ചരിത്രം പലപ്പോഴും അങ്ങനെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ മുറിവുകളില്‍നിന്ന് ഇപ്പോഴും രക്തം കിനിഞ്ഞുകൊണ്ടേയിരിക്കും. ഒരു ഇസ്ലാമിക രാഷ്ട്രമായ ഇറാന്‍, മറ്റൊരു ഇസ്ലാമിക്ക് റിപ്പബ്ബിക്കായ സൗദി ആറേബ്യയടക്കമുള്ള ഗള്‍ഫ്രാജ്യങ്ങിലേക്ക് മിസൈല്‍ അയക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം ചികയുമ്പോള്‍, നൂറ്റാണ്ടുകള്‍ പിറകോട്ട്പോവേണ്ടിവരും. സൗദി സുന്നിയാണ്, ഇറാന്‍ ഷിയയാണ്. ഈ തര്‍ക്കം, ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എ.ഡി. 632-ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിയോഗത്തിന് ശേഷമാണ് ഈ ഭിന്നത ആരംഭിച്ചത്. പ്രവാചകന് ശേഷം ഇസ്ലാമിക സമൂഹത്തെ (ഉമ്മത്ത്) ആര് നയിക്കണം എന്ന കാര്യത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം.

പ്രവാചകന്‍ തന്റെ പിന്‍ഗാമിയെ നിശ്ചയിച്ചിട്ടില്ലെന്നും, സമൂഹത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഉചിതമായ ഒരാളെ നേതാവായി (ഖലീഫ) തിരഞ്ഞെടുക്കണമെന്നും ഒരുവിഭാഗം വാദിച്ചു. ഇതിന്‍പ്രകാരം അബൂബക്കര്‍ സിദ്ദീഖിനെ ആദ്യ ഖലീഫയായി ഇവര്‍ അംഗീകരിച്ചു. ഈ വിഭാഗമാണ് സുന്നികളായത്. എന്നാല്‍ മറുവിഭാഗം, പ്രവാചകന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ നേതൃത്വത്തില്‍ വരണമെന്ന് വാദിച്ചു.

മരുമകനും ബന്ധുവുമായ അലി ബിന്‍ അബിത്വാലിബിനെ പ്രവാചകന്‍ തന്നെ പിന്‍ഗാമിയായി നിശ്ചയിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. 'ഷിയാത്ത് അലി' (അലിയുടെ അനുയായികള്‍) എന്നതില്‍ നിന്നാണ് ഷിയ എന്ന പേരുണ്ടായത്. ഈ ഭിന്നത ഒരു വലിയ പിളര്‍പ്പായി മാറിയത് പ്രവാചകന്റെ പേരക്കുട്ടി ഹുസൈന്‍ ബിന്‍ അലി കര്‍ബലയില്‍ വെച്ച് അന്നത്തെ ഭരണാധികാരിയായിരുന്ന യസീദിന്റെ സൈന്യത്താല്‍ കൊല്ലപ്പെട്ടതോടെയാണ്. ഈ സംഭവം ഷിയാ വിഭാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദനാനിര്‍ഭരമായ ഓര്‍മ്മയായി മാറി. ആ ഭിന്നത ഇന്നും തുടരുന്നു. ചോരക്കളിലും തുടരുന്നു...

മിഡില്‍ ഈസ്റ്റിലെ ശീതയുദ്ധം

പ്രവാചകന്റെ ചര്യകളെയും (സുന്നത്ത്) ഖുര്‍ആനെയും പിന്തുടരുന്നവരാണ് സുന്നികള്‍. ലോകത്തെ മുസ്ലീങ്ങളില്‍ 85-90% സുന്നികളാണ്. ഷിയാക്കള്‍ പ്രവാചക കുടുംബത്തില്‍ നിന്നുള്ള 12 ഇമാമുമാരുടെ (പന്ത്രണ്ടാം ഇമാം അദൃശ്യനായി ഇരിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു) നേതൃത്വത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് സ്വാധനീമുള്ളത്. ഇന്ന് പശ്ചിമേഷ്യയില്‍ സുന്നി-ഷിയാ തര്‍ക്കം കേവലം മതപരമല്ല, മറിച്ച് സൗദി അറേബ്യയും, ഇറാനും തമ്മിലുള്ള രാഷ്ട്രീയ അധികാരപ്പോരാട്ടമാണ്. ഇതിനെ 'മിഡില്‍ ഈസ്റ്റിലെ ശീതയുദ്ധം' എന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍, സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളെ ആക്രമിക്കുന്നത് ഇതുകൊണ്ടാണ്.




ആഗോള ഇസ്ലാമിക രാജ്യങ്ങളുടെ മേധാവിത്വത്തിനായി ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ സൗദിയും തമ്മില്‍ കഴിഞ്ഞ കുറേക്കാലമായി ശീതയുദ്ധത്തിലാണ്. ഇസ്ലാമിന്റെ ജന്മനാട് എന്ന നിലയിലും, മക്കയും മദീനയും സംരക്ഷിക്കുന്നവര്‍ എന്ന നിലയിലും മുസ്ലീം ലോകത്തിന്റെ സ്വാഭാവിക നേതാക്കളായി സൗദി സ്വയം കാണുന്നു. എന്നാല്‍ ഇറാന്‍ ഇത് അംഗീകരിക്കുന്നില്ല. 1979-ലെ വിപ്ലവത്തിന് ശേഷം, പടിഞ്ഞാറന്‍ രാജ്യങ്ങളെ (പ്രത്യേകിച്ച് അമേരിക്കയെ) എതിര്‍ക്കുന്ന യഥാര്‍ത്ഥ ഇസ്ലാമിക വിപ്ലവത്തിന്റെ കേന്ദ്രമായി ഇറാന്‍ സ്വയം അടയാളപ്പെടുത്തുന്നു.

നേരിട്ട് യുദ്ധം ചെയ്യുന്നതിന് പകരം, ഇരുരാജ്യങ്ങളും മറ്റ് രാജ്യങ്ങളിലെ സായുധ സംഘങ്ങളെ സഹായിച്ചാണ് പോരാടുന്നത്. സൗദി അറേബ്യ, യമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍, ഇറാന്‍ യമനിലെ വിമതരായ ഹൂതികളെ സഹായിക്കുന്നു. സിറിയന്‍ ഭരണകൂടത്തെ ഇറാന്‍ പിന്തുണയ്ക്കുമ്പോള്‍, സൗദി വിമത ഗ്രൂപ്പുകളെ സഹായിച്ചിരുന്നു. ലെബനനിലെ ശക്തമായ ഷിയാ ഗ്രൂപ്പായ ഹിസ്ബുള്ളയെ ഇറാന്‍ വളര്‍ത്തുന്നു. ഷിയാ ഐസിസ് എന്നാണ് ഹിസ്ബുള്ള അറിയപ്പെടുന്നത്. ഇതും സൗദിക്ക് വലിയ ഭീഷണിയാണ്.

കാലം കുറേക്കഴിഞ്ഞപ്പോള്‍ സൗദി കൂറേക്കൂടി ആധുനികവത്ക്കരിക്കപ്പെട്ടു. മതനിയമങ്ങള്‍ കുറേ നേര്‍പ്പിച്ചാണ് അവര്‍ ഉപയോഗിക്കുന്നത്. ഇന്ന് അമേരിക്ക സൗദിയുടെ പ്രധാന സഖ്യകക്ഷിയാണ്. എന്നാല്‍ ഇറാന് അമേരിക്ക ചെകുത്താനാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു മതനിയമത്തിലും അവര്‍ വിട്ടുവീഴ്ച ചെയ്യാറില്ല. ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ അമേരിക്ക സൗദിയെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നു. ഇത് ഇറാനെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അവര്‍ കൂടുതല്‍ മിസൈലുകളും ഡ്രോണുകളും വികസിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.ലോകത്തെ പ്രധാന എണ്ണ ഉത്പാദകരാണ് ഇരുരാജ്യങ്ങളും. എണ്ണ വിപണിയിലെ ആധിപത്യവും വില നിയന്ത്രണവും ഈ പോരാട്ടത്തിന്റെ ഭാഗമാണ്.

ചുരുക്കത്തില്‍ പ്രവാചകന്റെ കാലശേഷം തുടങ്ങിയ നേതൃത്വ തര്‍ക്കം ഇന്ന് ആധുനിക മിസൈലുകളും ആണവ മോഹങ്ങളും ചേര്‍ന്ന വലിയൊരു ഭൗമരാഷ്ട്രീയ യുദ്ധമായി മാറിയിരിക്കുകയാണ്. അതിന്റെ അലയൊലികളാണ് ഇപ്പോഴും നടക്കുന്നത്.

മക്കയിലേക്കും മദീനയിലേക്കും മിസൈല്‍!

യമനിലെ ഹൂതികളാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ തലവേദന. ഹൂതികളെ സാമ്പത്തികമായും സൈനികമായും പ്രോത്സാഹിപ്പിക്കുന്നത് ഇറാനാണ്. ഹൂതികള്‍ ഉപയോഗിക്കുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇറാന്‍ നല്‍കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും സൗദി അറേബ്യയും കണ്ടെത്തിയിട്ടുണ്ട്. സൗദിക്കെതിരായ 'നിഴല്‍ യുദ്ധം' നടത്താനാണ് ഇറാന്‍ ഹൂതികളെ ഉപയോഗിക്കുന്നത്. മക്കയെയും മദീനയെയും ലക്ഷ്യം വെച്ച് ഹൂതികള്‍ പലതവണ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2016-ലും 2017-ലുമാണ് ഈ സംഭവങ്ങള്‍ നടന്നത്. 2015 മുതല്‍ യമനില്‍ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ബോംബാക്രമണം നടത്തുന്നുണ്ട്. ഇതിന് തിരിച്ചടിയായി സൗദിക്കുള്ളിലെ തന്ത്രപ്രധാനമായ ഇടങ്ങളെ ആക്രമിക്കുക എന്നതാണ് ഹൂതികളുടെ ലക്ഷ്യം.

എന്നാല്‍ മക്കയിലേക്ക് മിസൈല്‍ അയച്ചുവെന്ന സൗദിയുടെ ആരോപണത്തെ ഹൂതികള്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ മക്കയെ അല്ല, മറിച്ച് അടുത്തുള്ള ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ലക്ഷ്യം വെച്ചതെന്നാണ് അവരുടെ വാദം. എന്നാല്‍ മിസൈലുകള്‍ മക്കയുടെ തൊട്ടടുത്ത് വെച്ച് തകര്‍ക്കപ്പെട്ടത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഹൂതികള്‍ അയച്ച മിസൈലുകളെ മക്കയിലെത്തുന്നതിന് മുന്‍പ് തന്നെ അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വെച്ച് തകര്‍ക്കുകയായിരുന്നു. സൗദി അറേബ്യ വിശുദ്ധ നഗരങ്ങളെ തങ്ങളുടെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാലാണ് തങ്ങള്‍ അവിടം ലക്ഷ്യം വെക്കുന്നത് എന്നും ഹൂതികള്‍ പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് സൗദിയും അന്താരാഷ്ട്ര സമൂഹവും തള്ളിക്കളഞ്ഞിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണെന്ന് നേരെത്ത സൗദി ആരോപിക്കുന്നുണ്ട്. തങ്ങളുടെ വിപ്ലവ മാതൃക മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന് ഗള്‍ഫ് രാജഭരണകൂടങ്ങള്‍ ഭയക്കുന്നുണ്ട്.




മക്കക്കും മദീനക്കുംനേരെ വരെ മിസൈല്‍ അയക്കാന്‍ മിടിയില്ലാത്തവരുടെ കൈയില്‍ ആണവായുധം എത്തിയാല്‍ തങ്ങളുടെ അവസ്ഥയെന്താവുമെന്ന് സൗദി പറയാറുണ്ട്. ഇറാന്‍ അണുബോംബ് വികസിപ്പിച്ചാല്‍ അത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാകും. ഇറാന്‍ അണുശക്തിയായാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ആണവായുധങ്ങള്‍ക്കായി ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മിഡില്‍ ഈസ്റ്റിനെ ലോകത്തിലെ ഏറ്റവും അപകടകരമായ മേഖലയാക്കി മാറ്റും. ആണവായുധങ്ങളുടെ സംരക്ഷണം ഉള്ളതിനാല്‍, ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഇതെല്ലാമാണ് അവരെ അമേരിക്കന്‍ പക്ഷത്തേക്ക് അടുപ്പിക്കുന്നത്.

യുഎസിന് താവളമൊരുക്കിയ ഗള്‍ഫ്

സത്യത്തില്‍ ഈ ഇറാന്‍ ഭീതികൊണ്ടുകൂടിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കക്ക് സൈനിക താവളംവരെ ഒരുക്കിയത്. ഇപ്പോള്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന് ഈ താവളങ്ങളില്‍ ചിലത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫില്‍ നാലിടത്ത് യുഎസിന് സൈനിക താവളങ്ങളുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസാണ്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനവും ഇവിടെയാണ്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനം ബഹ്റൈനിലാണ്. എന്‍.എസ്.എ ബഹ്‌റൈന്‍ യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കുവൈത്തില്‍ ഏകദേശം 13,500-ഓളം അമേരിക്കന്‍ സൈനികരുണ്ട്. ഇവിടുതെ അരിഫ്ജാന്‍ എയര്‍ ബേസ് അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്കായുള്ള പ്രധാന ലോജിസ്റ്റിക് ഹബ്ബാണിത്. യു.എ.ഇയില്‍ അല്‍ ദഫ്ര എയര്‍ ബേസ് വ്യോമസേനാ നീക്കങ്ങള്‍ക്കായി അമേരിക്ക ഉപയോഗിക്കുന്നു.സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും വ്യോമസേനാ വിന്യാസത്തിനുമായി അമേരിക്ക ഉപയോഗിക്കുന്നു.

അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിന് ഈ താവളങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. ഈ താവളങ്ങളെ തങ്ങളുടെ 'ശത്രുക്കളുടെ നീട്ടിയ കൈകകള്‍' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.തങ്ങളുടെ പരമാധികാരിയായ അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, മേഖലയിലെ മറ്റ് രാജ്യങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഒരു പ്രാദേശിക പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്.

ദുബായ് പോലുള്ള ആഗോള ബിസിനസ് കേന്ദ്രങ്ങളെയും സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകളെയും ആക്രമിക്കുന്നതിലൂടെ ലോക സമ്പദ്വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു. ഇതിലൂടെ അമേരിക്കയെയും ഇസ്രായേലിനെയും യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതിനെല്ലാം പുറമേ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും സഹകരിക്കുന്നതും ഇറാന് താങ്ങാന്‍ കഴിയുന്നില്ല.

2020 സെപ്റ്റംബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിയിലൂടെ ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്ര ബന്ധം യുഎഇയും ബഹ്റൈനും സ്ഥാപിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖലയ്ക്ക് പുറത്തുള്ള, മൊറോക്കോ സുഡാന്‍ എന്നീ രണ്ട് അറബ് രാജ്യങ്ങള്‍ കൂടി ഈ കരാറിന് പിന്നാലെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. സൗദി അറേബ്യ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ലെങ്കിലും, ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെ ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. പക്ഷേ ഖത്തര്‍ ഒഴിച്ചുള്ള ആര്‍ക്കും ഇസ്രയേലുമായി ശത്രുതയുമില്ല.




അബ്രഹാം ഉടമ്പടിക്ക് ശേഷം യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി വിവിധ മേഖലകളില്‍ ശക്തമായ സഹകരണമാണ് കെട്ടിപ്പടുത്തത്. യു.എ.ഇ.യും ഇസ്രായേലും തമ്മില്‍ 'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍' ഒപ്പിട്ടു. ഇതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവര്‍ഷം ശതകോടിക്കണക്കിന് ഡോളറിലെത്തി.ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പുകളിലും സാങ്കേതിക വിദ്യകളിലും ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തി. തിരിച്ചും ഇസ്രായേല്‍ കമ്പനികള്‍ ദുബായിലും അബുദാബിയിലും ഓഫീസുകള്‍ തുറന്നു. ഇറാന്റെ ഭീഷണി നേരിടാന്‍ ഇസ്രായേലിന്റെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ യു.എ.ഇ താല്‍പ്പര്യം പ്രകടിപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ ഈ രാജ്യങ്ങള്‍ സംയുക്ത സൈനിക അഭ്യാസങ്ങളില്‍ പങ്കെടുത്തു. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ സോഫ്‌റ്റ്വെയറുകളും സാങ്കേതിക വിദ്യകളും ഗള്‍ഫ് രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മരുഭൂമിയിലെ കൃഷിക്കും സമുദ്രജലം കുടിവെള്ളമാക്കുന്നതിനും ഉള്ള ഇസ്രായേലിന്റെ സാങ്കേതിക വിദ്യകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചു. ഉപഗ്രഹ വിക്ഷേപണത്തിലും ഡാറ്റാ കൈമാറ്റത്തിലും യു.എ.ഇ ബഹിരാകാശ ഏജന്‍സിയും ഇസ്രായേലും സഹകരിക്കുന്നു.

ഇതൊന്നും ഇറാന് അംഗീകരിക്കാന്‍ പറ്റാത്തത്താണ്. 2040 ഓടെ ഈ ഭൂമുഖത്തുനിന്ന് ഇസ്രയേലിനെ തുടുച്ചുനീക്കുമെന്ന് പ്രഖാ്യപിച്ച്, പരസ്യമായി കൗണ്ട് ഡൗണ്‍ ക്ലോക്ക് വെച്ചവരാണ് അവര്‍. അവസാനത്തെ യഹൂദനെയും ഇല്ലാതാക്കുമെന്ന് ഖമേനി അടക്കമുള്ളവര്‍ പലതവണ പറഞ്ഞിട്ടുണ്ട്.

രക്ഷ യുഎസ്- ഇസ്രയേല്‍ ടെക്ക്നോളജി

ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് പ്രധാനമായും അമേരിക്കന്‍- ഇസ്രയേല്‍ നിര്‍മ്മിത സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്. ഇസ്രായേലുമായി നേരിട്ടുള്ള സൈനിക സഹകരണം ഗള്‍ഫ് രാജ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, യു.എസ്. നേതൃത്വത്തിലുള്ള ഒരു സംയോജിത പ്രതിരോധ ശൃംഖലയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതോടെ ഫലത്തില്‍ അവരും ഇസ്രയേല്‍ ടെക്ക്നോളജിയുടെ ഭാഗമാവുകയാണ്. നമ്മുടെ ചിലര്‍ പറയുന്നതുപോലെ ജൂതന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന പിടിവാശിയൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കില്ല.

ഇപ്പോള്‍ ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കുന്നതും യുഎസ്- ഇസ്രയേല്‍ ടെക്ക്നോളിയിലുടെയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് തരം പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിന് മുകളില്‍ വച്ച് തന്നെ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള, താഡ് എന്ന അത്യാധുനിക യു.എസ് സംവിധാനമാണിതില്‍ ഏറ്റവും പ്രധാനം. യു.എ.ഇ ആണ് ഇത് ആദ്യമായി വാങ്ങിയ വിദേശ രാജ്യം. താഴ്ന്ന ഉയരത്തില്‍ വരുന്ന മിസൈലുകളെയും വിമാനങ്ങളെയും തകര്‍ക്കാന്‍ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് പ്രേടിയറ്റിനെയാണ്. പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണ്ണമായും അമേരിക്കന്‍ സാങ്കേതികവിദ്യയാണ്.

അമേരിക്കയിലെ പ്രമുഖ പ്രതിരോധ കമ്പനിയായ റേതിയോണ്‍ ആണ് ഇത് വികസിപ്പിച്ചത് . ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, അത്യാധുനിക യുദ്ധവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്. 100 കിലോമീറ്ററിലധികം ദൂരെയുള്ള 100-ഓളം ലക്ഷ്യങ്ങളെ ഒരേസമയം നിരീക്ഷിക്കാന്‍ ഇതിന്റെ റഡാറിന് സാധിക്കും. ഇന്റഗ്രേറ്റഡ് റഡാര്‍ സിസ്്റ്റം പോലെയുള്ള അതിശക്തമായ റഡാറുകള്‍ മിസൈല്‍ വിക്ഷേപണം നടക്കുമ്പോള്‍ തന്നെ അവയെ കണ്ടെത്തുകയും പ്രതിരോധ മിസൈലുകള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്യുന്നു.




മിസൈലുകളെ വെടിവെച്ചിടാന്‍ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്. ശത്രു മിസൈലിനെ ലക്ഷ്യം വച്ച് കുതിക്കുന്ന പ്രതിരോധ മിസൈലില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടാകില്ല. പകരം, അതിവേഗതയില്‍ ചെന്ന് ശത്രു മിസൈലുമായി നേരിട്ട് കൂട്ടിയിടിക്കുകയാണ് ചെയ്യുന്നത്. ഈ കൂട്ടിയിടിയിലുണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗിച്ച് ശത്രു മിസൈലിനെ പൂര്‍ണ്ണമായും തകര്‍ക്കുന്നു. ഇറാന്‍ വിക്ഷേപിക്കുന്ന ഡ്രോണുകള്‍ വളരെ വില കുറഞ്ഞതാണ്. എന്നാല്‍ അവയെ വെടിവെച്ചിടാന്‍ ഉപയോഗിക്കുന്ന ഓരോ പാട്രിയറ്റ് മിസൈലിനും ഏകദേശം 3 മില്യണ്‍ മുതല്‍ 5 മില്യണ്‍ഡോളര്‍ വരെ ചെലവ് വരുന്നുണ്ട്. ഈ സാമ്പത്തിക ആഘാതം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പക്ഷേ എന്നിട്ടും അവര്‍ ആ നഷ്ടം സഹിച്ച് പൊരുതകയാണ്.

കോടികളുടെ നഷ്ടം സഹിച്ച് പോരാട്ടം

ശതകോടികളുടെ നഷ്ടവും, ആള്‍നാശവും സഹിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരെ ഈ പടയൊരുക്കം നടത്തുന്നത്. 2026 മാര്‍ച്ചിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇതുവരെ ഏകദേശം 30-ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് തടയുന്നതിനിടെ അവയുടെ അവശിഷ്ടങ്ങള്‍ വീണും നേരിട്ടുള്ള ആക്രമണങ്ങള്‍ മൂലവുമാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളും ഈ യുദ്ധത്തിന്റെ ഭാഗമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

യു.എ.ഇ യില്‍ കുറഞ്ഞത് 6 പേര്‍ കൊല്ലപ്പെടുകയും 58-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശി തൊഴിലാളികളും ഉള്‍പ്പെടുന്നു.കുവൈത്തില്‍ 6 യു.എസ് സൈനികര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. സൗദി അറേബ്യയില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒരു യു.എസ് സൈനികന്‍ മരിക്കുകയും ചെയ്തു.ബഹ്‌റൈനില്‍ ഒരു സ്വദേശി വനിത കൊല്ലപ്പെട്ടു. ഒമാനില്‍ ഒരു നാവികന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തറില്‍ 16 പേര്‍ക്ക് പരിക്കേറ്റു.

യുദ്ധം ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മിസൈലുകളെ തടയാനുള്ള പാട്രിയറ്റ് പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ചിലവാക്കുന്നത്. യു.എ.ഇ മാത്രം ഏകദേശം 1.31 ബില്യണ്‍ മുതല്‍ 2.61 ബില്യണ്‍ ഡോളര്‍വരെ (ഏകദേശം 10,000 - 20,000 കോടി രൂപ) ഇതിനായി ചെലവിടുന്നു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും വിനോദസഞ്ചാരികളുടെ കുറവും കാരണം മേഖലയില്‍ ഏകദേശം 56 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 4.6 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണുണ്ടായത്. സൗദി, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലെ എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 6.7 ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്.

യുദ്ധം തുടരുന്ന ഓരോ ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏകദേശം 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5,000 കോടി രൂപ) നഷ്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ലാഭത്തില്‍ വലിയ കുറവുണ്ടായി. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ മൊത്തം എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 6.7 ദശലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് എമിറേറ്റ്സ് പോലുള്ള പ്രമുഖ എയര്‍ലൈനുകളെയും ടൂറിസം വരുമാനത്തെയും സാരമായി ബാധിച്ചു.




മിസൈല്‍ ആക്രമണങ്ങളില്‍ ആമസോണിന്റെ ഡാറ്റാ സെന്ററുകള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. യുദ്ധം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ മേഖലയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന് ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് മുന്നറിയിപ്പ് നല്‍കുന്നു.

എന്നിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ ആ ന്ഷ്ടം സഹിച്ച് ഇറാനെ പ്രതിരോധിക്കയാണ്. കാരണം മക്കയ്ക്കും മദീനക്കും എതിരെ മിസൈല്‍ അയച്ച ഹൂതികള്‍ക്ക് ഒപ്പമാണ് ഇറാന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാം. ഷിയാ രാഷ്ട്രമായ ഇറാന്, ആണവായുധം ലഭിച്ചാല്‍ അത് സുന്നിരാഷ്ട്രങ്ങളായ ഗള്‍ഫ് മേഖലയെ തകര്‍ക്കുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ ഇസ്രയേലിന്റെ ടെക്ക്നോളജി സ്വീകരിക്കുന്നതും, അമേരിക്കക്ക് സൈനിക താവളങ്ങള്‍ ഒരുക്കുന്നുതും. പക്ഷേ എന്നിട്ടും കേരളത്തിലെ ഇസ്ലാമോ- ലെഫ്റ്റ് എന്ന് പറയുന്ന വിഭാഗം ഒന്നടങ്കം ഇറാന് ഒപ്പമാണ്. നേരത്തെ നമ്മുടെ 'അന്നം തരുന്ന രാജ്യങ്ങള്‍' എന്നുപറഞ്ഞ് ഫേസ്ബുക്കിലടക്കം അടിപിടികൂടിയവര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. നമ്മുക്ക് അന്നം തരുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചിട്ടും അവരുടെ കൂറ് ഇറാന് ഒപ്പമാണെന്നത്, ലജ്ജിപ്പിക്കുന്നതാണ്.

വാല്‍ക്കഷ്ണം: ' അന്നം തരുന്ന രാഷ്ട്രങ്ങള്‍ക്ക്' മുറിവേല്‍ക്കുമ്പോഴും കേരളം ഏത് പക്ഷത്താണ്. ഇറാന്റെ മിസൈല്‍ ദുബൈയില്‍ പതിച്ച് മലയാളികള്‍ മരിച്ചാലും കേരളത്തിലെ ഇസ്ലാമോ ഇടതുപക്ഷം, ഖമീനി എന്ന മതഭീകരനുവേണ്ടി ജയ് വിളിക്കും. ഭീകരമാണ് കേരളത്തിലെ കാര്യങ്ങള്‍!