- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം 'ചാരിറ്റി തീവ്രവാദവും' വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!
ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!
'ഹമാസ് എന്നാല്‍ വെറുമൊരു സംഘടനയല്ല. അത് ഒരു മാനസികാവസ്ഥയാണ്. മതതീവ്രവാദം എന്ന ഭീകരാവസ്ഥ. അതിനെതിരെ ഞങ്ങള്‍ ഒരുപാട് പൊരുതുന്നു. പക്ഷേ അതിനെ മുളയോടെ നുള്ളിക്കളയണമെങ്കില്‍ ഈ സമൂഹം കൂടി ശ്രമിക്കണം. നിങ്ങള്‍ ഗാസന്‍ ജനതക്ക് എന്നപേരില്‍ കൊടുക്കുന്ന ഓരോ പിന്തുണയും ഫലത്തില്‍ ഹമാസിന് വളമാവുകയാണ്. റാഡിക്കലൈസേഷന്‍ നടന്നുകൊണ്ടിരിക്കുന്ന ഏതൊരു സമൂഹത്തിലും അത് മുളച്ചുപൊന്താം''- ഹമാസിനെ നേതൃനിരയിലെ പ്രമുഖരെയെല്ലാം ഒന്നിനുപിറകെ ഒന്നായി കൊന്നൊടുക്കകയും, ഗാസയിലെ എഴുപതുശതമാനം ഭീകരരെയും തുടച്ച് നീക്കിയതിനുശേഷം, വെടിനിര്‍ത്തല്‍ കാരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞ വാക്കുകളാണിത്. അന്ന് അത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. നെതന്യാഹു ഇസ്ലാമോഫോബിയ പരത്തുകയാണെന്ന് കേരളത്തില്‍വരെ വിമര്‍ശനം വന്നു.
പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത്. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയതോടെ, ഹമാസ് തലപൊക്കി. അതുവരെ സാധാരണക്കാര്‍ക്കിടയില്‍ ഒളിച്ചിരുന്നവര്‍, പച്ചയൂണിഫോമിട്ട് യന്ത്രത്തോക്കുകളുമായി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ലാദ പ്രകടനം നടത്തി. തങ്ങളെ എതിര്‍ക്കുന്നവരെയാക്കെ നിഷ്‌ക്കരുണം കൊന്നൊടുക്കി. മുട്ടുകാലില്‍ നിര്‍ത്തി ഹമാസ് ഭീകരര്‍ സ്വന്തം ജനതയെ വെടിവെച്ചിട്ടു. ഇപ്പോള്‍ ഗാസയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍, ഇസ്രയേല്‍ സൈനിക സാനിധ്യമില്ലാത്തിടത്തൊക്കെ ഹമാസ് അഴിഞ്ഞാടുകയാണെന്നാണ്.
ഇപ്പോഴിതാ നെതന്യാഹു ചുണ്ടിക്കാട്ടിയ ആ യഥാര്‍ത്ഥ ഭീഷണി പുറത്തുചാടുകയാണ്. ഹമാസ് പതുക്കെ യുറോപ്പിലേക്ക് പടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇസ്രയേലി ചാര സംഘടനയായ മൊസാദ് ഇതേക്കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.
വിയന്ന മുതല്‍ ലണ്ടന്‍ വരെ!
'ഫ്രം റിവര്‍ ടു സീ' എന്നത് ഹമാസ് ഉയര്‍ത്തിയ കുപ്രസിദ്ധമായ മുദ്രാവാക്യമാണ്. ജൂതനെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ കാലുകുത്തിക്കില്ല, എന്ന മതാധിഷ്ഠിതമായ പകയില്‍ നിന്ന് ഉയര്‍ന്നുവന്ന മുദ്രാവാക്യം ഇപ്പോള്‍ മിഡിലീസ്റ്റും കടക്കുകയാണ്. യൂറോപ്പിലുടനീളം ഹമാസ് ഒരു പ്രവര്‍ത്തന ശൃംഖല വളര്‍ത്തിയെടുക്കുന്നുണ്ടെന്നും അത് രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൊസാദ് ചൂണ്ടിക്കാട്ടുന്നു. ഹമാസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി യൂറോപ്പിലെ ഇസ്രായേലി, ജൂത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനാണ് ഈ ശൃംഖല സ്ഥാപിച്ചതെന്നാണ് ആരോപണം. ജര്‍മ്മനി, ഓസ്ട്രിയ, യു.കെ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലുടനീളം പലതരത്തിലുള്ള ഓപ്പറേഷനുകള്‍ ആണ് ഹമാസിന്റെ പദ്ധതിയെന്നാണ് മൊസാദിന്റെ വാദം.
മൊസാദിന്റെ നിരന്തരമായ അന്വേഷണത്തിന്റെ ഫലമായി, നിരവധി തീവ്രവാദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും ആയുധ ശേഖരം കണ്ടെത്താനും പിടിച്ചെടുക്കാനും കഴിഞ്ഞുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ വാദത്തെ പിന്തുണക്കുന്ന ഉദാഹരണങ്ങളും സാഹചര്യങ്ങളും മൊസാദ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ വെച്ചാണ് മൊസാദ് ചൂണ്ടിക്കാണിച്ച പ്രധാന കണ്ടെത്തലുകളിലൊന്ന് ഉണ്ടായത്. ഓസ്ട്രിയയുടെ ഡിഎസ്എന്‍ സുരക്ഷാ സേവനം കൈത്തോക്കുകളും സ്‌ഫോടകവസ്തുക്കളും അടങ്ങിയ ഒരു ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ആയുധവുമായി ബന്ധപ്പെട്ട് ഹമാസിനോട് അടുപ്പമുള്ള ഒരാളെ കണ്ടത്തി. മുതിര്‍ന്ന ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ മുതിര്‍ന്ന ഉഗ്യോഗസ്ഥന്‍ ബാസെം നയിമിന്റെ മകന് ഇതില്‍ പങ്കുണ്ടെന്നായിരുന്നു അന്വേഷകരുടെ ആ കണ്ടെത്തല്‍.
വളരെക്കാലമായി തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസുമായി ബന്ധപ്പെട്ട വ്യക്തികളെയും ഇതിന്റെ ഭാഗമായി അന്വേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും നേരിട്ടുള്ള സുരക്ഷാ ഇടപെടലുകള്‍ക്കപ്പുറം അവരുടെ നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളിലെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഹമാസിന് ഫണ്ട് സ്വരൂപിക്കുന്നതിനോ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനോ സഹായം നല്‍കുന്നതായി സംശയിക്കപ്പെടുന്ന ചാരിറ്റികളെയും മതസ്ഥാപനങ്ങളെയും ഇതിനോടകം തന്നെ ലക്ഷ്യം വെച്ച് കഴിഞ്ഞിരിക്കുകയാണ്.
ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരായ ആക്രമണത്തിനുശേഷം, ഇറാനും അതിന്റെ പ്രോക്‌സികളും ഉപയോഗിക്കുന്ന സമാന രീതിയിലുള്ള തന്ത്രമാണ് വിദേശത്ത് രഹസ്യ സെല്ലുകളും പ്രവര്‍ത്തന ശേഷിയും സൃഷ്ടിക്കാന്‍ ഹമാസ് ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നതെന്നും മൊസാദ് വ്യക്തമാക്കി. ഹമാസിന്റെ ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് ആക്രമണ പദ്ധതികള്‍ തകര്‍ക്കാനും ഇസ്രായേലി, ജൂത സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമായി തങ്ങള്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുമെന്നും മൊസാദ് ഊന്നി പറയുന്നു.
മുഹമ്മദ് നയീം എന്ന യൂറോപ്പ് തലവന്‍
എന്നും ഭീതിയിലൂടെ കടന്നുപോവാന്‍ വിധിക്കപ്പെട്ട ഒരു സമൂഹമായിരുന്നു, യഹുദര്‍. ഈ കാലഘട്ടത്തിലും അവര്‍ സുരക്ഷിതരല്ലെന്ന്, യൂറോപ്പിലെ ഹമാസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടൊക്കെ കടുത്ത ജാഗ്രതമായാണ് മൊസാദും എടുക്കുന്നത്. 72-ലെ മ്യൂണിച്ച് കൂട്ടക്കൊലയടക്കമുള്ള ഒരുപാട് ദുരന്തങ്ങള്‍ യഹൂദര്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബര്‍ 7 ആക്രമണത്തിനുശേഷം അവര്‍ യൂറോപ്പിലെമ്പാടും തങ്ങളുടെ ചാരക്കണ്ണുകള്‍ വ്യാപിപ്പിച്ചുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതാണ് ഹമാസിന്റെ രഹസ്യനീക്കങ്ങള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ വഴിത്തിരുവായത്. പിസ്റ്റളുകളും സ്ഫോടകവസ്തുക്കളും ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരമാണ് പിടികൂടിയത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങള്‍ ഹമാസ് ഓപ്പറേറ്റീവായ മുഹമ്മദ് നയീമിന്റേതാണെന്ന് മൊസാദ് അറിയിച്ചു.ഗാസയിലെ ഹമാസ് നേതാവായ ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ള ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം. ഇപ്പോള്‍ ഹമാസിന്റെ യൂറോപയന്‍ വിങ്ങിനെ തലവനും ഇദ്ദേഹമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതോടെ മൊസാദിന്റെ ഹിറ്റ്ലിസ്റ്റിലെ മോസ്റ്റ് വാണ്ടഡ് ടാര്‍ജറ്റും ഇദ്ദേഹമാവുകയാണ്.
വിയന്നകേസിന്റെ അന്വേഷണത്തിലാണ് ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടന്നത്. ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സെപ്റ്റംബറില്‍ മുഹമ്മദ് നയീം പിതാവുമായി ഖത്തറില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യൂറോപ്പിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് നേതൃത്വം അനുമതി നല്‍കിയെന്നാണ് മൊസാദ് ആരോപിക്കുന്നത്. ഭീകരാക്രമണങ്ങള്‍ ഖത്തറില്‍ വെച്ചാണ് ആസൂത്രണം ചെയ്തതെന്നും, ഹമാസിന്റെ ലോജിസ്റ്റിക് കേന്ദ്രമായി കണക്കാക്കുന്ന തുര്‍ക്കിയില്‍ നിന്നും സഹായം ലഭിച്ചിരിക്കാമെന്നും മൊസാദ് അഭിപ്രായപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം, ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെ പോലെ, യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഹമാസ് ശക്തമാക്കിയതായി മൊസാദ് പറയുന്നു. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ധിച്ചതായും മൊസാദ് വ്യക്തമായി.
ഗാസയുടെ മറവില്‍ ഫണ്ടൊഴുകുന്നു
വിയന്ന സംഭവത്തിന്റെ മറപിടിച്ചുള്ള അന്വേഷണത്തിലാണ്, വര്‍ഷങ്ങളായി ഇസ്രയേല്‍ പറയുന്ന ഒരു കാര്യം കൂടി മറ നീക്കുന്നത്. ഗാസക്കുവേണ്ടി യുറോപ്പിലെ മനുഷ്യര്‍ നല്‍കുന്ന പണം പോവുന്നത് ഹമാസിന്റെ കൈകളിലേക്കാണ്. യുകെയിലും ജര്‍മ്മനിയിലിയും യുകെയിലുമൊക്കെ ഇത്തരം ചാരിറ്റി ഭീകരരെ കണ്ടെത്തിയിട്ടുണ്ട്. ഹമാസിന് ധനസമാഹരണം നടത്താനോ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ സഹായിക്കുന്നുവെന്ന് സംശയിക്കുന്ന ജീവകാരുണ്യ, മത സ്ഥാപനങ്ങളെ ജര്‍മനി നിരീക്ഷണ വലയത്തിലാക്കി. ദീര്‍ഘകാലമായി തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഹമാസുമായി ബന്ധമുള്ള വ്യക്തികളേപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നവംബറില്‍ ഹമാസ് ഭീകരനായ ബുര്‍ഹാന്‍ അല്‍-ഖത്തീബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുമ്പ് തുര്‍ക്കിയില്‍ ഹമാസുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നുവെന്നാണ് വിവരം.
ലണ്ടനില്‍ നിന്നും വലിയ രീതിയില്‍ ഹമാസിന് ഫണ്ട് വരുന്നുണ്ട്. ചാരിറ്റി ടെറസിസം എന്ന വാക്കുപോലും ഇപ്പോള്‍ വലിയ തോതില്‍ കുപ്രസിദ്ധമാണ്. ഫലസ്തീനികളെകൊണ്ട് മാത്രം തടിച്ചുകൊഴുക്കുന്നവരാണ് ഹമാസ് നേതാക്കാള്‍. ഗാസയിലെ ജനം പട്ടിണി കിടക്കുമ്പോഴും ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരാവുകയാണ്. ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യണ്‍ യുഎസ്ഡി വരും എന്നാണ് കണക്ക്. പ്രധാന നേതാക്കളുടെ ആര്‍ജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗാസയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാല്‍ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാള്‍ വലിയ ബജറ്റ് ഉണ്ടാക്കാം. കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരൂ! ഹമാസിന് ലോകവ്യാപകമായി വരുന്ന ഫണ്ട് അടിച്ചുമാറ്റി, ഖത്തറിലും മറ്റും പഞ്ചനക്ഷത്ര ജീവിതം നയിച്ചവരായിരുന്നു ഹമാസിന്റെ മുന്‍ നേതാക്കള്‍. അവര്‍ ഓരോരുത്തരും കോടീശ്വരന്‍മ്മാരാണ്. അവരുടെ മക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആഢംബര ജീവിതം നയിക്കുമ്പോള്‍ ഗാസയിലെ കുട്ടികള്‍, ഒരു നേരത്തെ റൊട്ടിക്കായി അടിപടികൂടുന്നു.
യൂറോപ്പിന്റെ സഹായം നേരത്തെയും, ഹമാസ് അടിച്ചുമാറ്റിയിരുന്നു. യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു.അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം എന്നതാണ് ഹമാസിന്റെ മനസ്!
ഇസ്രയേലിന്റെ അതിശക്തമായ സൈനിക നടപടിക്കുശേഷം ഹമാസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് അടക്കം പ്രതിസന്ധിയിലായി. ചാവേറുകളായവരുടെ കുടുംബത്തിനുളള പെന്‍ഷന്‍വരെ മുടങ്ങി.
കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന പല ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ പകുതി മാത്രമാണ് നല്‍കിയത്. കുറഞ്ഞ റാങ്കിലുള്ള ഹമാസ് സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസം 200 ഡോളറിനും 300 ഡോളറിനും ഇടയിലാണ് ശമ്പളം. ഹമാസ് വെടിനിര്‍ത്തലിന് സമ്മതിച്ചുതന്നെ ഈ പ്രതിസന്ധിമൂലമാണ്. വെടിനിര്‍ത്തലിനുശേഷം വീണ്ടും ഫണ്ട് വരുന്നതോടെ ഹമാസ് തഴുക്കുയാണ്.
പിന്നില്‍ ഇസ്ലാമോ ലെഫ്റ്റ്
ഇപ്പോഴത്തെ യുറോപ്പിന്റെ മാറുന്ന രാഷ്ട്രീയ സാഹചര്യവും, ഹമാസിന്റെ വളര്‍ച്ചക്ക് കാരണമാവുന്നുവെന്ന ജറുസലേം പോസ്റ്റ് അടക്കമുള്ള ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്്. കാരണം കടുത്ത റാഡിക്കലൈസേഷനിലുടെ യുറോപ്പ് കടന്നുപോവുന്ന കാലമാണിത്. ലണ്ടനിലും, വിയന്നയിലും, ജര്‍മ്മനിയിലുമൊക്കെ ആ പാന്‍ ഇസ്ലാമിസത്തിന്റെ സാനിധ്യം കടന്നുവരികയും അവിടെയൊക്കെ ശരിയ്യ നിയമത്തിനുവേണ്ടിയുള്ള സമരങ്ങളുമുണ്ടായി. വര്‍ധിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് സമാന്തരമായി തീവ്രലതുപക്ഷവും അവിടെ വളര്‍ന്നു. ആക്രമണവും പ്രത്യാക്രമണവുമായി ലോകത്തിലെ ഏറ്റവും സമാധനമുള്ള സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍പോലും കലാപഭൂമിയായി.
ഈ സമയത്ത്, അവശേഷിക്കുന്ന ഇടതുപക്ഷം എന്ന് പറയുന്നവര്‍, പ്രോ ഫലസ്തീന്‍ നിലപാടാണ് സ്വീകരിച്ചത്. ഈ ഇസ്ലാമോ ലെഫ്റ്റിന്റെ വളര്‍ച്ചക്കൊപ്പം, ഫലത്തില്‍ ഹമാസിന്റെ സ്വാധീനവും വര്‍ധിക്കയാണ്. അവര്‍ ഗാസക്ക്വേണ്ടി കാമ്പയില്‍ നടത്തിയുണ്ടാക്കുന്ന പണത്തിന്റെ വലിയൊരു ഭാഗംപോവുന്നത് ഹമാസിനാണ്!
'ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ' എന്ന ചുരുക്കപ്പെരുള്ള ഹമാസ് ഒരു ലക്ഷമണമൊത്ത ഭീകരസംഘടനയാണെന്ന് യുറോപ്പിലെ ലെഫ്റ്റുകള്‍ക്കും ലിബറലുകള്‍ക്കും, ഇനിയും മനസ്സിലായിട്ടില്ല. ഇനി മനസ്സിലായാലും, ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധമായി ചിത്രീകരിച്ചുമുള്ള വ്യാഖ്യാനങ്ങള്‍ അവര്‍ നടത്തും. പക്ഷേ ചരിത്രം പരിശോധിച്ചാല്‍ അത് തെറ്റാണെന്ന് മനസ്സിലാവും. ഇസ്ലാമിക തീവ്രവാദത്തിന്റെ മക്ക എന്ന് വിളിക്കാവുന്ന, മുസ്ലീം ബ്രദര്‍ഹുഡിന്റെ സഹോദരസംഘടനയായിട്ടാണ് അതിന്റെ പിറവി. ഇസ്രയേലിനെ പ്രതിരോധിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ന്യായീകരിക്കാന്‍ പറ്റുന്നതല്ല ഹമാസിന്റെ ഭീകരത. അതുകൊണ്ടാണ് അറബ്ലോകംപോലും ഹമാസിനെ തള്ളിക്കളയുന്നത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ലോകത്ത് കാണുന്ന എല്ലാ മുസ്ലീം തീവ്രവാദത്തതിന്റെയും, അടിസ്ഥാന ഘടകമായി പലരും വിലയിരുത്തപ്പെടുന്നത് മുസ്ലീം ബ്രദര്‍ഹുഡിനെയാണ്. അതുകൊണ്ടുതന്നെ ഭീകരത എന്നത് ഹമാസിന്റെ രക്തത്തില്‍ അലിഞ്ഞതാണ്. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ തുറന്നിടിച്ചിരുന്നു. '' അടിസ്ഥാനമായി ഞങ്ങള്‍ ജൂതര്‍മ്മാരാണ്. ജൂതനെ ഉന്‍മൂലനം ചെയ്യുക എന്ന ഇസ്ലാമിക ചിന്തയില്‍നിന്നാണ് ഹമാസ് ഉണ്ടാവുന്നത്. ഞങ്ങള്‍ അവര്‍ക്ക് മുഴുവന്‍ ഭൂമിയും വിട്ടുകൊടുത്താലും അവര്‍ ഞങ്ങളെ ഉപദ്രവിച്ച് കൊണ്ടിരിക്കും. കാരണം ഈ വിഷയം മതപരമാണ്''- ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ് ഷാരോണിന്റെ വാക്കുകള്‍.
അടിമുടി മതം
വെറുമൊരു ഭൂമി തര്‍ക്കം മാത്രമല്ല ഇസ്രയേലും ഹമാസും തമ്മിലുള്ളത്. അത് മതപരമാണ്. ജൂതനെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കുന്ന ഇസ്ലാമിക സാഹിത്യത്തിന്റെ ഉപോല്‍പ്പന്നമാണ് ഹമാസ്. 1988-ല്‍ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയര്‍ത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിനെ ഇല്ലാതാക്കി പകരം ഫലസ്തീന്‍ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീന്‍ രാജ്യം രൂപവത്കരിക്കുമ്പോള്‍ അതു മതേതരമാകരുതെന്ന നിര്‍ബന്ധവും ഹമാസ് പ്രവര്‍ത്തകര്‍ക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിര്‍ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമാണിത്.
38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടി യില്‍ സംഘടനയുടെ ഇസ്ലാമിക തത്ത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഉടമ്പടി നിര്‍ദ്ദേശിക്കുന്നത്. ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസല്‍മാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്.
'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. പലസ്തീന്‍ എന്ന ഭൂപ്രദേശം 'അന്തിമവിധിനാള്‍' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു.
'നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു''- ഹമാസ് നേതാക്കളില്‍ പ്രമുഖര്‍ പലപ്പോഴും ഉദ്ധരിക്കുന്ന വാക്കാണിത്. അത് സത്യസന്ധവുമാണ്. കടുത്ത ഇസ്ലാമിക ശാസനകളാല്‍ കെട്ടിപ്പടുത്ത ഹമാസിന് ഇഹലോക ജീവിതത്തെക്കാള്‍ പ്രിയമാണ് പരലോക ജീവിതം. രക്തസാക്ഷിയായി മരിച്ചാല്‍ സ്വര്‍ഗത്തിലെത്തുമെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. കൊച്ചുകുഞ്ഞുങ്ങളുടെ തലച്ചോറിലേക്കുവരെ അവര്‍ അത് അടിച്ചേല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ മരണം എന്നതുകേട്ടാല്‍ ഭയന്നുപോവുന്നവരല്ല ഹമാസുകാര്‍. നൊന്തു പ്രസവിച്ച ഒമ്പത് മക്കളും, കൊല്ലപ്പെട്ട ഒരു ഫലസ്തീന്‍ മാതാവ്, തന്റെ മക്കള്‍ സ്വര്‍ഗത്തില്‍പോയതില്‍ അഭിമാനിക്കുന്നുവെന്നും, ഇസ്ലാമിനുവേണ്ടി ഇനിയും മക്കളെ വേണമെങ്കില്‍ സൃഷ്ടിക്കുമെന്നും അഭിമാനത്തോടെ പറയുന്ന ഒരു വീഡിയോയുണ്ട്! അതാണ്, ഹമാസിന്റെ വിജയവും. ആളുകളെ കൊന്നുകൊണ്ട് നിങ്ങള്‍ക്ക് ഹമാസിനെ തോല്‍പ്പിക്കാനാവില്ല. അതൊരു മാനസികാവസ്ഥകൂടിയാണ്. ഹമാസ് കുടികൊള്ളുന്നത് മതവിഷം നിറഞ്ഞ തലച്ചോറിലാണ്. ഇസ്ലാമോ-ലെഫ്റ്റ് പ്രോല്‍സാഹിപ്പിക്കുന്നതും ഇതുതന്നെയാണ്. ലിബറിലസത്തിന്റെ മറവ് പിടിച്ച് ഹമാസ് യൂറോപ്പില്‍ വളരുകയാണ്.
വാല്‍ക്കഷ്ണം: ഹമാസ് അനുകൂലികള്‍ ഏറെയുള്ള കേരളത്തിനും ഒരു പാഠമാവേണ്ടതാണ്, യുറോപ്പിലെ ഹമാസിന്റെ വളര്‍ച്ച. ലിബറിലസവും, ജനാധിപത്യത്തിന്റെയുമൊക്കെ മറവില്‍ ഭീകരത കടന്നുവരുന്നത്, കേരളത്തിലെ ഇടതുപക്ഷത്തിനും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവര്‍ അറിയാത്തെപോലെ കിടക്കുന്നു.




