- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളഡ് ജിഹാദ്, ഫെര്‍ട്ടിലൈസര്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ്....!; ബഹുഭാര്യത്വത്തിന് തടവ്; മദ്രസകളെ പൊതുവിദ്യാലയങ്ങളാക്കി; ലൗജിഹാദിനെതിരെ നിയമം; 34 ശതമാനം മുസ്ലീങ്ങളുള്ള ഒരു സംസ്ഥാനത്ത് തീവ്ര ഹിന്ദുത്വ പ്രചാരണം; ഹിമന്ത ബിശ്വ ശര്‍മ്മക്ക് തുടര്‍ ഭരണമോ? അസമില്‍ സംഭവിക്കുന്നത്
ഫ്ളഡ് ജിഹാദ്, ഫെര്‍ട്ടിലൈസര്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ്....!; ബഹുഭാര്യത്വത്തിന് തടവ്; മദ്രസകളെ പൊതുവിദ്യാലയങ്ങളാക്കി

'ഒരു മിയാ ( ബംഗാളി വംശജരായ മുസ്ലിം) റീക്ഷക്കാരന്‍ 5 രൂപ ചോദിച്ചാല്‍ 4 രൂപ മാത്രം നല്‍കുക'- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഈയിടെ ജനങ്ങളോട് ആഹ്വാനം ചെയ്തതാണ്! കേരളംപോലെ ഒരു നാട്ടില്‍ ഇങ്ങനെ ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തായിരിക്കും ഭുകമ്പം. പക്ഷേ അസമില്‍ ഇതൊന്നും പ്രശ്നമല്ല. ബ്രഹ്‌മപുത്ര നദികടന്ന് ആയിരക്കണക്കണക്കിന് ബംഗ്ലാദേശി മുസ്ലീങ്ങള്‍ അസമിലെത്തുന്നുവെന്നും അവര്‍ വ്യാജ ഐഡികാര്‍ഡുകളിലൂടെ വോട്ടര്‍മാരായി മാറുകയാണെന്നുമാണ്, ബിജെപി നേതാക്കള്‍ നിരന്തരം പറയുന്നത്. മുസ്ലീം ജനസംഖ്യ 34 ശതമാനമായിട്ടും, അസം ഇസ്ലാമിന് മേല്‍ക്കെയുള്ള സ്റ്റേറ്റായി മാറാത്തത്, ഹിമന്തയുള്ളതുകൊണ്ടാണെന്ന് അവര്‍ പരസ്യമായി പറയുന്നു. ഭാഷയുടെയും മതത്തിന്റെയും ഗ്രോത്രത്തിന്റെയും പേരിലുള്ള വിഭാഗീയത വോട്ടാവുന്ന സ്ഥലം. നാളെ കേരളത്തിനൊപ്പം പോളിങ്് ബൂത്തിലേക്ക് പോവുന്ന അസമിലെ വിശേഷങ്ങള്‍ ഒരേസമയം പേടിപ്പെടുത്തുന്നതും കൗതുകകരവുമാണ്.
കിഴക്കന്‍ ഇന്ത്യയുടെ കവാടമെന്നറിയപ്പെടുന്ന അസം, പ്രകൃതിഭംഗി കൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും എന്നും സവിശേഷമായ ഒരിടമാണ്. ഹിമാലയന്‍ താഴ്വരകളില്‍ നിന്ന് ഒഴുകിയെത്തുന്ന ബ്രഹ്‌മപുത്ര നദിയും, പച്ചപ്പണിഞ്ഞ തേയിലത്തോട്ടങ്ങളും, കാസിരംഗയിലെ വനമേഖലകളും ചേരുന്ന അസമിന്റെ ഭൂപ്രകൃതി പോലെ തന്നെ വൈവിധ്യപൂര്‍ണ്ണമാണ് ഇവിടുത്തെ രാഷ്ട്രീയ ചിത്രവും. എന്നാല്‍ ഈ മനോഹരമായ ഭൂപ്രകൃതിക്ക് പിന്നില്‍ കുടിയേറ്റം, വംശീയ സ്വത്വം, നദീതടങ്ങളിലെ വെള്ളപ്പൊക്കം തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുടെ നീറുന്ന ചരിത്രമുണ്ട്.
ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പിന്നീട് ഉയര്‍ന്നുവന്ന അസം ഗണ പരിഷത്തിന്റെയും (എജിപി) കോട്ടയായിരുന്ന സംസ്ഥാനം ഇന്ന് ബിജെപിയുടെ ശക്തമായ താവളമാണ്. 2016-ല്‍ സര്‍ബാനന്ദ സോനോവാളിലൂടെ തുടങ്ങിയ ബിജെപി ഭരണം, 2021-ല്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. വികസന മുദ്രാവാക്യങ്ങള്‍ക്കൊപ്പം തന്നെ 'സ്വത്വ രാഷ്ട്രീയവും' വോട്ടര്‍മാരെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളും അസമിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്നും നിഴലിക്കാറുണ്ട്. 2026 ഏപ്രില്‍ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു ഭരണമാറ്റത്തിനുള്ള പോരാട്ടമല്ല, അസമിന്റെ വരാനിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ദിശ നിര്‍ണ്ണയിക്കുന്ന വിധിയെഴുത്താണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യവും, നഷ്ടപ്പെട്ട മണ്ണ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ നിരയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് അസം വേദിയാകുന്നത്.
കോണ്‍ഗ്രസ് സ്റ്റേറ്റ് കാവിയിലേക്ക്
അസമിന്റെ രാഷ്ട്രീയ ചരിത്രം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ആധിപത്യത്തില്‍ നിന്ന് പ്രാദേശിക പാര്‍ട്ടിയായ അസം ഗണ പരിഷത്തിലേക്കും അവിടെ നിന്ന് ഇന്നത്തെ ബിജെപി ഭരണത്തിലേക്കുമുള്ള മാറ്റം വളരെ രസകരമാണ്. സ്വാതന്ത്ര്യാനന്തരം അസമില്‍ കോണ്‍ഗ്രസ് ആയിരുന്നു പ്രധാന ശക്തി. 1952 മുതല്‍ 1985 വരെ ഏകദേശം മുപ്പതിലധികം വര്‍ഷം കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചു. എന്നാല്‍ 1970-കളുടെ അവസാനത്തോടെ കുടിയേറ്റ വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായി.
1979 മുതല്‍ 1985 വരെ നീണ്ടുനിന്ന 'അസം പ്രസ്ഥാനം' ചരിത്ര പ്രധാനമായിരുന്നു. വിദേശ കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ ഈ പ്രക്ഷോഭം അസം കരാറിലൂടെ ആണ് അവസാനിച്ചത്. ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ചേര്‍ന്ന് 1985-ല്‍ അസം ഗണ പരിഷത്ത് (എജിപി) രൂപീകരിച്ചു. അതേ വര്‍ഷം തന്നെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് പ്രഫുല്ല കുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ എ.ജി.പി അധികാരത്തിലെത്തി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഒരു മുഖ്യമന്ത്രിയെ കിട്ടുന്നതും ലോക ചരിത്രം. രണ്ട് തവണ (19851990, 19962001) എ.ജി.പി ഭരണം നടത്തി. എന്നാല്‍ ആഭ്യന്തര കലഹങ്ങളും കുടിയേറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതും അവര്‍ക്ക് തിരിച്ചടിയായി.
2001-ല്‍ എ.ജി.പിയെ പരാജയപ്പെടുത്തി തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. തുടര്‍ച്ചയായി 15 വര്‍ഷം (20012016) അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. 1991-ല്‍ വെറും 10 സീറ്റുകളുമായി അസമില്‍ സാന്നിധ്യമറിയിച്ച ബിജെപി വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് വളര്‍ന്നത്. ഹിന്ദുത്വ നിലപാടുകള്‍ക്കൊപ്പം പ്രാദേശിക വികാരങ്ങളെയും സംഘപരിവാര്‍ ചേര്‍ത്തുപിടിച്ചു. എ.ജി.പി, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി. പക്ഷേ അതിനേക്കാളൊക്കെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചത് നേതാക്കളുടെ കൂറുമാറ്റമായിരുന്നു. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2015-ല്‍ ബിജെപിയില്‍ ചേര്‍ന്നത് അവര്‍ക്ക് വലിയ ആഘാതമായി.
2016-ല്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ബിജെപി സഖ്യം ആദ്യമായി ഭരണം പിടിച്ചു. കുടിയേറ്റ വിഷയത്തില്‍ ബിജെപി എടുത്ത ശക്തമായ നിലപാട് പ്രാദേശിക വോട്ടര്‍മാരെ സ്വാധീനിച്ചു.2021-ലും വിജയം ആവര്‍ത്തിച്ചതോടെ അസമില്‍ ബിജെപി അതിന്റെ ആധിപത്യം ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെ വീഴ്ചയും എ.ജി.പിയുടെ രാഷ്ട്രീയ പ്രസക്തി കുറഞ്ഞതും ബിജെപിയുടെ മികച്ച സംഘടനാ ശേഷിയുമാണ് അസമിനെ ബിജെപി കോട്ടയാക്കി മാറ്റിയത്.
ഹിമന്തയുഗം വരുന്നു
'അസമിലെ മോദി' എന്ന് ഇന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭരണം വന്നതോടെ അസമില്‍ ബിജെപിയുടെ അപ്രമാദിത്വമുണ്ടായത്. 1969 ഫെബ്രുവരി 1-ന് അസമിലെ ജോര്‍ഹട്ടിലാണ് ഹിമന്ത ജനിച്ചത്. പിതാവ് കൈലാഷ് നാഥ് ശര്‍മ്മ ഒരു കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് മൃണാളിനി ദേവി. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഹിമന്ത രംഗത്തെത്തിയത്. കോട്ടണ്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. 2001-2015വരെ അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു.
2001ല്‍ ജലൂക്ബാരി മണ്ഡലത്തില്‍ നിന്ന് ആദ്യമായി എംഎല്‍എയായി. തരുണ്‍ ഗോഗോയ് മന്ത്രിസഭയില്‍ ധനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. പക്ഷേ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2015-ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 2016-ല്‍ ബിജെപിയെ അസമില്‍ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2021-ല്‍ ബിജെപി ഭരണം നിലനിര്‍ത്തിയതോടെ അസമിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാഷ്ട്രീയത്തിന് പുറമെ സ്പോര്‍ട്സിലും അദ്ദേഹം സജീവമാണ്. നിലവില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുകൂടിയാണ് അദ്ദേഹം.
ഇന്ന് അസം എന്നാല്‍ ഹിമന്തയാണ്. മുസ്ലീങ്ങള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും കടുത്ത നടപടികള്‍ എടുത്ത്, ഹിന്ദുവോട്ടര്‍മാരുടെ ഏകീകരണമാണ് ഹിമന്ത ലക്ഷ്യമിടുന്നത്. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് ഹിന്ദുക്കള്‍ 61.47 ശതമാനമാണ്. (ഏകദേശം 1.91 കോടി). മുസ്ലിംള്‍ 34.22% ശതമാനമുണ്ട്. (ഏകദേശം 1.07 കോടി). ക്രിസ്ത്യാനികള്‍ 3.74% (ഏകദേശം 11.66 ലക്ഷം). ബുദ്ധ, ജൈന, സിഖ് മതക്കാര്‍ 1 ശതമാനത്തില്‍ താഴെയാണ്. 34 ശതമാനം മുസ്ലീങ്ങള്‍ ഉണ്ടായിട്ടും അവരെ അടക്കിനിര്‍ത്തുന്നത് തന്റെ മിടുക്കാണെന്ന് പരസ്യമായി പറഞ്ഞ ആളാണ് ഹിമന്ത. പുതിയ മുസ്ലിം ജനസംഖ്യ ഏകദേശം 40% ആയി വര്‍ധിച്ചതായും ഹിന്ദു ജനസംഖ്യ 55-58% ലേക്ക് കുറഞ്ഞതായും പറയുന്നുണ്ട്. സംസ്ഥാനത്തെ ആകെ 35 ജില്ലകളില്‍ 11 ജില്ലകളില്‍ ഇപ്പോള്‍ മുസ്ലിം വിഭാഗത്തിനാണ് ഭൂരിപക്ഷം. പക്ഷേ ഹിമന്ത മറുഭാഗത്തെ ധ്രുവീകരണത്തിലാണ് ലക്ഷ്യമിടുന്നത്. മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരം ഹേറ്റ് സ്പീച്ച് നടത്തുന്ന നേതാവാണ് അദ്ദേഹം.
ഭാഷാപരമായും, ഗോത്രപരമായും, ഏറെ പ്രശ്നമുള്ള സംസ്ഥാനമാണ് അസം. അസമീസ് സംസാരിക്കുന്നവര്‍ ഇവിടെ 48.4 ശതമാനും, ബംഗാളി സംസാരിക്കുന്നവര്‍ 28.9 ശതമാനവും, ബോഡോ ഭാഷ സംസാരിക്കുന്നവര്‍ 4.5%. ശതമാനവുമാണ്. ഇതില്‍ അസാമീസ് ഭാഷ സംസാരിക്കുന്നവരാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ബംഗാളികള്‍ക്കെതിരെ നിരന്തരം വിദ്വേഷ ഭാഷണങ്ങളും ഹിമന്ത നടത്താറുണ്ട്. ഇത്തവണയും ബിജെപിയുടെ പ്രധാന ഭരണനേട്ടമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് തന്നെ, പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഒതുക്കിയെന്നതാണ്.
ബഹുഭാര്യാത്വം നിരോധിച്ചു
ഇസ്ലാമിക മതമൗലകവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍, നിരവധി വിവാദ നിയമനിര്‍മ്മാണങ്ങളിലുടെയാണ് ഹിമന്ത് ശര്‍മ്മ സംഘപരിവാര്‍ സര്‍ക്കിളിലെ ഹീറോയാവുന്നത്. 2020 ഡിസംബറില്‍ അസം സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം നിര്‍ത്തി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചു. ഇപ്പോഴത്തെ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ ആയിരുന്നു അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി. അന്ന് അത് വലിയ വിവാദംമുണ്ടാക്കി.
ഹിമന്ത മുഖ്യമന്ത്രിയായതോടെ അസമിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി. ലൗജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തി. അനധികൃത കുടിയേറ്റക്കാരുടെ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിച്ചു. ഒന്നിലധികം വിവാഹം കഴിക്കുന്നതും നിരോധിച്ചു. ഉത്തരാഖണ്ഡിന് പിന്നാലെ ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് അസം. എന്നാല്‍ ഉത്തരാഖണ്ഡിനേക്കാള്‍ കര്‍ക്കശമായ വ്യവസ്ഥകളാണ് ഇവിടെയുള്ളത്. പുതിയ നിയമപ്രകാരം ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷിക്കാം. കൂടാതെ നിലവിലെ വിവാഹം മറിച്ച് വെച്ച് വീണ്ടും വിവാഹം ചെയ്താല്‍ പത്ത് വര്‍ഷം വരെ അഴിയെണ്ണേണ്ടിവരും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ഇത്തരം വിവാഹത്തിന് കൂട്ടുനില്‍ക്കുന്ന ഖാസിമാര്‍, ഗ്രാമമുഖ്യന്‍മാര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവ് ലഭിക്കും. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ല. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. പരാതി കിട്ടിയാല്‍ എസ്‌ഐയില്‍ കുറയാത്ത റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. അസമില്‍ സ്ഥിരതാമസമാക്കിയവര്‍ ബോധപൂര്‍വം സംസ്ഥാനത്തിന് പുറത്ത് രണ്ടാം വിവാഹം കഴിച്ചാലും നിയമത്തിന്റെ പരിധിയില്‍വരും.
ബഹുഭാര്യാത്വത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.പട്ടികവര്‍ഗ വിഭാഗങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ വരുന്ന ഗോത്രജില്ലകളും ബില്ലിന്റെ പരിധിയില്‍ വരില്ല. ഹിന്ദു കോഡ് അനുസരിച്ച് നിലവില്‍ ബഹുഭാര്യത്വം കുറ്റകൃത്യമാണ്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് അനുവദനീയവുമാണ്. പുതിയ ബില്ലിന്റെ പരിധിയില്‍നിന്ന് ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഫലത്തില്‍ മുസ്ലിംകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക.
കഴിഞ്ഞ വര്‍ഷം അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചിരുന്നു. വീണ്ടും മുഖ്യമന്ത്രിയായാല്‍ അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ഉറപ്പുനല്‍കുന്നു സ്ത്രീകളുടെ വിവാഹ പ്രായം 19 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു.
ഫെര്‍ട്ടിലൈസര്‍ ജിഹാദും ഫ്ളഡ് ജിഹാദും!
എന്ത് പ്രശ്നമുണ്ടായാലും അതിനുപിന്നില്‍ മുസ്ലീങ്ങളാണെന്ന് വരുത്തി തീര്‍ക്കാന ഒരു ജിഹാദ് ചേര്‍ത്ത് പറയുകയാണ് ഹിമന്തയുടെ രീതി. നേരത്തെ അനധികൃത കുടിയേറ്റക്കാരുടെ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞ അസം സര്‍ക്കാറിന്റെ നടപടി വലിയ വിവാദമായിരുന്നു. യു.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടി നിരന്തരം താക്കീത് നല്‍കുന്നതിനിടയില്‍ അസമില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ 150 വീടുകളാണ് പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ തകര്‍ത്തത്. ഇവര്‍ ബംഗ്ലാദേശികളാണെന്നും ഇത് 'ഭൂമി ജിഹാദ്' ആണെന്നുമാര്‍ ബിജെപി നേതാക്കാള്‍ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട്, കാംരൂപ് ജില്ലയിലെ കച്ചുതാലിയില്‍ പോലീസ് വെടിവയ്പ്പുണ്ടാവുകയും രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പക്ഷേ എന്നിട്ടം നടപടികള്‍ തുടര്‍ന്നു. മുസ്ലിങ്ങളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളുകളും. ഈ പ്രദേശം ദക്ഷിണ കാംരൂപിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആദിവാസി മേഖലയുടെ കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആരംഭിച്ചത്. ഗോത്ര മേഖലകളിലെയും ബ്ലോക്കുകളിലെയും ഭൂമി വില്‍പന, വാങ്ങല്‍, പാട്ടത്തിന് നല്‍കല്‍ എന്നിവ പട്ടികവര്‍ഗങ്ങള്‍, പട്ടികജാതിക്കാര്‍, സന്താളുകള്‍, തേയിലത്തോട്ടത്തിലെ ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംരക്ഷിത വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഹിമന്ത പറയുന്നത് ഗോത്രവര്‍ഗക്കാരുടെ ഭൂമി മറ്റാരും കൈവശപ്പെടുത്താത്ത രീതിയില്‍ സംരക്ഷിക്കപ്പെടാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ്. ഇതിനെ ലാന്‍ഡ് ജിഹാദ് എന്നാണ് ഹിമന്ത പറയുക.
2024 ഓഗസ്റ്റില്‍ ഗുവാഹത്തിയിലുണ്ടായ അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വെള്ളപ്പൊക്ക ജിഹാദ് എന്ന പ്രയോഗം നടത്തിയത്. മേഘാലയയിലെ റി-ഭോയ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി മേഘാലയ ആണ് ശര്‍മ്മയുടെ ആരോപണത്തിന് വിധേയമായത്. ബംഗാളി മുസ്ലിം വംശജനായ മഹ്ബൂബുല്‍ ഹഖ് ആണ് ഈ സ്ഥാപനത്തിന്റെ ചാന്‍സലര്‍. സര്‍വ്വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മേഘാലയയിലെ കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തുകയും കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തത് ഗുവാഹത്തി നഗരത്തിലേക്ക് വെള്ളം അതിവേഗം കുത്തിയൊലിക്കാന്‍ കാരണമായെന്നും, ഇത് നഗരത്തെ മുക്കുന്ന ഒരു ' ഫ്ളഡ് ജിഹാദ്' ആണെന്നുമാണ് ഹിമന്ത് ആരോപിച്ചത്.
2023 ജൂണില്‍, ഗുവാഹത്തിയില്‍ നടന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഫെര്‍ട്ടിലൈസര്‍ ജിഹാദ് എന്ന വിവാദ പ്രയോഗം നടത്തിയത്. പച്ചക്കറി ഉല്‍പ്പാദനത്തിനായി രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും, ഇത് ബോധപൂര്‍വ്വം നടത്തുന്ന ഒന്നാണെന്നുമാണ് അദ്ദേഹം ആരോപിച്ചത്. അസമിലെ ഖാരുപേതിയ, ദല്‍ഗാവ് തുടങ്ങിയ പ്രദേശങ്ങളിലെ ബംഗാളി മുസ്ലിം കര്‍ഷകരാണ് (മിയ മുസ്ലിംകള്‍) ഇതിനുപിന്നിലെന്നും ഇതാണ് വള ജിഹാദ് എന്നുമാണ് ഹിമന്തയുടെ ആരോപണം.
നിരവധി അഴിമതി ആരോപണങ്ങളും ഹിമന്തയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടുകളും പഴയ ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പങ്കും സംബന്ധിച്ച് പ്രതിപക്ഷം നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തി നില്‍ക്കേ, ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മക്ക് ഒരേസമയം മൂന്ന് വിദേശ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നും (യു.എ.ഇ, ഈജിപ്ത്, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ) വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ഈ ആരോപണം ഉന്നയിച്ചത്. ഹിമന്തയും ഭാര്യയും ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. പവന്‍ ഖേര ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ബിജെപി തുടരുമോ?
അസമില്‍ പ്രധാനമായും രണ്ട് വലിയ മുന്നണികള്‍ തമ്മിലാണ് മത്സരം. ബിജെപി, അസംഗണപരിഷത്ത്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരടങ്ങുന്നതാണ് എന്‍ഡിഎ സംഖ്യം. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) സീറ്റ് വിഭജനത്തെ ചൊല്ലി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയിരുന്നു. അസം സന്‍മിലിത മോര്‍ച്ചയെന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യമാണ് അടുത്തത്. ഇതില്‍ റൈജോര്‍ ദള്‍, അസം ജാതീയ പരിഷത്ത് , സി.പി.എം തുടങ്ങിയ എട്ട് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നു. അസിമിലും തമിഴ്നാടുപോലെ കോണ്‍ഗ്രസും സിപിഎമ്മും ഭായി ഭായിയാണ്! ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ.ഐ.യു.ഡി.എഫ് ഇത്തവണ തനിച്ച് മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് , എന്‍പിപി എന്നിവയും മത്സരരംഗത്തുണ്ട്.
2021-ല്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. ആകെയുള്ള 126 സീറ്റില്‍, ബിജെപി ഒറ്റയ്ക്ക് 60 സീറ്റുകള്‍ നേടി. എന്‍.ഡി.എ സഖ്യം 75 സീറ്റുകള്‍ നേടി. അസം സന്‍മിലിത മോര്‍ച്ച സഖ്യം 50 സീറ്റ് നേടി. കോണ്‍ഗ്രസ് (29), എ.ഐ.യു.ഡി.എഫ് (16), ബി.പി.എഫ് (4), സി.പി.ഐ.എം (1) എന്നിങ്ങനെയാണ് അവരുടെ കക്ഷിനില. വോട്ടു ശതമാനക്കണക്ക് നോക്കുമ്പോള്‍ വലിയ വ്യത്യാസമില്ല. എന്‍.ഡി.എ സഖ്യം ഏകദേശം 44.8% വോട്ട് നേടിയപ്പോള്‍, കോണ്‍ഗ്രസ് സഖ്യം ഏകദേശം 43.7% വോട്ട് നേടി. നേരിയ വ്യത്യാസം മാത്രമാണ് മുന്നണികള്‍ തമ്മിലുള്ളത്. അതാണ് അസം തിരഞ്ഞെടുപ്പിനെ അപ്രവചനീയമാക്കുന്നത്.
പക്ഷേ ഇത്തവണ അഭിപ്രായ സര്‍വേകള്‍ എന്‍ഡിഎക്ക് ഒപ്പമാണ്. മാട്രിസ് സര്‍വേ, എന്‍ഡിഎ സഖ്യം 92 മുതല്‍ 102 വരെ സീറ്റുകള്‍ നേടി ശക്തമായ വിജയം കൈവരിക്കുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് 22 മുതല്‍ 32 വരെയാണ് ഇവര്‍ നല്‍കുന്നത്. ന്യൂസ് 18 വോട്ട് വൈബ് സര്‍വേ, എന്‍ഡിഎയ്ക്ക് 80 മുതല്‍ 90 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷ സഖ്യത്തിന് 29 മുതല്‍ 39 വരെ സീറ്റുകള്‍ ലഭിക്കുമെന്നും വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് 48% പേരും ഹിമന്ത ബിശ്വ ശര്‍മ്മ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്‍ഡിഎ സഖ്യം ഏകദേശം 43-44 ശതമാനം വോട്ട് നേടുമെന്ന് കണക്കാക്കപ്പെടുന്നു. പക്ഷേ 33 ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം എതിരാണെന്നതാണ് എന്‍ഡിഎ നേരിടുന്ന പ്രശ്നം. എസ്ഐആര്‍ വഴി രേഖകളില്ലാത്ത ആയിരിങ്ങളുടെ വോട്ട് റദ്ദായിട്ടുമുണ്ട്.
'അരുണോദോയ്' പോലുള്ള നേരിട്ടുള്ള പണമിടപാട് പദ്ധതികള്‍ സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്ക് വലിയ സ്വാധീനം നല്‍കുന്നു. അടിസ്ഥാന സൗകര്യ വികസനവും പാലങ്ങളുടെ നിര്‍മ്മാണവും ഭരണകക്ഷിയുടെ പ്രധാന പ്രചാരണ ആയുധങ്ങളാണ്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ 'ചാണക്യന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ ജനപ്രീതിയും വിവാദങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതയും ബിജെപിക്ക് കരുത്താണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വന്യമായ വെള്ളപ്പൊക്ക ദുരിതങ്ങള്‍ എന്നിവ ബിജെപി നേരിടുന്ന പ്രധാന പ്രതിബന്ധങ്ങളാണ്. കൂടാതെ പഴയ സഖ്യകക്ഷികളുടെ അതൃപ്തിയും പാര്‍ട്ടിക്കുള്ളിലെ ചെറിയ ഗ്രൂപ്പ് വഴക്കുകളും വെല്ലുവിളിയായേക്കാം.
നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ എട്ട് പാര്‍ട്ടികളെ അണിനിരത്തി 'അസം സന്‍മിലിത മോര്‍ച്ച' എന്ന വിപുലമായ സഖ്യവുമായി ഇറങ്ങിയിരിക്കുന്ന കോണ്‍ഗ്രസിന്, മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയിയുടെ പാര്‍ലമെന്റിലെ പ്രകടനവും അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും പുത്തന്‍ ഉണര്‍വ് നല്‍കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ ഗൗരവിന് വലിയ സ്വാധീനമുണ്ട്. ബിജെപിയുടെ തീവ്ര നിലപാടുകളില്‍ അതൃപ്തിയുള്ള വോട്ടര്‍മാരെയും ഗോത്രവര്‍ഗ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായുള്ള ഐക്യം വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ സഹായിക്കും. അസമീസ് സ്വത്വം അപകടത്തിലാണെന്ന വാദമുയര്‍ത്തി പ്രാദേശിക പാര്‍ട്ടികളായ റൈജോര്‍ ദളിനെയും അസം ജാതീയ പരിഷത്തിനെയും കൂട്ടുപിടിച്ച് 'ഭൂമിപുത്ര' വോട്ടുകള്‍ നേടാനാണ് കോണ്‍ഗ്രസിനെ നീക്കം.
പക്ഷേ ശക്തനായ ഒരു മുഖ്യമന്ത്രി മുഖത്തിന്റെ അഭാവവും, നേതാക്കളുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കും കോണ്‍ഗ്രസിനെ അലട്ടുന്നു. കൂടാതെ, എ.ഐ.യു.ഡി.എഫ് തനിച്ച് മത്സരിക്കുന്നത് മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാനും അത് ബിജെപിക്ക് ഗുണകരമാകാനും ഇടയാക്കിയേക്കാം. ബ്രഹ്‌മപുത്ര താഴ്വരയിലെ പ്രാദേശിക വികാരങ്ങളും ബരാക് താഴ്വരയിലെ വോട്ട് ധ്രുവീകരണവും ഫലത്തെ സ്വാധീനിക്കും.
ചുരുക്കത്തില്‍, 2026-ലെ അസം നിയമസഭാ തിരഞ്ഞെടുപ്പ് കേവലം രണ്ട് മുന്നണികള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് അസമിന്റെ രാഷ്ട്രീയ ദിശയെ സംബന്ധിച്ച നിര്‍ണ്ണായകമായ ഒരു പരീക്ഷണമാണ്. ഒരു വശത്ത്, ശക്തമായ വികസന അജണ്ടയും ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും ലക്ഷ്യമിടുന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മറുവശത്ത്, ഭരണവിരുദ്ധ വികാരത്തെയും പ്രാദേശിക സ്വത്വബോധത്തെയും കോര്‍ത്തിണക്കി തിരിച്ചുവരവിന് ശ്രമിക്കുന്ന ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം. ഇതിനിടയില്‍ ആര്‍ക്കും ഈസി വക്കോവറില്ല എന്നുറപ്പാണ്.
വാല്‍ക്കഷ്ണം: അസമില്‍, പുറമെനിന്ന് നോക്കുന്നതുപോലെ ബിജെപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് ഇന്ത്യാടുഡെ എഴുതുന്നത്. മുസ്ലീം വോട്ട് ഭിന്നിക്കാതിരുന്നാല്‍ അത് 40 മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമാവുമെന്നും ഫലം മാറുമെന്നുമാണ് അവരുടെ പ്രവചനം.


