ഇസ്രയേലിനെപ്പോലെ നാലുപാടും ശത്രുക്കളാല്‍ വലയം ചെയ്തുകിടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വേണമെങ്കില്‍ പറയാമായിരുന്നു. 1971-ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ രക്തം ചിന്തി ഉണ്ടാക്കിയ രാജ്യമാണ്, ബംഗ്ലാദേശ്. പക്ഷേ ആ രാജ്യം പോലും ഇന്ന് നമ്മുടെ ശത്രുപക്ഷത്താണ്. മതമൗലികവാദികള്‍ മേയുന്ന പുതിയ ബംഗ്ലാ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനാണെന്ന് വ്യക്തമാണ്. ശ്രീലങ്കക്കും നേപ്പാളിനുമാവട്ടെ ഇപ്പോള്‍ കൂറ് ചൈനയോടാണ്. കോടിക്കണക്കിന് രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈന ഈ രാജ്യങ്ങളില്‍ നടത്തുന്നത്. കൊടുത്ത കടം തിരിച്ചുകിട്ടാഞ്ഞതോടെ, ശ്രീലങ്കയിലെ ഹബ്ബന്‍തോട്ട എന്ന തുറമുഖം ചൈന പിടിച്ചെടുകഴിഞ്ഞു. അതുപോലെ പാക്കിസ്ഥാനിലെ ബലൂച്, ഗില്‍ജിത്ത് ബള്‍ട്ടിസ്ഥാന്‍ മേഖലയൊക്കെ, ചൈന ഒരുപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ കോളനികള്‍ ആക്കിക്കഴിഞ്ഞിരക്കുന്നു.

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനും അടുത്തകാലം വരെ ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല. ചൈന എന്നും ഇന്ത്യ ഭീതിയോടെ ഓര്‍ക്കുന്ന അയല്‍ക്കാരനും. ചരുക്കിപ്പറഞ്ഞാല്‍ നാലുപാടും ശത്രുക്കള്‍. പക്ഷേ ഒരു ആണവ രാഷ്ട്രമായതിനാലും, വലിയ സമ്പദ് വ്യവസ്ഥയായതുകൊണ്ടും ചൈനയും പാക്കിസ്ഥാനുമൊക്കെ അടങ്ങിയിരിക്കുന്നുവെന്ന് മാത്രം. മുന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയുടെ വിദേശനയം എത്രയോ ഭേദമായിരുന്നുവെന്നും നമുക്ക് ഇത്രയേറെ ശത്രുക്കള്‍ ഇല്ലായിരുന്നുവെന്നും വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്താറുണ്ട്.

എന്നാല്‍ ഇപ്പോള്‍ ആ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കയാണ്. ട്രംപിന്റെ ഉടക്കിലുടെ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് കൂട്ടിയപ്പോള്‍, മോദി സര്‍ക്കാര്‍ ചെയ്തത്, ഒരേസമയം റഷ്യയുമായും, ഇറാനുമായും എന്തിന് ചൈനയുമായും അടുക്കുക എന്നതായിരുന്നു. ഷാങ്ഹായി ഉച്ചകോടിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒരുപാട് വ്യാപാര കരാറുകളിലും ഒപ്പുവെച്ചു. 2026-ലെ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്് ഇന്ത്യയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. 2000ത്തിന്റെ ഗാല്‍വന്‍ താഴ്വരയെിലെ ഏറ്റമുട്ടലിനുശേഷം ചൈനയുമായി ഇന്ത്യ എറ്റവും നല്ല സൗഹൃദത്തില്‍ പോവുന്ന സമയമാണിത്. ഇപ്പോഴിതാ അഫ്ഗാനുമായും നല്ല ബന്ധത്തിലേക്ക് ഭാരതം നീങ്ങുയാണ്. അമേരിക്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഒരു ചേരി; ഇന്ത്യ, ചൈന അഫ്ഗാന്‍, ഇറാന്‍ മറ്റൊരു ചേരി! ഈ രീതിയില്‍ ദക്ഷിണേഷ്യയിലെ ജിയോ-പൊളിറ്റിക്സ് മാറിമറയുകയാണ് എന്നാണ് വിദേശകാര്യ വിശകലന വിദഗധ്ര് പറയുന്നത്.

അഫ്ഗാന്‍ - ഇന്ത്യ സൗഹൃദത്തിനു പിന്നില്‍

അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാറുമായുമായി രാഷ്ട്രീയപരമായി ഒരു രീതിയിലും, ജനാധിപത്യ ഇന്ത്യക്ക് യോജിക്കാന്‍ കഴിയില്ല. കുറച്ചുകാലം മുമ്പുവരെയാണെങ്കില്‍ ഒരു താലിബാന്‍ മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഡല്‍ഹി സന്ദര്‍ശനത്തിലുടെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖി അടിവരയിട്ട് പറയുന്ന ഒരു കാര്യമുണ്ട്. അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനം അനുവദിക്കില്ല. സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് നടന്ന അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടുവെങ്കിലും ആ സന്ദര്‍ശനം ഫലത്തില്‍ ഇന്ത്യക്ക് ഗുണകരമാണ്. പാക്കിസ്ഥാനില്‍നിന്ന് ഇപ്പോഴും തീവ്രവാദ ഭീഷണി ഒഴിഞ്ഞിട്ടില്ലാത്ത ഇന്ത്യക്ക് അയല്‍പക്കത്തുനിന്ന് ഉണ്ടാവുന്ന ഈ സമാധാന സ്വരം ആശ്വാസം തന്നെയാണ്.




അഫ്ഗാനിസ്ഥാനിലെ ഖനന അവസരങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികളെ ആമിര്‍ ഖാന്‍ മുത്താഖി ക്ഷണിച്ചിട്ടുണ്ട്. ഇത് ഒരു വലിയ അവസരമാണ് ഇന്ത്യന്‍ വ്യവസായികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. കാബൂളിനും ന്യൂഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനമായി. ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച മുത്തഖി, അടുത്തിടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആദ്യം സഹായഹസ്തം നീട്ടിയത് ഇന്ത്യയാണെന്ന് എടുത്തുപറഞ്ഞു. കാബൂളിന് വേണ്ടത് പരസ്പര ബഹുമാനവും വ്യാപാരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ആദ്യമായാണ് ഒരു താലിബാന്‍ നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

അതിനിടെ കാബൂളിലുള്ള ഇന്ത്യയുടെ എംബസി വീണ്ടും തുറക്കാനും നീക്കമുണ്ട്. 2021-ലെ യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് കാബൂളിലെ എംബസി ഇന്ത്യ പൂട്ടിയത്. പിന്നീട്, ഒരുവര്‍ഷത്തിന് ശേഷം വ്യാപാര, ആരോഗ്യ, മാനുഷിക സഹായങ്ങള്‍ക്കായി ടെക്നിക്കല്‍ മിഷന്‍ ആരംഭിക്കുകയായിരുന്നു. ചൈന, റഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ എംബസികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ഏക രാജ്യം റഷ്യ മാത്രമാണ്. ഇതുവരെ ഇന്ത്യയും താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

ചബഹാര്‍ തുറമുഖം നിര്‍ണ്ണായകം

അതുപോലെ ഇറാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ചബഹാര്‍ തുറമുഖത്തിന്റെ പലകാര്യങ്ങളിലും അഫ്ഗാന്റെ സഹായം ആവശ്യമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ നേരത്തെ അമേരിക്ക പിന്‍വലിച്ചിരുന്നു. തുറമുഖത്തിന് 2018-ല്‍ നല്‍കിയ ഉപരോധങ്ങളിലെ ഇളവ് പിന്‍വലിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് ഭീഷണിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇത് നടപ്പാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇറാന്റെ എണ്ണ ഇറക്കുമതിക്ക് മേല്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി അവര്‍ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പക്ഷേ, പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധം വന്നാല്‍ തുറമുഖത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്.




ഇവിടെയൊക്കെ ഇന്ത്യ മറ്റൊരു നയമാണ് സ്വീകരിച്ചത്. സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രാക്ടിക്കല്‍ നയം. അമേരിക്കയും ഇറാനുമായി പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ഇന്ത്യ ഇറാനോട് ഉടക്കാന്‍ നില്‍ക്കുന്നില്ല. എണ്ണ- പ്രകൃതിവാതകം എന്നിവയിലെല്ലാം ഇന്ത്യയുടെ നിര്‍ണ്ണായക വാണിജ്യ പങ്കാളിയാണ് ഇറാന്‍. അതേസമയം, ഇറാന്‍ ഭരണകൂടത്തിന്റെ മതമൗലികവാദ സമീപനങ്ങളോട് ഇന്ത്യയോജിക്കാറുമില്ല. ഇതേ പ്രായോഗിക സമീപനം തന്നെയാണ് ഇന്ത്യ റഷ്യയുടെ കാര്യത്തിലും സ്വീകരിച്ചത്. റഷ്യയില്‍നിന്ന് എണ്ണവാങ്ങരുത് എന്ന അമേരിക്കന്‍ തിട്ടൂരം ഇന്ത്യ അംഗീകരിക്കുന്നില്ല. എന്നാല്‍ യുക്രൈന്‍ ആക്രമണത്തിനോട് യാതൊരു രീതിയിലുള്ള യോജിപ്പും ഇന്ത്യ പ്രകടിപ്പിച്ചിട്ടുമില്ല. ഇതെല്ലാം കൊണ്ടുതന്നെയാണ് ട്രംപ് മോദിയോട് അകലുന്നതും, പാക്കിസ്ഥാനോട് അടുക്കുന്നതും.

ഇറാനും പാക്കിസ്ഥാനും തമ്മില്‍

ഷിയാ രാഷ്ട്രമായ ഇറാനും സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍, നേരത്തെ തന്നെ പ്രശ്നമുണ്ട്. മാത്രമല്ല പാക്കിസ്ഥാന്‍- ഇറാന്‍ അതിര്‍ത്തികളും ഇടക്കിടെ സംഘര്‍ഷഭരിതമാവാറുണ്ട്. ഇറാനിലെ സിസ്റ്റാന്‍, പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അതിര്‍ത്തി, കള്ളക്കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷം ഇറാന്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനെ ആക്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. ബലൂചിസ്ഥാനിലെ ബലൂച് വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് ഉല്‍-അദലിന്റെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ഇറാന്‍ പാകിസ്ഥാനില്‍ നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. 2004 ജനുവരി 3 ന് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കെര്‍മന്‍ ബോംബാക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സര്‍ക്കാര്‍ ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാനെയും ആക്രമിച്ചത്. പാക്കിസ്ഥാന്‍ പോറ്റി വളര്‍ത്തുന്ന സുന്നി തീവ്രവാദം തങ്ങള്‍ക്ക് ഭീഷണിയാണെന്നും, അതിര്‍ത്തി കടന്ന് ഭീകരന്‍ തങ്ങളുടെ രാജ്യത്തെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് ഇറാന്റെ വാദം. ഐസിസിനും, അല്‍ഖ്വായിദക്കും ഇപ്പോഴും പാക്കിസ്ഥാനില്‍ വേരുണ്ടെന്നുമാണ് ഇറാന്‍ പറയുന്നത്.

രണ്ട് ദിവസത്തിന് ശേഷം, ഇറാനില്‍ പാക്കിസ്ഥാന്‍ തിരിച്ച് ഇറാനില്‍ മിസൈല്‍ ആക്രമണ പരമ്പര നടത്തി. ഇറാനിയന്‍ പ്രവിശ്യയായ സിസ്റ്റാനിലും ബലൂചെസ്ഥാനിലും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയിലെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിലെയും തീവ്രവാദികള്‍ ഉണ്ടെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അവരെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഈ ആക്രമണത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 1988-ല്‍ ഇറാന്‍-ഇറാഖ് യുദ്ധം അവസാനിച്ചതിനുശേഷം ഇത് ആദ്യമായാണ് ഇറാനിയന്‍ മണ്ണില്‍ ഒരു വിദേശ രാജ്യം ആക്രമണം നടത്തുന്നത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇറാനിയന്‍ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. തുടര്‍ന്ന് സംഘര്‍ഷം പരിഹരിക്കുന്നതിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ 2024 ജനുവരി 29-ന് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് ഏകദേശ പരിഹാരം ഉണ്ടായത്. പക്ഷേ എന്നിട്ടും ഇറാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തികള്‍ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കയാണ്. ഇതും ഇന്ത്യയുടെ കണ്ണിലുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന ഒരു രാഷ്ട്രീയ ലൈനാണ്, ഇവിടെയും ഇന്ത്യ പിന്തുടരുന്നത്.




താലിബാനും പാക്ക് താലിബാനും തമ്മില്‍

സമാനമായ പ്രശ്നമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത്. അഫ്ഗാനിലെ താലിബാന്‍ പോറ്റിവളര്‍ത്തിയ ഭീകരര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്നും പാക്കിസ്ഥാന്‍ വാദിക്കുമ്പോള്‍, പാക് താലിബാനുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും, അത് തങ്ങള്‍ക്കാണ് ഭീഷണിയെന്നുമാണ് അഫ്ഗാനിസ്ഥാന്‍ പറയുന്നത്!

കഴിഞ്ഞ രണ്ടുദിവസമായി പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ അതി ശക്തമായ ഏറ്റുമുട്ടല്‍ നടക്കയാണ്. പാകിസ്ഥാന്റെ 25 പോസ്റ്റുകള്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പറയുന്നു. നേരത്തെ ഭീകരരെ തുരത്താനായി പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ കയറി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിക്കാന്‍ അഫ്ഗാന്‍ സൈന്യം തീരുമാനിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍വരെ രണ്ട് സ്ഫോടനങ്ങള്‍ നടന്നിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ വിവിധയിടങ്ങളില്‍ ആക്രമണങ്ങളും സ്ഫോടനങ്ങളുമുണ്ടായി. ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സേനയിലെ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാനിലെ ഹമാസ് എന്ന് വിളിക്കുന്ന പാക് താലിബാനെക്കൊണ്ട് തുലഞ്ഞിരിക്കയാണ് ആ രാജ്യം. ഗാസയിലെ ഹമാസിനെപ്പോലെ സ്വയം ചാവേറാവാന്‍ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടാവണം പാക്കിസ്ഥാനിലെ ഹമാസ് എന്ന പേര്് തെഹ്രിക്ക് എ താലിബാന് വന്നുചേര്‍ന്നത്. ഇവരെ ഒതുക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ ഒരു രാജ്യവും ചെയ്യാത്ത ഒരു അപൂര്‍വ കൃത്യമാണ് പാക്കിസ്ഥാന് ചെയ്യേണ്ടി വന്നത്. സ്വന്തം ജനതക്കുനേരെ ബോംബാക്രമണം നടത്തുക! ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് താലിബാനെ ലക്ഷ്യമിട്ട പാക്കിസ്ഥാന്‍ ബോംബിങില്‍ 30 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 60ഓളം ഭീകരാക്രമണങ്ങളാണ് പാക് താലിബാന്‍ നടത്തിയത്. അഫ്ഗാന്‍ താലിബാനോട് എന്നും സോഫ്റ്റ് കോര്‍ണര്‍ പുലര്‍ത്തിയവര്‍ ആയിരുന്നു പാക്ക് പട്ടാളം. 1996-ല്‍ അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനെ 2001-ലാണു യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വര്‍ഷത്തിനുശേഷം 2021-ല്‍ യുഎസ് സേന പിന്മാറിയതോടെ ഇരട്ടി ശക്തിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. അപ്പോള്‍ താലിബാനെ പിന്തുണക്കയാണ് പാക്കിസ്ഥാന്‍ ചെയ്തത്. താലിബാന്റെ പുനരുജ്ജീവനത്തിനു സഹായം നല്‍കിയെന്നു കരുതപ്പെടുന്ന പാക്ക് ജനറല്‍മാരുടെ വിജയമായും ഇതു വിലയിരുത്തപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ ആദ്യമായി അധികാരമേറ്റപ്പോള്‍ താലിബാനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍.





പക്ഷേ പാലുകൊടുത്ത കൈക്ക് കൊത്തുക എന്നത് മതതീവ്രവാദികളുടെ പതിവു സ്വഭാവമാണ്. അയല്‍ രാജ്യത്ത് ഭരണം കിട്ടിയതോടെ, തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന് പേര്് മാറ്റിയ പാക് താലിബാന്റെ വിളയാട്ടവും വര്‍ധിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ വര്‍ധിച്ചു.

2014ന് ഡിസംബര്‍ 14ന് പാക്കിസ്ഥാനിലെ പെഷവാറില്‍, ആര്‍മി പബ്ലിക്ക് സ്‌കൂളിനുനേരെ നടന്ന ആക്രമണം, ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കൂട്ടക്കൊലകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അത് ചെയ്തതും പാക്ക് താലിബാന്‍ എന്ന തെഹ്രിക്ക് എ താലിബാന്‍!132 കുട്ടികളുടെ മൃതദേഹങ്ങള്‍ നിരനിരയായി കിടക്കുന്നത്, ലോക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. പാക് സൈന്യം താലിബാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് അവര്‍ നിരപരാധികളായ കുട്ടികളെ വെടിവെച്ച് കൊന്നത്. ഇങ്ങനെ ചാവേര്‍ ആക്രമണങ്ങള്‍ പതിവായതോടെയാണ് താലിബാനെതിരെ വലിയ കാമ്പയിന്‍ പാക്കിസ്ഥാനില്‍ ഉണ്ടായത്. അതിനിടെ, ഇനി ഒരാളെ തീറ്റിപ്പോറ്റാന്‍ കഴിയാത്ത വിധം പാക്കിസ്ഥാന്‍ സാമ്പത്തികമായി തകരുകയും ചെയ്തു. ഇതോടെ അവര്‍ ഒരു കടുത്ത തീരുമാനം എടുത്തു. രേഖകളില്ലാത്ത 22 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാനായിരുന്നു അത്. ലോകം കണ്ട മറ്റൊരു വലിയ പലായനമായി അത് മാറി. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പറയുന്നത്, പാക് താലിബാനുമായി തങ്ങള്‍ക്ക ഒരു ബന്ധവുമില്ലെന്നാണ് അഫ്ഗാന്‍ താലിബാന്‍ ആവര്‍ത്തിക്കുന്നത്.

രാജ്യം തകരുമ്പോഴും ഭീകരത

സത്യത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന രണ്ട് രാജ്യങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനും. റൊട്ടിക്കും ഗോതമ്പുമാവിനും മരുന്നിനും വേണ്ടിയെല്ലാം പാക്കിസ്ഥാനികള്‍ കഷ്ടപ്പെടുന്നതിന്റെ വാര്‍ത്തകള്‍ പലതവണ വന്നുകഴിഞ്ഞു. വിലക്കയറ്റം 200 ശതമാനമായതൊക്കെ നേരത്തെ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

അഫ്ഗാനിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. അതിനിടെ ഗ്രാമങ്ങളില്‍ ജനങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അസീസ് ഗുലിന്‍ എന്നയാള്‍ തന്റെ 10 വയസ്സുകാരിയായ മകളെ ഭാര്യയോട് പറയാതെ വിവാഹ മാര്‍ക്കറ്റില്‍ വിറ്റത് ബിബിസി അടക്കം നേരത്തെ വാര്‍ത്തയാക്കിയിരുന്നു. അഞ്ച് കുട്ടികളുള്ള തന്റെ കുടുംബത്തെ പോറ്റാനായി അദ്ദേഹം മകളെ വിറ്റ് കാശ് വാങ്ങി. അതല്ലെങ്കില്‍ ഏഴ് പേരടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. അഫ്ഗാനിസ്ഥാനില്‍ 5 വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നതായി യുഎന്‍ പറയുന്നു. ഇപ്പോള്‍ അഫ്ഗാനികള്‍ അവയവങ്ങള്‍ വില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കയാണ്. വൃക്കക്ക് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷംരൂപവരെ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് പണത്തിന് കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനൊപ്പം തങ്ങളുടെ അവയവങ്ങളും വില്‍ക്കുന്നത് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുനന്നത.




താലിബാന്‍ വന്നതോടെ രാജ്യത്തിന്റെ ടൂറിസവും, വ്യവസായവും, വാണിജ്യവുമല്ലൊം ആകെ നശിച്ച മട്ടാണ്. രാജ്യത്തെ വികസിപ്പിക്കാനുള്ള അധിക വരുമാനം താലിബാന്‍ ലക്ഷ്യമിടുന്നത് മയക്കമരുന്ന് കടത്തിലൂടെയൊണ്! കേരളത്തിന് ബിവറേജ് കോര്‍പ്പറേഷന്‍ പോലെയാണ് താലിബാന് ഹെറോയിന്‍ കടത്ത്!ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 65 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാന്‍ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് കണ്ടെത്തുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഹെറോയില്‍വാറ്റ് കുടില്‍ വ്യവസായം പോലെ ആയിരിക്കയാണ്. എന്നാല്‍ ഹറാമായതുകൊണ്ട് താലിബാന്‍ ഇതൊന്നും ഉപയോഗിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മാഫിയ വഴി കടത്തുകയാണ് ചെയ്യുക. എന്നിട്ടും രാജ്യത്ത് പട്ടിണി മാറുന്നില്ല.

ഈ സാഹചര്യങ്ങളെല്ലാം ഉള്ളതുകൊണ്ട് കൂടിയാണ്, താലിബാന്‍ ഭരണം ഇന്ത്യയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുമായി വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെട്ടാല്‍ ഇരുകൂട്ടര്‍ക്കും ഗുണവുമുണ്ട്. ഇന്ത്യക്കാവട്ടെ, മേഖലയിലെ ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി മറികടക്കാന്‍ കഴിയും എന്ന ആശ്വാസവും ഇതോടൊപ്പമുണ്ട്.

വാല്‍ക്കഷ്ണം: പാക് താലിബാനും, അഫ്ഗാന്‍ താലിബാനും ഏറ്റുമുട്ടുന്നു, സുന്നികളും ഷിയാക്കളും പരസ്പരം കൊല്ലുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആര് ആരെ കൊല്ലുന്നു എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ അതി ഭീകരം തന്നെയാണ്!