- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണടച്ച് തുറക്കുമ്പോള്‍ ശതകോടീശ്വരന്‍; അംബാനിയെ വെല്ലുന്ന വസതി; ഫൈനാന്‍ഷ്യല്‍ ജീനിയസ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായതും ഞൊടിയിടയില്‍; പ്രധാനമന്ത്രിക്ക് കൈക്കൂലി കൊടുത്തത് ഒരു കോടിയെന്ന്; 47-ാം വയസില്‍ ജയില്‍ കിടന്ന് മരണം; ഹര്‍ഷദ് മേത്തയുടെ അസാധാരണ ജീവിതം
ഹര്‍ഷദ് മേത്തയുടെ അസാധാരണ ജീവിതം
വെറും 250 രൂപ മാസശമ്പളക്കാരനില്‍ നിന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ശതകോടീശ്വരനായ ഒരു ചെറുപ്പക്കാരന്‍. 80കളുടെ മധ്യം മുതല്‍ 92വരെ അയാള്‍ ലോകത്തിന് മുന്നില്‍ ഫൈനാന്‍ഷ്യല്‍ ജീനിയസ് ആയിരുന്നു. കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ക്ക് ബജറ്റ് അവതരണത്തിന് മുമ്പ് നിര്‍ദേശം നല്‍കിയയും, പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ക്ലാസെടുത്തുമൊക്കെ അയാള്‍ നിറഞ്ഞുനിന്നു. ഇന്ത്യന്‍ ഓഹരിവിപണിയുടെ രാജാവെന്നും, സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അമിതാഭ് ബച്ചനെന്നും ബിഗ് ബുള്ളെന്നും വിളിക്കപ്പെട്ട അയാള്‍, പ്രമുഖ മാഗസിനുകളുടെ കവര്‍ പേജുകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഹര്‍ഷദ് ശാന്തിലാല്‍ മേത്ത എന്ന ആ ഗുജറാത്തി ജൈനന്‍ പിന്നീടാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന്‍ എന്ന നിലയില്‍ മാറിയത്!
നാലായിരം കോടിരൂപയാണ് ഹര്‍ഷദ് മേത്ത ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് അടിച്ച്മാറ്റിയതായി പറയുന്നത്. പക്ഷേ ഒരുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം അയാള്‍മൂലം ഇന്ത്യന്‍ ഓഹരി വിപണിക്കുണ്ടായി. ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് മേത്ത ഏല്‍പ്പിച്ച മുറിവിന്റെ ആഘാതം അന്നോളമുള്ള ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു.
എല്ലാവരും മറുന്നതുടങ്ങിയ ഹര്‍ഷദ് മേത്തയെ വീണ്ടും ഓര്‍മ്മിപ്പിക്കയാണ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലക്കി ഭാസ്‌ക്കര്‍ എന്ന തെലുഗ് ചിത്രം. ഈ ചിത്രം ഹര്‍ഷദ് മേത്തയുടെ കഥയല്ല. ഓഹരി വിപണയിലെ കാളകള്‍ക്കും കരടികള്‍ക്കുമൊക്കെ ഇടയിലെ കുറേ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒറ്റ സീനില്‍പോലും ഹര്‍ഷദ് മേത്തയെ നേരിട്ട് കാണിക്കുന്നില്ലെങ്കിലും, സിനിമയില്‍ മുഴുവന്‍ അയാള്‍ ഉണ്ട്. ഹര്‍ഷദ് മേത്തയെ ഹര്‍ഷദ് മെഹ്‌റയാക്കിയരിക്കുന്നുവെന്ന് മാത്രം. നേരത്തെയും പല തവണ സിനിമയും വെബ്സീരീസുമായ കഥയാണ് മേത്തയുടേത്. ശരിക്കും ഒരു സാമ്പത്തിക അപസര്‍പ്പക കഥതന്നെയാണ് ആ ജീവിതം.
സ്റ്റോക്ക് മാര്‍ക്കറ്റിലെ അമിതാഭ് ബച്ചന്‍!
ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ പനേലി മോട്ടിയില്‍ ഒരു ഗുജറാത്തി ജൈന കുടുംബത്തിലാണ് ഹര്‍ഷദ് മേത്ത ജനിച്ചത്. പിതാവ് ശാന്തിലാല്‍ മേത്ത, മാതാവ് റസിലാബെന്‍ മേത്ത. സുധീര്‍ മേത്ത. ഹിതേഷ് മേത്ത, അശ്വിന്‍ മേത്ത എന്നിവര്‍ സഹോദരങ്ങളാണ്. ബാല്യകാലം ചെലവഴിച്ചത് മുംബൈ ബോറിവാലിയിലായിരുന്നു. പിതാവ് ഒരു ചെറുകിട ടെക്സ്റ്റൈല്‍ ബിസിനസുകാരനായിരുന്നു. ശരിക്കും ഒരു ലോവര്‍ മിഡില്‍ക്ലാസ് ഫാമലിയാണ് അവരുടേത് എന്നാണ് ഹര്‍ഷദ് മേത്തയുടെ ജീവചരിത്രകാരന്‍മ്മാര്‍ പറയുന്നത്.
ക്യാമ്പ് 2 ഭിലായിലെ ജന്ത പബ്ലിക് സ്‌കൂളിലാണ് മേത്ത പഠിച്ചത്. ക്രിക്കറ്റ് പ്രേമിയായ അവന് പഠിക്കാന്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.. ബോംബെയിലെ ലാലാ ലജ്പത്രായ് കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ മേത്ത, അടുത്ത എട്ട് വര്‍ഷക്കാലം നിരവധി ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടു. അതില്‍ പലതിലും തുഛവേതനവുമായിരുന്നു. സിമന്റ്, ഡയമണ്ട് തരംതിരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വില്‍പ്പനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു. മാസം 250 രൂപപോലും കിട്ടാത്ത ജോലികളായിരുന്നു അതൊക്കെ.
കുറച്ചുകാലം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡിന്റെ മുംബൈ ഓഫീസില്‍ സെയില്‍മാനായിരുന്നു മേത്ത. അവിടെ നിന്നാണ്, ഷെയര്‍ ബ്രോക്കിംഗ് കമ്പനികളെകുറിച്ച് അറിയന്നത്. 80-കളുടെ തുടക്കത്തിലായിരുന്നു ഇത്. ന്യൂ ഇന്ത്യയിലെ ജോലി രാജിവെച്ച് മേത്ത, ബ്രോക്കറേജ് സ്ഥാപനമായ ഹര്‍ജിവന്‍ദാസ് നെമിദാസ് സെക്യൂരിറ്റീസിലെ ക്ലറിക്കല്‍ ജോലിയില്‍ കയറി. അവിടെവെച്ചാണ് മേത്ത തന്റെ ഗുരുനാഥനെ കണ്ടെത്തി. പ്രസന്‍ പ്രാന്‍ ജീവന്‍ദാസ്. പേരെടുത്ത ഓഹരി ബ്രോക്കറാണ്. കുശാഗ്രബുദ്ധിയുടെയും തരികിടകളുടെയും ആശാനായ ഈ മനുഷ്യനില്‍നിന്നാണ് മേത്ത നിധിവേട്ടയുടെ കളികള്‍ പഠിച്ചത്.
1980 മുതല്‍ പത്ത് വര്‍ഷക്കാലം കൊണ്ട് മേത്ത ദലാല്‍ സ്ട്രീറ്റിന്റെ രാജാവായി മാറി. 1990-ഓടെ, ഇന്ത്യന്‍ സെക്യൂരിറ്റീസ് വ്യവസായത്തിലെ പ്രമുഖ സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നു. ബിസിനസ് ടുഡേ പോലുള്ള ജനപ്രിയ മാസികകള്‍ അദ്ദേഹത്തെ ' സ്റ്റോക്ക് മാര്‍ക്കറ്റിലെ അമിതാഭ് ബച്ചന്‍ ' എന്ന് വിളിച്ചു. അന്നൊക്കെ ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന പേരാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. പല കോളജുകളും മേത്തയെ കൊണ്ടുപോയി ക്ലാസ് എടുപ്പിച്ചു.
പ്രമുഖ സാമ്പത്തിക മാസികയായ ബിസിനസ് ടുഡേ ഉള്‍പ്പെടെയുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ കവര്‍ സ്റ്റോറിയായി അദ്ദേഹം. 'ദി ബിഗ് ബുള്‍' എന്ന് വിളിപ്പേരിലേക്ക് മേത്ത വളര്‍ന്നു. രാജ്യത്തെ ശതകോടീശ്വരന്‍മ്മാര്‍ മേത്തയെ കാണാന്‍ ക്യൂ നിന്നും. മുംബൈയിലെ വര്‍ളി കടല്‍ത്തീരത്ത് അംബാനിയുടെ ബംഗ്ലാവിനോട് ചേര്‍ന്ന് അതിന്റെ ഇരട്ടി വലിപ്പത്തില്‍ ഒരു പടുകൂറ്റന്‍ കൊട്ടാരം മേത്ത പടുത്തുയര്‍ത്തി. 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കടല്‍ത്തീരത്ത് ഒരു മിനി ഗോള്‍ഫ് കോഴ്‌സും നീന്തല്‍ക്കുളവുമൊക്കെയുണ്ടായിരുന്നു. ആ കൊട്ടാരമുറ്റത്ത് ടൊയോട്ട കൊറോള ,ടൊയോട്ട സെറ എന്നിവയുള്‍പ്പെടെയുള്ള, മുപ്പതോളം ലക്ഷ്വറി വാഹനങ്ങളുണ്ടായിരുന്നു. ആ പോര്‍ച്ചിനകത്തായിരുന്നു അന്ന് ഇന്ത്യയിലെ ഏക ലെക്സസ് കാറും കിടന്നിരുന്നത്. ഇന്ത്യയിലെ അതി സമ്പന്നര്‍ക്ക് പോലും ഇത്തരം വാഹനങ്ങള്‍ ഇല്ലാത്തകാലമായിരുന്നു അത്.
തൊട്ടതെല്ലാം പൊന്നാവുന്ന ടെക്ക്നിക്ക്
1986-ലാണ് ഹര്‍ഷദ് മേത്ത തന്റെ സ്വന്തം സ്ഥാപനമായ ഗ്രോ മോര്‍ റിസര്‍ച്ച് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് സ്ഥാപിച്ചത്. മേത്ത തൊട്ട ഓഹരികളൊക്കെ വാണം വിട്ടപോലെ ഉയര്‍ന്നു. അതിന്റെ കാരണം ആര്‍ക്കും അറിയില്ലായിരുന്നു. ഉദാഹരണമായി എസിസി സിമന്റുകമ്പനിയുടെ ഓഹരി 200 രൂപയില്‍ കിടന്നത് മേത്തയുടെ ദൃഷ്ടി പതിഞ്ഞതോടെ 9000 രൂപയില്‍വരെയെത്തി. (4,400% വര്‍ധനവ്). കോര്‍പറേറ്റുകള്‍ മേത്തക്കു മുന്നില്‍ ക്യൂ നിന്നു. അദ്ദേഹത്തിന്റെ ലൈന്‍ സിമ്പിളായിരുന്നു. ഈ ലൈന്‍ തന്നെയാണ് ലക്കി ഭാസ്‌ക്കര്‍ സിനിമയിലും കാണിച്ചിരിക്കുന്നത്.
90കള്‍ വരെ ബാങ്കുകള്‍ ഈക്വിറ്റിമാര്‍ക്കറ്റില്‍ പണമിറക്കിയിരുന്നില്ല. സര്‍ക്കാര്‍ ബോണ്ടുകളിലായിരുന്നു, അവരുടെ നിക്ഷേപം. ബാങ്കുകളുടെ ഈ മുതലാണ് മേത്ത മുതലാക്കിയത്. ഒരു ബാങ്കില്‍ നിന്ന് വന്‍തുക വാങ്ങി ഹ്രസ്വകാലത്തേക്ക് മറ്റു ബാങ്കുകള്‍ക്ക് മറിക്കുക, അതിന്റെ പലിശയാണ് കൊടുക്കുന്ന ബാങ്കിന്റെ ആദായം. ഇതിനുള്ള ഇടനിലപ്പണിക്ക് ചില്ലറ കമീഷന്‍ കിട്ടും. അങ്ങനെയാണ് സെക്യൂരിറ്റീസ് വ്യവസായത്തിലെ പതിവ്. കൊടുക്കുന്ന ബാങ്കിന്റെ പണം മേത്ത സ്വന്തം അക്കൗണ്ടിലിടും. ഈ കാലയളവില്‍ ആ പണം, മേത്ത ഓഹരിവിപണിയിലിറക്കും. പ്രമോട്ട് ചെയ്യേണ്ട ഓഹരികള്‍ ഭീമമായി വാങ്ങിക്കൂട്ടും. അങ്ങനെ അവയ്ക്ക് വന്‍വിലയുണ്ടാക്കിയെടുക്കും. എ.സി.സി, സ്റ്റൈര്‍ലൈറ്റ്, വീഡിയോ കോണ്‍ തുടങ്ങിയവക്ക് ഭീകര ഡിമാന്റുണ്ടായത് അങ്ങനെയാണ്.
മൂന്നുമാസമാണ് ബാങ്ക് തിരിച്ചടവിനു നല്‍കുന്ന ക്രഡിറ്റ് പിരീയഡ്. അതിനകം മേത്ത ഓഹരി വിറ്റ് വന്‍ലാഭവും കൊയ്ത്, ബാങ്കിന്റെ കാശ് മടക്കും. ഈ കളിയില്‍ അന്ന് ഏഴ് ബ്രോക്കര്‍മാരേയുള്ളൂ ഇന്ത്യയില്‍. ബാങ്ക് രസീതാണ് (ബി ആര്‍) ബ്രോക്കര്‍ക്ക് കൊടുക്കുക. അല്ലാതെ കാശിടപാടില്ല. ബി ആറിന്റെ ഈടിലാണ് കളിയത്രയും. വില്‍ക്കുന്ന ബാങ്ക് രസീതു കൊടുക്കും. വാങ്ങുന്ന ബാങ്ക് അതിനുള്ള ചെക്ക് നല്‍കും. രണ്ടു ബാങ്കുകളും പരസ്പരം അറിയുകപോലുമില്ല, ഇടപാട്. ഡിജിറ്റല്‍ ബാങ്കിങ്ങും കമ്പ്യൂട്ടര്‍വത്ക്കരണവം ഒന്നുമില്ലാത്തകാലത്തിന്റെ ആനുകൂല്യം മേത്ത നന്നായി മുതലെടുത്തു.
ഈ കളിയിലുടെ ഒന്നും രണ്ടുമല്ല. ശതകോടികളാണ് മേത്ത ഉണ്ടാക്കിയത്. അവസാനം മേത്ത ബാങ്കുകള്‍ അറിയാതെ സ്വന്തമായി വ്യാജ ബിആറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതിലൂടെയും അയാള്‍ കോടികള്‍ നേടി. കൃതിമമായി ഓഹരി വിലകള്‍ ഉയര്‍ത്തുക, എന്നിട്ട് ഒരു ഘട്ടം കഴിയുമ്പോള്‍,തന്റെ കൈയിലുള്ളവ ഒറ്റയിടക്ക് വിറ്റഴിക്കുക. അതോടെ ചീട്ടുകൊട്ടാരം പോലെ വിപണി ഇടിയും. ആയിരിക്കണക്കിന് പേര്‍ക്കാണ് ഈ കെണിയില്‍ കുടുങ്ങി കിടപ്പാടം വരെ നഷ്ടമായത്. നിരവധി പേര്‍ ആത്മഹത്യ ചെയ്തു. മാനസികനില തകര്‍ന്നവരും ഉണ്ട്.
റാവുവിന് നല്‍കിയ ഒരുകോടി?
മേത്തയെ എക്പോസ് ചെയ്തത്, ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങളോ, സിബിഐപോലുള്ള ഏജന്‍സികളോ, ഇതെല്ലാം മോണിറ്റര്‍ ചെയ്യേണ്ട സെബിയോ, ആര്‍ബിഐയോ ഒന്നുമായിരുന്നില്ല. സുചേത ദലാല്‍ എന്ന ഒരു മാധ്യമ പ്രവര്‍ത്തകയായിരുന്നു. 1992 ഏപ്രില്‍ 23 ന്, സുചേത ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ മേത്തയുടെ നിയമവിരുദ്ധമായ രീതികള്‍ തുറന്നുകാട്ടി. സത്യത്തില്‍ ഈ ഒരു റിപ്പോര്‍ട്ടാണ് മേത്തയുടെ പതനത്തിന്റെ തുടക്കമായത്.
അപ്പോഴാണ് പല ബാങ്കുകള്‍ക്കും വ്യാജ ബിആര്‍ ആണ് തങ്ങള്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. ഒന്നുരണ്ടുമല്ല, 4000 കോടി രൂപയാണ് മേത്ത തട്ടിയത്. മേത്തയ്ക്ക് ചെക്ക് നല്‍കിയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ തങ്ങള്‍ കുറ്റക്കാരാകുമെന്ന് ബാങ്കുകാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ ലക്കിഭാസ്‌ക്കര്‍ സിനിമയില്‍ കണ്ടതുപോലെയായി കാര്യങ്ങള്‍. പല ബാങ്കുകളും ഈ പ്രശ്നം മൂടിവെക്കാനാണ് ശ്രമിച്ചത്. പക്ഷേ മാധ്യമങ്ങളും പ്രതിപക്ഷവും പിന്നില്‍ കൂടിയതോടെ മേത്തക്ക് പിടിവീണു. സിബിഐതൊട്ട് ലോക്കല്‍ പൊലീസ് വരെ മേത്തക്കുനേരെ കേസെുടത്തു. മൊത്തം 72 കേസുകളാണ് ഉണ്ടായത്. വിലയില്ലാത്ത പ്രോമിസറി നോട്ട് (വ്യാജ ബി.ആര്‍) വെച്ചുകളിച്ചു എന്നതാണ് കുറ്റങ്ങളുടെയെല്ലാം രത്നച്ചുരുക്കം. സംഭവംര ാഷ്ട്രീയമായും കോളിളിക്കം സൃഷ്ടിച്ചു. ആര്‍.ബി.ഐ ഗവര്‍ണര്‍ വെങ്കട്ടരാമന്‍ രാജിവെച്ചു.
സംഭവം രാഷ്ട്രീയമായും വലിയ വിവാദമായി. കേസില്‍ ജാമ്യത്തിലറങ്ങിയ ഹര്‍ഷദ്് മേത്ത 93-ല്‍ മറ്റൊരു വെടിപൊട്ടിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവിന് താന്‍ ഒരുകോടി രൂപ കോഴ കൊടുത്തൂവെന്ന ആരോപണം, രാജ്യത്തെ ഞെട്ടിച്ചു. ഒരുകോടി രൂപ ഒരു സ്യൂട്ട്കേസിലാക്കി റാവുവിന് കൈമാറി എന്നാണ് മേത്ത ആരോപിച്ചിരുന്നത്. അതോടെ ഒരു കോടി രൂപ, ഒരു സ്യൂട്ട്കേസില്‍ കൊള്ളുമോ എന്നുവരെ ചോദ്യം വന്നു. പക്ഷേ കൃത്യമായി ഒരു കോടി രൂപ ഒരു സ്യൂട്ട്കേസില്‍ അടക്കിവെക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് കാണിച്ചാണ് ഹര്‍ഷദ് മേത്ത പ്രതികരിച്ചത്. പക്ഷേ ഇതുതന്നെയാണ് മേത്തയുടെ തകര്‍ച്ചക്ക് സമ്പുര്‍ണ്ണകാരണമായി വിലയിരുത്തപ്പെടുന്നത്. അതിനുശേഷമാണ് ഇത്രയധികം കേസുകള്‍ മേത്തക്ക് മേല്‍ കുമിഞ്ഞുകുടുന്നതും, അദ്ദേഹം പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജയിലില്‍ ആവുന്നതും.
റാവുവിനും വല്ലാത്ത ബ്ലാക്ക്മാര്‍ക്ക് ആയി മേത്ത ബന്ധം. ആഗോളീകരണ - ഉദാരീകരണ പക്രിയയിലുടെ ഇന്ത്യയുടെ മുഖഛായ മാറ്റിയ നരസിംഹ റാവു മരിച്ചിട്ടുപോലും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തുപോലും ഒരു ആദരവ് കിട്ടാത്ത രീതിയുണ്ടായത് ഈ സംഭവം കൊണ്ട് കൂടിയാണെന്ന് പലരും എഴുതിയിട്ടുണ്ട്. പക്ഷേ അവസാനകാലത്ത് കേസ് നടത്താന്‍ പോലും പണമില്ലായെ റാവു സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നതും വേറെ കാര്യം. മേത്തയുടെ ജീവിതവും 1992 ലെ അഴിമതിയും, സുചേത ദലാലും ദേബാഷിസ് ബസുവും അവരുടെ 'ദി സ്‌കാം: ഫ്രം ഹര്‍ഷാദ് മേത്ത ടു കേതന്‍ പരേഖ്' എന്ന പുസ്തകത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
47-ാം വയസില്‍ ജയിലില്‍ കിടന്ന് മരണം
പഷേ ജയിലില്‍ കടിക്കുമ്പോഴും മേത്തക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മൂംൈബ കലാകൗമുദിയുടെ ന്യൂസ് എഡിറ്ററുമായ വിജു വി നായര്‍, ജയിലില്‍പോയി ഹര്‍ഷദ് മേത്തയെ നേരിട്ട് കണ്ടിരുന്നു. ആ അനുഭവം അദ്ദേഹം ഇങ്ങനെ എഴുതുന്നു-'' ജയിലില്‍ പിടിച്ചിട്ടിട്ടും മേത്ത കൂസിയില്ല. ആരോടും സംസാരിക്കാന്‍ സദാ തയ്യാര്‍. അങ്ങനെ ചെന്നുകണ്ടപ്പോഴാണ് കാര്യങ്ങള്‍ വിശദീകരിച്ചിട്ട് നേരെ ഒരു മറുചോദ്യം മേത്ത ഉന്നയിക്കുന്നത്. ഞാന്‍ തെറ്റിച്ച നിയമമേതാണ്? ആ ചോദ്യത്തിന് 72 കേസുകള്‍ അടയിരുന്ന കോടതികളോ കുറ്റപത്രമെഴുതിയ ഏമാന്മാരോ ഇന്നേവരെ മറുപടി പറഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയിലുള്ള ഒരു സാമ്പ്രദായിക പ്രാക്ടീസ് ഉപയോഗിച്ച് കാശുണ്ടാക്കി, ഓഹരിയുടെയും വില കയറ്റി, ഓഹരി വിപണിയില്‍ ഒരുകൊല്ലം വന്‍ വിലക്കയറ്റവുമുണ്ടായി. അതൊരു കുറ്റകൃത്യമായി ഇന്ത്യന്‍ സാമ്പത്തിക നിയമങ്ങള്‍ പറയുന്നില്ല. ഇതേ കലാപരിപാടി ഇവിടുത്തെ മറ്റ് സെക്യൂരിറ്റീസ് ബ്രോക്കര്‍മാര്‍ സ്ഥിരമായി ചെയ്യുന്നുണ്ട്, വിദേശ ബാങ്കുകള്‍ക്കുവേണ്ടി. ആ ഭാഗത്തേക്ക് ആരും നോക്കുന്നതേയില്ല. ഇനി മേത്തയുടെ ഇടപാടിലുള്ള ചില ബാങ്കുകള്‍ക്ക് സാങ്കേതികാര്‍ഥത്തില്‍ മാത്രമാണ് ഇന്‍സോള്‍വന്‍സി. ഭൗതികമായി ഒന്നും നഷ്ടമായിട്ടില്ല. അപ്പോള്‍പ്പിനെ എന്താണ് മേത്ത ചെയ്തകുറ്റം?
ഈ പുകില് പത്തുകൊല്ലമായപ്പോഴേക്കും മേത്ത മരിച്ചു. കേസുകള്‍ അപ്രസക്തമായി. മേത്ത തുറന്നുകാട്ടിയത് സിസ്റ്റത്തിലെ പിഴവുകളാണ്. അതിന് രണ്ടു കറക്ഷനുണ്ടായതാണ് ആകെയുള്ള മെച്ചം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു, വിപണിയില്‍ ഡീ- മ്യൂച്യലൈസേഷന്‍ വ്യവസ്ഥ ചെയ്തു. ഹര്‍ഷദ് മേത്ത ഒരുശിരന്‍ കഥാപാത്രമാണ്. 72 കേസുകളും കോടതിയിലെ തിരക്കവും ജയില്‍വാസവുമൊക്കെ ഒരുവശത്ത്. പാപ്പരാക്കുന്ന നടപടികള്‍ വേറെയും. ഇതിനിടെ ഓഹരിമൂല്യം കൂട്ടുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്കു ക്ലാസെടുക്കുക, മന്‍മോഹന്‍ സിംഗിന് ബജറ്റ് നന്നാക്കാന്‍ പ്രബന്ധം തയ്യാറാക്കി അയക്കുക എന്നുവേണ്ട അസാമാന്യ ഊര്‍ജമാണ് അയാള്‍ കെട്ടഴിച്ചത്. മറ്റാരായാലും തകര്‍ന്നുപോകുന്ന ചുറ്റുപാടില്‍ ഈ മനുഷ്യന്‍ ഒരു ലഹരിപോലെ റൈഡ് തുടര്‍ന്നു. ഇതാണ് ഫോര്‍ച്യൂണ്‍ ഹണ്ടേഴ്സിന്റെ പ്രകൃതം. വല്ലാത്ത റിസോള്‍വ്, റിസ്‌കെടുക്കാന്‍ ഒരു മടിയുമില്ല. സ്വയമൊരു റോളര്‍കോസ്റ്ററാണവര്‍.''-വിജു വി നയാന്‍ ചൂണ്ടിക്കാട്ടുന്നു.
2001 ഡിസംബര്‍ 30നാണ് താനെ ജയിലിവെച്ച് പൊടുന്നനെയുണ്ടായ ഹൃദയാഘാതംമുലം ഹര്‍ഷദ് മേത്ത മരിച്ചത്. അപ്പോള്‍ അദ്ദേഹത്തിന് 47 വയസുമാത്രമായിരുന്നു പ്രായം. വര്‍ഷങ്ങള്‍ക്കുശേഷം ഹര്‍ഷദിന്റെ മരണത്തെക്കുറിച്ച് ഭാര്യ ടൈസ്് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. '' താനെ ജയിലില്‍വെച്ച് വൈകുന്നേരം 7 മണിയോടെ അദ്ദേഹത്തിന് ആദ്യത്തെ ഹൃദയാഘാതം ഉണ്ടായത്. എന്നാല്‍ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോവാതെ 4 മണിക്കൂര്‍ വൈകിപ്പിച്ചു. ഹര്‍ഷദ് തന്റെ അസാധാരണമായ വേദന അടുത്ത സെല്ലിലുണ്ടായിരുന്ന തന്റെ അനുജന്‍ സുധീറിനോട് പറഞ്ഞിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ എത്തിയെങ്കിലും, ഹൃദയാഘാതത്തിനുള്ള മരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ 54 ദിവസം മുമ്പ് ജയിലില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന എമര്‍ജന്‍സി കിറ്റില്‍ ഞാന്‍ നല്‍കിയ സോര്‍ബിട്രേറ്റ് മരുന്ന് നല്‍കണമെന്ന് ഹര്‍ഷദ് അവരോട് അഭ്യര്‍ത്ഥിച്ചു. അത് നല്‍കിയിട്ട് അവര്‍ നാലുമണിക്കുര്‍ കാത്തിരിക്കയാണ് ഉണ്ടായത്. രാത്രി 11 മണിയോടെ, അദ്ദേഹത്തെ താനെ ആശുപത്രിയിലേക്ക് എത്തിച്ചു. വളരെ ദൂരം നടന്നാണ് കൊണ്ടുപോയത്. അവിടെവെച്ച് രണ്ടാമത്തെ ഹൃദയാഘാതം ഉണ്ടായി. അങ്ങനെയാണ് അദ്ദേഹം മരിച്ചത്''- ജോതി പറയുന്നു.
എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ജയില്‍ അധികൃതരുടെയും വാദം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടക്കം കാണിച്ച് അവര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നു. മരിക്കുമ്പോള്‍ വെറും നാലുകേസില്‍ മാത്രമാണ് ഹര്‍ഷദ് ശിക്ഷക്കപ്പെട്ടത്.
മേത്ത കുടുംബത്തിന് സംഭവിച്ചത്?
ഹര്‍ഷദ് സമ്പാദിച്ച കോടികള്‍ സ്വന്തം കുടുംബത്തിനുപോലും ഉപകാരപ്പെട്ടില്ല. അക്കൗണ്ട് സര്‍ക്കാര്‍ ഫ്രീസ് ചെയ്യുകയും, സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ഭാര്യയും മകനും ഏറെക്കാലം ബുന്ധിമുട്ടിയാണ് ജീവിച്ചത്. ഹര്‍ഷദിന്റെ വലംകൈയായിരുന്ന, സഹോദരന്‍ അശ്വിന്‍ മേത്തയും, മറ്റൊരു സഹോദരനായ സൂധീര്‍ മേത്തയും കേസില്‍ അറസ്്റ്റിലായി. 1700 കോടി രൂപ പല ബാങ്കുകള്‍ക്കും നഷ്ടപരിഹാരമായി കുടുംബം നല്‍കേണ്ടി വന്നു. ഇതൊക്കെ ഹര്‍ഷദിന്റെ സ്വത്തുക്കള്‍ വിറ്റാണ് അടച്ചത്.
ഹര്‍ഷദിന്റെ പ്രധാന കൂട്ടാളിയായി കണക്കാക്കുന്ന സഹോദരന്‍ അശ്വിന്‍ മേത്ത, തുടര്‍ വിദ്യാഭ്യാസത്തിനായി മുംബൈയിലെത്തിയതായിരുന്നു. അദ്ദേഹം നിയമ ബിരുദധാരിയാണ്. ഒരു അഡ്വക്കേറ്റ് ആവുകയായിരുന്നു ആഗ്രഹം. എന്നാല്‍ ഹര്‍ഷദ് സ്റ്റോക്ക് ബ്രോക്കിങ്ങില്‍ തിളങ്ങിയതോടെ അശ്വിനും ഒപ്പം കൂടുകയായിരുന്നു. ഹര്‍ഷാദ് മേത്തയാണ് മുഴുവന്‍ പദ്ധതിയുടെയും ശില്‍പ്പിയങ്കില്‍ പോലും, ഇത്രയും വലുതും സങ്കീര്‍ണ്ണവുമായ ഒരു തട്ടിപ്പിന് നിരവധി കൂട്ടാളികള്‍ ഉണ്ടാവുമെന്നായിരുന്നു സിബിഐയുടെ വിലയിരുത്തല്‍. അങ്ങനെയാണ് അശ്വിന്‍ മേത്തയും കേസില്‍ പെട്ടത്. ഹര്‍ഷദ് ചെയ്യുന്നത് തട്ടിപ്പാണെന്ന് അശ്വിന് അറിയുമായിരുന്നില്ല. പക്ഷേ ഒരു ഘട്ടത്തിലും അയാള്‍ സഹോദരനെ തള്ളിപ്പറഞ്ഞില്ല.
നേരത്തെ ഓഹരി സ്‌കാമില്‍ അശ്വിന്‍ മേത്തയെ അഞ്ച് വര്‍ഷം തടവിനും, 5 ലക്ഷംരൂപ പിഴക്കും ശിക്ഷിച്ചിരുന്നു. പക്ഷേ 2018-ല്‍ പ്രത്യേക കോടതി അശ്വിന്‍ മേത്തയെ കുറ്റവിമുക്തനാക്കി. കുറച്ചുകാലം ജയിലില്‍ കിടന്ന് അവസാനം മോചിതനായത്. ഒടുവില്‍ അദ്ദേഹം തന്റെ പഴയ തൊഴിലായ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. നിലവില്‍, അശ്വിന്‍ മേത്ത സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും ഇടപാടുകാരെ പ്രതിനിധീകരിക്കുന്നു. തന്റെ കുടുംബത്തെ കേസില്‍നിന്ന് രക്ഷിക്കാനായി വര്‍ഷങ്ങളായി ഇദ്ദേഹം ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചു. ഒടുവില്‍ വിജയിച്ച അദ്ദേഹം ഇപ്പോള്‍ ശന്തമായ ജീവിതം നയിക്കയാണ്. താനും സഹോദരനും, ആരെയും വഞ്ചിച്ചിട്ടില്ലെന്നാണ്, അവസാനം കൊടുത്ത ഒരു അഭിമുഖത്തിലും അശ്വിന്‍ പറയുന്നത്. ഹര്‍ഷദിനൊപ്പം ജയിലായ സുധീര്‍ മേത്തയും ഇപ്പോള്‍ ലോ പ്രൊഫൈല്‍ ജീവിതമാണ് നയിക്കുന്നത്.
ഇപ്പോഴും മാധ്യമങ്ങളില്‍നിന്ന് അകന്നാണ് മേത്ത കുടുംബം കഴിയുന്നത്. ഹര്‍ഷാദ് മേത്തയുടെ ഏക മകനായ ആതുര്‍ മേത്ത ഇപ്പോള്‍ എവിടെയാണെന്നുപോലും ആര്‍ക്കും കൃത്യമായ ധാരണയില്ല. വ്യാപാരിയും നിക്ഷേപകനുമായ അദ്ദേഹം അമേരിക്കയിലാണ്, അല്ല ഡല്‍ഹിയിലുണ്ട് എന്നൊക്കെയാണ് പറഞ്ഞുകേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആതൂര്‍ മേത്തയുടെ ഒരു കമ്പനി സ്റ്റോക്ക് എക്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ അതും വാര്‍ത്തയായിരുന്നു.
വാല്‍ക്കഷ്ണം: സംഭവം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ഒരു അഭിമുഖത്തില്‍ ഹര്‍ഷദ് മേത്തയുടെ ഭാര്യ ജ്യോതി മേത്ത ഇങ്ങനെ പറയുന്നു-'' 04.11.1991 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ നരസിംഹ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് 1993-ല്‍ ഹര്‍ഷദ് നടത്താന്‍ നിര്‍ബന്ധിതനായ വെളിപ്പെടുത്തലുകളാണ് ഞങ്ങള്‍ക്ക് ഇത്രയും ദുരിതം ഉണ്ടാക്കിയത്''. ഇന്ത്യന്‍ പ്രധാനമന്ത്രിവരെ കൈക്കൂലി വാങ്ങുക എന്നത് ഞെട്ടിക്കുന്നതാണ്. ഇതിലെയൊക്കെ ശരിതെറ്റുകള്‍ ഇന്നും ദരൂഹവും.