'ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗിനി' എന്ന പേരിട്ട് ഒരു ആത്മകഥ കണ്ടാല്‍ അത്, ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച ഒരു ബോളിവുഡ് സുന്ദരിയുടേതാണെന്ന് ആരും ഒറ്റനോട്ടത്തില്‍ കരുതില്ല. പക്ഷേ 90-കളില്‍ സല്‍മാന്‍ഖാനും, ആമിര്‍ഖാനും, അക്ഷയ്കുമാറിനുമൊപ്പം, നിരവധി ചിത്രങ്ങളില്‍ വേഷമിട്ട്, ഒരു നൃത്ത സീനുനുവേണ്ടി മാത്രം ലക്ഷങ്ങള്‍ വാങ്ങിയിരുന്ന മംമ്താ കുല്‍ക്കര്‍ണിയെന്ന ബോളിവുഡ് താരറാണിയുടെ ആത്മകഥയാണിത്! ഒരു ജന്‍മത്തില്‍ പല വിധി വേഷങ്ങള്‍. അതാണ് ശരിക്കും മമ്താ കുല്‍ക്കര്‍ണിയുടെ ജീവിതം.

മറാത്തയിലെ ഒരു യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ആ കിന്നര സുന്ദരിയെ തേടിയെത്തിയത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കേസാണ് അവര്‍ക്കുനേരെ ഉണ്ടായത്. അതില്‍പെട്ട് പങ്കാളി ജയിലിലായി. ബോംബെ അധോലോക നായകന്‍ ഛോട്ടാ രാജനുമായുള്ള ബന്ധം, സ്റ്റാര്‍ഡസ്ററ് മാഗസിനില്‍ ടോപ്പ്ലെസ്സായി പോസ് ചെയ്തത്, കാലത്തീറ്റ കുംഭകോണക്കേസിലെ പ്രതിയായ എംഎല്‍എയുടെ വീട്ടിലെ നഗ്ന നൃത്തം തുടങ്ങി നിരവധി വിവാദങ്ങളിലുടെയാണ് മംമ്തയുടെ ജീവിതം കടന്നുപോയത്. ഇടക്ക് അവര്‍ ഇസ്ലാം സ്വീകരിച്ചതായും വാര്‍ത്തകള്‍ വന്നു. പക്ഷേ പിന്നീട് അവര്‍ തന്നെ അത് നിഷേധിച്ചു. അവസാനമാണ്് അവര്‍ സന്യാസത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ 12 വര്‍ഷമായി തന്റെ ജീവിതം ഒരു യോഗിനിയുടേതാണ് എന്നാണ് അവര്‍ ഒരു ആത്മകഥയില്‍ പറയുന്നത്!

ഇപ്പോള്‍ നടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് പഴയ മയക്കുമരുന്ന് കേസിന്റെ പേരിലാണ്. മംമ്ത കുല്‍ക്കര്‍ണിയ്‌ക്കെതിരേയുള്ള മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരിക്കയാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന്, ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ഇതോടെ എല്ലാവരും മറന്നു തുടങ്ങിയ ബോളിവുഡിന്റെ ഡ്രഗ് റാണി വീണ്ടും ചര്‍ച്ചയാവുകയാണ്.

വഴിതെറ്റി വെള്ളിത്തിരയിലേക്ക്

1972 ഏപ്രില്‍ 20ന് മുംബൈയില്‍ ഒരു ഇടത്തരം മറാത്തി ബ്രാഹ്മണ കുടുംബത്തിലാണ് മംമ്ത ജനിച്ചത്. വെര്‍സോവ ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുംബൈയിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിനയത്തോട് ആദ്യകാലത്ത് മംമ്തക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ അമ്മ നടിയാകാനും പ്രശസ്തി നേടാനും മകളെ നിര്‍ബന്ധിച്ചു. അമ്മയുടെ സ്വപ്നം പുര്‍ത്തീകരിക്കാനാണ് സിനിമയില്‍ എത്തിയത് എന്നാണ് മംമ്ത ഒരു അഭിമുഖത്തില്‍ പറയുന്നത്. അക്കാലത്ത്
മംമ്ത വളരെ മതവിശ്വാസിയായ വ്യക്തിയായിരുന്നു. അഭിനയം ഒരു കരിയര്‍ ആയി തിരഞ്ഞെടുത്തില്ലെങ്കില്‍ ആത്മീയതയിലേക്ക് നീങ്ങിയേനെ എന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

തന്റെ 20 വര്‍ഷത്തെ കരിയറില്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, ആമിര്‍ഖാന്‍, ഷാറുഖ് ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1991-ല്‍ നന്‍ബര്‍ഗല്‍ എന്ന തമിഴ് സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതിലെ പ്രിയ എന്ന കഥാപാത്രത്തെ തമിഴ് പ്രേക്ഷകര്‍ അംഗീകരിച്ചു. ആദ്യ ചിത്രത്തില്‍ വേഷമിടുമ്പോള്‍ വെറും 19 വയസ്സാണ് പ്രായം. 1992-ല്‍ നാനാ പടേക്കറും രാജ് കുമാറും അഭിനയിച്ച തിരംഗ എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അത് ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. അതേ വര്‍ഷം തന്നെ 'മേരാ ദില്‍ തേരേ ലിയേ' എന്ന ചിത്രത്തില്‍ മികച്ചവേഷമായിരുന്നു. 1993-ല്‍ 'ആഷിഖ് ആവാരയില്‍' അഭിനയിച്ചു. ആ വര്‍ഷത്തെ 'ന്യൂ ഫേസ് ഓഫ് ദ ഇയര്‍' ഫിലിംഫെയര്‍ അവാര്‍ഡ് മംമ്തക്ക് ഈ ചിത്രം നേടി നേടിക്കൊടുത്തു.

വഖ്ത് ഹമാരാ ഹേ (1993), ക്രാന്തിവീര്‍ (1994), കരണ്‍ അര്‍ജുന്‍ (1995), സബ്‌സെ ബഡാ ഖിലാഡി (1995), ബാസി (1995) തുടങ്ങി നിരവധി ജനപ്രിയ സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഇതില്‍ കരണ്‍ അര്‍ജുനില്‍ സല്‍മാന്‍ഖാനുമൊത്തുള്ള പ്രണയരംഗങ്ങളും, ഗാനങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു. സബ്‌സെ ബഡാ ഖിലാഡി എന്ന അക്ഷയ് ചിത്രവും ഹിറ്റായതോടെ, അവരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. ബോളിവുഡിലെ അടുത്ത താരറാണി മംമ്തയാണെന്ന് മാധ്യമങ്ങള്‍ എഴുതി. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം അവര്‍ അഭിനയിച്ച് തകര്‍ത്തു. യഥേഷ്ടമുള്ള ഗ്ലാമര്‍ പ്രദര്‍ശനം അവരെ യുവാക്കളുടെ ഹരമാക്കി.

ചന്ദാമാമ എന്ന മലയാള ചിത്രത്തില്‍ ഗാനരംഗത്തിലും മംമ്ത അഭിനയിച്ചിട്ടുണ്ട്.
2001ല്‍ ദേവ് ആനന്ദിന്റെ സെന്‍സര്‍ എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം മംമ്ത, അവസരം കുറഞ്ഞ് ബോളിവുഡില്‍നിന്ന് ഔട്ടാവുകയായിരുന്നു. കഭി തും കഭി ഹം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം അവര്‍ സിനിമാ വ്യവസായം പുര്‍ണ്ണമായും ഉപേക്ഷിച്ചു .

വിവാദമായ ഛോട്ടാ രാജന്‍ ബന്ധം

ബോളിവുഡില്‍നിന്ന് മംമ്ത കുല്‍ക്കര്‍ണി ഔട്ടാകുന്നതിന് പിന്നില്‍ ശക്തമായ ചില അധോലോക ബന്ധങ്ങളുടെ കഥകൂടിയുണ്ട്. അന്ന് ഹിന്ദി സിനിമാമേഖലയ ടക്കം നിയന്ത്രിച്ചിരുന്നത്, ദാവൂദ് ഇബ്രാഹീമിന്റെയും, ഛോട്ടാ രാജന്റെയും സംഘങ്ങളായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അതില്‍ ഛോട്ടാ രാജന്റെ കുട്ടിയായി മംമ്ത വിലയിരുത്തപ്പെട്ടു. മംമ്ത കുല്‍ക്കര്‍ണിയെ നായികയാക്കാന്‍ വേണ്ടി ഛോട്ടാ രാജന്‍ പലരെയും ഭീഷണിപ്പെടുത്തിയ കഥപോലും പുറത്തുവന്നു.

രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചൈന ഗേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഈ അധോലോക ബന്ധം പരസ്യമായത്. ചില പ്രശ്നങ്ങളെ തുടര്‍ന്ന്, ചിത്രത്തിലെ പ്രധാനവേഷത്തിനിന്ന് രാജ്കുമാര്‍ മംമ്തയെ ഒഴിവാക്കി. ഇതോടെ അവര്‍ തമ്മിലുള്ള ബന്ധം വഷളായി. അതോടെ രാജ്കുമാറിനെ തേടിയെത്തിയത് ഛോട്ടാരാജന്റെ വിളിയായിരുന്നു. വിരണ്ടുപോയ സംവിധായകന്‍ വീണ്ടും മമ്തയെ നായികയാക്കി. കാരണം, അന്ന് ദാവൂദിനേക്കാള്‍, ബോംബെക്ക് പേടി, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന, ഛോട്ടാ രാജന്‍ എന്ന ഷാര്‍പ്പ് ഷൂട്ടര്‍ കൂടിയായ അധോലോക രാജാവിനെയായിരുന്നു.

സെവന്‍ സമുറായി എന്ന വിഖ്യാത ചിത്രത്തിന്റെ റീമേക്കായിരുന്നു, 1998-ല്‍ പുറത്തിറങ്ങിയ ചൈന ഗേറ്റ്. പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടി. എന്നിട്ടും, ചമ്മ ചമ്മ എന്ന് തുടങ്ങുന്ന ഊര്‍മിള മണ്ഡോത്ക്കറിന്റെ പാട്ട് ജനപ്രിയമായി. മംമ്തയെ കടത്തിവെട്ടി ഊര്‍മ്മിളയ്ക്ക് വലിയ കൈയടി കിട്ടി. ഇത് മംമ്തയെ വല്ലാതെ മുറിവേല്‍പ്പിച്ചു. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം രാജ്കുമാറിന് നല്‍കിക്കൊണ്ട് അവര്‍ ഒരു അഭിമുഖം നല്‍കി. തന്റെ രംഗങ്ങള്‍ വെട്ടിക്കുറിച്ച് വികലമാക്കിയെന്നും ആരോപിച്ചു. പക്ഷേ ഈ വിവാദങ്ങള്‍ മംമ്തയ്ക്ക് വലിയ തിരിച്ചടിയായി. പിന്നീട് മറ്റ് സംവിധായകരും മംമ്തയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ വലിയ പ്രോജക്ടുകളൊന്നും ലഭിച്ചില്ല. കാരണം ഇന്ന് സെറ്റില്‍ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍, നാളെ ബോംബെ അധോലോകത്തുനിന്ന വിളി വരുന്നത് ആരാണ് ഇഷ്ടപ്പെടുക!

ഒന്നാന്തരം ഒരു നര്‍ത്തകികൂടിയായ മംമ്ത, ഇടക്കിടെ ലക്ഷങ്ങള്‍ പ്രതിഫലം പറ്റി ദൂബൈയിലും മറ്റും ഡാന്‍സ് ചെയ്യാന്‍ പോവുമായിരുന്നു. ആ ഡാന്‍സ് പാര്‍ട്ടികളില്‍വെച്ചാണ്, അവര്‍ ഛോട്ടാ രാജനെ പരിചയപ്പെട്ടത് എന്ന് പറയുന്നു. ദുബൈ ജീവിതം തന്നെയാണ് മംമ്തയുടെ ജീവിതം വഴിതിരിച്ചുവിടുന്നതും.

മയക്കുമരുന്ന് രാജാവുമായി വിവാഹം

പിന്നീട് തന്റെ ഭര്‍ത്താവായ, മയക്കുമരുന്ന് രാജ് വിക്കി ഗോസ്വാമിയെ, മംമത പരിചയപ്പെടുന്നതും ദുബൈയില്‍വെച്ചാണ്. 90കളുടെ അവസാനത്തില്‍, സിനിമാ ഓഫറുകള്‍ കുറയുന്ന നിരവധി ഇന്ത്യന്‍ നടിമാര്‍ ദുബൈയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയിരുന്നു. അതിന് അവര്‍ക്ക് മികച്ച പ്രതിഫലവും ലഭിച്ചു. അങ്ങനെ ഒരു ഷോയ്ക്കിടെയാണ് അവള്‍ വിക്കി ഗോസ്വാമിയെ കണ്ടത്. അക്കാലത്ത്, ദുബായില്‍ ഒരു ഹോട്ടലും, ഫുഡ് പള്‍പ്പ് പ്രോസസ്സിംഗ് ബിസിനസ്സും, ഒരു ലീഗല്‍ ഫേമുമൊക്കെ വിക്കിക്ക് ഉണ്ടായിരുന്നു. എന്നാല്‍ സാംബിയന്‍ മയക്കുമരുന്ന് പ്രഭുവായ വെല്‍ഡന്‍ ഫിന്‍ഡ്‌ലിയുമായി ബിസിനസ്സ് ബന്ധമുള്ള ഒരു മയക്കുമരുന്ന് വ്യാപാരിയായിരുന്നു വിക്കി. അതുമറച്ചുവെച്ചാണ് മംമ്തയെ പരിചയപ്പെടുന്നത്. മംമ്തയുടെ ദുബായില്‍ ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ കാരണം അവരുടെ കൂടിച്ചേരല്‍ വര്‍ദ്ധിച്ചു. അവര്‍ അടുപ്പത്തിലായി.

1997-ല്‍ വിക്കി ദുബായില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി, വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടു. ജയിലില്‍ പോയപ്പോള്‍ ആരിലും വിശ്വാസമില്ലാത്തതിനാല്‍ തന്റെ നിയമകാര്യങ്ങളുടെ എല്ലാ ചുമതലയും മംമ്തയെ ഏല്‍പ്പിച്ചു. വിക്കിയുടെ അഭാവത്തില്‍ മംമ്ത അയാളുടെ ബിസിനസുകള്‍ വളരെ നന്നായി കൈകാര്യം ചെയ്തു. ദുബൈയിലെ സമ്പന്നര്‍ക്കായി ഷോകള്‍ ചെയ്തിരുന്നതിനാല്‍ അവള്‍ക്ക് നല്ല ബന്ധങ്ങളുണ്ടായിരുന്നു. അവരുടെ സഹായത്തോടെ വിക്കിയുടെ വധശിക്ഷ റദ്ദാക്കാന്‍ അവള്‍ക്ക് കഴിഞ്ഞു, തടവുകാര്‍ക്ക് ആ രാജ്യം നല്‍കിവരുന്ന വിവിധ ഇളവുകളുടെ ആനുകൂല്യങ്ങളും വിക്കി നേടി. ഒടുവില്‍, വെറും എട്ട് വര്‍ഷത്തിനുള്ളില്‍ നല്ല നടപ്പിന്റെ അടിസ്ഥാനത്തില്‍ വിക്കി ജയില്‍ മോചിതനായി. തുടര്‍ന്നാണ് അവരുടെ വിവാഹം നടക്കുന്നത്.

ജയില്‍മോചിതനായിട്ടും വിക്കി നന്നായില്ല, അയാള്‍ വീണ്ടും പഴയ പണി തുടര്‍ന്നു. പിന്നീട് അവര്‍ കെനിയിലേക്ക് പോയി. അവിടെ ആയിരുന്നു, വിക്കിയുടെ ബിസിനസുകള്‍ ഒക്കെ. മയക്കുമരുന്നുകള്‍ കെനിയയില്‍ എത്തിച്ച് അത് അമേരിക്കയിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ പരിപാടി. കള്ളക്കടത്ത് കേസില്‍ വിക്കിയെയും നടിയെയും കെനിയയില്‍ വച്ച് അറസ്റ്റ് ചെയ്തതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പക്ഷേ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

2014-ല്‍ മഹാരാഷ്ട്രയിലെ സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് മംമ്ത പ്രതിയായത്. ( ഫുടബോള്‍ ഇതിഹാസം ഡീഗോ മാറഡോണ ഉപയോഗിച്ച ഉത്തേജകമാണ് എഫിഡ്രൈന്‍. ഇത് രക്തപരിശോധനയില്‍ പിടിച്ചതിനെ തുടര്‍ന്നാണ്, ലോകകപ്പ് ഫുട്ബോളില്‍നിന്ന് മാറഡോണക്ക് വിലക്കുണ്ടായത്) 2016-ലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.

മയക്കുമരുന്ന് റാണിയോ?

പിടികൂടിയ ലഹരിമരുന്ന് കെനിയ വഴി അമേരിക്കയിലേക്കു കടത്താനായിരുന്നു ഗോസ്വാമിയുടെ പദ്ധതിയെന്നാണ് പോലീസ് പറഞ്ഞത്. സോളാപുരിലെ അവോണ്‍ ലൈഫ് സയന്‍സസ് എന്ന മരുന്നു കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. കേസില്‍ അറസ്റ്റിലായ ഏഴുപേരെ ചോദ്യം ചെയ്തപ്പോഴാണ് വിക്കി ഗോസ്വാമിയുടെ പങ്ക് പുറത്തുവന്നത്.
കെനിയയിലെ മൊമ്പാസയില്‍ ലഹരിമരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങാനും വിക്കിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ വിക്കി ഗോസാമി പിന്നീട് അമേരിക്കയിലേക്ക് കടന്നു. തുടര്‍ന്ന് വിക്കി ഗോസാമിയെയും മംമ്തയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

2016 ജനുവരിയില്‍ കെനിയയില്‍ നടന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍ നടന്ന ഒരു യോഗത്തില്‍, മംമ്താ കുല്‍ക്കര്‍ണി തന്റെ പങ്കാളിയായ വിക്കി ഗോസ്വാമിക്കും മറ്റ് സഹ പ്രതികള്‍ക്കും ഒപ്പം പങ്കെടുത്തതായി പൊലീസ് ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര എഫിഡ്രിന്‍ വിതരണ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന താനെ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം 2017 ജൂണ്‍ 25-ന് മംമ്തക്കും, വിക്കി ഗോസ്വാമിക്ക്ും നോട്ടീസ് നല്‍കി. മുംബൈയിലെ വെര്‍സോവയിലെ സ്‌കൈ എന്‍ക്ലേവിലുള്ള കുല്‍ക്കര്‍ണിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം നടി എവിടെയാണെന്ന് അറിയാത്തതിനാല്‍ വാതിലില്‍ നോട്ടീസ് ഒട്ടിക്കയായിരുന്നു. പ്രത്യേക നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് കോടതി കുല്‍ക്കര്‍ണിയേയും ഗോസ്വാമിയേയും പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തു. അന്ന് കെനിയയിലെ മൊംബാസയിലായിരുന്നു നടിയുടെ താമസം. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും, മുംബൈ ബാങ്കുകളിലെ മൂന്ന് എഫ്ഡികളും മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇവരുടെ മുംബൈയിലെ രണ്ട് ഫ്‌ളാറ്റുകളും പോലീസ് സീല്‍ ചെയ്തു. വിക്കി പിന്നീട് അറസ്റ്റിലായെങ്കിലും മംമ്ത കെനിയയില്‍ സുരക്ഷിതായി.

ഈ കേസിലാണ് കോടതി ഇപ്പോള്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത്. സത്യത്തില്‍ പങ്കാളിയായ വിക്കിയായിരുന്നു ഇതിന്റെയെല്ലാം സൂത്രധാരന്‍. ഒരുകാലത്ത് മാധ്യമങ്ങള്‍ മംമ്തയെ മയക്കുമരുന്ന് റാണിയായിട്ടാണ് ചിത്രീകരിച്ചിരുന്നത്. പക്ഷേ അവര്‍ക്ക് ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടോയെന്ന് ഇനിയും സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ടോപ്പ് ലെസ്- കാലിത്തീറ്റ വിവാദം

എന്നും വിവാദങ്ങളുടെ സഹായാത്രികയായിരുന്നു, ഈ സുന്ദരി. 1993-ല്‍ സ്റ്റാര്‍ഡസ്റ്റ് മാഗസിനില്‍ മംമ്തയുടെ ടോപ്ലെസ് പോസ് ചിത്രം പ്രസിദ്ധീകരിച്ചത് സദാചാരവാദികളുടെ കുരുപൊട്ടിച്ചു. അന്ന് അത്തരത്തില്‍ ഒരുപോസ് ചെയ്യാന്‍ ആര്‍ക്കം ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ എല്ലാറ്റിനും ഉപരിയായ മംമ്ത ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചതാണ് ഇവിടെ പലരും വിമര്‍ശിക്കാനുള്ള ടുള്‍ ആക്കിയത്. വഴിതെറ്റിപ്പോയ പെണ്ണായി അവള്‍ വിലയിരുത്തപ്പെട്ടു. അശ്ളീല പ്രദര്‍ശനത്തിന്റെ പേരില്‍ ഈ ചിത്രത്തിനെതിരെ ഒരാള്‍, കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ മംമ്തക്ക് 15,000 രൂപ പിഴ ചുമത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ അത് എന്ത് വകുപ്പിലാണെന്ന് വ്യക്തമല്ല. പിന്നീട് ഈ കേസ് മേല്‍ക്കോടതി റദ്ദാക്കി.

അതിനിടെ, ഇന്ത്യയെ ഞെട്ടിച്ച ബീഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലും, നടിയുടെ പേര് വലിച്ചിഴക്കപ്പെട്ടു. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ള, ഒരു ആര്‍ജെഡി എംഎല്‍എയുടെ പാര്‍ട്ടിയില്‍ മംമ്ത നൃത്തമാടിയതാണ് വിവാദമായത്. ഇത് നഗ്ന നൃത്തമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ മംമ്തയുടെ ആളുകള്‍ ഇത് നിഷേധിച്ചു. പക്ഷേ ഈ നൃത്തത്തിന് 1.25 കോടിരൂപയാണ് പ്രതിഫലം വാങ്ങിയത്. അക്കാലത്ത് ഒരു ഹീറോക്ക് പോലും കിട്ടാത്ത ഉയര്‍ന്ന തുകയായിരുന്നു ഇത്. വെറും ഒരു സാദാ നൃത്തത്തിന് ഇത്രയും പണം പൊടിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

പ്രശ്നം അവിടെ തീര്‍ന്നില്ല. ഈ എംഎല്‍എ കാലിത്തുറ്റ കുംഭകോണത്തില്‍നിന്ന് കിട്ടിയ ആയിരം കോടി രൂപ, നടിയുടെ കൈയിലാണ് ഒളിപ്പിച്ചതെന്നും, മംമ്ത എംഎല്‍എയുടെ ബിനാമിയാണെന്നും വാര്‍ത്തകള്‍ വന്നു. ഇത് പ്രതിപക്ഷം പ്രശ്നമാക്കി. 'കാലിത്തീറ്റ കുംഭകോണത്തില്‍ ബോളിവുഡ് മാഫിയ' എന്ന രീതിയില്‍ പത്രങ്ങളില്‍ വാര്‍ത്തയും വന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടന്നുവെങ്കിലും മംമ്തയെ കുടുക്കാനുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഒരു അഭിമുഖത്തില്‍ തനിക്ക് കാലിത്തീറ്റ കുംഭകോണത്തിലൊന്നും യാതൊരുബദ്ധവും ഉണ്ടായിരുന്നില്ല എന്നാണ് നടി പറയുന്നത്.

ഇസ്ലാം, ഒടുവില്‍ സന്യാസം!

സിനിമയില്‍ നിന്ന് ഔട്ടായ മമത പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ദുബായിയില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. അവള്‍ വിക്കിക്കൊപ്പം കെനിയയില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ചതാാണ് പറയുന്നത്. മയക്കുമരുന്ന് കേസില്‍ തടവിലായതിനാല്‍ ശിക്ഷാ ഇളവിന്റെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടിയുള്ള കുറുക്കുവഴിയാണ് ഇതെന്നും പറയപ്പെടുന്നു. പക്ഷേ ഇതെല്ലാം മംമ്ത നിഷേധിക്കയാണ്. താന്‍ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും, വിക്കിയെ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. പക്ഷേ അതിനിടെ
ബുര്‍ഖ ധരിച്ച് അവര്‍ കോടതിയില്‍ ഹാജരായപ്പോള്‍ മുസ്ലീം സമുദായത്തിലെ ചിലര്‍ അവര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇസ്ലാമിലേക്ക് മാറിയതായി സമ്മതിക്കാത്ത ഒരു സെക്സ് നടി, തങ്ങളുടെ മതവസ്ത്രത്തെ ദുരുപയോഗം ചെയ്യുകയും അനാദരിക്കുകയും ചെയ്തുവെന്നായിരുന്നു് അവരുടെ വാദം. ഈ പ്രവൃത്തിയുടെ പേരില്‍ ചില തീവ്രവാദ ഗ്രൂപ്പുകളില്‍നിന്ന് നടിക്ക് വധഭീഷണിയും ഉണ്ടായിരുന്നു!

2013-ലാണ് മംമ്ത വിക്കി ഗോസാമിയെ വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആദ്യം മംമ്ത ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് രേഖകള്‍ പുറത്തുവന്നു. പക്ഷേ ഇപ്പോള്‍ തനിക്ക് വിക്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് അവര്‍ പറയുന്നു. കെനിയയില്‍വെച്ച് മംമ്ത സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരു ശ്രമം നടത്തി. ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയെങ്കിലും അത് ക്ലച്ച് പിടിച്ചില്ല.

കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ജീവിതത്തിനിടയിലാണ്, താന്‍ ആത്മീയതയിലേക്ക് തിരിയുന്നതെന്നാണ് അവര്‍ ആത്മകഥയില്‍ പറയുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തപ്പോള്‍ ധ്യാനവും തപസ്സും തുടങ്ങി. അത് ഏകദേശം 12 വര്‍ഷത്തോളം തുടര്‍ന്നു. ആ സമയത്ത് മംമ്ത പൂര്‍ണ്ണമായും ആത്മീയതയിലേക്ക് തിരിഞ്ഞു. അതിനിടെ മഹാകുഭമേളക്ക് പോയപ്പോള്‍, ജ്ഞാനോദയം പ്രാപിച്ചുവെന്നും, തന്റെ ഗുരുവിന്റെ കൃപയാല്‍ ദൈവത്തിന് സ്വയം സമര്‍പ്പിച്ചുവെന്നും അവര്‍ തന്റെ ആത്മകഥയായ, ഓട്ടോബയോഗ്രഫി ഓഫ് എ യോഗിനിയില്‍ പറയുന്നു.

2016-ല്‍ 16 വര്‍ഷത്തിന് ശേഷം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനായി അവള്‍ വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചു. അതില്‍ അവള്‍ തന്റെ ഭൂതകാലത്തെയും ജീവിതത്തെയും സിനിമയെയും മയക്കുമരുന്ന് കേസുള്‍പ്പെടെയുള്ള തങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കുറിച്ച് തുറന്ന് സംസാരിച്ചു. തനിക്കെതിരെ വന്നത് എല്ലാം ദുരാരോപണങ്ങളാണെന്ന് പറഞ്ഞു. അതിനുശേഷമാണ് അവര്‍ ആത്മകഥയുമായി രംഗത്ത് എത്തുന്നത്.

"എന്റെ ആത്മീയതയിലേക്കുള്ള യാത്ര എന്റെ അടുത്തുള്ളവര്‍ പോലും അറിഞ്ഞിരുന്നില്ല. സഹോദരിമാര്‍ പോലും അത് അറിഞ്ഞിരുന്നില്ല. ഒരു ബോളിവുഡ് സെലിബ്രിറ്റി യോഗിനിയാക്കിയ കഥ നിങ്ങള്‍ വായിക്കണം. എന്റെ ഗുരു എന്നെ അന്ധകാരങ്ങളില്‍നിന്ന് മോചിപ്പിച്ചു. ആരെങ്കിലും എന്റെ പുസ്തകം വായിച്ചാല്‍ അവര്‍ക്ക് മനസ്സിലാകും. സത്യം. എന്നെ ഹിന്ദുവോ മുസ്ലീമോ ആക്കരുത്. അത് ദൈവത്തിന്റെ മാത്രം വകുപ്പാണ്"- മംമ്ത പുസ്തകത്തില്‍ പറയുന്നു.

വാല്‍ക്കഷ്ണം: പക്ഷേ, മുബൈ മാധ്യമങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് നടി മംമ്ത കുല്‍ക്കര്‍ണി ഏറ്റുവാങ്ങുന്നത്. സാഹചര്യത്തിന് അനുസരിച്ച് ഓന്തിനെപ്പോലെ നിറംമാറി, രാജ്യത്തെ വഞ്ചിച്ച മയക്കുമരുന്ന് ഇടനിലക്കാരിയായിട്ടാണ്് അവരെ മുംബൈ മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കുറ്റം ചെയ്തിട്ടില്ല എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടല്ല, വേണ്ടത്ര തെളിവില്ലാത്തതിനാലാണ് കേസ് വെറുതെ വിട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.