനി ഐഐടി ബോംബെയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി 1978-ല്‍ മുംബൈ ആസ്ഥാനമായുള്ള പട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസില്‍ അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചു, അവിടെ അദ്ദേഹം എന്‍.ആര്‍ നാരായണ മൂര്‍ത്തിയെ കണ്ടുമുട്ടുകയും അഭിമുഖം നടത്തുകയും ചെയ്തു. 1981-ല്‍ നിലേകനിയും മൂര്‍ത്തിയും മറ്റ് അഞ്ചുപേരും പട്‌നി വിട്ട് ഇന്‍ഫോസിസ് എന്ന സ്വന്തം കമ്പനി ആരംഭിച്ചു.

2002 മാര്‍ച്ചില്‍ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നിലേകനി, 2007 ഏപ്രില്‍ വരെ കമ്പനിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചു. സിഇഒ ആയിരുന്ന തന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് ഇന്‍ഫോസിസിന്റെ ആസ്തി ആറിരട്ടി വളര്‍ന്ന് 3 ബില്യണ്‍ ഡോളറായി. രാജ്യത്തെ രണ്ടാമത്തെ സോഫ്‌റ്റ്വെയര്‍ കയറ്റുമതി സ്ഥാപനമെന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്കു കൈപിടിച്ച് 28 വര്‍ഷം അദ്ദേഹം ഇന്‍ഫോസിസിന് ഒപ്പമുണ്ടായിരുന്നു. 2007-ല്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം, 2017-ല്‍ സിഇഒ വിശാല്‍ സിക്ക പുറത്തായതിന് ശേഷം ഇന്‍ഫോസിസിലേക്ക് മടങ്ങിയെത്തി. വലിയൊരു പ്രതിസന്ധയില്‍നിന്ന് കമ്പനിയെ രക്ഷിക്കാനും അദ്ദേഹത്തിനായി.

ഇന്ത്യയുടെ ആധാര്‍ മാന്‍ എന്നും നിലേകനി അറിയപ്പെടുന്നു. 2009-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്ത്രപ്രധാനമായ മറ്റൊരു ലക്ഷ്യത്തിനായി സമീപിച്ചപ്പോഴാണ് ഇന്‍ഫോസിസ് കോ ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് എന്നും ഹരമായിക്കണ്ട നിലേക്കനി, 100 കോടി ഇന്ത്യക്കാരെ ഒരേ തിരിച്ചറിയല്‍ രേഖയ്ക്കു കീഴില്‍ അണിനിരത്തുക എന്ന വിപ്ലവ പദ്ധതിയെ സ്വയം ചുമലിലേറ്റി.

യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എന്ന നിലയില്‍ നാലുവര്‍ഷത്തോളം മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുമൊപ്പം പ്രവര്‍ത്തിച്ചു. ആശയങ്ങള്‍ക്കു പഞ്ഞമില്ലാത്ത നിലേക്കനി, സബ്‌സിഡികളും സ്‌കോളര്‍ഷിപ്പുകളും ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യാനുള്ള ശ്രദ്ധേയമായ മാറ്റത്തിനു രാജ്യത്തെ സജ്ജമാക്കി. ആധാര്‍ പദ്ധതിയുടെ വിജയകിരീടം ചൂടിയാണ് ഐടിയില്‍ നിന്നു പൊതുപ്രവര്‍ത്തനത്തിലേക്ക് അപ്ഡേറ്റ് ചെയ്തത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സൗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയെങ്കിലും മണ്ഡലം തുണച്ചില്ല.

രാഷ്ട്രീയത്തിന്റെ ഇടവേളയില്‍ നിലേക്കനി ശ്രദ്ധേയമായൊരു പുസ്തകരചനയില്‍ പങ്കാളിയായി 'റീ ബൂട്ടിങ് ഇന്ത്യ'. ഡിജിറ്റല്‍ ഇന്ത്യ വരുന്നതോടെ സര്‍ക്കാര്‍ സംരംഭകത്വം കുതിച്ചുപായുമെന്നു നിലേക്കനി പ്രവചിച്ചു. 2016 ഡിസംബറില്‍ ചരിത്രത്തിന്റെ ആവര്‍ത്തനംപോലെ മറ്റൊരു പ്രധാനമന്ത്രികൂടി അദ്ദേഹത്തിന്റെ സേവനം തേടി. അങ്ങനെ കറന്‍സി പ്രതിസന്ധിവേളയില്‍ നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഉപദേഷ്ടാവായി. ഈ രീതിയില്‍ ചരിത്രം കുറിച്ച മനുഷ്യനെനാണ്, ഇപ്പോള്‍ ടൈം മാഗസിനില്‍ സ്ഥാനം പിടിക്കുന്നതും.

വര്‍ഷങ്ങള്‍ക്ക്ശേഷം അനില്‍ കപൂര്‍

ടൈം മാഗസിന്റെ സ്ഥാനം പിടച്ച മറ്റൊരു ഇന്ത്യക്കാരന്‍ നടന്‍ അനില്‍ കപൂറാണ്. അനുമതിയില്ലാതെ അനില്‍ കപൂറിന്റെ ശബ്ദം, പേര്, ചിത്രം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി 16 സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കപൂറിന്റെ നിയമ പോരാട്ട വിജയം അവകാശങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് പാഠമാണെന്ന ചൂണ്ടിക്കാട്ടിയാണ് ടൈം മാഗസിനില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്. ഏറ്റവും രസാവഹം ഇന്ത്യയില്‍ ഇപ്പോള്‍ അത്രയൊന്നും തിളക്കമില്ലാത്ത ഒരു കാലഘത്തിലാണ് അനില്‍ ടൈം മാഗസിനില്‍ ഇടം പിടിച്ചത്. വ്യക്തിയുടെ മഹത്വമല്ല, വിഷയത്തിന്റെ മെറിറ്റാണ്, അവര്‍ നോക്കുന്നതെന്ന് വ്യക്തം.

നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലൊക്കെ നാലുപതിറ്റാണ്ട് ചലച്ചിത്രലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് അനില്‍. 100-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1956 ഡിസംബര്‍ 24 ന് ഒരു പഞ്ചാബി ഹിന്ദുകുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം തൊട്ടേ സിനിമയുടെ ലോകം കണ്ട് വളര്‍ന്നവനാണ് അദ്ദേഹം. പിതാവ് സുരീന്ദര്‍ കപൂര്‍ ചലച്ചിത്രി നര്‍മ്മാതാവ് ആയിരുന്നു. അനിലിന്റെ മൂത്ത സഹോദരന്‍ ബോണി കപൂര്‍ ചലച്ചിത്ര നിര്‍മ്മാതാവും, ഇളയ സഹോദരന്‍ സഞ്ജയ് കപൂര്‍ ഒരു നടനുമാണ്. ബോണിയുടെ ഭാര്യയാണ് അന്തരിച്ച ഇതിഹാസ നടി ശ്രീദേവി. നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും മര്‍വ സ്റ്റുഡിയോയുടെ ഉടമയുമായ സന്ദീപ് മര്‍വ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ്. .അഭിനേതാക്കളായ അര്‍ജുന്‍ കപൂര്‍ ,മോഹിത് മര്‍വ, രണ്‍വീര്‍ സിംഗ് എന്നിവര്‍ മരുമക്കളും നടിമാരായ ജാന്‍വി കപൂറും ഖുഷി കപൂറും അദ്ദേഹത്തിന്റെ മരുമക്കളുമാണ്. കപൂര്‍ കുടുംബത്തിലെ പൃഥ്വിരാജ് കപൂര്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധുവായിരുന്നു.

ചെമ്പൂരിലെ ഔവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ സക്കര്‍ ഹൈസ്‌കൂളിലും മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലുമാണ് പഠിച്ചത്. പഠനകാലത്തുതന്നെ സിനിമയായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. സിനിമ ജീവിതം തുടങ്ങിയത് 1979 ല്‍ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. 1980-ല്‍ പുറത്തിറങ്ങിയ വംശവൃക്ഷം എന്ന തെലുങ്ക് ചിത്രത്തിലാണ് അനില്‍ കപൂര്‍ ആദ്യമായി നായകനായഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ആദ്യചിത്രമായ പല്ലവി അനുപല്ലവിയിലും അനില്‍ കപൂറായിരുന്നു നായകന്‍. കന്നഡ ചിത്രമായിരുന്നു ഇത്.




പിന്നീട് ബാഹുബലിയിലുടെയും കെജിഎഫിലുടെയുമൊക്കെ ദക്ഷിണേന്ത്യന്‍ സിനിമ വളര്‍ന്നത് കണ്ടപ്പോള്‍ അനില്‍ ഇങ്ങനെ പറഞ്ഞു-'' സൗത്ത് സിനിമാ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ എനിക്ക് അത്ഭുതമില്ല. ദക്ഷിണേന്ത്യന്‍ സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാജീവിതം തുടങ്ങിയത്. നായകനായി ആദ്യം അഭിനയിച്ചത് തെലുങ്ക് ചിത്രത്തിലായിരുന്നു. അവിടെ നിന്നാണ് പ്രൊഫഷണലിസവും അര്‍പ്പണബോധവും അച്ചടക്കവും താന്‍ പഠിച്ചത്. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങളും പുഷ്പ, കെ.ജി.എഫ്-ചാപ്റ്റര്‍ 2 പോലുള്ള ചിത്രങ്ങള്‍ ഉത്തരേന്ത്യയില്‍ ബോളിവുഡ് സിനിമകളെ മറികടന്ന് വന്‍വിജയം നേടുന്നതില്‍ അതിശയിക്കാനില്ല''- അനില്‍ പറഞ്ഞു.

80കളിലും 90കളിലും അമിതാബച്ചനെപോലും അതിശയിപ്പിക്കുന്ന താരമൂല്യമാണ് അനില്‍ കപൂറിന് ഉണ്ടായിരുന്നത്. 1988-ലെ തേസാബ്, 1992- ലെ ബേട്ടാ, 1999 -ലെ ബീവി നമ്പര്‍ 1, 1999- ലെ താള്‍, 2000-ലെ പുകാര്‍, 2005- ലെ നോ എന്‍ട്രി എന്നിവയാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളായി കണക്കാക്കുന്നത്. പക്ഷേ 2000ത്തിനശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് തിരിച്ചടിയേറ്റു. പതുക്കെ അദ്ദേഹം ഹീറോ വേഷത്തില്‍നിന്ന് ഒഴിവായി സപ്പോര്‍ട്ടിങ്ങ് വേഷത്തിലേക്ക് തിരിഞ്ഞു. 2005നുശേഷം നിര്‍മ്മതാവായും അദ്ദേഹം സജീവമാണ്. പക്ഷേ ഹിന്ദിയില്‍ ബച്ചനെ വെല്ലുന്ന സൂപ്പര്‍സ്റ്റാര്‍ ആയി അദ്ദേഹം മാറുമെന്ന പ്രവചനം പാഴായി.

പക്ഷേ അതില്‍ കാര്യമൊന്നുമില്ല എന്ന് അനില്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്്. ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ ഇരിക്കെയാണ് തന്റെ ഫോട്ടോ അനുവാദം കൂടാതെ പ്രസിദ്ധീകരിച്ച കേസ് ഉണ്ടാവുന്നതും, അതില്‍ അദ്ദേഹം ചരിത്ര പ്രധാനമായ വിധി നേടുന്നതും.




വാല്‍ക്ക്ഷണം: ഇതില്‍ നന്ദന്‍ നിലേകനിയുടെ പേര്, ലോകമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റുകളും തലകുനിക്കേണ്ടതാണ്. ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനുളള ശ്രമങ്ങള്‍ നടക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍, നിലേകനി ഇന്ത്യക്കാരുടെ സ്വകാര്യത ചോര്‍ത്തിയെടുക്കുന്ന അമേരിക്കന്‍ ചാരനാണെന്ന് വരെ പറഞ്ഞു പരത്തിയിരുന്നു!